ഇസ്‌ലാമിക ചരിത്രത്തിന്റെ വിഹായസ്സിൽ വിജ്ഞാനത്തിന്റെയും ആത്മീയതയുടെയും നിത്യശോഭ പടർത്തുന്ന നക്ഷത്രസമൂഹമാണ് അഹ്‌ലു ബൈത്ത് അഥവാ തിരുനബി(സ) കുടുംബം. ആ പവിത്രമായ കുടുംബവൃക്ഷത്തിലെ ഏഴാം തലമുറയിൽ, സഹനത്തിന്റെയും ഇലാഹീ അനുരാഗത്തിന്റെയും പ്രഭാവലയമായി ഉദിച്ചുയർന്ന വ്യക്തിത്വമാണ് ഇമാം സയ്യിദുനാ മൂസൽ കാളിം (റ). അത്യുന്നതമായ ആത്മജ്ഞാന ഗരിമകൾ കീഴടക്കിയ അദ്ദേഹം തടവറയുടെ ഇരുളറകളെപ്പോലും പ്രകാശപൂരിതമായ പ്രാർത്ഥനാ മുറികളാക്കി മാറ്റി. കേവലം ഒരു ചരിത്രപുരുഷൻ എന്നതിലുപരി, ലോകപ്രശസ്തമായ സൂഫീ സരണികളുടെ, പ്രത്യേകിച്ച് ഖാദിരിയ്യാ ത്വരീഖത്തിന്റെ ആത്മീയ വംശാവലിയിലെ അവിഭാജ്യമായ കണ്ണി കൂടിയാണ് ഈ മഹാത്മാവ്.
ഹിജ്‌റ വർഷം 128-ൽ (ക്രിസ്താബ്ദം 745), ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന വഴി മക്കയ്ക്കും മദീനയ്ക്കും മധ്യേ സ്ഥിതി ചെയ്യുന്ന 'അബ്‌വാ' എന്ന ചരിത്രപ്രധാനമായ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഇസ്‌ലാമിക വൈജ്ഞാനിക ലോകത്തെ വിശ്വപ്രസിദ്ധനായ പണ്ഡിതനും ആറാം ഇമാമുമായ ജഅ്‌ഫർ സ്വാദിഖാ(റ)ണ് അവിടുത്തെ പിതാവ്. അത്യുന്നത ജ്ഞാനിയായിരുന്ന ഇമാം ജഅ്‌ഫർ സ്വാദിഖ് (റ), ഖുർആൻ, ഹദീസ്, ഫിഖ്ഹ് എന്നിവയ്ക്ക് പുറമെ തത്ത്വശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതം തുടങ്ങിയ ഭൗതിക വിജ്ഞാനീയങ്ങളിലും പ്രാവീണ്യം തെളിയിച്ചവരാണ് അവർ. ഇമാം അബൂഹനീഫ (റ), ഇമാം മാലിക് (റ) തുടങ്ങിയ കർമ്മശാസ്ത്ര പണ്ഡിതന്മാരും, ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ജാബിർ ഇബ്നു ഹയ്യാൻ (ഗീബർ) അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ പ്രമുഖരാണ്. മദീനയിൽ അദ്ദേഹം സ്ഥാപിച്ചു വിപുലമായ വിജ്ഞാനകേന്ദ്രത്തിൽ ഏകദേശം 4,000-ത്തോളം ശിഷ്യന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു.
ഇമാം മൂസൽ കാളിം (റ) തങ്ങളുടെ മാതാവായ ഹമീദ ഖാത്തൂൻ (റ) (ഹമീദ അൽ-ബർബരിയ്യ) ഇസ്‌ലാമിക ചരിത്രത്തിൽ അതീവ ആദരവോടെ വീക്ഷിക്കപ്പെടുന്ന മഹതിയാണ്. ഹമീദ ഖാത്തൂൻ, ഹമീദ അൽ-ബർബരിയ്യ (ഉത്തരാഫ്രിക്കയിലെ ബർബർ വംശജയായതിനാൽ), മുസഫ്ഫാ (പരിശുദ്ധയാക്കപ്പെട്ടവൾ) തുടങ്ങിയവ അവരുടെ സ്ഥാനപ്പേരുകളാണ്. വടക്കൻ ആഫ്രിക്കയിലെ ബർബർ വംശത്തിൽ നിന്നുള്ളവരായിരുന്നു. അക്കാലത്ത് അടിമയായി മദീനയിൽ എത്തിയ മഹതിയെ അഹ്‌ലുൽ ബൈത്തിലെ മഹത്തുക്കൾ സ്വീകരിക്കുകയായിരുന്നു. ഇമാം ജഅ്‌ഫർ സ്വാദിഖിന്റെ പിതാവായ ഇമാം മുഹമ്മദ് ബാഖിർ (റ) ആണ് ഇവരെ തന്റെ മകന് പത്നിയായി തിരഞ്ഞെടുത്തത്. അവരെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: "നീ ഈ ലോകത്ത് ഹമീദയും (സ്തുതിക്കപ്പെട്ടവൾ) പരലോകത്ത് മഹ്മൂദയും (പ്രശംസിക്കപ്പെട്ടവൾ) ആണ്."
ഇമാം ജഅ്‌ഫർ സ്വാദിഖിന്റെ പത്നി എന്ന സ്ഥാനം അന്വർത്ഥമാക്കും വിധം വലിയ പണ്ഡിത കൂടിയായിരുന്നു ഹമീദ ഖാത്തൂൻ(റ). മദീനയിലെ സ്ത്രീകൾ മതപരമായ സംശയങ്ങൾ ചോദിക്കാൻ ഇമാം ജാഫർ സ്വാദിഖ് (റ) തങ്ങളെ സമീപിക്കുമ്പോൾ, അദ്ദേഹം അവരെ ഹമീദയുടെ അടുത്തേക്ക് അയക്കുമായിരുന്നു. "ഞാൻ നൽകുന്ന അതേ മറുപടികൾ തന്നെ അവളും നൽകും" എന്ന് ഇമാം അവരെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മൂസൽ കാളിം (റ) വിന്റെ വംശാവലി, ഇമാം സയ്യിദുനാ ജഅ്‌ഫർ സ്വാദിഖ് (റ) - ഇമാം സയ്യിദുനാ മുഹമ്മദ് ബാഖിർ (റ) - ഇമാം സയ്യിദുനാ അലി സൈനുൽ ആബിദീൻ (റ) - ഇമാംസയ്യിദുനാ ഹുസൈൻ (റ) - അമീറുൽ മുമിനീൻ സയ്യിദുനാ അലി ബിൻ അബി ത്വാലിബ് (റ) - സയ്യിദുനാ മുഹമ്മദ് റസൂലുല്ലാഹി (സ) ഇങ്ങനെയാണ്.
അദ്ദേഹത്തിന്റെ ജനനം നടന്ന കാലഘട്ടം ഇസ്‌ലാമിക ചരിത്രത്തിലെ വലിയൊരു രാഷ്ട്രീയ പരിവർത്തനത്തിന്റേതായിരുന്നു. ഉമവി ഭരണകൂടത്തിന്റെ അന്ത്യവും അബ്ബാസികളുടെ ഉദയവും നടന്നുകൊണ്ടിരുന്ന ആ വേളയിൽ, മുസ്ലിം ഉമ്മത്ത് പുതിയൊരു ദിശ തേടുകയായിരുന്നു. പിതാവായ ഇമാം ജഅ്‌ഫർ സ്വാദിഖിന്റെ വിപുലമായ വൈജ്ഞാനിക സദസ്സുകളിൽ വളർന്ന മൂസൽ കാളിം (റ), ബാല്യത്തിൽ തന്നെ ഖുർആനിലും ഹദീസിലും അഗാധമായ പാണ്ഡിത്യം നേടി.
'അൽ-കാളിം': സഹനത്തിന്റെ ഹിമാലയം
സയ്യിദുനാ മൂസൽ കാളിം (റ) എന്ന നാമത്തിലെ 'കാളിം' എന്ന പദത്തിന് 'കോപത്തെ നിയന്ത്രിക്കുന്നവൻ' എന്നാണ് അർത്ഥം. തന്റെ ആയുസ്സിലുടനീളം അദ്ദേഹം അനുഭവിച്ച പരീക്ഷണങ്ങളും പ്രയാസങ്ങളും പരിഗണിക്കുമ്പോൾ ഈ സ്ഥാനപ്പേര് അദ്ദേഹത്തിന് എത്രത്തോളം അനുയോജ്യമാണെന്ന് വ്യക്തമാകും. ഭരണാധികാരികളിൽ നിന്നും ശത്രുക്കളിൽ നിന്നും നേരിടേണ്ടി വന്ന കഠിനമായ പ്രകോപനങ്ങളെ അദ്ദേഹം നേരിട്ടത് നിശ്ശബ്ദമായ ക്ഷമ കൊണ്ടും പുഞ്ചിരി കൊണ്ടുമാണ്.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രശസ്തമായ സംഭവം അദ്ദേഹത്തിന്റെ അത്യുദാത്തമായ സഹിഷ്ണുതയെ വെളിപ്പെടുത്തുന്നുണ്ട്. മദീനയിൽ താമസിച്ചിരുന്ന ഒരാൾക്ക് ഇമാം മൂസൽ കാളിം (റ) തങ്ങളോട് കടുത്ത വിദ്വേഷമായിരുന്നു. ഇമാം വഴിയിലൂടെ നടന്നുപോകുമ്പോഴോ ജനങ്ങൾക്കിടയിൽ ഇരിക്കുമ്പോഴോ ഇയാൾ വന്ന് അങ്ങേയറ്റം മോശമായ വാക്കുകൾ പറയുകയും തിരുനബി(സ) കുടുംബത്തെ പരിഹസിക്കുകയും ചെയ്യുമായിരുന്നു. ഇതുകണ്ട് സഹികെട്ട ഇമാമിന്റെ അനുയായികൾ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലിന്റെ മകനേ, ഞങ്ങൾക്ക് അനുവാദം തരൂ, ഈ അതിക്രമകാരിയെ ഞങ്ങൾ ഒന്ന് കൈകാര്യം ചെയ്യട്ടെ." എന്നാൽ ഇമാം അവരെ തടഞ്ഞു. "അവന്റെ കാര്യത്തിൽ നിങ്ങൾ ഇടപെടരുത്" എന്ന് അദ്ദേഹം കർശനമായി നിർദ്ദേശിച്ചു.
ഒരു ദിവസം ആ മനുഷ്യൻ തന്റെ കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഇമാം തന്റെ വാഹനപ്പുറത്ത് അങ്ങോട്ട് ചെന്നു. തന്റെ കൃഷി നശിക്കുമെന്ന് ഭയന്ന അയാൾ ഇമാമിനെ കണ്ടതും 'ഇങ്ങോട്ട് വന്ന് എന്റെ കൃഷി നശിപ്പിക്കരുതെന്ന് ആക്രോശിക്കാൻ തുടങ്ങി. ഇമാം ശാന്തനായി അയാളുടെ അരികിലെത്തി പുഞ്ചിരിയോടെ ചോദിച്ചു: "നീ ഈ കൃഷിയിൽ എത്ര പണം നിക്ഷേപിച്ചിട്ടുണ്ട്?" നൂറ് ദീനാർ എന്ന് അയാൾ മറുപടി പറഞ്ഞു. "ഇതിൽ നിന്ന് എത്ര ലാഭം കിട്ടുമെന്നാണ് നീ പ്രതീക്ഷിക്കുന്നതെന്ന് ഇമാം പിന്നെയും ചോദിച്ചു. "അതൊന്നും എനിക്കറിയില്ല, അദൃശ്യമായ കാര്യമാണ് എന്ന് അയാൾ: മറുപടി പറഞ്ഞപ്പോൾ, ഇമാം ചോദിച്ചു, "എത്ര കിട്ടണമെന്നാണ് നിന്റെ ആഗ്രഹം?" അയാൾ പറഞ്ഞു, "ഇരുനൂറ് ദീനാർ."
ഉടൻ തന്നെ ഇമാം മുന്നൂറ് ദീനാർ അടങ്ങിയ ഒരു കിഴി അയാൾക്ക് നീട്ടിയിട്ട് പറഞ്ഞു: "ഇതാ ഇത് വെച്ചുകൊള്ളുക. നിന്റെ കൃഷി നിനക്ക് തന്നെയുണ്ട്. അല്ലാഹു ഇതിൽ നിനക്ക് ബറകത്ത് നൽകട്ടെ."
താൻ നിരന്തരം അപമാനിച്ചിട്ടും, തിരിച്ച് സ്നേഹത്തോടെ പെരുമാറുകയും വലിയൊരു തുക സഹായമായി നൽകുകയും ചെയ്ത ഇമാമിന്റെ സ്വഭാവം അയാളുടെ ഹൃദയത്തെ പിടിച്ചുലച്ചു. അയാൾ എഴുന്നേറ്റ് ഇമാമിന്റെ നെറ്റിയിൽ ചുംബിച്ചു. പിന്നീട് ഇമാം പള്ളിയിൽ ഇരിക്കുമ്പോൾ ഈ മനുഷ്യൻ അങ്ങോട്ട് കടന്നുവന്നു. പണ്ട് ചീത്ത പറഞ്ഞിരുന്ന അതേ നാവുകൊണ്ട് അയാൾ വിളിച്ചു പറഞ്ഞു:
"അല്ലാഹു തന്റെ സന്ദേശം എത്തിക്കാൻ ഏറ്റവും യോഗ്യരായവരെ തന്നെയാണ് (അഹ്‌ലുൽ ബൈത്തിനെ) തിരഞ്ഞെടുത്തിരിക്കുന്നത്."
ഇതുകണ്ട് അത്ഭുതപ്പെട്ട അനുയായികളോട് ഇമാം പറഞ്ഞു: "നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ ഞാൻ അയാളെ ശിക്ഷിച്ചിരുന്നെങ്കിൽ അത് വലിയ കുഴപ്പങ്ങൾക്ക് കാരണമാകുമായിരുന്നു. എന്നാൽ സ്നേഹം കൊണ്ട് ഞാൻ അയാളെ തിരുത്തി. ഇതിൽ ഏതാണ് നല്ലത്?"
ഇമാം ജഅ്‌ഫർ സ്വാദിഖ് (റ) തുടക്കം കുറിച്ച വിപുലമായ വിദ്യാഭ്യാസ പ്രസ്ഥാനത്തെ മുമ്പോട്ട് കൊണ്ടുപോകുന്നതിൽ മൂസൽ കാളിം (റ) നിർണ്ണായക പങ്ക് വഹിച്ചു. അബ്ബാസി ഭരണകൂടത്തിന്റെ കടുത്ത നിരീക്ഷണങ്ങൾക്കിടയിലും, അദ്ദേഹം തന്റെ ജ്ഞാനം ശിഷ്യന്മാരിലേക്ക് പകർന്നു നൽകി. ഹദീസ്, ഫിഖ്ഹ് (കർമ്മശാസ്ത്രം), തസവ്വുഫ്, ദൈവശാസ്ത്രം (കലാം) തുടങ്ങിയ മേഖലകളിൽ അദ്ദേഹം അദ്വിതീയനായിരുന്നു.
ശിഷ്യന്മാരുമായി ഇമാം നടത്തിയ സംവാദങ്ങൾ ഇന്നും ഇസ്‌ലാമിക ജ്ഞാനശേഖരത്തിലെ വിലപ്പെട്ട രത്നങ്ങളാണ്. അഞ്ചാം വയസ്സിൽ അദ്ദേഹം ഇമാം അബൂഹനീഫ (റ) യുമായുണ്ടാക്കിയ സംവാദം ഇതിൽ പ്രസിദ്ധമാണ്.
ഇമാം അബൂഹനീഫ (റ), മൂസൽ കാളിമിന്റെ പിതാവായ ഇമാം ജഅ്‌ഫർ സ്വാദിഖ് (റ) യുടെ ശിഷ്യനും സമകാലികനുമായിരുന്നു. "ആ രണ്ടു വർഷങ്ങൾ ഇല്ലായിരുന്നെങ്കിൽ നുഅ്‌മാൻ (അബൂഹനീഫ) നശിച്ചു പോകുമായിരുന്നു" എന്ന് അബൂഹനീഫ (റ) തന്റെ ഗുരുവായ ജാഫർ സ്വാദിഖിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പിതാവിനെ കാണാൻ വരുമ്പോഴാണ് അബൂഹനീഫ (റ) മകനായ മൂസൽ കാളിമിനെ കാണുന്നതും അദ്ദേഹത്തിന്റെ ബുദ്ധിശക്തി തിരിച്ചറിയുന്നതും.
ഒരിക്കൽ ഇമാം അബൂഹനീഫ (റ), ഇമാം ജഅ്‌ഫർ സ്വാദിഖിനെ (റ) കാണാൻ ചെന്നു. അപ്പോൾ അവിടെ അഞ്ചോ ആറോ വയസ്സ് മാത്രം പ്രായമുള്ള മകൻ ഇമാം മൂസൽ കാളിം(റ) നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അറിവ് പരീക്ഷിക്കാൻ ഇമാം അബൂഹനീഫ (റ) ഒരു ഗൗരവമായ ചോദ്യം ചോദിച്ചു: "കുട്ടീ, മനുഷ്യന്റെ പാപങ്ങൾ/പ്രവൃത്തികൾ (അമൽ) ആരിൽ നിന്നാണ് ഉണ്ടാകുന്നത്? അല്ലാഹുവിൽ നിന്നോ അതോ മനുഷ്യനിൽ നിന്നോ?" അക്കാലത്ത് വലിയ ചർച്ചാവിഷയമായിരുന്ന 'വിധി വിശ്വാസവും' (ഖദർ) മനുഷ്യന്റെ പ്രവൃത്തിയും സംബന്ധിച്ച ചോദ്യമായിരുന്നു ഇത്.
ചെറുപ്പമായിരുന്നിട്ടു കൂടി മൂസൽ കാളിം (റ) നൽകിയ മറുപടി ഇപ്രകാരമായിരുന്നു:
"പാപങ്ങൾ സംഭവിക്കുന്നത് മൂന്ന് രീതിയിലാകാം. ഒന്ന്, അത് അല്ലാഹുവിൽ നിന്ന് മാത്രം, അങ്ങനെയാണെങ്കിൽ, പാപം ചെയ്ത മനുഷ്യനെ ശിക്ഷിക്കുന്നത് അല്ലാഹുവിനു യോജിച്ചതല്ല (അല്ലാഹു നീതിമാനാണ്). രണ്ട്, അത് അല്ലാഹുവും മനുഷ്യനും ചേർന്ന്, അങ്ങനെയാണെങ്കിൽ, ശക്തനായ പങ്കാളി (അല്ലാഹു) ദുർബലനായ പങ്കാളിയെ (മനുഷ്യനെ) ശിക്ഷിക്കുന്നത് നീതിയല്ല. മൂന്ന്, അത് മനുഷ്യനിൽ നിന്ന് മാത്രം: ഇതാണ് ശരി. അതിനാൽ അവൻ നന്മ ചെയ്താൽ പ്രതിഫലം ലഭിക്കും, തിന്മ ചെയ്താൽ ശിക്ഷിക്കപ്പെടുകയും ചെയ്യും." "മനുഷ്യൻ തന്റെ പ്രവൃത്തികൾക്ക് ഉത്തരവാദിയാണെന്നും, എങ്കിലും അല്ലാഹുവിന്റെ അറിവിനും പരിധിക്കുമുള്ളിലാണ് എല്ലാം സംഭവിക്കുന്നത്" എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ഈ മറുപടി കേട്ട് അത്ഭുതപ്പെട്ട ഇമാം അബൂഹനീഫ (റ), അഹ്‌ലുൽ ബൈത്തിന്റെ ജ്ഞാനത്തെ പുകഴ്ത്തിക്കൊണ്ട് വിശുദ്ധ ഖുർആനിലെ ഈ വചനം ഓതി: "അവരിലൊരാൾ മറ്റൊരാളുടെ സന്തതി പരമ്പരയാകുന്നു (അറിവിലും മഹത്വത്തിലും അവർ ഒരേ ലക്ഷണമുള്ളവരാണ്)." (ആലു ഇംറാൻ: 34).
അദ്ദേഹം റിപ്പോർട്ട് ചെയ്ത ഹദീസുകൾ സുന്നി ലോകത്തെ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളായ ജാമിഅ് അൽ-തിർമിദി, സുനൻ ഇബ്നു മാജ എന്നിവയിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വിജ്ഞാനം എന്നത് കേവലം അക്ഷരങ്ങളല്ല, മറിച്ച് അത് പ്രയോഗത്തിൽ വരുത്തേണ്ട ഒന്നാണെന്ന് അദ്ദേഹം വിശ്വസിച്ചു.
രാഷ്ട്രീയ പരീക്ഷണങ്ങളും തടവറയിൽ നിന്ന് അവസാന യാത്രയും
മൂസൽ കാളിം (റ) വിന്റെ ഇമാമത്ത് കാലഘട്ടം (ഹിജ്‌റ 148 - 183) അത്യന്തം കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. അബ്ബാസി ഖലീഫമാരായ അൽ-മൻസൂർ, അൽ-മഹ്ദി, അൽ-ഹാദി, ഹാറൂൺ അൽ-റഷീദ് എന്നിവരുടെ ഭരണത്തിന് അദ്ദേഹം സാക്ഷ്യം വഹിച്ചു. ഇവരിൽ ഹാറൂൻ അൽ റഷീദാണ് ഇമാമിനെ ദീർഘകാലം തടവിലിട്ടത്.
അൽ-മൻസൂർ കടുത്ത നിരീക്ഷണത്തിലൂടെ ഇമാമത്തിനെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ അൽ-മഹ്ദി ആദ്യഘട്ടത്തിൽ മയപ്പെട്ട സമീപനമായിരുന്നു സ്വീകരിച്ചത്. അദ്ദേഹം ഇമാമിനെ ബാഗ്ദാദിലേക്ക് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് വന്ന അൽ ഹാദി എപ്പോഴും ഇമാമിന് വിപ്ലവകാരികളുമായി ബന്ധം സംശയിക്കുകയും അത്തരമൊരു സമീപനം വെച്ച് പുലർത്തുകയും ചെയ്തു. അവസാനമെത്തിയ ഹാറൂൻ അൽ റഷീദാകട്ടെ കടുത്ത ശത്രുതയിലായിരുന്നു ഇമാമിനോട് വർത്തിച്ചിരുന്നത്.
ഒരിക്കൽ ഹാറൂൻ അൽ റഷീദ് മദീനയിലെ പ്രവാചക മസ്ജിദ് സന്ദർശിച്ചപ്പോൾ, പ്രവാചകന്റെ റൗദാ ശരീഫിനു മുന്നിൽ നിന്ന് "അസ്സലാമു അലൈക്ക യാ ഇബ്നൽ അമ്മ്" (എന്റെ പിതാമഹന്റെ സഹോദരപുത്രാ, നിങ്ങൾക്ക് സലാം) എന്ന് അഭിസംബോധന ചെയ്തു. ഇത് കണ്ടുനിന്ന ഇമാം മൂസൽ കാളിം (റ) ഖബറിനടുത്ത് ചെന്ന് "അസ്സലാമു അലൈക്ക യാ ജദ്ദീ" (എന്റെ ഉപ്പൂപ്പാ, നിങ്ങൾക്ക് സലാം) എന്ന് പറഞ്ഞു. തിരുനബി(സ)യുമായുള്ള ഇമാമിന്റെ അടുത്ത ബന്ധം ജനങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടത് ഹാറൂൻ അൽ റശീദിനെ പ്രകോപിപ്പിച്ചു. തന്റെ അധികാരം ചോദ്യം ചെയ്യപ്പെടുമെന്ന് ഭയന്ന അദ്ദേഹം ഇമാമിനെ ബാഗ്ദാദിലേക്ക് ബലമായി കൊണ്ടുപോയി. ഹിജ്‌റ 179 ലായിരുന്നു ഈ സംഭവം.
ഇമാം ദീർഘകാലം തടവിലാക്കപ്പെട്ടതിനു പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന് ജനസ്വാധീനം: ജനങ്ങൾക്കിടയിൽ ഇമാമിനുള്ള വലിയ ബഹുമാനവും സ്വാധീനവും ഭരണകൂടത്തിന് ഭീഷണിയാകുമെന്ന് ഖലീഫ ഭയന്നു. രണ്ടാമതായി, അഹ്‌ലുൽ ബൈത്തിനോടുള്ള ഭയം: തിരുനബി(സ) കുടുംബത്തിൽ നിന്നുള്ള ഒരാൾ ഖിലാഫത്ത് അവകാശപ്പെടുമോ എന്ന രാഷ്ട്രീയ ഭയം വലിയ രീതിയിൽ തന്നെ ഹാറൂൻ റശീദിനുണ്ടായിരുന്നു.
ബസ്രയിലെയും ബാഗ്ദാദിലെയും വിവിധ ജയിലുകളിൽ ഇമാം വർഷങ്ങളോളം പാർപ്പിക്കപ്പെട്ടു.ജയിൽ
തടവറകളിൽ ഇമാം അനുഭവിച്ച കഷ്ടപ്പാടുകൾ വിവരണാതീതമാണ്. എന്നാൽ ആ ഇരുളറകളെ അദ്ദേഹം പ്രാർത്ഥനകൾ കൊണ്ട് പ്രകാശപൂരിതമാക്കി. തടവറയിലെ ജീവിതം ഇമാമിന് അല്ലാഹുവുമായുള്ള രഹസ്യ സംഭാഷണത്തിനുള്ള വേദിയായി മാറി. അദ്ദേഹം പറയുമായിരുന്നു: "അല്ലാഹുവേ, നിന്നെ തടസ്സങ്ങളില്ലാതെ ആരാധിക്കാൻ എനിക്കൊരു ഏകാന്ത സ്ഥലം വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, അത് നീ എനിക്ക് നൽകിയിരിക്കുന്നു." ഇമാമിനെ കാവൽ നിൽക്കാൻ ഏൽപ്പിക്കുന്ന ജയിലർമാർ അദ്ദേഹത്തിന്റെ ഭക്തിയും സ്വഭാവവും കണ്ട് അദ്ദേഹത്തിന്റെ അനുയായികളായി മാറുമായിരുന്നു. ഇത് കാരണം ഖലീഫയ്ക്ക് ജയിലർമാരെ ഇടയ്ക്കിടെ മാറ്റേണ്ടി വന്നു. മറ്റൊരിക്കൽ തടവറയിലെ ജയിലറുടെ സഹോദരി പോലും ഇമാമിന്റെ ഭക്തി കണ്ട് ആശ്ചര്യപ്പെടുകയും അദ്ദേഹത്തിന്റെ വലിയ ഒരു ശിഷ്യയായി മാറുകയും ചെയ്തു.
ബാഗ്ദാദിലെ 'സിന്തി ബിൻ ഷാഹിക്' എന്ന ക്രൂരനായ ജയിലറുടെ കീഴിലായിരുന്നപ്പോൾ, ഹാറൂൻ റഷീദിന്റെ നിർദ്ദേശപ്രകാരം ഇമാമിന് വിഷം കലർത്തിയ ഈന്തപ്പഴം നൽകി. വിഷം ഉള്ളിൽ ചെന്ന് മൂന്ന് ദിവസത്തോളം അദ്ദേഹം കഠിനമായ വേദന അനുഭവിച്ചു. ഒടുവിൽ സുജൂദിലായിരിക്കെ ഇമാം അല്ലാഹുവിലേക്ക് യാത്രയായി.
ഹിജ്‌റ 183 റജബ് 25-നായിരുന്നു (ക്രി.വർഷം 799) അവിടുത്തെ ശഹാദത്.
മരണശേഷവും ഇമാമിനെ അപമാനിക്കാൻ ഭരണകൂടം ശ്രമിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ബാഗ്ദാദിലെ പാലത്തിന് മുകളിൽ പ്രദർശിപ്പിച്ചു കൊണ്ട് ഇത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ അവർ ശ്രമിച്ചു. എന്നാൽ ജനങ്ങളുടെ പ്രവാഹം കണ്ട് ഭയന്ന അവർ ഒടുവിൽ ബാഗ്ദാദിലെ ഖുറൈശി ശ്മശാനത്തിൽ അദ്ദേഹത്തെ അടക്കം ചെയ്യാൻ അനുവദിച്ചു. ഇന്ന് ആ സ്ഥലം 'കാളിമൈൻ' (Al-Kadhimiya) എന്നറിയപ്പെടുന്നു. സ്വർണ്ണ താഴികക്കുടങ്ങളുള്ള മനോഹരമായ അദ്ദേഹത്തിന്റെ മഖ്ബറ ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ സന്ദർശിക്കുന്ന പുണ്യകേന്ദ്രമാണ്.
സൂഫീ സരണികളിലെ ആത്മീയ നേതൃത്വം
തസവ്വുഫിന്റെ ലോകത്ത് സയ്യിദുനാ മൂസൽ കാളിം (റ) വിന്റെ സ്ഥാനം അത്യുന്നതമാണ്. മിക്കവാറും എല്ലാ പ്രധാന സൂഫീ സരണികളുടെയും ത്വരീഖത്തുകളുടെയും ആത്മീയ ശൃംഖലയായ് സിൽസിലയിൽ ഇമാമിനെ കാണാനാകും. ഖാദിരിയ്യാ ത്വരീഖത്തിന്റെ 'സിൽസിലതുദ്ദഹബ്' അഥവാ സുവർണ്ണ സിൽസിലയിൽ അദ്ദേഹം ഒരു പ്രധാന കണ്ണിയാണ്.
സൂഫികൾ അദ്ദേഹത്തെ 'അൽ-അബ്ദുസ്സ്വാലിഹ്' (പുണ്യവാനായ അടിമ) എന്ന് ആദരവോടെ വിളിക്കുന്നു. കേവലം ബാഹ്യമായ വിജ്ഞാനത്തേക്കാൾ ഹൃദയത്തിന്റെ ശുദ്ധീകരണത്തിനാണ് അദ്ദേഹം മുൻഗണന നൽകിയത്. ബീശർ അൽ-ഹാഫി എന്ന വിഖ്യാത സൂഫിയുടെ പരിവർത്തനം ഇമാമിന്റെ ആത്മീയ പ്രഭാവത്തിന് ഉദാഹരണമാണ്.
ഒരിക്കൽ മൂസൽ കാളിം (റ) ബിശ്‌റുൽ ഹാഫിയുടെ വീടിന് മുന്നിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോൾ ആ വീട്ടിൽ നിന്ന് സംഗീതത്തിൻ്റെയും ബഹളത്തിൻ്റെയും ശബ്ദം അദ്ദേഹം കേട്ടു. അല്പസമയത്തിന് ശേഷം ആ വീട്ടിലെ ഒരു വേലക്കാരി പുറത്തേക്ക് വന്നു.
മഹാനായ മൂസൽ കാളിം (റ) ആ സ്ത്രീയോട് ചോദിച്ചു: "ഈ വീടിൻ്റെ ഉടമസ്ഥൻ ഒരു സ്വതന്ത്രനാണോ അതോ അടിമയാണോ?" അവൾ മറുപടി പറഞ്ഞു: "അദ്ദേഹം ഒരു സ്വതന്ത്രനാണ് (യജമാനനാണ്)." അപ്പോൾ മൂസൽ കാളിം (റ) ശാന്തമായി പറഞ്ഞു: "നീ പറഞ്ഞത് സത്യമാണ്. അദ്ദേഹം ഒരു അടിമയായിരുന്നെങ്കിൽ തൻ്റെ യജമാനനെ (അല്ലാഹുവിനെ) പേടിക്കുമായിരുന്നു. ഇത്രയേറെ ധിക്കാരങ്ങൾ പ്രവർത്തിക്കുമായിരുന്നില്ല."
വേലക്കാരി അകത്തേക്ക് ചെന്നപ്പോൾ ബിശ്‌റുൽ ഹാഫി എന്താണ് വൈകിയതെന്ന് അവളോട് ചോദിച്ചു. പുറത്ത് കണ്ട ആളെക്കുറിച്ചും അദ്ദേഹം ചോദിച്ച ചോദ്യത്തെക്കുറിച്ചും അവൾ വിവരിച്ചു കൊടുത്തു.
"അദ്ദേഹം ഒരു അടിമയായിരുന്നെങ്കിൽ അല്ലാഹുവിനെ ഭയപ്പെടുമായിരുന്നു" എന്ന ആ വാക്കുകൾ ബിശ്‌റുൽ ഹാഫിയുടെ ഹൃദയത്തിൽ തുളച്ചുകയറി. ആ നിമിഷം തന്നെ അദ്ദേഹം തൻ്റെ തെറ്റായ വഴികൾ ഉപേക്ഷിക്കാൻ തീരുമാനിച്ചു. തൻ്റെ യജമാനനായ അല്ലാഹുവിൻ്റെ മുന്നിൽ താൻ വെറുമൊരു അടിമയാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി.
ആ വാക്കുകൾ കേട്ട ആവേശത്തിൽ, അദ്ദേഹം ചെരുപ്പ് പോലും ധരിക്കാതെ മൂസൽ കാളിം(റ) അന്വേഷിച്ച് പുറത്തേക്ക് ഓടി. അദ്ദേഹത്തെ കണ്ട് തൗബ ചെയ്ത് മടങ്ങി. ആ ആത്മീയ അനുഭൂതിയുടെ ഓർമ്മയ്ക്കായി പിന്നീട് ഒരിക്കലും അദ്ദേഹം ചെരുപ്പ് ധരിച്ചിട്ടില്ല. അങ്ങനെയാണ് അദ്ദേഹം 'ബിശ്‌റുൽ ഹാഫി' (നഗ്നപാദനായ ബിശ്ർ) എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ബിശ്‌റുൽ ഹാഫി (റ) പിന്നീട് പറയാറുണ്ടായിരുന്നു: "എന്റെ ഹൃദയത്തിലെ ഇരുട്ടിനെ മാറ്റാൻ മഹാനായ മൂസൽ കാളിം (റ) വിന്റെ ആ ഒരൊറ്റ നോട്ടം മതിയായിരുന്നു."
ജനങ്ങൾക്കിടയിൽ ഇമാം മൂസൽ കാളിം (റ) അറിയപ്പെടുന്ന മറ്റൊരു പേരാണ് 'ബാബുൽ ഹവാഇജ്' (ആവശ്യങ്ങൾ നിറവേറ്റപ്പെടുന്ന കവാടം). തങ്ങളുടെ വിഷമഘട്ടങ്ങളിൽ അദ്ദേഹത്തെ മുൻനിർത്തി (തവസ്സുൽ) പ്രാർത്ഥിച്ചാൽ അല്ലാഹു ഉത്തരം നൽകുമെന്നത് ലക്ഷക്കണക്കിന് വിശ്വാസികളുടെ അനുഭവമാണ്. ബാഗ്ദാദിലെ അദ്ദേഹത്തിന്റെ മഖ്‌ബറ ഇന്നും ജനസഹസ്രങ്ങളുടെ അഭയകേന്ദ്രമായി നിലകൊള്ളുന്നു.
ഇമാം ദഹബി (റ), "മൂസൽ കാളിം(റ) അത്യധികം ഉദാരനും പണ്ഡിതനും വലിയ ഭക്തനുമായിരുന്നു" എന്ന് തന്റെ സിയർ അഅ്‌ലാമിന്നുബലയിൽ കുറിക്കുന്നുണ്ട്. ഇബ്നു ഹജർ അൽ-ഹൈതമി (റ) വിശേഷിപ്പിച്ചത്, "വിജ്ഞാനത്തിലും സഹിഷ്ണുതയിലും അദ്ദേഹത്തിന് തുല്യനായി ആരുമുണ്ടായിരുന്നില്ല. കോപത്തെ അദ്ദേഹം നിയന്ത്രിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് കാളിം എന്ന് പേര് ലഭിച്ചത്" എന്നായിരുന്നു.
ഇമാം മൂസൽ കാളിം (റ) വിന്റെ സന്താനപരമ്പര ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നിലനിൽക്കുന്നു. അദ്ദേഹത്തിന് 19 പുത്രന്മാരും 18 പുത്രിമാരും ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. അവിടുത്തെ പ്രിയപ്പെട്ട പുത്രൻ സയ്യിദുനാ അലി റിദാ (റ) പിന്നീട് അഹ്ലു ബൈത്തിന്റെ കൊടിവാഹകരായി മാറിയത്.
ബുദ്ധിശക്തിയെ അല്ലാഹുവിന്റെ വലിയ അനുഗ്രഹമായാണ് ഇമാം വിശേഷിപ്പിച്ചത്. അദ്ദേഹം പറഞ്ഞു:
"അല്ലാഹു മനുഷ്യർക്ക് രണ്ട് തെളിവുകൾ നൽകിയിട്ടുണ്ട്; ഒന്ന് പ്രവാചകന്മാരും വേദഗ്രന്ഥങ്ങളുമാകുന്ന ബാഹ്യമായ തെളിവ്, രണ്ട് മനുഷ്യന്റെ ബുദ്ധി എന്ന ആന്തരിക തെളിവ്. ഏറ്റവും വലിയ സമ്പത്ത് ബുദ്ധിയാണ്. ഏറ്റവും വലിയ ദാരിദ്ര്യം അറിവില്ലായ്മയുമാണ്."
ക്ഷമയുടെ പര്യായമായിരുന്നു അവിടുന്ന് കോപം അടക്കുന്നതിനെക്കുറിച്ച് ആഴത്തിൽ പറയുന്നുണ്ട്. കാളിം എന്ന പേരിന്റെ അർത്ഥം തന്നെ കോപം അടക്കിയവൻ എന്നാണ്, അദ്ദേഹത്തിന്റെ ജീവിതം തന്നെ അതിനൊരു മഹത്തായ മാതൃകയായിരുന്നു.
"നിനക്ക് കോപം വരുമ്പോൾ അത് കുടിച്ചിറക്കുക. കാരണം, കോപം അടക്കുന്നതിനേക്കാൾ മധുരമുള്ള മറ്റൊരു പാനീയം ഞാൻ കണ്ടിട്ടില്ല."
"ക്ഷമ എന്നത് പ്രയാസകരമായ സമയത്ത് കാണിക്കേണ്ടത് മാത്രമല്ല, സന്തോഷത്തിന്റെ സമയത്ത് അഹങ്കരിക്കാതിരിക്കലുമാണ്."
മനുഷ്യന്റെ നാശത്തിന് കാരണം അവന്റെ നാവായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി:
"മിതഭാഷിയാവുക (കുറച്ച് സംസാരിക്കുക). കാരണം കുറച്ച് സംസാരിക്കുന്നത് വലിയൊരു ജ്ഞാനമാണ്. മിണ്ടാതിരിക്കുന്നത് സമാധാനത്തിന്റെ കവാടമാണ്."
"നിങ്ങളുടെ നാവുകളെ സൂക്ഷിക്കുക, അത് നിങ്ങളെ അപകടത്തിൽ ചാടിക്കും."
ആരാധനകളിൽ ആത്മാർത്ഥത വേണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു:
"നിങ്ങൾ നിങ്ങളുടെ സമയത്തെ നാലായി തിരിക്കുക:
അല്ലാഹുവുമായുള്ള രഹസ്യ സംഭാഷണത്തിന് (പ്രാർത്ഥനയ്ക്ക്). രണ്ടാമതായി ഉപജീവനത്തിനായുള്ള ജോലിക്ക്. മൂന്നാമതായി വിശ്വസ്തരായ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാൻ. നാലാമത്തേത്,
അനുവദനീയമായ സന്തോഷങ്ങൾക്കായി (വിനോദങ്ങൾക്കായി)."
അവിടുത്തെ ചില ഉപദേശങ്ങളിങ്ങനെയാണ്,
"ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നതാണ് ഏറ്റവും വലിയ പുണ്യപ്രവൃത്തി."
"നാളെ മരിക്കുമെന്ന് ഉറപ്പുള്ളവനെപ്പോലെ നീ ഇബാദത്ത് ചെയ്യുക. എന്നെന്നും ജീവിക്കുമെന്ന് ഉറപ്പുള്ളവനെപ്പോലെ നീ ജോലി ചെയ്യുക."
"ദുനിയാവ് ഒരു പാമ്പിനെപ്പോലെയാണ്; അതിന്റെ പുറംഭാഗം സ്പർശിക്കാൻ സുഖമുള്ളതാണെങ്കിലും ഉള്ളിൽ മാരകമായ വിഷമുണ്ടായിരിക്കും."
പ്രത്യേകം ശ്രദ്ധേയമായ മറ്റൊരു ഉപദേശം: "തന്റെ ഇന്നലത്തെക്കാൾ മെച്ചപ്പെട്ടവനല്ല ഇന്നത്തെ തന്റെ അവസ്ഥയെങ്കിൽ അവൻ വഞ്ചിക്കപ്പെട്ടവനാണ് (നഷ്ടകാരിയാണ്)." അതായത്, ഓരോ ദിവസവും നാം അറിവിലും സ്വഭാവത്തിലും വളർന്നുകൊണ്ടിരിക്കണം എന്നാണ് ഇമാം പഠിപ്പിച്ചത്.
ഇസ്‌ലാമിക വൈജ്ഞാനിക ചരിത്രത്തിലും ആത്മീയ ചരിത്രത്തിലും സയ്യിദുനാ മൂസൽ കാളിം (റ) വിന്റെ സ്ഥാനം അനശ്വരമാണ്. അധികാരം കൊണ്ടോ സൈനിക ശക്തികൊണ്ടോ കീഴടക്കാൻ കഴിയാത്ത മനുഷ്യഹൃദയങ്ങളെ തന്റെ സ്വഭാവമഹിമ കൊണ്ടും അറിവ് കൊണ്ടും അദ്ദേഹം കീഴടക്കി. സഹനത്തിന്റെ കഠിനപാതകളിൽ വിശ്വാസത്തിന്റെ ദൃഢത കൈവിടാതെ നടന്ന ആ മഹാത്മാവ്, വരാനിരിക്കുന്ന തലമുറകൾക്ക് മുഴുവൻ ഒരു മാതൃകയാണ്. പീഡനങ്ങളും തടവറകളും സത്യത്തിന്റെ പ്രകാശത്തെ കെടുത്താൻ കഴിയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മൂസൽ കാളിം (റ) എന്ന നാമം. ആ പവിത്രമായ കുടുംബത്തോടുള്ള സ്നേഹവും അവരുടെ അധ്യാപനങ്ങളുടെ പിന്തുടർച്ചയുമാണ് വിശ്വാസിയുടെ വിജയവഴി.

Connect with Us