Top pics

6/recent/ticker-posts

തൗഹീദീ രാജമാര്‍ഗ്ഗം: ഒരു ലഘു പരിചയം


313 മുര്‍സലീങ്ങളിലൂടെയും ഒന്നേകാല്‍ ലക്ഷം വരുന്ന അമ്പിയാക്കളിലൂടെയും മാനവ സമൂഹത്തിലേക്ക് അല്ലാഹു അവതരിപ്പിച്ച ജീവിത പദ്ധതിയാണ് വിശുദ്ധ ഇസ്ലാം ദീന്‍. അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ദീന്‍ അതു മാത്രമാണ്. മനുഷ്യ സൃഷ്ടിപ്പിനു പിന്നില്‍ അല്ലാഹുവിന് വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. അതിനാലാണ്. "കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്ന ഒരു വിഭാഗത്തെയാണോ നീ സൃഷ്ടിക്കുന്നത്?" എന്ന മലക്കുകളുടെ എതിരഭിപ്രായത്തെ മാനിക്കാതെ "നിങ്ങള്‍ക്കറിയാത്തത് എനിക്കറിയാം "എന്ന് പറഞ്ഞ് മനുഷ്യ സൃഷ്ടിപ്പിന് അല്ലാഹു തീരുമാനിച്ചത്. അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് നേടലാണ് ആ സൃഷ്ടി ലക്ഷ്യമെന്ന് ഒരു ഖുദ്സിയ്യായ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. ഖുര്‍‍ആനില്‍ പറയുന്നത് സൃഷ്ടിലക്ഷ്യം മനുഷ്യന്‍ അല്ലാഹുവിന് അടിമപ്പെടലും അവനെ ആരാധിക്കലുമാണെന്നാണ്. അതായത്, അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കുക എന്നതാണ് മനുഷ്യ സൃഷ്ടിയുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കാരിക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖയാണ് ഇസ്ലാം ദീന്‍.

ശഹാദത്ത്, നിസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, തുടങ്ങിയ വിവിധ അനുഷ്ഠാനങ്ങളും, അല്ലാഹു, പ്രവാചകന്‍, മലക്കുകള്‍, വേദങ്ങള്‍, അന്ത്യനാള്‍ തുടങ്ങി വിവിധ കാര്യങ്ങളിലുള്ള വിശ്വാസവും ഇഹ്സാന്‍ പോലുള്ള മറ്റു പല കാര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇസ്ലാം ദീന്‍. വിവിധ കാലങ്ങളില്‍ പ്രബോധനം ചെയ്യപ്പെട്ട ഈ ദീന്‍, ആ കാലത്തിനും പ്രദേശത്തിനും സമൂഹത്തിന്റെ സ്വഭാവത്തിനും അനുസരിച്ച ചില വ്യതിയാനങ്ങള്‍ സ്വീകരിച്ചിരുന്നു. ഉദാഹരണത്തിന് ആദിമ മനുഷ്യനായ ആദം നബി(അ) പ്രബോധനം ചെയ്ത ദീനിന്റെ ശഹാദത്ത് "ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹി" എന്നായിരുന്നില്ല, മറിച്ച് "ലാ ഇലാഹ ഇല്ലല്ലാഹു ആദം സ്വഫിയ്യുല്ലാഹി" എന്നായിരുന്നു. നൂഹ് നബി(അ)മിന്റെ കാലത്ത് 'ലാ ഇലാഹ ഇല്ലല്ലാഹു നൂഹുന്‍ നജിയ്യുല്ലാഹി' എന്നായി. ഇബ്റാഹീം നബി(അ) ന്റെ കാലത്ത് 'ലാ ഇലാഹ ഇല്ലല്ലാഹു ഇബ്റാഹീം ഖലീലുല്ലാഹി' എന്നായി. മൂസാ(അ)മിന്റെ കാലത്ത് 'ലാ ഇലാഹ ഇല്ലല്ലാഹു മൂസാ കലീമുല്ലാഹി' എന്നായി. ഈസാ നബി(അ)മിന്റെ കാലത്ത് 'ലാ ഇലാഹ ഇല്ലല്ലാഹു ഈസാ റൂഹുല്ലാഹി' എന്നായി. എന്നാല്‍, ഈ അവസ്ഥകളിലൊന്നും ദീന്‍ പൂര്‍ണ്ണതയോടെ പ്രബോധനം ചെയ്യപ്പെട്ടിരുന്നില്ല. അതിന്റെ പൂര്‍ണ്ണത സംഭവിക്കുന്നത് അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി(സ)യുടെ ആഗമനത്തോടെയാണ്.

നബി(സ) പ്രബോധനം ചെയ്ത ദീനാണ് പരിപൂര്‍ണ്ണമായ ഇസ്ലാം ദീന്‍. തൗഹീദിന്റെ, ഏക ദൈവ മതത്തിന്റെ പൂര്‍ണ്ണതയുടെ രാജമാര്‍ഗ്ഗമാണത്. അതില്‍ ഒന്നിന്റെയും കുറവില്ല. അതില്‍ അനാവശ്യമായി ഒന്നുമില്ല. പില്‍ക്കാലത്ത് പണ്ഡിതന്‍‍മാര്‍ ദീനിനെ ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅരിഫത്ത് എന്നിങ്ങനെ വിഭജിക്കുകയുണ്ടായി. ഇവ നാലും ഉള്‍ക്കൊള്ളുന്നാതാണ് നബി(സ) പ്രബോധനം ചെയ്ത തൗഹീദിന്റെ രാജമാര്‍ഗ്ഗം. ഇവ നാലും ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമെ ഒരാള്‍ തൗഹീദിന്റെ ഈ ദീന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടവനാകൂ. അല്ലാതെ ഏതെങ്കിലുമൊരു ഭാഗം മാത്രം പിടിക്കുന്നവന്‍ ദീനിലെ ആ ഒരു ഭാഗം മാത്രം പിന്തുടരുകയും ബാക്കി മൂന്നും ഒഴിവാക്കുകയുമാണ് ചെയ്യുന്നത്. സത്യത്തില്‍, ദീനിനെ പൂര്‍ണ്ണമായി പിന്തുടരുന്നവരുടെ കാഴ്ചപ്പാടില്‍ ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅരിഫത്ത് എന്ന വിഭജനത്തിന് തന്നെ പ്രസക്തിയില്ല. കാരണം തൗഹീദിന്റെ മതം പൂര്‍ണ്ണമാണ്. അതിലൊന്നിന്റെയും കുറവില്ല. അതിലുള്ള ഒന്നും അനാവശ്യവുമല്ല. അതിനാല്‍ തന്നെ ശരീഅത്തും ത്വരീഖത്തും ഹഖീഖത്തും മഅരിഫത്തുമെല്ലാം ദീനില്‍ ഓരോരുത്തര്‍ക്കും ആവശ്യമായ ഘടകങ്ങള്‍ തന്നെയാണ്.

തൗഹീദിന്റെ പൂര്‍ണ്ണമായ രാജമാര്‍ഗ്ഗം നബി(സ) പ്രബോധനം ചെയ്ത ദീനായിരുന്നുവെനന്ന് നാം വിശദീകരിച്ചുവല്ലോ. മുന്‍കഴിഞ്ഞ കാലങ്ങളില്‍ പ്രബോധനം ചെയ്യപ്പെട്ട ദീന്‍ പൂര്‍ണ്ണത പ്രാപിച്ചതായിരുന്നില്ല. തൗഹീദിന്റെ പൂര്‍ണ്ണത "ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹി"യിലാണ്. പ്രവാചകന്‍‍മാര്‍ പ്രബോധനം ചെയ്തത് മുഹമ്മദുര്‍ റസൂലുല്ലാഹിക്ക് പകരം അതത് കാലങ്ങളില്‍ വെളിപ്പെട്ട രിസാലത്തനുസരിച്ച ശഹാദത്തായിരുന്നു. എന്നാല്‍, അല്ലാഹുവിലേക്ക് സഞ്ചരിക്കുന്നതിനുള്ള പൂര്‍ണ്ണതയുടെ തൗഹീദ് 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹി' എന്നതാണ്. തൗഹീദിന്‍റെ ഈ കലിമ ആദിമ കാലം മുതല്‍ ഉള്ളതാണ്. ആദിമ മനുഷ്യനായ ആദം നബി(അ)നെ സൃഷ്ടിക്കപ്പെട്ടപ്പോള്‍ ഈ കലിമ അല്ലാഹുവിന്‍റെ അര്‍ശിന് മുകളില് എഴുതി വെക്കപ്പെട്ടതായി അവിടന്ന് കണ്ടുവെന്ന് കിതാബുകളില്‍ കാണാം. മാത്രമല്ല, വിലക്കപ്പെട്ട കനി ഭക്ഷിച്ച് സ്വര്‍ഗ്ഗ ഭ്രഷ്ടനായ ആദം നബി(അ) അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചത് ഈ തൗഹീദിന്റെ മഹത്വം മുഖേനയായിരുന്നുവെന്നും ഹദീസുകളില്‍ കാണാം.

ചുരുക്കത്തില്‍ 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹി' എന്ന പൂര്‍ണ്ണമായ തൗഹീദ് ആദിമ കാലം മുതല്‍ക്കേ ഉള്ളതാണ്. അക്കാലങ്ങളില്‍ പ്രവാചകന്‍‍മാര്‍ അത് പ്രബോധനം ചെയ്തിരുന്നില്ലെന്ന് മാത്രം. എന്നാല്‍, മുന്‍കഴിഞ്ഞ പ്രവാചകന്‍‍മാരെല്ലാം പൂര്‍ണ്ണമായ ഈ തൗഹീദിന്റെ അനുയായികളായിരുന്നു. ആദം സ്വഫിയ്യുല്ലഹി എന്നോ, നൂഹുന്‍ നജിയ്യുല്ലാഹി എന്നോ, ഇബ്രാഹീം ഖലീലുല്ലാഹി എന്നോ, മൂസാ കലീമുല്ലാഹി എന്നോ, ഈസാ റൂഹുല്ലാഹി എന്നോ പ്രബോധനം ചെയ്യുമ്പോഴും അവര്‍ ഉള്‍ക്കൊണ്ടിരുന്നത് ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹി എന്നായിരുന്നു. മുഹമ്മദുര്‍ റസൂലുല്ലാഹി ഉള്‍ക്കൊള്ളാത്ത ഒരു പ്രവാചകനും മുന്‍ കാലങ്ങളില്‍ കഴിഞ്ഞുപോയിട്ടില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്: "പ്രവാചകന്‍‍മാരില്‍ നിന്ന് അല്ലാഹു കരാര്‍ സ്വീകരിച്ച സന്ദര്‍ഭം. നിങ്ങള്‍ക്ക് ഞാന്‍ വേദവും തത്വജ്ഞാനവും നല്‍കിയതിന് ശേഷം നിങ്ങളിലേക്ക്, നിങ്ങളുടെ കൂടെയുള്ളതിനെ വാസ്തവമാക്കുന്ന ഒരു പ്രവാചകന്‍ വന്നാല്‍ നിങ്ങളവരില്‍ വിശ്വസിക്കുകയും സഹായിക്കുകയും വേണം. അവര്‍ പറഞ്ഞു: ഞങ്ങള്‍ അംഗീകരിച്ചു." (ആലു ഇം‍റാന്‍: 81).

ഇങ്ങനെ നോക്കുമ്പോള്‍ 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹി' എന്നത് തൗഹീദിന്റെ പൂര്‍ണ്ണതയും മുന്‍കഴിഞ്ഞ പ്രവാചകര്‍ ഉള്‍ക്കൊണ്ടിരുന്ന മാര്‍ഗ്ഗവുമായിരുന്നു. നബി(സ) തന്റെ സമൂഹത്തിന് നല്‍കിയ സന്ദേശവും തന്റെ പിന്‍‍ഗാമികള്‍ക്ക് അനന്തരാവകാശമായി നല്‍കിയതും ഈ തൗഹീദായിരുന്നു. ഈ തൗഹീദ് ഉള്‍ക്കൊണ്ട് അതിന്റെ ലക്ഷ്യമായ അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനം കരസ്ഥമാക്കിയവരെ ബനൂ ഇസ്‍റാഈലിലെ പ്രവാചകന്മാരോട് നബി(സ) ഉപമിച്ചത് അതു കൊണ്ടാണ്. ആ പ്രവാചകന്മാര്‍ 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹി' യിലൂടെ സഞ്ചരിച്ച് അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനം കരസ്ഥമാക്കിയതു പോലെ ഈ ജ്ഞാനികളും അത് നേടിയിരിക്കുന്നു എന്ന് സാരം.

വിശുദ്ധ മതമായ ഇസ്ലാം ദീന്‍ അനുഷ്ഠാന പരമായ അഞ്ചു കാര്യങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതില്‍ ഒന്നാമത്തേത് ഈ തൗഹീദാണ്. തൗഹീദ് കേവലമൊരു വിശ്വാസ പ്രമാണമല്ല. അതിനൊരു കര്‍മ്മമുണ്ട്. അല്ലാഹുവില്‍ വിശ്വസിക്കുന്ന ഒരാളില്‍ സദാ ഉണ്ടായിരിക്കേണ്ട ഒരു കര്‍മ്മമാണ് തൗഹീദ്. ആ കര്‍മ്മം സദാ ഉണ്ടാവുമ്പോഴാണ് ഹൃദയം ജീവിക്കുന്നതും അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനം നേടുന്നതിന് ഹൃദയം പാകപ്പെടുന്നതും. തൗഹീദിന്റെ ഈ കര്‍മ്മം സ്വീകരിക്കാത്തവര്‍ക്ക്, അതിനെ നിഷേധിക്കുന്നവര്‍ക്ക് നബി(സ) പ്രബോധനം ചെയ്ത ഈ രാജ മാര്‍ഗ്ഗത്തില്‍ ഒരു സ്ഥാനവുമില്ല.

എന്നാല്‍ പല മഹാന്‍മാരും തങ്ങളുടെ ശിഷ്യഗണങ്ങളെ സംസ്കരിക്കുന്നതിന്റെ ആദ്യ പടിയായി, ശഹാദത്തിന്റെ അവസ്ഥകളിലേക്ക് അവരെ എത്തിവെക്കുന്നതിനായി ചില ദികിറുകള്‍ നല്‍കിയിരുന്നു. അല്ലാഹു, ഹൂ അല്ലാഹ്, അല്ലാഹു അല്ലാഹ് തുടങ്ങിയ പല തരത്തിലുള്ള ഈ ദിക്‍റുകള്‍ അവര്‍ നല്‍കിയിരുന്നത് തൗഹീദിന്റെ രാജമാര്‍ഗ്ഗം സ്വീകരിക്കുവാന്‍ ശിഷ്യന്റെ ഹൃദയത്തെ പാകപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. ദികിറുകള്‍ നല്‍കുന്നതിന് പുറമെ മറ്റു പല രീതികളിലൂടെയുമായി അവര് ശിഷ്യന്മാരുടെ ഹൃദയങ്ങളെ സംശുദ്ധമാക്കിയെടുത്തു. ഇത്തരം മഹാന്‍മാരും അവരുടെ ശിഷ്യ ഗണങ്ങളും ചില പ്രത്യേക നാമങ്ങളില്‍ അറിയപ്പെട്ടു. ഖാദിരി, ചിശ്തി, രിഫാഈ, നഖ്‍ഷബന്തി, ശാദുലീ, തുടങ്ങിയ വിവിധ ത്വരീഖത്തുകള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്. എന്നാല്‍ ഇത്തരം ത്വരീഖത്തുകളില്‍ ഒതുങ്ങുന്നതല്ല തൗഹീദിന്‍റെ പൂര്‍ണ്ണതയുടെ ദീന്‍. സത്യത്തില്‍, നാം വിശദീകരിച്ചതു പോലെ തൗഹീദിന്‍റെ പൂര്‍ണ്ണത നേടുന്നതിന് പറ്റിയ നിലയില്‍ ഹൃദയ സംസ്കരണം നടത്തുക മാത്രമാണ് അവയുടെ ലക്ഷ്യം. തൗഹീദിലേക്കുള്ള യാത്രയുടെ തയ്യാറെടുപ്പ് മാത്രമാണ് ഈ ത്വരീഖത്തുകള്‍. അല്ലഹൂ അല്ലാഹ്, ഇല്ലല്ലാഹു, അല്ലാഹു, ഹൂ അല്ലാഹ് തുടങ്ങിയ ദികിറുകളുടെ സ്ഥാനത്ത് പരിപൂര്‍ണ്ണ കലിമത്തുത്തൌഹീദ് തന്നെ വരുമ്പോഴാണ് അവന്‍ തൗഹീദിന്റെ പൂര്‍ണ്ണമായ മാര്‍ഗ്ഗത്തില്‍, ദീനില്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നത്. അതിലൂടെ സഞ്ചരിച്ചു കൊണ്ടാണ് സൃഷ്ടി ലക്ഷ്യമായ അല്ലാഹുവിനെ അറിഞ്ഞാരാധിക്കുക എന്നതില്‍ എത്തിപ്പെടേണ്ടത്.

തൗഹീദിന്റെ പൂര്‍ണ്ണതയില്ലാതെ സഞ്ചരിക്കുന്ന ത്വരീഖത്തുകള്‍ മുന്‍കഴിഞ്ഞ പ്രവാചകന്‍‍മാരുടെ മാര്‍ഗ്ഗങ്ങളെ പിന്തുടരുന്നവരെപ്പോലെയാണ്. എന്നാല്‍, പൂര്‍ണ്ണമായ ശഹാദത്തില്‍ സഞ്ചരിക്കുകയും അതു പ്രബോധനം ചെയ്യുകയും ചെയ്യുന്നവരെ ഒരു പ്രത്യേക ത്വരീഖത്തെന്നു പറയുന്നത് പൂര്‍ണ്ണമായും തെറ്റാണ്. കാരണം, അതൊരു ത്വരീഖത്തല്ല, പൂര്‍ണ്ണമായ ദീന്‍ തന്നെയാണ്. നബി(സ) പ്രബോധനം ചെയ്ത തൗഹീദിന്റെ ദീനാണത്. ദീനിന്റെ ഒരു ഭാഗം മാത്രമായ ത്വരീഖത്തായി അതിനെ ചുരുക്കുന്നതെങ്ങനെയാണ്? "ഓരോ ഔലിയാക്കള്‍ക്കും ഓരോ പാദങ്ങളുണ്ട്, പൂര്‍ണ്ണ ചന്ദ്രനായ നബി(സ)യുടെ പാദത്തിന്‍‍മേലാണ് ഞാന്‍" എന്ന് ശൈഖ് ജീലാനി(റ) പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്. അതായത്, ജീലാനി(റ) പ്രബോധനം ചെയ്ത യഥാര്‍ത്ഥമായ മാര്‍ഗ്ഗം 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹി' എന്ന തൗഹീദിന്റെ മാര്‍ഗ്ഗമാണ്. അതിനാല്‍ തന്നെ സാധാരണ പറയപ്പെടുന്ന അര്‍ത്ഥത്തിലുള്ള ഒരു ത്വരീഖത്തല്ല അത്. ദീന്‍ തന്നെയാണ്. എന്നാല്‍, തൗഹീദിന്റെ പൂര്‍ണ്ണമായ അവസ്ഥ നല്‍കുന്നതിന് മുമ്പ് ഹൃദയ സംസ്കരണത്തിനു മാത്രമായി നല്‍കിയ ചില ദിക്റുകള്‍ പിടിച്ച് ഇതാണ് ജീലാനി(റ)വിന്റെ മാര്‍ഗ്ഗമെന്ന് വാദിക്കുന്നവര്‍ ജീലാനി(റ)വിനെയോ അവിടത്തെ മാര്‍ഗ്ഗത്തെയോ മനസ്സിലാക്കാത്തവരും മഹാനവര്‍കളെ താഴ്ത്തിക്കെട്ടുന്നവരുമാണ്.

ഏതെങ്കിലുമൊരു ത്വരീഖത്തില്‍ ഒതുങ്ങുതല്ല ദീന്‍ എന്നതിന് ത്വരീഖത്തുകള്‍ ദീനിന് പുറത്താണെന്ന് അര്‍ത്ഥമില്ല. നബി(സ) പഠിപ്പിച്ച തൗഹീദിന്റെ ദീനില്‍ നാം മുമ്പ് വിവരിച്ചതു പോലെ പ്രകടമായ പല അനുഷ്ഠാനങ്ങളുമുണ്ട്. ഇതിനെ പണ്ഡിതന്‍‍മാര്‍ ശരീഅത്തെന്നു പരിചയപ്പെടുത്തുന്നു. ഈ അനുഷ്ഠാന കര്‍മ്മങ്ങളുടെ അന്തസത്തയാവട്ടെ അല്ലാഹുവിലേക്കുള്ള യാത്രയാണ്. അല്ലാഹുവിലേക്ക് യാത്ര ചെയ്യുന്നവര്‍ ആദ്യം ഹൃദയം ശുദ്ധമാക്കേണ്ടതുണ്ട്, "ശുദ്ധ ഹൃദയനായി അല്ലാഹുവിനെ സമീപിച്ചവരല്ലാതെ സമ്പത്തും സന്താനവും അന്ത്യ ദിനത്തില്‍ പ്രയോജനപ്പെടുകയില്ല." (അശ്ശുഅറാ: 88,89) എന്ന് ഖുര്‍‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഹൃദയ സംസ്കരണം നടത്താതെ ചെയ്യുന്ന ആരാധനാ കര്‍മ്മങ്ങള്‍ ഒരിക്കലും അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടുകയില്ല. അതിനാല്‍, ഹൃദയ സംസ്കരണത്തിന് ഖുര്‍‍ആന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ മഹാന്മാര്‍ പല വഴികളും രീതികളും സ്വീകരിച്ചു. അവയ്ക്ക് ത്വരീഖതുകള്‍ എന്ന് പേരും നല്‍കി. ഹൃദയ സംസ്കരണം നടത്തി, ശുദ്ധഹൃദയരായി അനുഷ്ടാന കര്‍മ്മങ്ങള്‍ ചെയ്ത് അല്ലാഹുവിലേക്ക് അടുക്കുന്നവര്‍ പല യാഥാര്‍ത്ഥ്യങ്ങളെയും അനുഭവിക്കുന്നു. അനുഭവങ്ങളുടെ ഈ അവസ്ഥക്ക് ഹഖീഖത്തെന്നു പറയുന്നു. ഈ അനുഭവങ്ങളിലൂടെ അല്ലാഹുവിനെക്കുറിച്ച് ദൃഢബോധം വരുത്തിയ ജ്ഞാനം നേടുവാന്‍ മനുഷ്യനു കഴിയുന്നു. ഇതാണ് മഅരിഫത്ത്.

ഈ നാല് അവസ്ഥകളും ദീനിന്റെ ഭാഗമാണ്. നബി(സ) പ്രബോധനം ചെയ്ത ദീന്‍ ഇവ നാലും ഒരേ സമയം ഉള്‍ക്കൊള്ളുന്നതാണ്. നബി(സ)യില്‍ വിശ്വസിക്കുന്ന ഒരു സ്വഹാബിക്ക് ശഹാദത്ത്, നിസ്ക്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ അനുഷ്ടാന കർമ്മങ്ങള്‍ക്കൊപ്പം തന്നെ ഹൃദയ സംസ്കരണം നടത്തുന്നതിനുള്ള വഴിയും നബി(സ) പഠിപ്പിച്ചിരുന്നു. ആദ്യമായി നല്‍കുന്ന ശഹാദത്ത് ഹൃദയ സംസ്കരണത്തിനുള്ള മാര്‍ഗ്ഗമാണ്. ശഹാദത്തിലൂടെ ഹൃദയ സംസ്കരണം നടത്തി ഇബാദത്തുകള്‍ ചെയ്യുമ്പോള്‍ അവന്‍ ഹഖീഖത്തിന്റെയും മഅരിഫതിന്റെയും തലങ്ങളിലേക്ക് ഉയരുന്നു. ഇതാണ് തൗഹീദിന്റെ ദീന്‍.

ഈ നാല് അവസ്ഥകളില്‍ ഏതെങ്കിലുമൊന്നിനെ തള്ളിപ്പറയുന്നവന്‍ ദീനിനെത്തന്നെയാണ് തള്ളിപ്പറയുന്നത്. മാത്രമല്ല, ഇതിലേതെങ്കിലുമൊരു അവസ്ഥയില്‍ ഒതുങ്ങി നില്‍ക്കുന്നവന്‍ ദീനിനെ പൂര്‍ണ്ണമായും സ്വീകരിച്ചവനല്ല. ശരീഅത്തു മതി, മറ്റൊന്നും വേണ്ടെന്ന് പറയുന്നവന്‍ ദീനിന്റെ മുക്കാല്‍ ഭാഗവും വേണ്ടെന്നു വെക്കുകയാണ് ചെയ്യുന്നത്. നബി(സ) പഠിപ്പിച്ച ദീനിനെ നിഷേധിക്കുക വഴി അവന്‍ അല്ലാഹുവിലേക്ക് എത്തിപ്പെടാതെ വഴിപിഴച്ചു പോകുവാന്‍ സാധ്യത കൂടുതലാണ്. തൗഹീദിന്റെ ദീനില്‍ ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅരിഫത്ത് എന്ന വിഭജനങ്ങള്‍ക്ക് തന്നെ സ്ഥാനമില്ല. അതിനാല്‍ തന്നെ ശരീഅത്ത് പൂര്‍ത്തിയായിട്ടു മതി ത്വരീഖത്തെന്ന വാദം തനി വങ്കത്തമാണ്. ഒരാളുടെ ശരീഅത്ത് പൂര്‍ത്തിയാകുന്നത് എന്നാണ്? നിസ്കാരവും നോമ്പും ഉപേക്ഷിക്കുവാന്‍ മരണം വരെ ഒരാള്‍ക്ക് പറ്റുമോ? മാത്രമല്ല, ശരീഅത്തില്‍ ഉള്‍പ്പെടുന്നതാണ് ശഹാദത്ത്. അതു കൊണ്ട് ഹൃദയ സംസ്കരണം നടത്തുന്നതാണ് പ്രവാചക പാരമ്പര്യം എന്നിരിക്കെ ശഹാദത്തിന്റെ കര്‍മ്മങ്ങളില്ലാതെ നിസ്കാരവും നോമ്പും മറ്റു കർമ്മങ്ങളുമെല്ലാം സ്വീകരിക്കപ്പെടുന്നതെങ്ങനെയാണ്? മനസ്സില്‍ തൗഹീദില്ലെങ്കില്‍ പ്രകടനാത്മകമായ കേവല കര്‍മ്മങ്ങള്‍ കൊണ്ട് എന്ത് ഫലം? തൗഹീദില്ലാത്തവന് ദീനില്‍ സ്ഥാനമുണ്ടോ? പിന്നെങ്ങനെയാണ് ശരീഅത്ത് പൂര്‍ത്തിയായിട്ടു മതി മറ്റു കാര്യങ്ങള്‍ എന്നു പറയുക?

അതു പോലെത്തന്നെ തൗഹീദിന്റെ വഴിയാകുന്ന ഈ ദീന്‍ പണ്ഡിതന്‍‍മാര്‍ക്കു മാത്രമേ പറ്റുകയുള്ളു എന്നും സാധാരക്കര്‍ക്ക് പറ്റുകയില്ലെന്നുമുള്ള വാദവും ദീനില്‍ നിന്ന് ജനങ്ങളെ വഴി തെറ്റിക്കുന്നതിനു മാത്രമുള്ളതാണ്. നബി(സ) തങ്ങളെ പിന്‍പറ്റിയ സ്വഹാബികള്‍ ദീനില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഏത് കോളേജില്‍ പഠിച്ച്, ഏത് കിത്താബോതിയാണ് പണ്ഡിതന്‍‍മാരായത്? അക്ഷര ജ്ഞാനം പോലുമില്ലാത്തവര്‍ (ഉമ്മിയ്യ്) എന്നാണ് ഖുര്‍‍ആന്‍ (ജുമുഅ: 2) അവരെ വിശേഷിപ്പിച്ചത്. നബി(സ)യുടെ ദീന്‍, തൗഹീദിന്റെ മാര്‍ഗ്ഗം പണ്ഡിത - പാമര വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വേണ്ടതാണ്.

മുഹമ്മദ് ശാഫി ഖാദിരി സുൽത്താനി