(നബിയെ)പറയുക: "ഇതിന്റെ പേരില് ഞാന് നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. (നബി) കുടുംബത്തോടുള്ള ആത്മാര്ഥമായ സ്നേഹമല്ലാതെ."
Holy Qur'an: Ash-Shura (42:23)
തിരുനബി(സ)യുടെ കുടുംബത്തോടുള്ള സ്നേഹബഹുമാനം തിരുനബി(യ)യോടുള്ള സ്നേഹബഹുമാനം തന്നെയാണ്. വിശുദ്ധ ഖുർആനിലെ ആയത്തുകൾ കൊണ്ടും തിരുനബി(സ)യുടെ പരിശുദ്ധ ഹദീസുകൾ കൊണ്ടും സ്ഥിരപ്പെട്ട കാര്യമത്രെ അത്. മുൻകഴിഞ്ഞു പോയ പണ്ഡിതന്മാരും മഹത്തുക്കളും എല്ലാം ഈ കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മുഹർറം പത്തിന്റെ ദിവസം സത്യവിശ്വാസികൾക്കു ബഹുവിധമായ ഓർമ്മകൾ കൊണ്ട് സ്മര്യമാണ്. അതിലേറ്റവും ഗൗരവമേറിയതു തന്നെയാണ് ഐഹിക തല്പരനായ യസീദിന്റെ കിങ്കരന്മാരുടെ കരങ്ങളാൽ തിരുനബി (സ) യുടെ പൊന്നോമന പൗത്രൻ ഇമാം ഹുസൈൻ (ര) തങ്ങളും അവിടത്തെ കുടുംബവും ധീര രക്ത സാക്ഷിത്വം വഹിച്ചത്.
കര്ബലായുടെ ഓര്മയെന്നാൽ അഹ്ലു ബൈത്തിനെ ഓർക്കലാണ്.ആകാരം കൊണ്ടും സ്വഭാവ മഹിമകൾ കൊണ്ടും ഉന്നതരിൽ ഉന്നതരായ തിരുനബി(സ) ശ്രേഷ്ഠരുടെ അതേ പതിപ്പായിരുന്നുവത്രെ ഇമാം ഹുസൈൻ മഹാനവർകൾ. അങ്ങനെയൊരു മഹാനുഭാവനെയും പരിവാരത്തെയുമാണ് അധികാരത്തിന്റെ മസ്തു ബാധിച്ച കാപാലികന്മാർ അറുകൊല ചെയ്തത്. അവർക്കു ദുനിയാവിലും ആഖിറത്തിലും മാപ്പില്ല. അത് ചരിത്രം തന്നെ തെളിയിച്ചതാണ്.
കർബലാ രണഭൂമിയിലെ സംഭവ വികാസങ്ങൾ സയ്യിദുനാ ഹുസൈനാര് തങ്ങളുടെ കാഴ്ചപ്പാടിലൂടെ കാണാൻ ശ്രമിക്കുമ്പോഴാണ് നമുക്ക് അതിന്റെ ഗൗരവം ആഴത്തിൽ മനസ്സിലാക്കാൻ കഴിയുന്നത്. ഭൗതികവും രാഷ്ട്രീയപരവുമായി കൊടികുത്തി വികസിക്കുന്നത് അല്ല ദീനിന്റെയും തൗഹീദിന്റെയും വളർച്ച എന്ന് മുസ്ലിം ഉമ്മത്തിന് കാണിച്ചു കൊടുക്കാൻ മഹാനവര്കള്ക്കു ബലി നൽകേണ്ടി വന്നത് സ്വന്തം ജീവനും സ്നേഹപ്പൂക്കളായ സ്വന്തം പരിവാരങ്ങളുടെ ജീവനുമാണ്. മുസ്ലിം ഉമ്മത്തിനെ മുഴുവൻ ഗ്രസിക്കുമായിരുന്ന ലോകതാല്പര്യങ്ങൾക്കും ഐഹികേച്ഛകൾക്കും സമരസപ്പെടാതെ സത്യത്തിന്റെ നിലനിൽപ്പിനു വേണ്ടി അനിവാര്യമായിരുന്നു രക്തസാക്ഷിത്വം അങ്ങേയറ്റം അർപ്പണബോധത്തോടെയാണ് മഹാനവർകൾ ഏറ്റെടുത്തതും. തൗഹീദിന്റെയും നേർമാർഗ്ഗത്തിന്റെയും സംരക്ഷണത്തിനും ലോകരക്ഷിതാവിൽ നിന്നും അവിടത്തേക്കു കിട്ടിയ കല്പനക്കു മഹാനവർകൾ മനസ്സാ വാചാ കർമണാ തെല്ലും ചാഞ്ചല്യം കൂടാതെ വിധേയനായി എന്ന് വേണം പറയാൻ.
യസീദിന്റെ കുരുട്ടു ബുദ്ധിയിൽ കാണാതെ പോയൊരു വാക്യത്തിന്റെ വ്യാഖ്യാനമാണ് നാം അനുബന്ധമായി നൽകിയത്. അഹ്ലു ബൈത്തിനെ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ഉപദ്രവിക്കുന്നവന് ഇഹത്തിലും പരത്തിലും നാശനഷ്ടങ്ങൾ മാത്രം. എന്നാൽ അവരെ നന്നായി സ്നേഹിക്കുന്നവർക്കോ. അവർക്കാണത്രെ എല്ലാ വിജയങ്ങളും.
മേൽ ഉദ്ധരിച്ച വിശുദ്ധ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ മുസ്ലിം ലോകത്തു മുഴുവൻ അംഗീകൃതനായ മുഫസ്സിറായിരുന്ന ശൈഖു ഇസ്മാഈൽ ഹഖി അൽ ബരുസവി(റ) തങ്ങൾ അവിടത്തെ "റൂഹുൽ ബയാൻ" തഫ്സീറിൽ വ്യക്തമാക്കുന്നു. " അൽ ഖുര്ബാ-യിലുള്ള സ്നേഹം നിലനിർത്തുക എന്നാൽ നുബുവ്വത്തിന്റെ അഹ്ലുകാരുടെ കുടുംബത്തിൽ സ്നേഹം വക്കുക എന്നാണ് ഉദ്ദേശ്യം. കാരണം പൊരുളുകളുടെ നിധികളാണ് അവർ. ഒളിവുകളുടെ വെളിപാടുകളുമാണവർ. അവരിൽ നിന്നാണ് ഇലാഹിയ്യായ ആശിസ്സുകൾ കരസ്ഥമാക്കേണ്ടത്. തിരുനബി(സ)യോടുള്ള ശാരീരിക കുടുംബ ബന്ധം മാത്രമല്ലഇവിടെ വിവക്ഷിക്കപ്പെടുന്നത്. ദിവ്യസാമീപ്യത്തോടെ അടുപ്പം നേടിയ നബി കുടുംബത്തെയാണ് ഉദ്ദേശിക്കുന്നത്. അവരെ സ്നേഹിക്കൽ അല്ലാഹുവിനോടുള്ള സ്നേഹത്തിൽ പെട്ടതാണ്. അവരോടു എതിരിടൽ അല്ലാഹുവിനോട് എതിരിടുന്നതിനു സമവുമാണ്".
Connect with Us