Top pics

6/recent/ticker-posts

തിരുനബി സ്മരണയിൽ ആദ്യവസന്തത്തിന്റെ നിറപ്പൊലിമ



മനുഷ്യരാശി അതിന്റെ ഏതു ഘട്ടത്തിലാണെങ്കിലും മുഹമ്മദീയ പ്രവാചകത്വത്തെ അനുസ്മരിക്കാന്‍ ലഭിക്കുന്ന അവസരമാണ് അതിനെ സ്വത്വത്തിലേക്കു തിരിച്ചുകൊണ്ടുപോവുന്ന അമൂല്യസന്ദര്‍ഭം. അതുകൊണ്ടായിരുന്നു ഖുര്‍ആനു മുമ്പുള്ള ജൂതരുടെയും ക്രിസ്തീയരുടെയും മറ്റു സമുദായങ്ങളുടെയും വേദഗ്രന്ഥങ്ങളൊക്കെ വരാനിരിക്കുന്ന ഒരു പ്രവാചകനെ കുറിച്ച സന്ദേശം സുപ്രധാനമായി പരിഗണിച്ചതും അവ തിരുനബിയെ സ്മരിച്ച കാര്യം ഖുര്‍ആന്‍ പ്രാധാന്യത്തോട ഉദ്ധരിച്ചതും. മറ്റു പ്രവാചകത്വങ്ങളുടെയെല്ലാം ഒരു സമഗ്രതയെന്ന നിലക്ക് മുഹമ്മദീയ പ്രവാചകത്വം ചരിത്രത്തിന്റെ ആദിയിലും അന്ത്യത്തിലും ഒരുപോലെ മുഴങ്ങിക്കേട്ടു. വാസ്തവത്തില്‍ എല്ലാ പ്രവാചകത്വങ്ങളുടെയും ഒരു ലക്ഷ്യപൂര്‍ത്തീകരണവും അവയുടെ തുടക്കവുമായിരുന്നു അത്.

റബീഉല്‍ അവ്വല്‍ മനുഷ്യരാശിക്കാകമാനമുള്ള ഒരു ആദ്യവസന്തമാണ്. മതശാസനകളനുസരിച്ച് നിര്‍ബന്ധിതമായി ആഘോഷിക്കപ്പെടേണ്ട ഒന്നല്ല അത്. പ്രവാചകരെ സ്മരിക്കാൻ അവസരം ഒരുങ്ങുമ്പോഴൊക്കെയും റബീഉല്‍ അവ്വല്‍ എന്ന വസന്താരംഭവും നമ്മെ വിളിച്ചുണര്‍ത്തുന്നു.

റബീഉല്‍അവ്വലിന്റെ പ്രാധാന്യം ആ ഒരു പ്രത്യേക ദിവസത്തിലോ മാസത്തിലോ അല്ല. അതു വര്‍ഷം മുഴുവനും നമ്മോടൊപ്പമുണ്ട്. ഓരോ വ്യക്തിക്കും തന്റെ ആദിമമായ സ്വത്വത്തിലേക്കു തിരിച്ചുപോകാന്‍ അതൊരു വിളിയാളിമായി നിലകൊള്ളുന്നു. ആ തിരുനബി നിങ്ങളുടെ സ്വത്വത്തില്‍ ജനിക്കുമ്പോഴേ നിങ്ങളിലും ആ വസന്തം വന്നെത്തൂ എന്നാണ് അതിനു പറയാനുള്ളത്.

പ്രവാചകതിരുമേനി ഭൂലോകത്തെത്തിയതും ഭൂലോകത്തോട് വിടവാങ്ങിയതും ഈ വസന്ത മാസത്തിലായിരുന്നു. എന്റെ ജനനവും വിടവാങ്ങലും ഒരുപോലെ ലോകത്തിന് അനുഗ്രഹമാണെന്ന് തിരുനബിയുടെ പ്രഖ്യാപനമുണ്ടായതിനാല്‍ ഈ വസന്താഘോഷത്തില്‍ ജനനം മാത്രമല്ല, വിടവാങ്ങലും പങ്കുചേര്‍ന്നിരിക്കുന്നു. തിരുനബി നമ്മിലേക്കു വരികയായിരുന്നു, അതേപോലെ നമ്മിലേക്കു തന്നെ വിടവാങ്ങുകയായിരുന്നു. റബീഉല്‍ അവ്വല്‍ ഒരു ജന്മദിനാഘോഷത്തിന്റെ നാമകരണമല്ല. അത് പ്രവാചകസ്മരണക്കായി നമുക്ക് കിട്ടിയ ഒരു വലിയ അവസരമാണ്.

ഓരോ കാലത്തും ഓരോ വര്‍ഷവും ലോകസമൂഹത്തിനു മുന്നില്‍ വരുന്ന വെല്ലുവിളികളെ പ്രത്യേകം പുതുക്കാനും ലോകര്‍ക്ക് അതിലൂടെ തിരുനബിയിലേക്കു സഞ്ചരിക്കാനും ഈ വേള അവസരമൊരുക്കുന്നു. ഹിജ്‌റ ആരംഭിച്ചത് റബീഉല്‍ അവ്വല്‍ ഒന്നിനാണെന്നും അവസാനിച്ചത് പന്ത്രണ്ടിനാണെന്നുമുള്ള ചരിത്രകാരന്റെ കണക്ക് ഈ പന്ത്രണ്ടു ദിനങ്ങളെ അല്ലാഹു എന്തോ പ്രാധാന്യത്തോടെ തെരഞ്ഞെടുത്തിരിക്കുന്നു എന്നതിന്റെ സൂചനയാണ്.

പ്രവാചകത്വത്തെ കുറിച്ച സന്ദേശം ലഭിച്ച് മൂന്നു വര്‍ഷം തികയുന്ന സമയത്താണ് തിരുനബിക്ക് ഒരു വലിയ വെല്ലുവിളി നേരിടേണ്ടിവന്നത്. നിങ്ങളുടെ അടുത്ത കുടുംബത്തിന് മുന്നറിയിപ്പ് നല്‍കുക എന്ന ദൈവിക കല്‍പനയായിരുന്നു ആ വെല്ലുവിളി. ആദ്യമായി പരസ്യമായി പ്രവാചകദൗത്യം വിളിച്ചുപറഞ്ഞത് എ.ഡി 613ലായിരുന്നു. 2013ലേക്ക് അതിന് 1400 തികഞ്ഞു. കുടുംബക്കാരോട് സംസാരിക്കാനുളള ആ കല്‍പനയനുസരിച്ച് ഒരു പരിപാടി തയ്യാറാക്കാന്‍ പ്രവാചകന്‍ കൂട്ടിനു വിളിച്ചത് ഒരു പതിമൂന്നുകാരനായ അലി എന്ന കുട്ടിയെയായിരുന്നു. എന്നിട്ട് ചെയ്യേണ്ടതെന്താണെന്ന് ഇങ്ങനെ അറിയിച്ചു: അള്ളാഹു എന്നോട് അടുത്ത ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നു. ആ കര്‍മം എന്റെ ശേഷികള്‍ക്കും അപ്പുറത്താണ്. എങ്കിലും ഒരു ആട്ടിന്‍കാലും ഒരു കപ്പ് പാലും വേണം. അത് വെച്ച് ഒരു വിരുന്നൊരുക്കുക.

എല്ലാവരും സമ്മേളിച്ചപ്പോള്‍ പ്രവാചകന്‍ തയ്യാറാക്കിയ ഭക്ഷണം കൊണ്ടുവരാന്‍ പറഞ്ഞു. തിരുനബി ഒരു മാംസക്കഷ്ണമെടുത്ത് ഒന്നു രുചിച്ചുനോക്കുകയും എന്നിട്ടത് തളികയില്‍ തന്നെ വെക്കുകയും ചെയ്തു. പിന്നെ എല്ലാവരോടുമായി ദൈവനാമത്തില്‍ ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. അവിടെയുണ്ടായിരുന്നവരെല്ലാം പലതവണയായി ആകാവുന്നത്ര കഴിച്ചു. എന്നിട്ടും ഭക്ഷണത്തില്‍ യാതൊരു കുറവും വന്നില്ല. പിന്നെ കുടിക്കാന്‍ പാലെടുക്കാന്‍ പറഞ്ഞു. അതില്‍ നിന്ന് എല്ലാവരും കുടിച്ചു. ഈ തക്കം നോക്കി അവരെ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചു. ആ സമയത്ത് എളാപ്പ അബൂലഹബ് ആതിഥേയന്‍ എന്തോ മഹാമാരണം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.



അതോടെ ആ സദസ്സ് പിരിച്ചുവിടേണ്ടി വന്നു. ആദ്യഭാഷണം അങ്ങനെ നടക്കാതെ പോയി. പിന്നെയുമൊരിക്കല്‍ വിരുന്നൊരുങ്ങി. ആദ്യഘട്ടത്തിലെ പരാജയത്തില്‍ നിന്നു പാഠമുള്‍ക്കൊണ്ട് മറ്റൊരു തീരുമാനമെടുത്തു. ഭക്ഷണത്തിനു മുമ്പേ അഭിസംബോധന നടത്താനായിരുന്നു പുതിയ തീരുമാനം. ആ ഭാഷണം ഇങ്ങനെ തുടങ്ങി: അബ്ദുല്‍ മുത്തലിബിന്റെ സന്താനങ്ങളേ,അറേബ്യന്‍ ജനതയിലേക്ക് എനിക്കേല്‍പിക്കപ്പെട്ട ദൗത്യത്തേക്കാള്‍ വലിയ ദൗത്യവുമായി മറ്റൊരാളും വന്നിട്ടില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നിരിക്കുന്നത് ഇവിടെയും പാരത്രിക ലോകത്തും അത്യന്തം വിലപ്പെട്ടതാണ്. ദൈവമെന്നോട് അവനിലേക്ക് നിങ്ങളെ വിളിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ആരുണ്ട് അതിനു തയ്യാറായ ഒരാള്‍? ഈ ചോദ്യം അവസാനിച്ചിടത്ത് വലിയൊരു നിശ്ശബ്ദത തളംകെട്ടി നിന്നു. അവസാനം അവിടെ പരസ്യമായി അനുകൂലിക്കാനുണ്ടായിരുന്നത് ആ പതിമൂന്നുകാരന്‍ മാത്രമായിരുന്നു. ഇത്ര ലളിതമായാണ് പ്രവാചകദൗത്യത്തിന്റെ വ്യാപനമുണ്ടായത്, വാളിലൂടെയല്ല.

അത് ഇന്ന് എവിടെയെത്തിയെന്നു നോക്കുക. ഖുര്‍ആന്‍ പ്രവാചകനിയോഗത്തെ കുറിച്ചു പറഞ്ഞത് സാക്ഷിയും സുവിശേഷകനും താക്കീതുകാരനും അള്ളാഹുവിലേക്ക് അവന്റെ അനുമതി പ്രകാരം ക്ഷണിക്കുന്നവനും പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കുമായാണ്. ഇതെല്ലാമായിരുന്ന ആദ്യകാലത്തെ പ്രവാചകത്വദൗത്യത്തിന്റെ സ്വഭാവവും.ഇത്ര ലളിതവും നിഷ്‌കളങ്കവുമായാണ് പ്രവാചകദൗത്യത്തിന്റെ വ്യാപനം ആരംഭിക്കുന്നത്. ആ ചരിത്രം തന്നെ പറയുന്നു, ഈ മതം വാളു കൊണ്ട് പ്രചരിച്ചതല്ലെന്ന്.

ഖുര്‍ആനില്‍ അള്ളാഹുവില്‍ വിശ്വസിക്കാന്‍ പറയുന്നതിനോടു കൂടെ തന്നെ പ്രവാചകരിലും വിശ്വാസിക്കാന്‍ കല്‍പനയുണ്ടായി. അനുസരിക്കാന്‍ പറഞ്ഞപ്പോഴും അവിടുത്തെ അള്ളാഹുവോടു ചേര്‍ത്തു പറഞ്ഞു. ദൗത്യത്തിനും അതിന്റേതായ പൂര്‍ണതയും വ്യതിരിക്തതയും ഖുര്‍ആന്‍ വ്യക്തമാക്കി. അതിനാല്‍ പ്രവാചകനിലൂടെ കിട്ടിയ സത്യങ്ങള്‍ കേട്ടറിഞ്ഞ് പ്രവാചകനെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല.

പ്രവാചകനെ സഹായിക്കലും നിലകൊള്ളലുമൊക്കെയായിരുന്നു ഏകത്വം പോലെ പ്രധാനമായ മറ്റൊരു കാര്യം. അറിഞ്ഞതു കൊണ്ടോ അംഗീകരിച്ചതു കൊണ്ടോ മാത്രമായില്ല, മുഹമ്മദീയ വ്യക്തിത്വത്തില്‍ നിലകൊളളലുമായിരുന്നു മതം. അതാണു റബീഉല്‍ അവ്വലിന്റെ സന്ദേശം.

പി.സി ജലീൽ മഹ്ബൂബി