Top pics

6/recent/ticker-posts

അഹ്‌ലു ബൈത്തിന്റെ മാർഗം


ഖിലാഫത്തിന്റെ അധികാരം അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്തവര്‍ക്ക് മാത്രമേ മശാഇഖുമാരാല്‍ നല്‍കപ്പെടുകയുള്ളൂ. കാരണം പല വിധ കഠിന പരീക്ഷണങ്ങള്‍ തരണംചെയ്ത് അവര്‍ നല്‍കുന്ന പ്രത്യേകതരം നോമ്പുപോലെയുള്ള രിയാളകള്‍ പൂര്‍ത്തീകരിക്കണം. അവര്‍ക്ക് മാത്രം സാധ്യമായ കാര്യങ്ങള്‍ മുരീദിന് വേണ്ടി സ്വയം ചെയ്ത് മുരീദിനെ പ്രാപ്തമാക്കാനവര്‍ ശ്രമിക്കുമെങ്കിലും യോഗ്യതനേടുന്നവര്‍ തുലോം തുച്ഛമാണ്. വിലായത്ത് ആഗ്രഹിക്കുന്നവര്‍ അതിന് പാകപ്പെടാന്‍ സ്വയം പ്രയത്‌നിക്കേണ്ടതുണ്ട്.

ഉദാഹരണത്തിന് ഒരു സംഭവം പറയാം. ഒരാള്‍ മുറബ്ബിയായ ശൈഖിനെ അന്വേഷിച്ച് അലഞ്ഞ് ഒടുക്കം ഒരു ഫഖീറിന്റെ സന്നിധിയിലെത്തി. കുറച്ചുകാലം അവിടെ സഹവസിച്ചതിന് ശേഷം തന്റെ ആഗ്രഹം അദ്ദേഹത്തോട് വെളിപ്പെടുത്തി. ഫഖീര്‍ പറഞ്ഞു: താങ്കള്‍ അന്വേഷണം തുടരുക. പതിനഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഇന്നാലിന്ന സ്ഥലത്ത് ഒരു മരച്ചുവട്ടില്‍ ഒരാളെ കണ്ടുമുട്ടും അദ്ദേഹം താങ്കള്‍ക്ക് വിലായത്ത് നല്‍കും. ഇതുകേട്ട് അദ്ദേഹത്തോട് യാത്ര പറഞ്ഞ് അവിടുന്ന് യാത്ര തുടങ്ങി. നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ അയാള്‍ അലഞ്ഞു. ഒരു പാട് നാടുകള്‍ ചുറ്റി. പലവിധ അനുഭവജ്ഞാനങ്ങള്‍ കരസ്ഥമാക്കി. ഒടുവില്‍ അന്ന് ഫഖീര്‍ പറഞ്ഞ അതേസ്ഥലത്ത് എത്തിപ്പെടുകയും മരച്ചുവട്ടില്‍ ആ ഫഖീറിനെത്തന്നെ കണ്ടു. താന്‍ തേടിക്കൊണ്ടിരുന്ന ഗുരു ഫഖീറാണെന്ന് മനസ്സിലായി. അയാള്‍ ചോദിച്ചു: ഞാനാഗ്രഹിച്ചിരുന്ന കാര്യം എന്തുകൊണ്ട് ആദ്യമേ എനിക്ക് നല്‍കിയില്ല? ഗുരു പറഞ്ഞു: വിലായത്ത് നേടാന്‍ യഖീനും അര്‍ഹതയും കൈവരിക്കണം. അതിന് നീ തന്നെ പ്രയത്‌നിക്കണം. അതിനാല്‍ എല്ലാം തികഞ്ഞ ഒരു മുറബ്ബി കണ്‍മുന്നില്‍ ഉണ്ടെങ്കിലും അവര്‍ പകര്‍ന്നുകൊടുക്കുന്ന സ്വത്ത് സ്വീകരിക്കണമെങ്കില്‍ അതേറ്റെടുക്കാനുള്ള പ്രാപ്തി ആര്‍ജ്ജിച്ചെടുക്കണം.
നിങ്ങള്‍ നില്‍ക്കുന്നത് യഥാര്‍ത്ഥ മരച്ചുവട്ടില്‍ തന്നെയാണ്. സുല്‍ത്വാനിയ്യത്തിന്റെയും വിലായത്തിന്റെയും മാര്‍ഗത്തിലാണ്. ഇരിക്കുന്നിടം നിധിയാണ്. കോഴി ഇര മാന്തിയെടുക്കുന്നതുപോലെ നിങ്ങള്‍ ഖനനംചെയ്‌തെടുക്കുക. എങ്കില്‍ സമ്പത്തും അല്ലാഹു നല്‍കും, ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ)വിന് നല്‍കപ്പെട്ടതുപോലെ. മഹാനവര്‍കള്‍ ശൈഖിനോടൊപ്പം സഞ്ചരിക്കുന്ന കാലത്ത് വഴിമധയേ കല്ലുകള്‍ പെറുക്കാന്‍ പറയും. ഒരുനാള്‍ പെറുക്കിയ കല്ല് സ്വര്‍ണമായിരുന്നു. ശൈഖ് പറഞ്ഞു: താങ്കള്‍ പോകുക. നമ്മുടെ സഞ്ചാരം ഇവിടെ അവസാനിച്ചിരിക്കുന്നു, താങ്കള്‍ വിലായത്തിന്റെ പൂര്‍ണത പ്രാപിച്ചിരിക്കുന്നു. അവിടുന്ന് സഞ്ചാരം തുടര്‍ന്ന മഹാനവര്‍കള്‍ പിന്നെ അശരണരുടെ ഏറ്റവും വലിയ അത്താണിയായി മാറി. ഇന്നും അക്ഷയഖനിയായി ആ സന്നിധി നിലകൊള്ളുന്നു.
ഞാന്‍ പിന്തുടര്‍ന്നിട്ടുള്ള മശാഇഖുമാര്‍ മുറബ്ബികളും ഖുത്ബീങ്ങളുമായിരുന്നു. ഏറെക്കാലം അവരെ ഖിദ്മത്ത് ചെയ്തും സഹവസിച്ചും കാര്യങ്ങൾ മനസ്സിലാക്കി, ഒരുപാട് ജ്ഞാനങ്ങള്‍ കരസ്ഥമാക്കി. ഇങ്ങനെയൊക്കെയായിട്ടും ഞാനൊരിക്കല്‍ ദിക്ര്‍ കൊടുക്കുവാനുള്ള അനുവാദത്തിന്റെ കാര്യം സൂചിപ്പിച്ചപ്പോൾ സമയമായിട്ടില്ലെന്ന് പറഞ്ഞു. ദിക്‌റ് കൊടുക്കുക എന്നത്‌ വളരെ നിസ്സാരമായി നമുക്ക് തോന്നുമെങ്കിലും റസൂലുല്ലാന്റെ ഭാഗത്തുനിന്നുള്ള അനുമതി കിട്ടാന്‍ യോഗ്യത നേടിയിട്ടല്ലാതെ കൊടുത്താല്‍ അത് നാശത്തിലേക്ക് നയിക്കും.
കാമിലായ തൗഹീദിന്റെ മാര്‍ഗത്തിലുള്ള ഒരു ശൈഖിനെ ബൈഅത്ത് ചെയ്തതിന് ശേഷം അവരെ മാറ്റിനിർത്തി അതേ മാര്‍ഗത്തിലുള്ള മറ്റൊരു ഖലീഫയെയോ അതില്ലാത്ത വേറൊരു ശൈഖിനെയോ സ്വീകരിച്ചാല്‍ കൊടുത്തയാള്‍ക്കും സ്വീകരിച്ചവനും ഈമാന്‍ നഷ്ടപ്പെടുമെന്ന്‌ എന്റെ ശൈഖ്‌ ഖദീറുള്ള ശൈഖ് യുസുഫ് സുൽത്താൻ ശാഹ്(റ) പ്രഖ്യാപിച്ചിട്ടുണ്ട്. റസൂലുല്ലാഹി(സ)യും ഗൗസുല്‍അഅ്‌ളമും(റ) കൈമാറിയ കാമിലായ മാര്‍ഗമാണ് അവിടുന്നെനിക്ക് ലഭിച്ചത്. അവിടുന്ന് നല്‍കിയതിനപ്പുറം ആരും എന്തുതന്നെ കൊടുക്കുന്നെണ്ടെങ്കിലും എനിക്കത് സ്വീകാര്യമല്ല. എന്റെ ശൈഖിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലൊരാള്‍ എന്നോട് സംസാരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: ഞാനവരെ എന്റെ ശൈഖായി സ്വീകരിച്ചരിച്ചതാണ്. ദുന്‍യാവിലും നാളെ ആഖിറത്തിലും അതുറക്കെ പറയും.
പ്രപഞ്ചത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളും അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ് നടക്കുന്നതെങ്കിലും ഓരോന്നും സംഭവിക്കാന്‍ കാരണമാകുന്ന വിധങ്ങളുണ്ട്. നമുക്ക് ഏകിയ ഒരു കാര്യം തൊട്ടടുത്താണെങ്കിലും നമ്മുടെ തന്നെ കൂടെയുണ്ടെങ്കില്‍പ്പോലും അതിലേക്ക് എത്തിപ്പെടുന്നത് റബ്ബിന്റെ തീരുമാനപ്രകാരം മാത്രമാണ്. എല്ലാറ്റിന്റെയും അന്തഃസത്തയായ ഒരു കാര്യമാണ്‌ നാം ചേര്‍ന്നിട്ടുള്ള ഈ മാര്‍ഗത്തിലൂടെ നമുക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാന്‍ ഒരുപാട് സമയമെടുക്കാം. ക്ഷമയോടെ കൈവിടാതെ പിടിച്ചുനില്‍ക്കുക.
ഈ മാര്‍ഗത്തില്‍ സഞ്ചരിക്കുമ്പോള്‍ എണ്ണമറ്റ പലവിധ പരീക്ഷണങ്ങളെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. അല്ലാഹു ഒരാളെ ഉയര്‍ത്താനുദ്ദേശിക്കുമ്പോള്‍ പരീക്ഷിക്കും. അത് തരണംചെയ്യാന്‍ നിങ്ങള്‍ക്ക് അസാധ്യമാണെന്ന് മനസ്സിലാക്കി മശാഇഖുമാര്‍ നിങ്ങളെ സഹായിക്കും. ചില സന്ദര്‍ഭങ്ങളില്‍ അവരുടെയടുത്തുചെല്ലുമ്പോള്‍ നമ്മുടെ കൂടെക്കൂടിയായിരിക്കും പിശാച് അവരെ സമീപിക്കാന്‍ ശ്രമിക്കുക. സ്വഹാബത്ത് റസൂലുല്ലാഹി(സ)യുടെ അടുക്കല്‍ വരുമ്പോള്‍ ഇബ്ലീസ് ഇങ്ങനെ ശ്രമിച്ചിട്ടുണ്ട്, എന്നാൽ അല്ലാഹു വഹ്‌യ്‌ മുഖേന ആദ്യമേ അറിയിച്ചുകൊടുക്കും. ആ ഘട്ടങ്ങളില്‍ അവരുടെ പെരുമാറ്റം ഈര്‍ഷ്യതയുള്ളതോ അസ്വാഭാവികമോ ആയിരിക്കാം; എന്റെ മശാഇഖുമാരുടെയടുത്ത് എനിക്ക് അനുഭവമുണ്ട്. അവരോടൊത്തുണ്ടാകുന്ന ഇങ്ങനെയുള്ള അനുഭവങ്ങളാണ്‌ നമ്മെ പല സന്നിഗ്ധ ഘട്ടങ്ങളിലും പിടിച്ചുനില്‍ക്കാന്‍ സഹായിക്കുന്നത്. കാരണം മശാഇഖുമാര്‍ ചീത്തപറയുന്നത് സ്‌നേഹക്കൂടുതല്‍ കൊണ്ടാണ്. അവരുടെ സ്‌നേഹം ഹൃദയത്തിനകത്താണ്. നിങ്ങളെക്കൊണ്ട് ഓരോ പണികളെടുപ്പിക്കുന്നത് നിങ്ങളെ പൂര്‍ണതയിലേക്ക് ഉയര്‍ത്താനാണ്.
അതിനാല്‍ ഒരു ചെറിയ വീഴ്ചപോലും സംഭവിക്കാതെ, ചിന്തകളില്‍ പോലും ഹറാമുകള്‍ കലരാതെ കിട്ടിയത് ചേര്‍ത്തുപിടിക്കുക. ഒരാള്‍ വ്യഭിചരിച്ചാല്‍ പാപം ചെയ്യുന്നത് ശരീരമല്ല മറിച്ച്‌ അവന്റെ ആത്മാവാണ്, അതിനാണ് പാപമോചനം ലഭിക്കേണ്ടത്. അബ്ദുര്‍റസാഖ് മസ്താന്‍ പാടിയതുപോലെ: “കോലം മാറിടും മുന്‍, കോര്‍ത്തിട് ഹൂ ഇടം”. അതിനാല്‍ മുത്തുകളും മാണിക്യങ്ങളുമായ മശാഇഖുമാരിലേക്ക് ചേർന്ന് നിൽക്കുക.
നാം നിര്‍വഹിക്കുന്ന ഈ ദൗത്യം പ്രവാചകകുടുംബത്തിന്റെതാണ്; പ്രവാചകന്മാര്‍ പോലും അവരുടെ പിന്തുടര്‍ച്ചക്കാരാണ്. അല്ലാഹുവിന്റെ സത്തയിലേക്കുള്ള ജ്ഞാന കവാടമെന്ന് പ്രഖ്യാപിക്കപ്പെട്ട അഹ്ലുബൈത്തിലേക്ക് ചേരാതെ മനുഷ്യജിന്നുവര്‍ഗങ്ങള്‍ക്ക് മോക്ഷമില്ല. അതിന്റെ പിന്തുടര്‍ച്ചയാണ്‌ ഈ മാര്‍ഗം.
എന്റെ ശൈഖ് പറയാറുണ്ട്, ഇത് അഹ്ലുബൈത്തിന്റെയും അമ്പിയാഇന്റെയും മാര്‍ഗമാണ്, എന്റെ മുരീദുകള്‍ അഹ്ലുബൈത്തുമാണ് ഔലിയാക്കളുമാണ്. ആ പ്രാതിനിധ്യമായ വിലയത്തിന്റെ ദൗത്യം നിര്‍വഹിച്ച് തിരുചര്യ മുറുകെപിടിച്ചവരാണ് യഥാര്‍ത്ഥ അഹ്ലുബൈത്ത്. ബാഹ്യമാത്ര രക്തബന്ധത്തില്‍ മാത്രം പ്രസക്തിയില്ല. നശിക്കാത്ത, ജീവിക്കുന്ന ഖുര്‍ആനാണ് താനെന്ന് പ്രഖ്യാപിച്ച അലി(റ)വിന്റെ പിന്‍മുറക്കാരും അതിന്റെ ഉടമസ്ഥാവകാശികളുമാണ് നാമെന്നോര്‍ക്കുക.
അതേസമയം അതില്‍ നിന്ന് ജ്ഞാനം പാനംചെയ്യാനുള്ള ഏകവഴി യഥാര്‍ത്ഥ തഖ്‌വയാണ്, അമലുകളൊക്കെ നിര്‍ബന്ധമാക്കപ്പെടുന്നതിന് മുമ്പേ പഠിപ്പിക്കപ്പെട്ട ‘തഖ്‌വ’. ഇതൊന്നും അറിയാനോ ഉള്‍ക്കൊള്ളാനോ ശ്രമിക്കാതെയാണ് സമകാലിക പണ്ഡിതന്മാര്‍, ഹദീസുകളിലും കിത്താബുകളിലുമുള്ള ഉദ്ധരണികള്‍ പറഞ്ഞ്‌ ജനങ്ങളെ നേര്‍വഴിയിലാക്കാന്‍ വൃഥാശ്രമം നടത്തുന്നത്. റബ്ബിനെ മനസ്സിലാക്കിത്തരാന്‍ ആരിഫുകളെ സമീപിക്കലാണ് മാര്‍ഗമെന്നറിഞ്ഞിട്ടും ജനങ്ങളെ തെറ്റുദ്ധരിപ്പിച്ചുവെച്ചിരിക്കുകയാണവര്‍. നാം ചെയ്ത തെറ്റുകളുടെ പരിണിതഫലമായി അല്ലാഹു നല്‍കുന്നതാണ് അസുഖങ്ങളും കടബാധ്യതയുമടക്കമുള്ള പ്രശ്‌നങ്ങള്‍, അവനിലേക്ക് ഖേദിച്ചുമടങ്ങാന്‍. പാപ ഭാരത്താല്‍ നോവുന്ന മനസ്സുമായി ഏതു വന്‍പാപവും പൊറുക്കപ്പെടുന്ന പശ്ചാത്താപത്തിന്റെ മാര്‍ഗത്തിലേക്ക് ചേരാൻ നാം തയാറാവണം.
ഇന്ന് നമ്മുടെ സമൂഹത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ലൈംഗിക അരാജകത്വവും അതുമൂലം സംഭവിക്കുന്ന കുറ്റകൃത്യങ്ങള്‍ക്കും കാരണം വീട്ടകങ്ങളില്‍ നിന്ന് യഥാര്‍ത്ഥ ഈമാന്‍ അന്യം നിന്നതാണ്. ഈമാന് മൂര്‍ച്ചകൂട്ടാനുള്ള വേദികളാണ് നമ്മുടെ മജ്‌ലിസുകള്‍. അതില്‍ വിട്ടുനിന്നാല്‍ നിങ്ങളുടെ ഈമാന്‍ ക്ഷയിച്ചുപോകും.
സ്‌നേഹമാണ് ഈമാന്റെ കാതല്‍. ഈ മാര്‍ഗത്തില്‍ മുന്നേറണമെങ്കില്‍ അതുണ്ടായേതീരൂ. സ്‌നേഹത്തില്‍ ചാലിച്ചതാണ് സാഹോദര്യവും ഒരുമയും. അത് കൈമുതലാക്കുക.
നിന്റെ സഹോദരനെ സാമ്പത്തികമായി സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയെങ്കിലും ചെയ്യുക. അതും അവനു ചെയ്യുന്ന സഹായമാണ്. ഖുര്‍ആന്‍ പാരായണം ചെയ്തതുകൊണ്ട് മാത്രം റബ്ബിനെ മനസ്സിലാക്കാന്‍ സാധ്യമല്ല. അറിഞ്ഞവരെ സമീപിക്കുകതന്നെ വേണം. പരസ്പരം സ്‌നേഹിച്ചുമുന്നേറുക. അല്ലാഹു ഏവരെയും ഉന്നതങ്ങളില്‍ എത്തിക്കുമാറാകട്ടെ. ഇന്‍ശാ അല്ലാഹ്.
(ശൈഖ് മുഹമ്മദ് ബാവ ഉസ്‌താദ്‌ സുൽത്വാനിയ മജ്‌ലിസിൽ നടത്തിയ നസ്വീഹത്തിൽ നിന്ന്)