Top pics

6/recent/ticker-posts

സയ്യിദ് ഇബ്രാഹീം ബാദുശാ(റ)



ഇന്ത്യയില്‍ ഇസ്‌ലാമിന് വേരോട്ടവും പ്രചാരവും നല്‍കിയ പ്രമുഖ മഹത് വ്യക്തിത്വങ്ങളില്‍ ഒരാളാണ് ഏർവാടിയിലെ സയ്യിദ് ഇബ്രാഹീം ബാദുശാ(റ). അല്ലാഹുവിന്റെ ആരിഫുകളിൽ ഉന്നത സ്ഥാനീയരും ആ കാലഘട്ടത്തിലെ ത്വരീഖത്തിന്റെ ശൈഖും മാര്‍ഗദര്‍ശിയുമായിരുന്നു മഹാനവര്‍കള്‍. അവർ ഇസ്‌ലാമിക സൂഫി ലോകത്ത് ഉജ്വലമായ സംഭാവനകള്‍ നൽകുകയും ഒരുപാട് ശിഷ്യഗണങ്ങളെ വളര്‍ത്തിയെടുക്കുകയും ചെയ്തു. അവർ നടത്തിയ പ്രബോധനങ്ങളും വിജ്ഞാനസദസ്സുകളും മനുഷ്യന്റെ മനസ്സിനെയും ആത്മാവിനെയും സംസ്‌കരിക്കുവാനും അതുവഴി തന്റെ നാഥന്റെ പ്രത്യേകമായ അനുഗ്രഹം സ്വീകരിക്കുവാനും പ്രപ്തമാക്കുന്നതുമായിരുന്നു.

റസൂല്‍(സ)യുടെ പതിനെട്ടാമത്തെ പൗത്രനായ സയ്യിദ് ഇബ്രാഹീം ബാദുശാ(റ) ജനിക്കുന്നത് (ഹി 530 റമളാന്‍ മാസം 3) ക്രി 1136 ജൂണ്‍ 5നു വെള്ളിയാഴ്ച പുണ്യമദീനയിലാണ്.

അഹ്മദ്(റ) പിതാവും ഫാത്വിമ അല്‍ ബര്‍ഖി(റ) മാതാവുമാണ്. ഇവര്‍ക്ക് മൂന്നു മക്കളാണ് ഉണ്ടായിരുന്നത്. സയ്യിദ് ഇബ്രാഹീം ബാദുശാ(റ), സയ്യിദ് ഇ്‌സാമഈല്‍(റ), റാബിഅ(റ). ഇവര്‍ മദീനയിലെ രാജകുടുംബാംഗങ്ങളായിരുന്നു. മദീനയിലെ പ്രഭുവായിരുന്ന അബുല്‍ ഖാസിം(റ)വിന്റെ മകള്‍ അലി ഫാത്തിമ(റ)യാണ് ഭാര്യ. അബുത്വാഹിര്‍, സൈനുല്‍ ആബിദീന്‍ എന്നിവര്‍ മഹാനവര്‍കളുടെ പുത്രന്‍മാരാണ്.

ഗൗസുല്‍ അഅ്‌ളം ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദല്‍ ഖാദിര്‍ ജീലാനി(റ), ഖാജാ മുഈനുദ്ദീന്‍ അജ്മീര്‍(റ), സുല്‍താന്‍ സയ്യിദ് ഇബ്രാഹീം ബാദുശാ(റ) എന്നിവര്‍ ഏകദേശം ഒരേ കാലഘട്ടത്തില്‍ ജീവിച്ചവരാണ്. ഗൗസുല്‍ അഅളം ശൈഖ് മുഹ് യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)വിനെ ജീവതത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് മഹാനവര്‍കള്‍ നേരില്‍ കണ്ടതെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. അവിടത്തെ വഫാത്തിന്റെ സമയത്ത് മദീനയിലെ രാജാക്കന്മാരുടെ പ്രതിനിധിയായിട്ടാണ് ബഗ്ദാദിലേക്ക് സയ്യിദ് ഇബ്രാഹിം(റ) പോയിട്ടുള്ളതെന്ന് ചരിത്രത്തില്‍ കാണാം.

തന്റെ ജീവിതത്തിന്റെ മുഖ്യഭാഗവും ഇസ്‌ലാമിക പ്രബോധനത്തിനുവേണ്ടി മാറ്റിവെച്ച മഹാനവര്‍കള്‍ രണ്ടുതവണ ഇന്ത്യയില്‍ വന്നിട്ടുണ്ട്.

റസൂല്‍(സ) സ്വപ്നത്തില്‍വന്ന് മാര്‍ഗ്ഗം കാണിച്ചതനുസരിച്ച് സയ്യിദ് ഇബ്രാഹീം ബാദുശാ(റ) ഇസ്ലാമിക പ്രബോധനത്തിനായി ആദ്യം പുറപ്പട്ടത് ആ കാലഘട്ടത്തിലെ ഇന്ത്യയുടെ തെക്കു ഭാഗത്തേക്കായിരുന്നു. അങ്ങനെ ഇന്ത്യയിലെത്തുകയും അജ്മീര്‍, ഡല്‍ഹി, ലാഹോര്‍, സിന്ധ് എന്നീ ഭാഗങ്ങളിലെല്ലാം ഇസ്ലാമിക ചൈതന്യവും ആധിപത്യവും സൃഷ്ടിച്ചെടുക്കുകയും നിരവധി ആളുകളെ ഇസ്ലാമിന്റെ പാതയിലേക്ക് കൊണ്ടുവരികയും ചെയ്തു. ശേഷം തന്റെ ജന്മനാടായ മദീനയിലേക്ക് തന്നെ തിരിച്ചു.

മദീനയിലെത്തിയ സയ്യിദ് ഇബ്രാഹിം(റ) വിനോട് വീണ്ടും ഇന്ത്യയിലേക്ക് പുറപ്പെടാന്‍ റസൂല്‍(സ) സ്വപ്നം കാണിച്ചു. രണ്ടാമത്തെ വരവ് വന്‍ സജ്ജീകരണങ്ങളോട് കൂടെയായിരുന്നു.

തന്റെ സഹോദരന്‍ സയ്യിദ് ഇസ്മാഈല്‍(റ), സഹോദരി റാബിഅ(റ), മാതാവ് ഫാത്വിമ(റ) എന്നിവര്‍ ഇന്തയിലേക്കുള്ള സംഘത്തിലുണ്ടായിരുന്നു. റാബിഅ ബീവി(റ) ആ സമയത്ത് ഗര്‍ഭിണി ആയിരുന്നതിനാല്‍ യാത്ര ചെയ്യരുതെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും, റസൂല്‍(സ)യുടെ ആജ്ഞപ്രകാരമുള്ള ഈ യാത്രയില്‍ എനിക്കും പങ്കെടുക്കണം എന്നു പറഞ്ഞു അവരും കൂടെ പുറപ്പെട്ടു.

ആ സമയത്ത് മക്കയുടെ രാജാവായിരുന്നത് ശംസുദ്ദീന്‍ ശഹീദ്(റ) എന്നവരായിരുന്നു. ഇസ്‌ലാമിക പ്രബോധനം വളരെ ഇഷ്ടപ്പെടുകയും ഹജ്ജിനു വരുന്നവരെ ഇസ്‌ലാമിന്റെ പരിശുദ്ധമായ പാതയെകുറിച്ചുള്ള ബോധനം നല്‍കുകയും ചെയ്തിരുന്നു അദ്ദേഹം. ഇബ്രാഹീം ബാദുശാ(റ) ഇസ്‌ലാമിക പ്രബോധനത്തിനായി ഇന്ത്യയിലേക്കു പുറപ്പെടുന്നുവെന്നു കേട്ടപ്പോള്‍ അദ്ദേഹം തന്റെ രാജഭരണം മറ്റൊരാള്‍ക്ക് കൈമാറി ഇവരുടെ കൂടെ പുറപ്പെടാന്‍ തീരുമാനിക്കുകയും. തനിക്കു അടുപ്പമുള്ളവരില്‍ നിന്നു രണ്ടു മൂന്നു പേരെ കൂട്ടുകയും ചെയ്തു. അങ്ങനെ പതിനഞ്ച് പേരടങ്ങുന്ന ഒരു സംഘമായിട്ടാണ് ഇബ്രാഹീം ബാദുശാ(റ) ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഈ യാത്രയെ ചരിത്രത്തില്‍ ഒരു വലിയ സംഭവമായി തന്നെ വിശേഷിപ്പിക്കപ്പെട്ടതായി കാണാം. ഈ സംഘത്തിലുണ്ടായിരുന്ന അബ്ബാസ്(റ) റോമിലെ രാജാവിന്റെ പ്രതിനിധിയായിരുന്നു. കടലിലൂടെ യാത്ര ചെയ്ത അവരുടെ കപ്പല്‍ നങ്കുരമിട്ടത്‌ കേരളത്തിലെ കണ്ണൂരിലായിരുന്നു. അവിടെ നിന്ന് കായല്‍പട്ടണവും , വഴിപാറും, കടന്ന് മധുര വഴി ബോധിരാമാണിക്യപട്ടണത്തില്‍ (ഇപ്പോഴത്തെ ഏര്‍വാടി) എത്തിച്ചേര്‍ന്നു.

അങ്ങനെ അവിടെ നിന്നു ഇസ്‌ലാമിക പ്രബോധനം തുടങ്ങുകയും ആളുകളെ ഇസ്‌ലാമിന്റെ സുന്ദരമായ പാതയിലേക്ക് ക്ഷണിക്കുകയും ഇസ്‌ലാമിക സംസ്‌കാരം വളര്‍ത്തിയെടുക്കുകയും ചെയ്തു.

പാണ്ഡ്യരാജാക്കന്മാരുടെ ആധിപത്യമാണ് അവിടെ ഉണ്ടായിരുന്നത്. ആ സമയം മധുര ഭരിച്ചിരുന്നത് തിരുപാണ്ഡ്യന്‍ എന്ന രാജാവായിരുന്നു. അദ്ദേഹത്തെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിനു വേണ്ടി മഹാനവര്‍കള്‍ അദ്ദേഹത്തിന്റെ അടുത്തേക്കു പോയി. ഇസ്ലാമിന്റെ വഴികളെ കുറിച്ചു പരിചയപ്പെടുത്തി.. പക്ഷെ അദ്ദേഹം ഇസ്ലാം സ്വീകരിക്കാന്‍ തയാറായില്ല. അതുകൊണ്ട് അദ്ദേഹവുമായി യുദ്ധം ചെയ്യുകയും യുദ്ധത്തില്‍ സയ്യിദ് ഇബ്രാഹീം ബാദുശാ(റ)വും സംഘവും വിജയിക്കുകയും ചെയ്തു. അങ്ങനെ ആ രാജവാഴ്ച അവിടെ അവസാനിക്കുകയും സികന്തര്‍ ബാദുശാ എന്ന തന്റെ മുരീദിനെ അവിടെ രാജാവായി വാഴ്ത്തുകയും ചെയ്തു. ശേഷം അവിടന്നു ബോധിരാമാണിക്യപട്ടണത്തിലേക്കാണ് യാത്ര തിരിച്ചത്. അവിടെ ഭരണം നടത്തിയിരുന്നത് വിക്രമപാണ്ഡ്യന്‍ എന്ന രാജാവായിരുന്നു. വിക്രമപാണ്ഡ്യനേയും മഹാനവര്‍കള്‍ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുവെങ്കിലും അയാള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ തയാറായില്ല; എന്നു മാത്രമല്ല, വളരെ ക്രൂരനായ വിക്രമപാണ്ഡ്യന്‍ ഇബ്രാഹീം ബാദുശാ(റ)വിനോട് വളരെ പെട്ടന്നു നാടുവിട്ടുപോകാനും പറഞ്ഞു. എന്നാല്‍ തന്റെ വന്ദ്യപിതാമഹന്‍ സയ്യിദുനാ മഹുമ്മദു റസൂലുല്ലാഹി(സ) ഏല്പിച്ച ഈ ദൗത്യത്തില്‍നിന്ന് താന്‍ ഒരിക്കലും പിന്മാറില്ലെന്നു പ്രഖ്യാപിച്ച ഇബ്രാഹീം ബാദുശാ(റ)വിനോട് വിക്രമപാണ്ഡ്യന്‍ യുദ്ധത്തിനു തയാറാകുകയായിരുന്നു. ഈ സന്ദര്‍ഭങ്ങളിലൊക്കെ തന്റെ മാതാവ് ഫാത്വിമ ബര്‍ഖി(റ) മഹാനവര്‍കള്‍ക്ക് താങ്ങായി നിലകൊണ്ടു. വിഷമങ്ങള്‍ വരുമ്പോഴെല്ലാം സാന്ത്വനം നല്‍കി.

വിക്രമപാണ്ഡ്യനുമായുള്ള യുദ്ധം വളരെ ശക്തമായിരുന്നു. 10 പ്രാവശ്യമാണ് യുദ്ധം നടത്തിയത്. ഓരോ പ്രാവശ്യവും മൂന്നോ നാലോ ദിവസം നീണ്ടുനില്‍ക്കുമായിരുന്നു. ഈ യുദ്ധത്തില്‍ ഇബ്രാഹീം ബാദുശാ(റ)വിനെ സഹായിച്ചിരുന്നത് മുഖ്യമായും തന്റെ കുടുംബത്തിലെ അംഗങ്ങളും മറ്റു ശിഷ്യന്മാരുമായിരുന്നു. സഹോദരന്‍ ഇസ്മാഈല്‍(റ), അബ്ബാസ്(റ), മകന്‍ അബൂ ത്വാഹിര്‍(റ), ഭാര്യാ സഹോദരനായിരുന്ന സൈനുല്‍ ആബിദീന്‍(റ), ഹകീം(റ) തുടങ്ങിയവര്‍ അവരില്‍ പ്രമുഖരായിരുന്നു. ഈ യുദ്ധങ്ങളിലെല്ലാം അബു ത്വാഹിര്‍(റ) വളരെ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തുകയും ശത്രുസംഘത്തിലെ ഒട്ടനവധി പേരെ കൊലപ്പെടുത്തുകയും ചെയ്തു. മാത്രമല്ല വിക്രമപാണ്ഡ്യന്‍ എന്ന രാജാവിനെ തന്നെ കൊലപ്പെടുത്തിയതും അബു താഹിര്‍(റ) തന്നെയായിരുന്നു. ഈ യുദ്ധത്തില്‍ വെച്ച് 18 വയസ്സ് മാത്രം പ്രായമുള്ള അബുതാഹിര്‍ ശഹീദ്(റ) ഉള്‍പ്പടെ തന്റെ കുടുംബത്തിലെ പ്രമുഖര്‍ ശഹീദായി.

പിന്നീടുള്ള പന്ത്രണ്ട് വര്‍ഷം ബോധിരമാണിക്യപ്പട്ടണം ഇബ്രാഹീം ബാദുഷ(റ)വിന്റെ ഭരണത്തിലായിരുന്നു. ഈ കാലഘട്ടത്തില്‍ അവിടെയുളള ജനങ്ങളെ ഇസ്‌ലാമിന്റെ പാതയിലേക്ക് വഴി നടത്തിയെങ്കിലും മഹാനവര്‍കളെ ഒരു വിഷമം അലട്ടികൊണ്ടിരുന്നു. അഥവാ ‘താന്‍ ഈ നാട്ടില്‍ വന്നു ഇസ്‌ലാമിക പ്രബോധനം നടത്തുകയും ഇസ്‌ലാമിക സാമ്രാജ്യം സൃഷ്ടിച്ചെടുക്കയും ചെയ്തുവെങ്കിലും ഇസ്ലാമിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച ആ ശുഹദാക്കളില്‍ ഉള്‍പ്പെടാന്‍ തനിക്കായില്ലല്ലോ’ ആ വിഷമം റസൂല്‍(സ)യോടു പങ്കുവെക്കുകയും തന്റെ ആഗ്രഹം സഫലമാകാന്‍ വേണ്ടി മഹാനവര്‍കള്‍ ദുആകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം പ്രതികാരത്തിനു അവസരം കാത്തിരുന്ന മധുരയിലെ രാജാവ് തിരുപാണ്ഡ്യന്‍ തന്റെ സൈന്യവുമായി വരികയും ഇബ്രാഹീം ബാദുശാ(റ)വിനെ ചതി മാര്‍ഗത്തിലൂടെ വധിക്കുയും അങ്ങനെ മഹാനവര്‍കള്‍ ശഹീദാകുകയും ചെയ്തു. ഹിജ്‌റ 595 ദുല്‍ഖഅ്ദ 23, ക്രി 1199 സെപ്റ്റംബര്‍ 16നു വ്യാഴാഴ്ചയായിരുന്നു മഹാനവര്‍കള്‍ ഈ ലോകത്തുനിന്നു വിടവാങ്ങിയത്.

പിന്നീട് ഇബ്രാഹീം ബാദുശാ(റ)വിന്റെ ഒരു ശിഷ്യന്‍ തിരുപാണ്ഡ്യനുമായി യുദ്ധം ചെയ്യുകയും ശക്തമായ ഏറ്റുമുട്ടലിന് ശേഷം രാജാവിനെ കീഴ്‌പ്പെടുത്തുകയും ചെയ്തു. യുദ്ധം അവസാനിച്ചത് ഒരു സന്ധിയില്‍ ഒപ്പുവെക്കുന്നതിലൂടെയായിരുന്നു. ആ പ്രവിശ്യയെ രാമനാഥപുരും, ബോധിരാമാണിക്യപട്ടണം എന്നീ രണ്ട് ഭാഗങ്ങളാക്കി തിരിക്കുകുയം ബോധിരാമാണിക്യപട്ടണം അഥവാ ഏര്‍വാടി അറബികളും രാമനാഥപുരം പാണ്ഡ്യന്‍മാരും ഭരിക്കുക എന്നതായിരുന്നു ഉടമ്പടി. ഈ ഉടമ്പടി ബ്രിട്ടീഷ്‌കാര്‍ ഇന്ത്യയില്‍ വരുന്നത് വരെ നിലനിന്നു.

റാഫി മഹ്ബൂബി