ഹിജ്റ വർഷത്തിലെ എട്ടാമത്തെ മാസമായ ശഅ്ബാൻ , വെറുമൊരു സമയക്രമമല്ല, മറിച്ച് പ്രപഞ്ചനാഥന്റെ പ്രീതിയിലേക്കും തിരുനബി(സ)യുടെ അനുരാഗത്തിലേക്കും തുറക്കപ്പെടുന്ന ഒരു മഹാ കവാടമാണ്. ആത്മജ്ഞാനികളുടെ വീക്ഷണത്തിൽ, ഈ മാസം ആത്മീയ വസന്തത്തിന്റെ മധ്യദശയാണ്. റജബിൽ പശ്ചാത്താപത്തിന്റെ വിത്തുകൾ ഹൃദയത്തിൽ പാകിയവർക്ക്, ആ സുകൃതങ്ങളെ സ്നേഹത്തിന്റെ ജലം കൊണ്ട് നനച്ച് വളർത്താനുള്ള പുണ്യകാലമാണ് ശഅ്ബാൻ . "ശഅ്ബാൻ എന്റെ മാസമാണ്" (ശഅബാനു ശഹ്‌രീ) എന്ന തിരുമൊഴിയിലൂടെ പ്രവാചകൻ സയ്യിദുനാ മുഹമ്മദ് മുസ്തഫ(സ) ഈ മാസത്തെ തന്റെ ഹൃദയത്തോട് ചേർത്തുപിടിച്ചിരിക്കുന്നു.
ഇസ്‌ലാമിക ആത്മീയ പന്ഥാവിൽ മാസങ്ങൾ തമ്മിലുള്ള ബന്ധം കേവലം കാലഗണനയല്ല, മറിച്ച് അത് ഒരു പ്രക്രിയയാണ്. അല്ലാഹുവിന്റെ മാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റജബിൽ നിന്നാണ് ഈ യാത്ര തുടങ്ങുന്നത്. റജബ് ഉലൂഹിയ്യത്തിന്റെ ഗാംഭീര്യം പ്രകടമാക്കുന്ന മാസമാണെങ്കിൽ, ശഅബാൻ നുബുവ്വത്തിന്റെ കാരുണ്യം പ്രകടമാക്കുന്ന മാസമാണ്. ഈ രണ്ട് മാസങ്ങളിലെ ഒരുക്കങ്ങളാണ് റമളാൻ എന്ന ഉമ്മത്തിന്റെ മാസത്തിൽ ഇലാഹീ സാമീപ്യം അനുഭവിക്കാൻ വിശ്വാസിയെ പ്രാപ്തനാക്കുന്നത്.
അബൂബക്കർ ബ്നുൽ വറാഖ് അൽ ബൽഖി(റ) ഇതിനെ അതീവ ഹൃദ്യമായ ഭാഷയിൽ വർണ്ണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ റജബ് കാറ്റും, ശഅബാൻ മഴമേഘവും, റമളാൻ മഴയുമാണ്. കാറ്റിന്റെ കുളിർമ്മ ഏൽക്കാതെ മേഘം രൂപപ്പെടില്ല, മേഘത്തിന്റെ സാന്നിധ്യമില്ലാതെ മഴ പെയ്യുകയുമില്ല. അതുപോലെ റജബിലെ ആത്മീയ ശുദ്ധീകരണമില്ലാതെ ശഅബാനിലെ അനുരാഗം സാധ്യമല്ല, ശഅബാനിലെ അനുരാഗമില്ലാതെ റമളാനിലെ ദിവ്യകാരുണ്യം വർഷിക്കുകയുമില്ല.
ശഅബാൻ എന്നത് മധ്യസ്ഥാനമാണ്. സൂഫീ വീക്ഷണത്തിൽ മധ്യസ്ഥാനം എപ്പോഴും ബർസഖ് അഥവാ ഇടനിലയാണ്. സൃഷ്ടിപ്പിന്റെ രഹസ്യമായ മുഹമ്മദീയ(സ) യാഥാർത്ഥ്യം (ഹഖീഖതു മുഹമ്മദിയ്യ) സ്രഷ്ടാവിനും സൃഷ്ടികൾക്കും ഇടയിലുള്ള മഹാ കവാടമാകുന്നത് പോലെ, മാസങ്ങൾക്കിടയിൽ ശഅബാൻ ഒരു പാലമായി നിലകൊള്ളുന്നു.
എന്തുകൊണ്ട് ശഅ്ബാൻ തിരുനബി(സ)യുടെ മാസമായി? തിരുനബി(സ) ശഅ്ബാനെ തന്റെ മാസമായി വിശേഷിപ്പിച്ചത് കേവലം ആലങ്കാരികമല്ല. അതിന് ആഴത്തിലുള്ള ആത്മീയവും ചരിത്രപരവുമായ കാരണങ്ങളുണ്ട്. ആത്മജ്ഞാനികൾ ഈ രഹസ്യത്തെ പല വിതാനങ്ങളിൽ നിന്ന് വിശകലനം ചെയ്യുന്നുണ്ട്.
ആത്മജ്ഞാനികളുടെ ദർശനമനുസരിച്ച് അല്ലാഹു ആദ്യം സൃഷ്ടിച്ചത് തിരുനബി(സ)യുടെ പ്രകാശത്തെയാണ് (നൂർ). "അല്ലാഹു ഒരു നിഗൂഢ നിക്ഷേപമായിരുന്നു (കൻസുൻ മഖ്ഫി), താൻ അറിയപ്പെടാൻ അവൻ ആഗ്രഹിച്ചു, അങ്ങനെ പ്രപഞ്ചത്തെ സൃഷ്ടിച്ചു" എന്ന ഹദീസ് ഖുദ്സിയെ മുൻനിർത്തി ശൈഖുൽ അക്ബർ മുഹ്‌യുദ്ധീൻ ഇബ്‌നു അറബി(റ) തുടങ്ങിയവർ വിശദീകരിക്കുന്നത്, ഈ സൃഷ്ടിപ്പിന്റെ ആദ്യ പ്രകാശം മുഹമ്മദീയ(സ) യാഥാർത്ഥ്യമാണ് എന്നാണ്. ശഅ്ബാൻ മാസത്തിൽ ഈ പ്രകാശത്തിന്റെ ആവിഷ്കാരങ്ങൾ കൂടുതൽ പ്രകടമാകുന്നു.
'ശഅ്ബാൻ' എന്ന പദം 'തശഅബ്ബ' (ശാഖകളായി തിരിയുക) എന്ന ധാതുവിൽ നിന്നാണ് ഉണ്ടായത്. തിരുനബി(സ) എന്ന മൂലശക്തിയിൽ നിന്ന് എല്ലാ നന്മകളും ശാഖകളായി വിശ്വാസികളിലേക്ക് പ്രസരിക്കുന്ന മാസമായതിനാലാണ് ഇതിന് ഈ പേര് വന്നത്. അല്ലാഹുവിന്റെ വിജ്ഞാന സമുദ്രത്തിൽ നിന്ന് സൃഷ്ടികളിലേക്ക് നന്മയുടെ അരുവികൾ ഒഴുകുന്നതും, ആ അരുവികൾക്ക് കാവലിരിക്കുന്നത് തിരുനബി(സ)യുമാണ്. അതിനാൽ തന്നെ ഇത് അവിടുത്തെ മാസമാണ്.
ശഅ്ബാൻ മാസം കർമ്മങ്ങൾ ഉയർത്തപ്പെടുന്ന മാസമാണ്. ശഅ്ബാൻ മാസത്തിൽ തിരുനബി(സ) ധാരാളമായി നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. ഉസാമത്തുബ്നു സൈദ്(റ) ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അങ്ങ് ശഅ്ബാനിൽ നോമ്പെടുക്കുന്നത് പോലെ മറ്റൊരു മാസത്തിലും കണ്ടിട്ടില്ലല്ലോ?" അവിടുന്ന് മറുപടി പറഞ്ഞു: "ജനങ്ങൾ അശ്രദ്ധരാകുന്ന മാസമാണിത്. ഈ മാസത്തിലാണ് ലോകങ്ങളുടെ രക്ഷിതാവിലേക്ക് കർമ്മങ്ങൾ ഉയർത്തപ്പെടുന്നത്. ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ ഉയർത്തപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു".
ഈ ഹദീസിനെ ആത്മജ്ഞാനികൾ വിശകലനം ചെയ്യുന്നത് ഇപ്രകാരമാണ്: കർമ്മങ്ങൾ അല്ലാഹുവിങ്കലേക്ക് ഉയർത്തപ്പെടുക എന്നാൽ അവ മുഹമ്മദീയ(സ) സന്നിധിയിലൂടെ അംഗീകാരത്തിന്റെ മുദ്ര പതിപ്പിക്കപ്പെടുക എന്നാണ്. തിരുനബി(സ) തന്റെ ഉമ്മത്തിന്റെ കർമ്മങ്ങൾക്ക് സാക്ഷിയാണ് (ശാഹിദ്). ഉമ്മത്തിന്റെ കർമ്മങ്ങൾ മലക്കുകൾ അല്ലാഹുവിന് സമർപ്പിക്കുമ്പോൾ, തന്റെ ഉമ്മത്തിന് വേണ്ടി ശഫാഅത്ത് ചെയ്യാനും അവരുടെ കുറവുകൾ പരിഹരിക്കാനും തിരുനബി(സ) ആഗ്രഹിക്കുന്നു. താൻ ആരാധനകളിൽ മുഴുകിയിരിക്കുന്ന സമയത്ത് ഉമ്മത്തിന്റെ പ്രവർത്തനങ്ങൾ സമർപ്പിക്കപ്പെടുന്നത് അവരുടെ വിജയത്തിന് കാരണമാകുമെന്ന് തിരുനബി(സ) പഠിപ്പിക്കുന്നു.11
ഖിബ്‌ല മാറ്റം: തിരുനബി(സ)യുടെ തൃപ്തി അല്ലാഹുവിന്റെ തൃപ്തി
ശഅ്ബാൻ മാസത്തിൽ നടന്ന ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സംഭവമാണ് ഖിബ്‌ല മാറ്റം. ബൈത്തുൽ മുഖദ്ദസിലേക്ക് തിരിഞ്ഞു നിസ്കരിച്ചിരുന്ന കാലത്ത് തിരുനബി(സ)യുടെ ഹൃദയം കഅ്ബയിലേക്ക് തിരിയാൻ അതിയായി കൊതിച്ചിരുന്നു. അവിടുന്ന് നാവുകൊണ്ട് അപേക്ഷിച്ചില്ലെങ്കിലും, അവിടുത്തെ മുഖം ഇടയ്ക്കിടെ ആകാശത്തേക്ക് ഉയരുന്നത് അല്ലാഹു കാണുന്നുണ്ടായിരുന്നു. ഖുർആൻ ആ വികാരം ഇപ്രകാരം വിവരിക്കുന്നു: "അങ്ങയുടെ മുഖം ആകാശത്തേക്ക് തിരിയുന്നത് നാം കാണുന്നുണ്ട്. അതിനാൽ അങ്ങേക്ക് ഇഷ്ടപ്പെട്ട ഖിബ്‌ലയിലേക്ക് അങ്ങയെ നാം തിരിക്കുകയാണ്..." (സൂറത്തുൽ ബഖറ: 144). ഇവിടെ ശ്രദ്ധേയമായ ഒരു സംഗതിയുണ്ട്. അല്ലാഹു പറയുന്നത് "നമുക്ക് ഇഷ്ടപ്പെട്ട ഖിബ്‌ല" എന്നല്ല, മറിച്ച് "അങ്ങേക്ക് (പ്രവാചകന്) ഇഷ്ടപ്പെട്ട ഖിബ്‌ല" എന്നാണ്. ഇത് തിരുനബി(സ)യുടെ ഇഷ്ടത്തെ അല്ലാഹു സ്വന്തം ഇഷ്ടമാക്കി മാറ്റിയതിന്റെ വലിയൊരു അടയാളമാണ്. ശഅ്ബാൻ പകുതിയിൽ നടന്ന ഈ മാറ്റം, തിരുനബി(സ)യുടെ ആഗ്രഹങ്ങൾക്ക് അല്ലാഹു നൽകുന്ന മൂല്യത്തെ വെളിപ്പെടുത്തുന്നു. ഹൃദയത്തിന്റെ ഖിബ്‌ല മാറ്റപ്പെട്ട ഈ മാസത്തെ അതുകൊണ്ട് തന്നെ പ്രവാചകന്റെ മാസമായി ആത്മജ്ഞാനികൾ കാണുന്നു.
സ്വലാത്തിന്റെ വിളംബരം
തിരുനബി(സ)യോടുള്ള ആദരവിന്റെയും സ്നേഹത്തിന്റെയും അത്യുച്ചകോടിയായ "ഇന്നല്ലാഹ വ മലായിക്കതഹു യുസ്വല്ലൂന അലന്നബി..." (സൂറത്തുൽ അഹ്സാബ്: 56) എന്ന വചനം അവതരിച്ചത് ശഅ്ബാൻ മാസത്തിലാണ്. അല്ലാഹുവും മലക്കുകളും പ്രവാചകന്റെ മേൽ സ്വലാത്ത് ചൊല്ലുന്നുവെന്നും വിശ്വാസികളേ നിങ്ങളും അത് ചെയ്യണമെന്നും കൽപ്പിക്കുന്ന ഈ ആയത്ത്, പ്രവാചകനും സൃഷ്ടി ലോകത്തിനും ഇടയിലുള്ള ഏറ്റവും വലിയ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഈ മാസത്തിൽ സ്വലാത്തുകൾ വർദ്ധിപ്പിക്കുന്നത് തിരുനബി(സ)യുടെ സ്നേഹപ്രപഞ്ചത്തിൽ ലയിച്ചുചേരാനുള്ള മാർഗ്ഗമാണ്.
ഫുർഖാനും ഖുർആനും
ശൈഖുൽ അക്ബർ ഇബ്നു അറബി(റ)യുടെ വീക്ഷണം:
ആത്മീയ ജ്ഞാനത്തിന്റെ ചക്രവർത്തി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശൈഖുൽ അക്ബർ മുഹയുദ്ധീൻ ഇബ്നു അറബി(റ) തന്റെ 'ഫുതൂഹാത്തുൽ മക്കിയ്യ'യിൽ ശഅ്ബാൻ മാസത്തെക്കുറിച്ച് അസാധാരണമായ ഉൾക്കാഴ്ചകൾ നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ പ്രപഞ്ചത്തിലെ സത്യങ്ങൾ വെളിവാക്കപ്പെടുന്നതിന് പ്രത്യേക ക്രമങ്ങളുണ്ട്.ശഅബാൻ 15 ഉം ഖുർആന്റെ അവതരണവും സംബന്ധിച്ചു ദീര്ഘമായ ചർച്ചകൾ കാണാം. സാധാരണയായി ഖുർആൻ റമളാനിലെ ലൈലത്തുൽ ഖദ്റിലാണ് അവതരിച്ചതെന്ന് നാം പറയുമെങ്കിലും, ഇബ്നു അറബി(റ) ഒരു ഗൂഢരഹസ്യം വെളിപ്പെടുത്തുന്നു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഖുർആൻ അതിന്റെ 'ഫുർഖാൻ' (സത്യവും അസത്യവും തമ്മിൽ വേർതിരിക്കുന്നത്) എന്ന രൂപത്തിൽ ഇറങ്ങിയത് ശഅ്ബാൻ മാസത്തിലെ 15-ാം രാവിലാണ്. 24 റമളാനിൽ അത് 'ഖുർആൻ' (എല്ലാം സമന്വയിപ്പിക്കപ്പെട്ടത്) എന്ന രൂപത്തിൽ പൂർണ്ണമായി പ്രകടമായി. ഇതിന്റെ ആത്മീയ താത്പര്യം ഇതാണ്: ഒരു സാലിക്കിന്റെ (ആത്മീയ യാത്രികൻ) ഹൃദയത്തിൽ ആദ്യം സംഭവിക്കേണ്ടത് വിവേചനമാണ്. തന്റെ ഉള്ളിലെ ദൈവികമായ പ്രകാശത്തെയും പാപ പ്രേരിതമായ ഇരുട്ടിനെയും വേർതിരിച്ചറിയാനുള്ള ശേഷിയാണ് ഫുർഖാൻ. ശഅ്ബാനിലെ ഈ വേർതിരിക്കൽ നടന്നാൽ മാത്രമേ റമളാനിലെ 'ഖുർആൻ' അഥവാ ഏകത്വത്തിന്റെ (തൗഹീദ്) അനുഭൂതിയിലേക്ക് ഒരാൾക്ക് എത്താൻ കഴിയൂ. അതിനാൽ ശഅബാൻ 15 എന്നത് ആത്മീയമായ ഒരു പുനർജന്മത്തിന്റെ രാത്രിയാണ് എന്ന് ഇബ്നു അറബി(റ) പറയുന്നു, ലൈലത്തുൽ ഖദ്ർ വർഷത്തിലുടനീളം സഞ്ചരിക്കാറുണ്ടെന്നും അത് ശഅ്ബാൻ 15-നോട് യോജിച്ചു വരാറുണ്ടെന്നും അദ്ദേഹം കണ്ടിട്ടുണ്ട്.
ഇബ്നു അറബി(റ)യുടെ ദർശനമനുസരിച്ച് മാസത്തിന്റെ ഓരോ ദിവസവും ഓരോ ദൈവിക നാമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശഅ്ബാൻ മാസത്തിലെ 15-ാം രാവ് 'അന്നൂർ' (പ്രകാശം) എന്ന നാമത്തിന്റെ പൂർണ്ണമായ വെളിപ്പെടലാണ്. ചന്ദ്രൻ അതിന്റെ പൂർണ്ണതയിൽ എത്തുന്നതുപോലെ, ഈ രാത്രിയിൽ മുഹമ്മദീയ(സ) പ്രകാശം വിശ്വാസിയുടെ ഹൃദയത്തിൽ പൂർണ്ണമായി പ്രതിഫലിക്കാൻ തയ്യാറെടുക്കുന്നു. ഹൃദയത്തിലെ തടസ്സങ്ങൾ നീക്കി ആ പ്രകാശത്തെ സ്വീകരിക്കാൻ തയ്യാറാകുന്നവന് ആത്മീയമായ ഉന്നതി ലഭിക്കുന്നു.
ഹൃദയത്തിന്റെ ശുദ്ധീകരണം
ഇമാം ഗസ്സാലി(റ)യുടെ ആത്മീയ ജ്ഞാന ദർശനം
ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം ഗസ്സാലി(റ) ശഅ്ബാൻ മാസത്തെ സമീപിക്കുന്നത് ഹൃദയത്തിന്റെ ആന്തരികമായ അവസ്ഥകളെ വിശകലനം ചെയ്തുകൊണ്ടാണ്. 'ഇഹ്‌യാ ഉലൂമിദ്ദീൻ', 'മുകാശഫത്തുൽ ഖുലൂബ്' എന്നീ ഗ്രന്ഥങ്ങളിൽ അദ്ദേഹം ശഅ്ബാനിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.
ഇമാം ഗസ്സാലി(റ) നിരീക്ഷിക്കുന്നത്, റജബ് കഴിഞ്ഞാൽ ആളുകൾ റമളാനെ കാത്തിരിക്കുകയും ശഅ്ബാനെ അവഗണിക്കുകയും ചെയ്യുന്നു എന്നതാണ്. എന്നാൽ ജനങ്ങൾ അശ്രദ്ധരാകുന്ന സമയത്ത് ചെയ്യുന്ന ആരാധനകൾക്ക് അല്ലാഹുവിങ്കൽ വലിയ സ്ഥാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇത് ആത്മജ്ഞാനികൾക്ക് ഹൃദയത്തെ ഏകാഗ്രമാക്കാനുള്ള വലിയൊരു അവസരമാണ്. ശഅ്ബാനിലെ നോമ്പ് റമളാനിലെ നോമ്പിനുള്ള പരിശീലനം മാത്രമല്ല, മറിച്ച് ഹൃദയത്തിലെ ദുർഗുണങ്ങളെ റമളാനിന് മുൻപ് തന്നെ പിഴുതെറിയാനുള്ള ശ്രമമാണ്.
ബറാഅത്ത് രാവിനെക്കുറിച്ച് ഇമാം ഗസ്സാലി(റ) പറയുന്നത്, അന്ന് അല്ലാഹു തന്റെ സൃഷ്ടികളിലേക്ക് കാരുണ്യപൂർവ്വം നോക്കുന്നു എന്നാണ്. എന്നാൽ രണ്ട് വിഭാഗം ആളുകൾക്ക് ഈ കാരുണ്യം തടയപ്പെടുമെന്ന് അവിടുന്ന് ഹദീസുകളെ ഉദ്ധരിച്ച് ഓർമ്മിപ്പിക്കുന്നു: ഒന്ന് അല്ലാഹുവിൽ പങ്കുചേർക്കുന്നവൻ (മുശ്‌രിക്), രണ്ട് ഹൃദയത്തിൽ പക കൊണ്ടുനടക്കുന്നവൻ (മുശാഹിൻ). തസവ്വുഫിന്റെ സത്ത തന്നെ ഹൃദയത്തെ പകയിൽ നിന്നും അസൂയയിൽ നിന്നും ശുദ്ധീകരിക്കുക എന്നതാണ്. ശഅ്ബാൻ മാസം ഈ ആത്മീയ ശുദ്ധീകരണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. ഹൃദയത്തിലെ കറകൾ നീക്കിയാൽ മാത്രമേ റമളാനിലെ വെളിച്ചം അവിടെ പ്രതിഫലിക്കുകയുള്ളൂ.
ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ):
ഗുൻയത്തുത്ത്വാലിബീനിലെ രഹസ്യങ്ങൾ
സുൽത്താനുൽ ഔലിയ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) തന്റെ 'ഗുൻയത്തുത്ത്വാലിബീൻ' എന്ന ഗ്രന്ഥത്തിൽ ശഅ്ബാൻ മാസത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അവിടുത്തെ വീക്ഷണത്തിൽ ശഅ്ബാൻ എന്നാൽ സദ്‌ഗുണങ്ങളുടെ കവാടമാണ്. തിരുനബി (സ) ശഅ്ബാൻ മാസത്തിന് നൽകിയ പ്രാധാന്യത്തെ ശൈഖ് ജീലാനി(റ) തന്റെ മുരീദുകൾക്ക് വിവരിച്ചുകൊടുക്കുന്നുണ്ട്. മാസങ്ങളുടെ ശ്രേഷ്ഠതയെ വിവരിക്കുന്ന ഹദീസുകൾ ഉദ്ധരിച്ചുകൊണ്ട്, ശഅ്ബാൻ മാസത്തിൽ വിശ്വാസികൾ പാലിക്കേണ്ട അച്ചടക്കങ്ങളെക്കുറിച്ച് അവിടുന്ന് സംസാരിക്കുന്നു. നന്മയുടെ പൂക്കൾ വിരിയുന്ന ഈ കാലത്ത് അശ്രദ്ധ കാണിക്കുന്നത് ആത്മീയമായി വലിയ നഷ്ടമാണെന്ന് ശൈഖവർകൾ ഓർമ്മിപ്പിക്കുന്നു. ശൈഖ് ജീലാനി(റ)യുടെ ജനനം തന്നെ റമളാൻ ഒന്നിനായതുകൊണ്ട്, ആ ഒരു വലിയ വെളിച്ചത്തിലേക്ക് പ്രവേശിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ഘട്ടമായി അദ്ദേഹം ശഅബാനെ ആഴത്തിൽ സ്നേഹിച്ചിരുന്നു.
ബറാഅത്ത് രാവ്:
വിധിനിർണ്ണയവും ആത്മീയ മോചനവും
ശഅബാൻ 15-ാം രാവിനെ 'ലൈലത്തുൽ ബറാഅത്ത്' അഥവാ മോചനത്തിന്റെ രാത്രി എന്ന് വിളിക്കുന്നു. ഇതിനെ ആത്മജ്ഞാനികൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.മോചനം: പാപക്കറകളിൽ നിന്നും നരകശിക്ഷയിൽ നിന്നും വിശ്വാസികൾക്ക് മോചനം ലഭിക്കുന്ന രാത്രിയാണിത്. വിധി രേഖപ്പെടുത്തൽ: വരാനിരിക്കുന്ന ഒരു വർഷത്തെ ജനനം, മരണം, ഭക്ഷണം (രിസ്ഖ്) എന്നിവയെക്കുറിച്ചുള്ള വിധി ഈ രാത്രിയിൽ മലക്കുകൾക്ക് കൈമാറപ്പെടുന്നു. തിരുനബി(സ)യുടെ മധ്യസ്ഥത (ശഫാഅത്ത്): ഈ രാത്രിയിൽ തിരുനബി(സ) തന്റെ ഉമ്മത്തിന് വേണ്ടി അല്ലാഹുവിനോട് പ്രത്യേകമായി തേടുന്നു. അത് ഉമ്മത്തിന് അല്ലാഹു നൽകുന്ന ആദരവാണ്.
സൂഫികൾ ഈ രാത്രിയെ ലൈലത്തുൽ ഖദ്റിനോളം വലിയ സ്ഥാനത്താണ് പ്രതിഷ്ഠിക്കുന്നത്. ഹൃദയം കൊണ്ട് തിരുനബി(സ)യിലേക്ക് തിരിയുന്നവർക്ക് ഈ രാത്രിയിൽ വലിയ ആത്മീയ രഹസ്യങ്ങൾ അനാവരണം ചെയ്യപ്പെടുന്നു. രാത്രിയിൽ മൂന്ന് യാസീൻ ഓതി ദുആ ചെയ്യുന്ന ചര്യ ഇതിന്റെ ഭാഗമാണ്. ഒന്ന് ദീർഘായുസ്സിനും, രണ്ട് ഭക്ഷണത്തിലെ ബറക്കത്തിനും, മൂന്ന് ഈമാൻ സലാമത്താകാനും വേണ്ടിയാണ്.
ആത്മജ്ഞാനികളുടെ പാത പിന്തുടരുന്നവർ ശഅ്ബാൻ മാസത്തെ ധന്യമാക്കാൻ സ്വലാത്ത് വർദ്ധിപ്പിക്കുയും കൂടുതലായി നോമ്പ് അനുഷ്ഠിക്കുകയും ചെയ്യും. തിരുനബി(സ) ഏറ്റവും കൂടുതൽ നോമ്പെടുത്ത സുന്നത്തായ മാസമെന്ന നിലയിൽ സാധ്യമായ ദിവസങ്ങളിലെല്ലാം നോമ്പ് അനുഷ്ഠിക്കും. അതുപോലെ ഖുർആൻ പാരായണം അധികരിപ്പിക്കും, ശഅ്ബാനെ 'ശഹ്‌റുൽ ഖുർആൻ' (ഖുർആന്റെ മാസം) എന്നും വിളിക്കാറുണ്ട്. റമളാനിലേക്ക് എത്തുന്നതിന് മുൻപ് ഖുർആനുമായുള്ള ബന്ധം ദൃഢമാക്കുക എന്നതാണിതിനു പിന്നിലെ താല്പര്യം.. അതുപോലെ മറ്റൊന്നുള്ളത് പശ്ചാത്താപവും പൊറുക്കൽ തേടലുമാണ്. ഹൃദയത്തിലെ പാപക്കറകൾ തൗബ ചെയ്‌ത് ശുദ്ധീകരിക്കുകയും അല്ലാഹുവിനോട് ഇസ്തിഗ്ഫാർ വർദ്ധിപ്പിക്കുകയും ചെയ്യും..
പക്ഷേ , അല്ലാഹുവിന്റെ സവിധത്തിലേക്ക് തങ്ങളുടെ കൈപിടിച്ച് കൊണ്ടുപോകാൻ പൂർണ്ണനായ ഒരു മുർശിദിന്റെ അനുഗ്രഹീത സംരക്ഷണം ഉള്ളവർക്ക് മാത്രമേ ഇതെല്ലം ഉപകരിക്കൂ. കാരണം അല്ലാഹു സ്വലാത് ചൊല്ലാൻ പറയുന്നത് തന്നെ മുഅ്മിനുകളോടാണ്. പരിശുദ്ധമായ തൗഹീദിൽ ബൈഅത് ചെയ്യുന്നതിലൂടെ മാത്രമേ മുഅ്മിനാകാൻ സാധിക്കൂ,
ശഅ്ബാൻ മാസം ഒരു വലിയ അനുഗ്രഹമാണ്. അത് തിരുനബി(സ)യുടെ ഹൃദയത്തിൽ നിന്ന് ഉമ്മത്തിന്റെ ഹൃദയങ്ങളിലേക്ക് അറിവും അനുഗ്രഹവും അലിവും അനുകമ്പയും പ്രകാശമായി ഒഴുകുന്ന കാലമാണ്. റജബിൽ നട്ട നന്മയുടെ വിത്തുകൾക്ക് സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ജലം നൽകി വളർത്തേണ്ട സമയം. സഹിഖുൽ അക്ബർ(റ) പഠിപ്പിച്ചത് പോലെ ഫുർഖാനിലൂടെ സത്യത്തെയും അസത്യത്തെയും വേർതിരിച്ച് അറിയാനും, ഇമാം ഗസ്സാലി(റ) പഠിപ്പിച്ചത് പോലെ ഹൃദയത്തെ പകയിൽ നിന്ന് ശുദ്ധീകരിക്കാനും ഈ മാസം നമ്മെ സഹായിക്കുന്നു. തിരുനബി(സ)യുടെ തൃപ്തിയിലൂടെ അല്ലാഹുവിന്റെ തൃപ്തിയിലേക്ക് എത്താനുള്ള ഈ പന്ഥാവിൽ ശഅ്ബാൻ ഒരു തിളക്കമുള്ള വഴിവിളക്കാണ്. ഈ മാസത്തെ ആരാധനകൾ കൊണ്ടും അനുരാഗം കൊണ്ടും ധന്യമാക്കുന്നവർക്ക് റമളാൻ എന്ന മഹാസമുദ്രത്തിൽ മുങ്ങിക്കുളിക്കാനും ഇലാഹീ സാമീപ്യം എന്ന മുത്തുകൾ വാരിക്കൂട്ടാനും സാധിക്കുമെന്നതിൽ സംശയമില്ല. തിരുനബി(സ)യുടെ മാസമായ ശഅ്ബാനെ അവിടുത്തോടുള്ള പ്രണയം കൊണ്ട് നിറയ്ക്കുന്നതാകട്ടെ നമ്മുടെ ആത്മീയ യാത്രയുടെ ആത്യന്തിക ലക്ഷ്യം.

Connect with Us