Top pics

6/recent/ticker-posts

സയ്യിദതുനാ സൈനബ് ബിൻത് അലി(അ) കർബലയുടെ രണ ഭൂമിയിൽ അഹ്ലു ബൈതിനെ നെഞ്ചിലേറ്റിയ ധീരതയുടെ കനകമുദ്ര

 


ഇസ്‌ലാമിക ചരിത്രത്തിന്റെ അനന്ത വിഹായസ്സിൽ ധീരതയുടെയും ക്ഷമയുടെയും വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധതയുടെയും ഉജ്ജ്വല നക്ഷത്രമായി പ്രകാശിച്ചു നിൽക്കുന്ന വ്യക്തിത്വമാണ് സയ്യിദത്ത് സൈനബ് ബിൻത് അലി(അ). തിരുനബി(സ)യുടെ പ്രിയപ്പെട്ട പൗത്രി, മൗലാ അലി(അ)-സയ്യിദതുനാ ഫാതിമ(അ) ദമ്പതികളുടെ സീമന്ത പുത്രി എന്നീ നിലകളിൽ അവർക്ക് ലഭിച്ച പാരമ്പര്യം വെറും കുടുംബപരമായ മഹിമ മാത്രമല്ല, മറിച്ച് അധർമ്മത്തിനെതിരെയുള്ള പോരാട്ടത്തിന്റെയും ആത്മീയ ഔന്നത്യത്തിന്റെയും ഒരു മഹാസാഗരം കൂടിയാണ്. കർബലയിലെ ചോരയുറയുന്ന മണ്ണിൽ തന്റെ പ്രിയപ്പെട്ടവരുടെ രക്തസാക്ഷിത്വത്തിന് ദുഖാർദ്രമായി സാക്ഷിയാകേണ്ടി വന്നപ്പോഴും, യസീദിന്റെ അധികാര ഗർവ്വിനു മുന്നിൽ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു നിന്നപ്പോഴും അവർ പ്രകടിപ്പിച്ച ധൈര്യം ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. ഭയത്തിന്റെ ഇരുളടഞ്ഞ കോട്ടകളിൽ സത്യത്തിന്റെ വെളിച്ചം വീശാൻ സൈനബ് ബീവി(റ)ക്ക് സാധിച്ചത് അവർ വളർന്നുവന്ന ആ വിശുദ്ധമായ അന്തരീക്ഷത്തിന്റെ കരുത്തുകൊണ്ടാണ്. ഒരു വിപ്ലവത്തിന്റെ ആത്മാവ് അതിന്റെ സന്ദേശത്തിലാണെങ്കിൽ, കർബലഎന്ന മഹാ ആത്മീയ വിപ്ലവത്തിന്റെ സന്ദേശവാഹക സയ്യിദ സൈനബ് ബീവി(റ)യായിരുന്നു. ഇമാം ഹുസൈൻ 'ഇസ്ലാമിനെ പുനരുജ്ജീവിപ്പിച്ചു' എങ്കിൽ, സൈനബ് ബീവി(റ) ആ പുനരുജ്ജീവനത്തെ സംരക്ഷിച്ചു. അഹ്ലുബൈത്തിലെ ഇമാം സജ്ജാദ്(റ) ഒഴികെ പുരുഷന്മാരെല്ലാം രക്തസാക്ഷികളായ ആ യുദ്ധഭൂമിയിൽ നിന്ന് അഹ്ലുബൈത്തിന്റെ തണലായി അവർ മാറി. യസീദിന്റെ കൊട്ടാരത്തിലെ ആഡംബരങ്ങൾക്കും വാളുകൾക്കും മുന്നിൽ പതറാത്ത ആ സ്വരം ഇന്നും ലോകമെമ്പാടുമുള്ള മർദ്ദിതർക്ക് ആവേശം പകരുന്നു കൊണ്ടിരിക്കുന്നു.
വിശുദ്ധിയുടെ ഉദയം: ജനനവും ബാല്യവും
ഹിജ്റ അഞ്ചാം വർഷം (ക്രിസ്താബ്ദം 626) മദീനയിലെ പരിശുദ്ധമായ അന്തരീക്ഷത്തിലാണ് സയ്യിദത്ത് സൈനബ് ജനിച്ചത്. നുബുവ്വത്തിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്ന ആ മണ്ണിൽ, മൗലാ അലി(അ)യുടെയും സയ്യിദ ഫാതിമ(അ)യുടെയും മൂന്നാമത്തെ കണ്മണിയായി അവർ പിറന്നു. അൽപ കാലത്തെ ഇടവേളകളിൽ സയ്യിദുനാ ഹസൻ(അ), സയ്യിദുനാ ഹുസൈൻ(അ) എന്നിവരുടെ ജനനത്തിന് ശേഷമായിരുന്നു സൈനബ് ബീവിയുടെ വരവ്. 'സൈനബ്' എന്ന നാമം തിരു നബി(സ) നേരിട്ടാണ് നൽകിയത്. ഇതിന് 'പിതാവിന്റെ അലങ്കാരം' എന്നർത്ഥമുണ്ട്. പൊന്നോമനക്ക് പേര് നൽകുന്നതിന് മുൻപ് റസൂലുല്ലാഹി(സ)അരുളിയത്, ഈ കാര്യത്തിൽ താൻ അല്ലാഹുവിന്റെ കൽപ്പന കാത്തിരിക്കുകയാണ് എന്നാണ്.തുടർന്നാണ് ജിബ്രീൽ(അ) ഇറങ്ങിവരികയും ഈ നാമം നിർദ്ദേശിക്കുകയും ചെയ്തത്.
ശൈശവത്തിൽ തന്നെ തന്റെ കുടുംബത്തിന് സംഭവിക്കാനിരിക്കുന്ന മഹാവിപത്തുകളെ കുറിച്ച് തിരു പ്രവാചകൻ(സ) പലപ്പോഴും സൂചിപ്പിക്കാറുണ്ടായിരുന്നു. സൈനബ് ബീവി(റ)യുടെ ജനന സമയത്ത് ജിബ്രീൽ(അ) വരികയും അവരുടെ ജീവിതത്തിൽ വരാനിരിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് പ്രവാചകനെ അറിയിക്കുകയും ചെയ്തതായി ചരിത്രങ്ങളിൽ കാണാം.
തന്റെ പിതാമഹനായ റസൂലുള്ളാഹി(സ)ക്ക് അവരോട് അതിയായ വാത്സല്യമായിരുന്നു. തന്റെ പ്രിയ പത്നി ഖദീജ(റ)യുടെ സാദൃശ്യം സൈനബിൽ പ്രവാചകൻ(സ) ദർശിച്ചിരുന്നു. പ്രവാചകൻ അരുളിച്ചെയ്തു: "ഈ പെൺകുട്ടിയെ ആദരിക്കാൻ ഞാൻ എന്റെ ഉമ്മത്തിനോട് വസ്വിയ്യത്ത് ചെയ്യുന്നു, കാരണം അവൾ ഖദീജ(റ)യെപ്പോലെയാണ്".
സയ്യിദുനാ ഇമാം ഹുസൈനോടൊപ്പം
സയ്യിദ സൈനബ്(റ)യും ഇമാം ഹുസൈൻ(അ)യും തമ്മിലുള്ള ബന്ധം ബാല്യകാലം മുതൽ തന്നെ അസാധാരണമായിരുന്നു. ചെറുപ്പത്തിൽ തന്നെ സൈനബ്(അ.സ) തന്റെ സഹോദരനോട് തീവ്രമായ ഭക്തിയും സ്നേഹവും പ്രകടിപ്പിച്ചിരുന്നു. ശിശുവായിരിക്കുമ്പോൾ സൈനബ്(റ) കരയുമ്പോൾ, അവരെ ശാന്തമാക്കാൻ കഴിഞ്ഞിരുന്നത് ഇമാം ഹുസൈൻ(അ) മാത്രമായിരുന്നു. പലപ്പോഴും സൈനബ്(റ) അവിടുത്തെ മുഖത്ത് നോക്കി ശാന്തമായി ഇരിക്കുമായിരുന്നു. സയ്യിദ ഫാത്വിമ(റ) ഈ സ്നേഹത്തിന്റെ തീവ്രത പലപ്പോഴും തിരുനബി(സ) സന്തോഷപൂവ്വം പങ്കുവെക്കുമായിരുന്നു, പിന്നീട് കാലങ്ങൾക്ക് ശേഷം വിവാഹാലോചന വന്നപ്പോൾ, വിവാഹ ഉടമ്പടിയിൽ സൈനബ് ബീവി(റ ) വെച്ച പ്രധാന നിബന്ധന തന്റെ സഹോദരൻ ഹുസൈൻ(റ) എവിടെപ്പോയാലും അദ്ദേഹത്തോടൊപ്പം പോകാൻ തനിക്ക് അനുവാദം വേണം. എന്നായിരുന്നു!ഹുസൈൻ(റ)നോടുള്ള അവരുടെ തീവ്രമായ സ്നേഹം ആ ഉടമ്പടിയിൽ തന്നെ വ്യക്തമായിരുന്നു.
സഹോദരിക്ക് തിരിച്ച് നൽകിയ സ്നേഹവും അതുപോലെ തന്നെ വലുതായിരുന്നു. സൈനബ് ബീവി(റ) മുറിയിലേക്ക് കടന്നുവരുമ്പോൾ ഇമാം ഹുസൈൻ(റ) എഴുന്നേറ്റു നിന്ന് ആദരിക്കുമായിരുന്നു. തന്റെ മാതാവായ ഫാത്തിമ ബീവിയുടെ പ്രതിരൂപമായാണ് അദ്ദേഹം സൈനബ് ബീവി(റ)യെ കണ്ടിരുന്നത്.
മദീനയിലെ കൊടുംചൂടിൽ ഇമാം ഹുസൈൻ(റ) ഉറങ്ങുമ്പോൾ, അവിടുത്തെ മുഖത്ത് വെയിൽ അടിക്കാതിരിക്കാൻ തന്റെ കുഞ്ഞു കൈകൾ കൊണ്ട് തണൽ പിടിച്ചു നിൽക്കുന്ന കുഞ്ഞനിയത്തി സൈനബ് ബീവി(റ)യെ ചരിത്രം വിസ്മയത്തോടെ അടയാളപ്പെടുത്തിയിട്ടുണ്ട്. "സൈനബ് ഹുസൈന്റെ പാതിയാണ്" എന്ന് തിരുനബി(സ) പലപ്പോഴും സൂചിപ്പിക്കുമായിരുന്നു എന്നത് കൂടി ഇവിടെ ചേർത്തുവെക്കാം
സ്വപ്നവും ഭാവിയും
അഞ്ചു വയസ്സുകാരിയായ സൈനബ്(റ) ഒരിക്കൽ പ്രവാചക(സ)ന്റെ അടുത്തു വന്ന് ഒരു സ്വപ്നം വിവരിച്ചു. ഒരു വലിയ വൃക്ഷം ശക്തമായ കാറ്റിൽ കടപുഴകി വീഴുന്നതായും, അവൾ അതിന്റെ കൊമ്പുകളിൽ തൂങ്ങിപ്പിടിക്കാൻ ശ്രമിക്കുന്നതായും, എന്നാൽ ആ കൊമ്പുകളും ഓരോന്നായി ഒടിഞ്ഞു വീഴുന്നതായും അവൾ പറഞ്ഞു.തിരു പ്രവാചകൻ(സ) ദുഃഖത്തോടെ ആ സ്വപ്നം വ്യാഖ്യാനിച്ചു: "ആ വൃക്ഷം നിന്റെ പിതാമഹനായ ഞാനാണ്, കൊമ്പുകൾ നിന്റെ മാതാപിതാക്കളും സഹോദരങ്ങളുമാണ്. അവരെല്ലാവരും നിനക്ക് മുൻപേ ഈ ലോകത്ത് നിന്ന് യാത്രയാകും". ഈ തിരിച്ചറിവ് ശൈശവത്തിൽ തന്നെ അവരെ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെ നേരിടാൻ പരുവപ്പെടുത്തി.
മാതാവ് ഫാതിമ(അ)യുടെ വിയോഗത്തിന് ശേഷം സൈനബ് ബീവി(റ)തന്റെ പിതാവിനും സഹോദരങ്ങൾക്കും ഒരു മാതാവിനെപ്പോലെ സംരക്ഷണം നൽകി. ഏഴാം വയസ്സിൽ തന്നെ വീടിന്റെ ഭരണവും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാനുള്ള പക്വത അവർ പ്രദർശിപ്പിച്ചു. മൗലാ അലി(അ)യുടെ ഭരണകാലത്ത് കൂഫയിലെ സ്ത്രീകൾക്ക് ഖുർആൻ പഠിപ്പിക്കാനും വ്യാഖ്യാനിക്കാനും (തഫ്സീർ) അവർ മുൻകൈ എടുത്തു.
പാണ്ഡിത്യവും വിശേഷണങ്ങളും
സയ്യിദത്ത് സൈനബ് ബീവി(റ) അറിവിന്റെ മഹാ സാഗരമായിരുന്നു. ഞാനാ നഗരിയായ തിരുനബി(സ)യെന്ന ആത്മജ്ഞാന നഗരിയുടെ കവാടമായ തന്റെ പിതാവ് മൗലാ അലി(അ)യിൽ നിന്ന് ലഭിച്ച ജ്ഞാനശേഖരം അവരെ 'ആലിമുൻ ഗൈറു മുഅല്ലം' (അധ്യാപകരില്ലാതെ ജ്ഞാനം നേടിയവൾ) എന്ന വിശേഷണത്തിന് അർഹയാക്കി. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ സ്ത്രീ രാഷ്ട്രീയ പ്രവർത്തകയായും അവരെ വിശേഷിപ്പിക്കാറുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടി അവർ അക്കാലത്ത് തന്നെ നിലകൊണ്ടു. അൽ-അഖീല (ബുദ്ധിമതിയായ സ്ത്രീ) - ബനൂ ഹാഷിമിലെ ഏറ്റവും വിവേകമതിയായ വനിത, അൽ-ആലിമ (ജ്ഞാനവതി) - ഖുർആനിലും ഹദീസിലും അഗാധമായ അറിവുള്ളവൾ, അൽ-കാമില (പൂർണ്ണതയുള്ളവൾ) - സ്വഭാവത്തിലും ആരാധനയിലും ഉന്നത നിലവാരം പുലർത്തിയവൾ, അൽ-ഫാദില (പുണ്യവതി) - ആത്മീയമായ ഔന്നത്യം സൂചിപ്പിക്കുന്നു, ജബലുസ്സ്വബ്ർ (ക്ഷമയുടെ പർവ്വതം) - പ്രതിസന്ധികളിൽ തളരാത്ത മനോബലം തുടങ്ങിയ വിശേഷങ്ങളെല്ലാം അവിടുത്തെ നാമധേയങ്ങളായിരുന്നു.
സയ്യിദുൽ മുഫസ്സിരീനും പ്രശസ്ത ഹദീസ് നിവേദകരുമായ സയ്യിദുനാ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) ഹദീസുകൾ ഉദ്ധരിക്കുമ്പോൾ "ഞങ്ങളുടെ അഖീല (ബുദ്ധിമതി) ഞങ്ങളോട് പറഞ്ഞു" എന്ന് സൈനബ് ബീവി(റ)യെ വിശേഷിപ്പിച്ചു കൊണ്ടാണ് സംസാരിക്കാറുള്ളത്. ഉമയ്യദ് ഭരണകാലത്ത് മൗലാ അലി(അ)യുടെ പേര് പരസ്യമായി പറയാൻ വിലക്കുള്ളപ്പോൾ ഹദീസ് പണ്ഡിതന്മാർ "സൈനബിന്റെ പിതാവ്" എന്നാണ് അവിടുത്തെ വിളിച്ചിരുന്നത്, ഇത് സൈനബ് ബീവി(റ)ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്വാധീനത്തെയാണ് കാണിക്കുന്നത്.
വിവാഹവും കുടുംബജീവിതവും
പ്രായപൂർത്തിയായപ്പോൾ തന്റെ പിതൃസഹോദര പുത്രനായ അബ്ദുല്ലാഹിബ്നു ജഅ്ഫർ അൽ-ത്വയ്യാറു(റ) മായാണ് സൈനബ് ബീവിയുടെ വിവാഹം നടന്നത്. അബ്ദുല്ലാഹിബ്നു ജഅ്ഫർ(റ) അക്കാലത്തെ ഏറ്റവും ഉദാരമതിയായ വ്യക്തികളിൽ ഒരാളായിരുന്നു. തന്റെ ഉദാരത കാരണം അദ്ദേഹം 'സമുദ്രം' (അൽ ബഹ്റ് ) എന്ന് വിളിക്കപ്പെട്ടിരുന്നു. ലളിതമായ രീതിയിലായിരുന്നു ആ അനുഗ്രഹീത വിവാഹ കർമ്മങ്ങൾ നടന്നത്.
ഈ ദാമ്പത്യത്തിൽ അവർക്ക് അഞ്ച് മക്കളുണ്ടായി. അലി(റ): സൈനബിയ്യ വംശത്തിന്റെ പിതാവായി ഇദ്ദേഹം അറിയപ്പെടുന്നു. ഔൻ(റ): കർബലയിൽ രക്തസാക്ഷിയായി. മുഹമ്മദ്(റ): കർബലയിൽ രക്തസാക്ഷി. അബ്ബാസ്(റ): മറ്റൊരു പുത്രൻ. ഉമ്മു കുൽസൂം(റ): ഏക മകൾ.
അബ്ദുല്ലാഹിബ്നു ജഅ്ഫർ (റ) അതിസമ്പന്നനായിരുന്നിട്ടും വിവാഹശേഷം സൈനബ് ബീവി(റ) വളരെ ലളിതമായ ജീവിതമാണ് നയിച്ചത്. ലഭിക്കുന്ന സമ്പത്തെല്ലാം അവർ ദരിദ്രർക്കും അനാഥർക്കുമായി ദാനം ചെയ്തു. മൗലാ അലി(അ) തന്റെ തലസ്ഥാനം കൂഫയിലേക്ക് മാറ്റിയപ്പോൾ സൈനബ് ബീവി(റ)യും കുടുംബവും അവിടുത്തോടൊപ്പം കൂഫയിലേക്ക് താമസം മാറി. അവിടെ ഇസ്‌ലാമിക നിയമങ്ങളും ഖുർആൻ തഫ്സീറും പഠിപ്പിക്കുന്ന ഒരു കേന്ദ്രമായി അവരുടെ വീട് മാറി.
കർബലയിലേക്കുള്ള യാത്ര
ഹിജ്റ 60-ൽ മുആവിയ(റ) മരണപ്പെടുകയും മകൻ യസീദ് അധികാരം ഏറ്റെടുക്കുകയും ചെയ്തപ്പോൾ ഇസ്‌ലാമിക ലോകം ഒരു പ്രതിസന്ധിയിലായി. യസീദിന്റെ അന്യായമായ ഭരണത്തിന് ബൈഅത്ത് ചെയ്യാൻ ഇമാം സയ്യിദുനാ ഹുസൈൻ(റ) വിസമ്മതിച്ചു. മദീനയിൽ നിന്ന് മക്കയിലേക്കും പിന്നീട് കൂഫയിലേക്കുമുള്ള ഇമാം സയ്യിദുനാ ഹുസൈൻ(റ)ന്റെ യാത്രയിൽ സൈനബ് ബീവി(റ)യും കുടുംബവും കൂടെ നിന്നു. ചില ബന്ധുക്കൾ ഹുസൈൻ(റ)നെ ഈ യാത്രയിൽ നിന്ന് വിലക്കിയെങ്കിലും സൈനബ് ബീവി(റ) ഉറച്ച തീരുമാനത്തിലായിരുന്നു. തന്റെ ഭർത്താവായ അബ്ദുല്ലാഹിബ്നു ജഅ്ഫർ കാഴ്ചശക്തി ഇല്ലാത്തതിനാൽ യാത്രയിൽ പങ്കെടുത്തില്ലെങ്കിലും തന്റെ രണ്ട് മക്കളായ ഔനി(റ)നെയും മുഹമ്മദി(റ)നെയും ഹുസൈൻ(റ)നെ സഹായിക്കാൻ അദ്ദേഹം അയച്ചു. തന്റെ സഹോദരനോടുള്ള സയ്യിദ സൈനബി(റ)ന്റെ സ്നേഹത്തെക്കുറിച്ച് ചരിത്രകാരന്മാർ പറയുന്നത്, ഹുസൈനെ കാണാതിരുന്നാൽ സൈനബിന് ശ്വാസം മുട്ടുമായിരുന്നു എന്നാണ്.12
ആശൂറാഅ് ദിനം: ത്യാഗത്തിന്റെ പരകോടി
ഹിജ്റ 61 മുഹറം പത്തിന് കർബലയുടെ മണ്ണിൽ നടന്ന അതിക്രൂമായ കൂട്ടക്കൊലക്ക് സയ്യിദ സൈനബ് ബീവി(റ) സാക്ഷിയായി. തന്റെ കൺമുന്നിൽ തന്റെ സഹോദരങ്ങൾ, ബന്ധുക്കൾ, സ്വന്തം മക്കൾ തുടങ്ങി എല്ലാവരുടെയും ചേതനയറ്റ ശരീരങ്ങൾ വീഴുമ്പോഴും അവർ പതറാതെ നിന്നു. തന്റെ രണ്ട് മക്കളായ ഔനും മുഹമ്മദും രക്തസാക്ഷികളായപ്പോൾ അവർ അഭിമാനം നിറഞ്ഞ ഒരു മാതാവായി അല്ലാഹുവിന് സ്തുതിയർപ്പിച്ചു. യുദ്ധം അവസാനിച്ചപ്പോൾ പുരുഷന്മാരിൽ അവശേഷിച്ചത് രോഗിയായ ഇമാം സജ്ജാദ് സൈനുൽ ആബിദീൻ(റ) മാത്രമായിരുന്നു. ശത്രുക്കൾ ടെന്റുകൾക്ക് തീയിട്ടപ്പോൾ കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കേണ്ട ഭാരം സൈനബ് ബീവി(റ)യുടെ ചുമലിലായി. ഇമാം സൈനുൽ ആബിദീ(റ)നെ വധിക്കാൻ തുനിഞ്ഞ ശമർ ഇബ്നു ദിൽ ജൗഷന്റെ വാളിന് മുന്നിൽ അവർ സ്വയം മറയായി നിന്നു. "അവനെ കൊല്ലണമെങ്കിൽ ആദ്യം എന്നെ കൊല്ലൂ" എന്ന അവരുടെ ഗർജ്ജനം ശത്രുക്കളെപ്പോലും ഞെട്ടിച്ചു.
യസീദിന്റെ കൊട്ടാരത്തിൽ
അഗ്നിസ്ഫുലിംഗങ്ങൾ തീർത്ത പ്രഭാഷണങ്ങൾ
കർബലയിലെ യുദ്ധം കഴിഞ്ഞ് അഹ്ലുബൈത്തിലെ സ്ത്രീകളെയും കുട്ടികളെയും തടവുകാരായി കൂഫയിലെ ഗവർണർ ഇബ്നു സിയാദിന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. തങ്ങളുടെ ശിരോവസ്ത്രങ്ങൾ തട്ടിമാറ്റപ്പെട്ട നിലയിലും അവർ അഭിമാനത്തോടെ നിന്നു. കൂഫയിലെ തെരുവുകളിൽ ജനക്കൂട്ടത്തെ നോക്കി അവർ നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. തങ്ങളെ ചതിച്ച കൂഫക്കാരെ അവരുടെ വഞ്ചനയെക്കുറിച്ചു അവർ ഓർമ്മിപ്പിച്ചു. ഒടുവിൽ സയ്യിദ സൈനബി(റ) വികാര തീവ്രമായ അഗ്നി ആവേശിച്ച ആ വാക്കുകൾ കേട്ട് ജനങ്ങൾ പൊട്ടിക്കരഞ്ഞു.
ദമസ്കസിലെ യസീദിന്റെ കൊട്ടാരത്തിൽ എത്തിയപ്പോൾ സൈനബ് ബീവി നടത്തിയ പ്രസംഗം ഉമയ്യദ് ഭരണകൂടത്തിന്റെ അടിത്തറ ഇളക്കുന്നതായിരുന്നു. യസീദ് ഇമാം ഹുസൈൻ(റ)ന്റെ ശിരസ്സിൽ തന്റെ വടി കൊണ്ട് തട്ടി പരിഹസിക്കുമ്പോൾ, ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്നിട്ടും അവർ ഇപ്രകാരം പ്രസംഗിച്ചു : "ഓ യസീദ്! നീ ഭൂമിയുടെ അതിരുകളും ആകാശത്തിന്റെ ചക്രവാളങ്ങളും ഞങ്ങൾക്ക് ഇടുങ്ങിയതാക്കി മാറ്റി എന്ന് നീ കരുതുന്നുണ്ടോ? ഞങ്ങളെ തടവുകാരായി കൊണ്ടുപോകുന്നത് അല്ലാഹുവിന്റെ അടുത്ത് ഞങ്ങൾക്ക് അപമാനവും നിനക്ക് ബഹുമാനവുമാണെന്ന് നീ കരുതുന്നുവോ? എന്നാൽ അല്ലാഹു പറയുന്നു: 'സത്യനിഷേധികൾ കരുതേണ്ട, നാം അവർക്ക് നീട്ടിക്കൊടുക്കുന്നത് അവർക്ക് നല്ലതാണെന്ന്. അവരുടെ പാപങ്ങൾ വർദ്ധിപ്പിക്കാൻ മാത്രമാണ് നാം അവർക്ക് സമയം നൽകുന്നത്. അവർക്ക് അപമാനകരമായ ശിക്ഷയുണ്ട്' (ഖുർആൻ 3:178). തന്റെ മക്കളെയും സഹോദരങ്ങളെയും കൊന്ന യസീദിന്റെ ക്രൂരതയെ അവർ ലോകത്തിന് മുന്നിൽ തുറന്നുകാട്ടി. "നിന്റെ തന്ത്രങ്ങൾ മെനയുക, നിന്റെ പരിശ്രമങ്ങൾ തുടരുക, എന്നാൽ അല്ലാഹുവാണ് സത്യം, ഞങ്ങളുടെ സ്മരണയെ മായ്ച്ചുകളയാനോ ഞങ്ങളുടെ സന്ദേശത്തെ അണയ്ക്കാനോ നിനക്കാവില്ല" എന്ന് അവർ പ്രഖ്യാപിച്ചു ആ പ്രസംഗം കേട്ടുനിന്ന റോമൻ അംബാസഡർ പോലും ഞെട്ടിപ്പോയി. യസീദിന്റെ സദസ്സിൽ ഇരുന്നവർ തലതാഴ്ത്തി. ഒരു തടവുകാരി തന്റെ ആധിപത്യത്തിന് ഭീഷണിയാകുന്നത് യസീദ് ആദ്യമായി അറിഞ്ഞു.
കർബലയിലെ വിപ്ലവത്തിന് ഒരു ശബ്ദം നൽകിയത് സൈനബ് ബീവിയാണ്. അവർ ഇല്ലായിരുന്നുവെങ്കിൽ കർബലയിലെ സത്യം കള്ളപ്രചാരണങ്ങളാൽ മുങ്ങിപ്പോകുമായിരുന്നു.
അവസാന നാളുകളും വിസ്വാലും
യസീദിന്റെ കൊട്ടാരത്തിൽ നിന്ന് മോചിതരായ ശേഷം സൈനബ് ബീവി(റ)യും സംഘവും മദീനയിലേക്ക് മടങ്ങി. മദീനയിലെത്തിയ അവർ കർബലയിലെ ദുരന്തകഥകൾ ജനങ്ങളോട് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. ഇത് ഉമയ്യദ് ഭരണകൂടത്തിന് വലിയ ഭീഷണിയായി മാറി. സൈനബ് ബീവി(റ)യുടെ വാക്കുകൾ ജനങ്ങളെ ഭരണകൂടത്തിനെതിരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. മദീന ഗവർണർ അവരോട് മദീന വിട്ടുപോകാൻ ആവശ്യപ്പെട്ടു. ചില ചരിത്ര രേഖകൾ പ്രകാരം അവർ ഈജിപ്തിലേക്ക് പോവുകയും അവിടെ വെച്ച് വഫാത്താവുകയും ചെയ്തു. ഹിജ്റ 62-ാം വർഷം രജബ് മാസം 15-നാണ് അവർ വിടപറഞ്ഞത് എന്നാണ് പ്രബലമായ അഭിപ്രായം.
അവരുടെ ഖബറിടം എവിടെയാണെന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. സിറിയയിലെ ദമസ്കസിലുള്ള സൈനബ് മസ്ജിദാണ് ഏറ്റവും പ്രശസ്തം. എന്നാൽ കെയ്റോയിലെ സൈനബ് മസ്ജിദും അവർ അവിടെയാണ് താമസിച്ചതെന്ന് സൂചിപ്പിക്കുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം മദീനയിൽ തന്നെയാണ് അവർ യാതയായത് . അവരുടെ പേരിൽ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും മജ്‌ലിസുകളും അനുസ്മരണങ്ങളും നടക്കുന്നുണ്ട്.
സയ്യിദത്ത് സൈനബ് ബിൻത് അലി(അ)യുടെ ജീവിതം ഒരു മഹാസാഗരമാണ്. അത് കണ്ണീരിന്റെയും രക്തത്തിന്റെയും കഥ മാത്രമല്ല, മറിച്ച് ആത്മാഭിമാനത്തിന്റെയും ആത്മീയ വിജയത്തിന്റെയും സന്ദേശം കൂടിയാണ്. ഒരു സ്ത്രീക്ക് അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തെ എങ്ങനെ നയിക്കാം എന്നും, അധികാരത്തിന്റെ മുനമ്പിൽ നിന്ന് എങ്ങനെ സത്യം വിളിച്ചുപറയാം എന്നും അവർ കാണിച്ചുതന്നു. സൈനബ് ബീവി(റ) ഇല്ലായിരുന്നുവെങ്കിൽ കർബല കേവലം ഒരു ചരിത്ര സംഭവം മാത്രമായി അവസാനിക്കുമായിരുന്നു. എന്നാൽ അവരുടെ വാക്കുകളിലൂടെ കർബല ഒരു മഹാ തൗഹീദീ വിപ്ലവമായി മാറി, പുണ്യാത്മാക്കളായ ഗുരു പരമ്പരകളിലൂടെ ആ വിപ്ലവം ഇന്നും പൈശാചിക അനീതിക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഇന്ധനം പകരുന്നു. പ്രവാചകന്റെ പൗത്രി എന്ന നിലയിലുള്ള മഹത്വം അത്യുന്നതമായ യാഥാർഥ്യമാക്കി, സ്വന്തം വ്യക്തിത്വം കൊണ്ട് ഇസ്‌ലാമിക ചരിത്രത്തിൽ അവർ ഒരു കനകമുദ്ര പതിപ്പിച്ചു. അവരുടെ ക്ഷമ, പാണ്ഡിത്യം, ധീരത എന്നിവ വരാനിരിക്കുന്ന തലമുറകൾക്ക് എന്നും വഴികാട്ടിയായിരിക്കും. ആത്മജ്ഞാനികളിലൂടെ സൈനബ് ബീവി(റ) എന്ന ആ ആത്മീയ സൗന്ദര്യം എന്നും വിളങ്ങിനിൽക്കുന്നു.