Top pics

6/recent/ticker-posts

സുൽത്വാനിയ - വീക്ഷണവും ദൗത്യവും



ശുദ്ധ ജ്ഞാനത്തിൻ്റെയും ദിവ്യ സ്നേഹത്തിൻ്റെയും സമ്പൂർണ്ണ പാതയാണ് സുൽത്വാനിയ ഫൗണ്ടേഷൻ പ്രചരിപ്പിക്കുന്നത്. 'സ്വന്തത്തെ തിരിച്ചറിയുന്നതിലൂടെ നാഥനെ തിരിച്ചറിയുകെ’ എന്ന സന്ദേശത്തിലേക്കാണ് സുൽത്വാനികൾ ക്ഷണിക്കുന്നത്.

നിൻ്റെ നാഥൻ ആദം സന്തതികളുടെ മുതുകുകളിൽ നിന്ന് അവരുടെ സന്താന പരമ്പരകളെ പുറത്തെടുക്കുകയും അവരുടെമേൽ അവരെത്തന്നെ സാക്ഷിയാക്കുകയും ചെയ്ത സന്ദർഭം. അവൻ ചോദിച്ചു: "നിങ്ങളുടെ നാഥൻ ഞാനല്ലയോ?” അവർ പറഞ്ഞു: "അതെ; ഞങ്ങളതിന് സാക്ഷ്യം വഹിച്ചിരിക്കുന്നു.” ഉയിർത്തെഴുന്നേൽപുനാളിൽ “ഞങ്ങൾ ഇതേക്കുറിച്ച് അശ്രദ്ധരായിരുന്നു” വെന്ന് നിങ്ങൾ പറയാതിരിക്കാനാണിത്. (വി:ഖുർആൻ-7:172)

അല്ലാഹു പ്രവാചകൻമാരോട് ഉടമ്പടി സ്വീകരിച്ച സന്ദർഭം: “ഞാൻ നിങ്ങൾക്ക് വേദഗ്രന്ഥവും വിജ്ഞാനവും നൽകുകയും, അനന്തരം നിങ്ങളുടെ അടുത്തുള്ളത് ശരിവെച്ചുകൊണ്ട് ഒരു ദൈവദൂതൻ നിങ്ങളുടെ അടുത്തേക്ക് വരികയുമാണെങ്കിൽ തീർച്ചയായും നിങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ്.” (തുടർന്ന്) അവൻ (അവരോട്‌) ചോദിച്ചു: നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തിൽ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവർ പറഞ്ഞു: അതെ, ഞങ്ങൾ സമ്മതിച്ചിരിക്കുന്നു. അവൻ പറഞ്ഞു: എങ്കിൽ നിങ്ങൾ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്‌. (വി:ഖുർആൻ-3:81)

നബിയേ താങ്കൾ പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിൻപറ്റുക. നിങ്ങളെ അള്ളാഹു സ്നേഹിക്കും; അവൻ നിങ്ങളുടെ പാപങ്ങൾ പൊറുക്കും. അള്ളാഹു സദാ പൊറുക്കുന്നവനും ഏറ്റവും വലിയ കാരുണ്യവാനുമാണ്.(വി:ഖുർആൻ-3:31)

അലി(റ) പറയുന്നു: “ആരെങ്കിലും സ്വന്തത്തെ അറിഞ്ഞാൽ അവൻ തൻ്റെ നാഥനെ അറിഞ്ഞിരിക്കുന്നു”. എന്നിങ്ങനെയുള്ള വിശുദ്ധ വചനങ്ങളിലെ സന്ദേശത്തെ പൂർത്തീകരിക്കുക എന്നതാണ് സുൽത്വാനിയ ഫൗണ്ടേഷൻ്റെ ലക്ഷ്യം. നമ്മുടെ ഈ സമകാലിക സമയത്ത് ഖുതുബുസ്സമാൻ ഷെയ്ഖ്‌ യുസുഫ് സുൽത്താൻ ഷാ ഖാദിരിയും അവിടുത്തെ ഖലീഫ ഷെയ്ഖ്‌ മുഹമ്മദ്‌ ബാവ ഉസ്താദും പഠിപ്പിക്കുന്നത് لا اله الا الله محمد رسول الله (അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല. മുഹമ്മദ്‌ (സ) അല്ലാഹുവിൻ്റെ ദൂതനാകുന്നു) എന്ന സാക്ഷ്യ വചനത്തിൻ്റെ മാർഗമാണ്.

ഇതാണ് തൗഹീദി പാരമ്പര്യത്തിൻ്റെ പാത, ഇതാണ് പ്രവാചകന്മാരുടെയും ഔലിയാക്കളുടെയും പാത. അന്ത്യ നാളിൽ മഹ്ദി(അ) വരുമ്പോൾ അവിടുത്തെ മാർഗ്ഗവും ഇത് തന്നെ ആയിരിക്കും.

യഥാർത്ഥ ശാന്തിയിലെക്കും മൈത്രിയിലേക്കും സഹിഷ്ണുതയിലേക്കും മനുഷ്യകുലത്തെ ഞങ്ങൾ ക്ഷണിക്കുന്നു. ഈ സൂഫി മാർഗത്തിൻ്റെ പ്രവർത്തനം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ, ഖുതുബുസ്സമാൻ ഷെയ്ഖ്‌ യുസുഫ് സുൽത്താൻ ഷാ ഖാദിരിയുടെ അനുയായികൾ, സുൽത്വാനിയ ഫൗണ്ടേഷൻ എന്ന സംഘടന ഉണ്ടാക്കിയത്.

സുൽത്വാനിയ - ദൗത്യം


നിങ്ങളിൽ നിന്നു തന്നേ ഒരു പ്രവാചകൻ നിങ്ങളിലേക്ക് വന്നിരിക്കുന്നു. (സൂറ:9, ആയ :128)

സുൽത്വാനിയ ഫൗണ്ടേഷൻ, ഇന്ത്യൻ സൊസൈറ്റി ആക്ട്‌ പ്രകാരം രജിസ്റ്റർ ചെയ്ത ഒരു ചാരിറ്റബൾ ട്രസ്റ്റ്‌ ആകുന്നു. സമൂഹത്തിൻ്റെ സാംസ്കാരികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഉന്നമനത്തിന് മനുഷ്യ സമൂഹത്തിൻ്റെ ഭൗതികവും ആത്മീയവുമായ പുരോഗതിക്കു വേണ്ടിയാണ് ഇത് നിലകൊള്ളുന്നത്. മാനുഷികവും സാമുധായികവുമായ മുഴുവൻ പ്രവർത്തനങ്ങളും ഇതിൻ്റെ ലക്ഷ്യമാണ്‌. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ധാരാളം ശാഖകൾ പ്രവർത്തിച്ചു വരുന്നു.

ഇത്തരം ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ഫൗണ്ടേഷൻ ലക്ഷ്യമിട്ടിരിക്കുന്നത് ജാതിയുടെയും സമൂഹത്തിൻ്റെയും പേരിലുള്ള അസഹിഷ്ണുത ഇല്ലാതാക്കുകയാണ്. മുഴുവൻ മനുഷ്യർക്കും തൻ്റെയുള്ളിൽ തന്നെ ആത്മശാന്തി കണ്ടെത്താൻ പ്രസ്തുത ഫൗണ്ടേഷൻ പ്രയത്നിക്കുന്നു. ഇതു തന്നെയാണ് സദ്‌വൃത്തരായ പ്രവാചകന്മാരും അവരുടെ യഥാർത്ഥ അനന്തരവകാശികളും പ്രബോധനം നടത്തിയത്. ഈ ദൈവദൂതരേ അനുഗ്രഹിക്കാനും അവരുടെ സമകാലിക അവകാശികളെ കണ്ടെത്തുവാനും സുൽത്വാനിയ ഫൗണ്ടേഷൻ ലോകത്തെ ഉപദേശിക്കുന്നു.

"വിശ്വാസിയുടെ ഹൃദയമാണ് ദൈവത്തിൻ്റെ ഇരിപ്പിടം". ഈ ലക്ഷ്യം കൈവരിക്കാൻ ഫൗണ്ടേഷൻ സർവ്വസഹായവും വാഗ്ദാനം ചെയ്യുന്നു. ഇത് തന്നെയായിരുന്നു പ്രവച്ചകരുടെയും അവരുടെ അനന്തരവകാശിയുടെയും ലക്ഷ്യം. ഈ മഹത് ലക്ഷ്യത്തിനു മികച്ച തൗഹീദിയൻ പാരമ്പര്യമാണ് നാം പിന്തുടരുന്നത്.