Top pics

6/recent/ticker-posts

പണ്ഡിത തൊഴിലാളികൾ മതം പഠിപ്പിക്കുന്നില്ല

മതം അടിസ്ഥാനപരമായി അനുഭവവേദ്യമാണ്. അറിവും സ്നേഹവും അർപ്പണവും സമ്മേളിക്കുമ്പോഴാണ് ആരാധന സാർഥകമാകുന്നത്. മതം അതിന്റെ അനുഭവ വേദ്യമാകുന്ന തലങ്ങളിൽനിന്ന് പ്രകടനപരതയിലേക്ക് നിപതിക്കുമ്പോഴാണ് മതത്തിന്റെ അപചയം തുടങ്ങുന്നത്. സ്രഷ്ടാവായ അല്ലാഹുവിനെയും അറിവിന്റെ പ്രപഞ്ചമായ പ്രവാചകരെയും അറിയുന്നിടത്താണ് മതം തുടങ്ങുന്നത്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലെ ആദ്യത്തെയും അടിസ്ഥാനപരവുമായ വിശുദ്ധകലിമ സൂചിപ്പിക്കുന്നത് ഈ യാഥാർത്ഥ്യം തന്നെയാണ്. ഈ അറിവിന്റെ അഭാവങ്ങളിലാണ് മുസ്ലിം സമുദായത്തിൽ ഒരുപാട് വിഭാഗങ്ങൾ ഉണ്ടായിത്തീരുന്നത്. പിന്നീട് മതങ്ങൾ വിഭാഗങ്ങളും സംഘടനകളുമായി പരിണമിക്കുന്നു. അങ്ങനെ ആത്മാവും അറിവും നഷ്ടപ്പെട്ട ആൾക്കൂട്ടങ്ങളായി മുസ്ലിം സമൂഹം അധ:പതിക്കുന്നു.

إن الذين فرقوا دينهم وكانوا شيعا لست منهم في شيئ (انعام: 159 "തങ്ങളുടെ മതത്തെ ഭിന്നിപ്പിച്ച് വിഭാഗങ്ങളായി മാറിയവരോട് നബിയെ, താങ്കൾക്ക് ഒരു ബന്ധവുമില്ല.” (അൻആം: 159) ഇവിടെയാണ് മുജാഹിദുകളും ജമാഅത്തും മറ്റു അവാന്തര വിഭാഗങ്ങളും ഉടലെടുക്കുന്നത്. ഈ അറിവിന്റെ അഭാവങ്ങളിൽ നിന്നാണ് തങ്ങളുടെ ബുദ്ധിക്ക് യോജിച്ചതിനെ എടുത്തും അല്ലാത്തവയെ തള്ളിയും അവർ പുതിയ മതം സൃഷ്ടിക്കുന്നത്. സുന്നികളെന്നു സ്വയം അവകാശപ്പെടുന്നവരുടെ അജ്ഞതയും ആശയ പാപ്പരത്തവും പ്രകടനപരതയുമാണ് മുസ്ലിം സമുദായത്തിൽ ഭിന്നതകൾ രൂക്ഷമാക്കാനും പുതിയ അവാന്തര വിഭാഗങ്ങൾ കൂടാനും വലിയൊരു അളവോളം സഹായിക്കുന്നത് എന്നത് ചരിത്രവും വർത്തമാനവും പറഞ്ഞു തരുന്ന നഗ്നസത്യങ്ങളാണ്. സുന്നികൾ എന്നവകാശപ്പെടുന്ന മുസ്ലിം ഗ്രൂപ്പുകൾ തങ്ങൾ ഇസ്ലാമിന്റെ ഋജുവായ പാതയിലാണെന്ന് സമർഥിക്കാൻ പാടുപെടുന്നു. തങ്ങൾ ചെയ്യുന്ന ആചാരങ്ങൾ പോലും ഇസ്ലാമികമായി വ്യാഖ്യാനിക്കാൻ അവർക്ക് സാധിക്കുന്നില്ല. പ്രവാചക പാരമ്പര്യത്തിലുള്ള ദൈവികമായ അറിവിന്റെ മേഖലകൾ അവർക്ക് അന്യമായതാണ് കാരണമെന്ന് അവർ തിരിച്ചറിയുന്നില്ല. അങ്ങനെ ഭൂരിപക്ഷം വരുന്ന സുന്നിസമൂഹത്തിന് മതം ഉപരിപ്ലവ ആചാരങ്ങളായി പരിണമിക്കുന്നു. വിശ്വാസങ്ങളിലും ആചാരങ്ങളിലും ഉൾക്കാഴ്ചയില്ലാതെ അന്ധമായി വിശ്വസിക്കുന്ന ആൾക്കൂട്ടമായി സുന്നിസമൂഹം തരംതാഴുന്ന ദുരവസ്ഥക്ക് ഹേതുകമാകുന്നത് ഇവരുടെയൊക്കെ തലപ്പത്തിരിക്കുന്ന സംഘടനാ നേതാക്കൾ ആണെന്നതാണ് ഏറെ കൗതുകകരം.

പ്രവാചകരുടെ അനന്തരസ്വത്താണ് അറിവ്. കലിമയാണ് സർവ്വ വിജ്ഞാനത്തിന്റെയും അടിത്തറ. ലോകത്ത് അവതരിച്ച സർവ്വ പ്രവാചകരും വിശുദ്ധ കലിമ പഠിപ്പിക്കുകയും അതിന്റെ അറിവ് പകരുകയുമാണ് ചെയ്തത്. സ്രഷ്ടാവായ അല്ലാഹുവുമായി മനുഷ്യൻ ബന്ധപ്പെടുന്നത് ഈ വിശുദ്ധകലിമയിലൂടെയാണ്. ഈ വിശുദ്ധകലിമയുടെ അറിവ് അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണ്. അത് അറിയുമ്പോഴാണ് വിശ്വാസിയിലെ ശിർക്കും കുഫ്റും നിഫാഖുമൊക്കെ നീങ്ങുന്നത്.

കർമ്മശാസ്ത്രപരമായ ബാഹ്യ അറിവുകൾ വായിച്ചെടുത്ത് പ്രവാചകരുടെ അനന്തരാവകാശം അവകാശപ്പെടുന്ന മുസ്ലിയാക്കന്മാരും മൗലവിമാരും മൗലാനമാരും സത്യത്തിൽ ഇസ്ലാമിന്റെ അടിവേരറുക്കുന്ന പ്രവർത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. തൗഹീദിന്റെ അടിത്തറയിൽ സുന്നി ആശയങ്ങളെ വ്യാഖ്യാനിക്കാനോ, മനസ്സിലാക്കികൊടുക്കാനോ കഴിയാതെവരുമ്പോൾ സുന്നികൾ ദിനംപ്രതി ആശയപരമായി മറ്റു പ്രസ്ഥാനങ്ങളിലേക്ക് ചേക്കേറുന്ന ദുരവസ്ഥയും നാം കണ്ടുകൊണ്ടിരിക്കുന്നു. വഹാബിസത്തെയും മൗദൂദിസത്തെയും പ്രതിരോധിക്കാൻ എന്നപേരിൽ രൂപീകൃതമായ സംഘടനകൾ സ്ഥാപിക്കുന്ന സമയത്ത് ഇവിടെ വിരലിലെണ്ണാവുന്ന അംഗബലമേ ഈ പുത്തൻപ്രസ്ഥാനങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ എന്നതാണ് വസ്തുത. ഖുത്ബിയ്യത്തും റാത്തീബുമൊക്കെ കഴിക്കുന്ന സുന്നീസമുഹത്തിലെ വലിയൊരു വിഭാഗത്തിനും തങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വ്യക്തമായ അറിവോ ബോധമോ ഇല്ലാത്തവരാണ്. അത് കൊണ്ടാണ് ആളുകൾ കുറച്ചു് പഠിക്കുമ്പോൾ പുത്തൻ പ്രസ്ഥാനങ്ങളിലേക്ക് നീങ്ങുന്നത്. ഇവർക്ക് വ്യക്തമായ അറിവും അവബോധവും നൽകാൻ അവരുടെ നേതാക്കൾക്ക് കഴിയാതെവരുന്നതാണ് ഇതിന്റെ കാരണം. ഇനി പ്രാസ്ഥാനികമായി വ്യതിചലിച്ചിട്ടില്ലെങ്കിലും ആശയപരമായും വിശ്വാസപരമായും വ്യതിയാനങ്ങൾ വന്ന സുന്നിആശയങ്ങളിലെ ചിലതിനെ സ്വീകരിച്ചും മറ്റുള്ളവരെ നിരാകരിച്ചും സുന്നികൾക്കിടയിൽ തന്നെ കഴിയുന്ന വലിയ മറ്റൊരു വിഭാഗവുമുണ്ട്.

ഇവിടെ നാം പ്രതിപാദിച്ച അറിവും അവബോധവും ദീനിന്റെ അടിത്തറയാണ്. ഒരു വിശ്വാസിയുടെ ആത്മബലം അവന്റെ അറിവും സ്നേഹവും അവബോധവുമാണ്. പരിശുദ്ധദീനിനെ ഖുർആൻ പരിചയപ്പെടുത്തുന്നത് തന്നെ ഈ ഉൾക്കാഴ്ചയുടെയും അറിവിന്റെയും അടിത്തറയിലാണ്. قل هذه سبيلي أدعو إلى الله على بصيرة أنا ومن اتبعني سبحان الله وما أن من المشركين (യൂസുഫ്: 108) "നബിയെ, താങ്കൾ പറയുക, ഇതാണ് എന്റെ മാർഗ്ഗം. ഞാനും എന്നെ അനുധാവനംചെയ്തവരും വ്യക്തമായ ഉൾക്കാഴ്ചയോടുകൂടെയാണ് അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത്. അല്ലാഹു അവൻ പരിശുദ്ധനാണ്. ഞാൻ അവനു ശിർക് ചെയ്യുന്നവരുടെ കൂട്ടത്തിലല്ല.”

ഇവിടെ ഈ (بصيرة) ഉൾക്കാഴ്ചയാണ് വിശ്വാസിയെ തൗഹീദിലെ ശിർക്കിൽനിന്നും കുഫ്റിൽനിന്നും നിഫാഖിൽനിന്നും രക്ഷിക്കുന്നത് എന്ന് ഖുർആൻ പഠിപ്പിക്കുന്നു. പക്ഷേ, ഈ അറിവും അവബോധവും സംഘടനകൾക്കോ അവയുടെ തലപ്പത്തിരിക്കുന്നവർക്കോ ചെയ്യാൻ കഴിയില്ല. കാരണം അത് ഒരു പ്രവാചക ദൗത്യമാണ്. അക്ഷരങ്ങളിൽ നിന്ന് അറിവ് നേടിയ ബാഹ്യപണ്ഡിതർക്കു ഈ ദൗത്യം നിർവ്വഹിക്കാനാവില്ല. പ്രവാചക പാരമ്പര്യത്തിലൂന്നിയ തൗഹീദി ജ്ഞാനത്തിന്റെ അനന്തരാവകാശികൾക്കേ ആ ദൗത്യം നിർവ്വഹിക്കാൻ കഴിയുകയുള്ളൂ.

ഇമാം ഗസ്സാലി(റ) പറയുന്നു: “കിതാബുകൾ കാണാതെ പഠിക്കുന്നവനല്ല പണ്ഡിതൻ. അത് മറന്നാൽ അവൻ ജാഹിലായിത്തീരും. ഇൽമിനെ അല്ലാഹുവിൽനിന്ന് സ്വീകരിക്കുന്നവനാണ് ജ്ഞാനി.”(IHYA ULOOMUDHEEN – 3/24) ബാഹ്യ പണ്ഡിതരെ കുറിച്ച് ശൈഖ് ഇബ്നു അബീ ജംറ(റ) പറയുന്നു: "അവർ വെറും മുഅല്ലിമുകൾ മാത്രമാണ്; അതായത് ഇൽമു കൊണ്ട് തൊഴിലെടുക്കുന്ന തൊഴിലാളികൾ മാത്രം; അവർ ആയത്തിലും ഹദീസിലും പുകഴ്ത്തപ്പെട്ട പണ്ഡിതരല്ല.” (ഈഖാള്)

തൗഹീദി ജ്ഞാനത്തിന്റെ അനന്തരാവകാശികളെക്കുറിച്ച് ഖുർആൻ പ്രതിപാദിക്കുന്നത് വളരെ ശ്രദ്ധേയമാണ്: ثم أورثنا الكتاب الذين اصطفينا من عبادنا (ഫാതിർ - 52). “നമ്മുടെ അടിമകളിൽ നിന്ന് നാം തെരെഞ്ഞെടുത്തവർക്ക് ഖുർആന്റെ ജ്ഞാനം അനന്തരമായി നൽകി”. “എന്റെ സമൂഹത്തിലെ ജ്ഞാനികളാണ് പ്രവാചകരുടെ അനന്തരാവകാശികൾ” എന്ന പ്രവാചകവാക്യത്തെ വിശുദ്ധ ഖുർആനിലെ ഈ സൂക്തം അന്വർഥമാക്കുന്നു. “എന്നിലേക്ക് മുന്നിട്ടുമടങ്ങിയവരുടെ മാർഗ്ഗമാണ് നിങ്ങൾ പിന്തുടരുന്നത്” (ലുഖ്മാൻ: 15) എന്ന ഖുർആനിക സൂക്തം ഇസ്ലാമിന്റെ ഋജുവായ പാതയെ സൂചിപ്പിക്കുന്നു. ഈ ഖുർആനിക സൂക്തം വിശദീകരിച്ചു കൊണ്ട് ഇബ്നു അജീബ(റ) പറയുന്നു: “ആന്തരികജ്ഞാനം നേടിയ ആത്മസംസ്കരണം നടത്തുന്ന മുർഷിദുകൾ (വഴികാട്ടികൾ) ആണ് അവരെക്കൊണ്ട് ഉദ്ദേശിക്കുന്നത്”. (അൽ ബഹറുൽ മദീദ്: 5-32)

മുസ്ലിം സമൂഹം പ്രവാചകരുടെ പാരമ്പര്യമാർഗ്ഗങ്ങളിൽ നിന്ന് അകന്ന് നിൽക്കുമ്പോൾ അവർക്ക് അന്യമാകുന്നത് മതത്തിന്റെ അടിത്തറയും രിസാലത്തിന്റെ സാക്ഷിത്വവുമാണ്. അങ്ങനെ അടിത്തറയില്ലാതെ പടുത്തുയർത്തപ്പെട്ട ഗോപുരങ്ങളായി മുസ്ലിം സമൂഹം അധ:പതിക്കുന്നു. സംഘനകളുടെ കൂട്ടയ്മക്കോ ഇസ്ലാമിക കലാലയങ്ങളുടെ പ്രൗഢിക്കോ പണ്ഡിത സഭകളുടെ അംഗബലത്തിനോ തൗഹീദീപാരമ്പര്യത്തിലെ ഈ മാർഗ്ഗത്തിനു പകരം നിൽക്കാനാവില്ല. ഇമാം ബുഖാരിയും മുസ്ലിമും അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസ് നാം ഇതിനോട് കൂട്ടിവായിക്കുമ്പോൾ പ്രവാചകരുടെ പ്രതിനിധികളോട് മുസ്ലിം സമൂഹം എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം. "ഇസ്രാഈൽ സന്തതികളെ നയിച്ചിരുന്നത് പ്രവാചകന്മാരായിരുന്നു. ഒരു പ്രവാചകന്റെ കാലശേഷം വേറൊരു പ്രവാചകൻ ആ ചുമതലയേൽക്കും. തീർച്ചയായും എനിക്ക് ശേഷം ഇനിയൊരു പ്രവാചകനുണ്ടാകില്ല. എന്നാൽ എന്റെ പ്രതിനിധികളുണ്ടാകും. അവർ ഒരുപാടുണ്ടാകും. അനുചരർ ചോദിച്ചു: ഞങ്ങൾ എന്ത് ചെയ്യണമെന്നാണ് അവിടന്ന് കൽപ്പിക്കുന്നത്?. പ്രവാചകർ പറഞ്ഞു: "നിങ്ങൾ ഒരാളുടെ ശേഷം അടുത്തയാളോട് ബൈഅത്ത് ചെയ്യുകയും അവർക്കുള്ള അവകാശങ്ങൾ നൽകുകയും ചെയ്യുക. നിശ്ചയം അവരുടെ പരിചരണം സംബന്ധിച്ച് അല്ലാഹു അവരോട് ചോദിക്കുന്നതായിരിക്കും."

സാലിഹ് മഹ്ബൂബി