Top pics

6/recent/ticker-posts

മുഹര്‍റം അകവും പുറവും

മുഹര്‍റം മനുഷ്യസമൂഹത്തിനഖിലം പ്രാധാന്യമര്‍ഹിക്കുന്ന ഒരു മാസമാണ്. മനുഷ്യവംശത്തിന്റെ ആരംഭവും വിവിധ സമൂഹങ്ങളുടെ നിര്‍ണായകമായ ചരിത്രസംഭവങ്ങളും ഈ പവിത്രമാസത്തിലാണ് സംഭവിച്ചത്.

പില്‍ക്കാലത്ത് മുഹര്‍റം തിരുനബി(സ)യുടെ അഹ്‌ലുബൈത്തിനെതിരായ അക്രമത്തിന്റെ ദു:ഖസ്മൃതിയുടെ നാമമായി അറിയപ്പെടാന്‍ തുടങ്ങി. ഇന്ന് പൊതുസമൂഹത്തില്‍ മുഹര്‍റമെന്നാല്‍ കര്‍ബലയുടെ സ്മരണയും അതോടനുബന്ധിച്ചുളള ആചാരങ്ങളുമായിത്തീര്‍ന്നിട്ടുണ്ട്.

അഹ്‌ലുബൈത്തിനെതിരായ അക്രമം മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഫലമായിരുന്നു. കര്‍ബലയില്‍ തിരുനബി(സ)യുടെ പ്രിയപൗത്രന്‍ ഇമാം ഹുസൈന്‍ തങ്ങള്‍ക്കും കുടുംബത്തിനുമെതിരെ അക്രമമഴിച്ചുവിട്ടത് ഇസ്‌ലാമിക ഖിലാഫത്തിന്റെ പേരില്‍ രംഗത്തുവന്ന യസീദുബ്‌നു മുആവിയയും അദ്ദേഹത്തിന്റെ സൈന്യവുമായിരുന്നു. അഹ്‌ലുബൈത്തിലെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ദാഹജലം നിഷേധിച്ച് ചുട്ടുപഴുത്ത മണല്‍ക്കാട്ടില്‍ അവരെ നരകയാതനയിലേക്കു തള്ളിവിട്ടത് മുസ്‌ലിം രാഷ്ട്രീയമായിരുന്നു. കര്‍ബലയില്‍ വെച്ച് ഇമാം ഹുസൈന്‍ തങ്ങളുടെ ശിരസ്സ് ഛേദിച്ച് തളികയിലാക്കി സിറിയയില്‍ മുസ്‌ലിംലോകത്തിന്റെ ഖലീഫയായി വിലസുന്ന യസീദിന് കാഴ്ചവെക്കാനാണ് കൊണ്ടുപോയത്. കര്‍ബലയുടെ അന്നാണ് ഇസ്‌ലാമിന്റെ യഥാര്‍ത്ഥധാരക്കെതിരെയുള്ള നാമമാത്ര ഇസ്‌ലാമിന്റെ രാഷ്ട്രീയ ശത്രുത അതിന്റെ ഉച്ഛസ്ഥായിയിലെത്തുന്നത്. ഇന്നോളം അതിനു തന്നെയാണ് മുസ്‌ലിംലോകത്ത് ആധിപത്യവും.

സത്യത്തില്‍ കര്‍ബലയുടെ സന്ദേശം ഇന്ന് പ്രസക്തമാവുന്നതെങ്ങനെയാണ്? അഹ്‌ലുബൈത്തിനെ അതിന്റെ രക്തപാരമ്പര്യത്തിന്റെ പേരില്‍ വിശുദ്ധവല്‍ക്കരിച്ചു കൊണ്ടല്ല അതിന്റെ ആദര്‍ശപ്രസ്ഥാനം. മറിച്ച് അഹ്‌ലുബൈത്തിനെ അഹ്‌ലുബൈത്താക്കിയത് എന്തായിരുന്നോ അതിന്റെ പാരമ്പര്യമാണ് യഥാര്‍ത്ഥത്തില്‍ അതിന്റെ അവകാശികള്‍. കുടുംബപരമ്പരയില്‍ പില്‍ക്കാലത്ത് പലതരക്കാരും വന്നിട്ടുണ്ട്. അബുല്‍അഅ്‌ലാ മൗദൂദിയെ പോലുളളവരൊക്കെ നല്ല പരമ്പരയിലാണ് വന്നത്. എന്നാല്‍ നടത്തിയ ദൗത്യം അഹ്‌ലുബൈത്തിന്റേതായിരുന്നില്ല. അഹ്‌ലുബൈത്തിനെ ആ സ്ഥാനത്തിനര്‍ഹരാക്കിയത് തിരുനബിയുടെ ആദി ഒളിവുമായുള്ള, വിശുദ്ധ തൗഹീദുമായുള്ള ബന്ധവും തുടര്‍ച്ചയുമായിരുന്നു. രക്തത്തിന്റെ പാരമ്പര്യമല്ല, തിരുനബിയുടെ പ്രകാശത്തിന്റെ പാരമ്പര്യമാണ് യഥാര്‍ത്ഥത്തില്‍ അഹ്‌ലുബൈത്തിനെ അഹ്‌ലുബൈത്താക്കിയത്. അതിന്റെ അവകാശികളും പരമ്പരയുമാണ് യഥാര്‍ത്ഥ അഹ്‌ലുബൈത്ത്. അതിനെ ഇസ്‌ലാമിന്റെ പേരില്‍ കെട്ടിയുണ്ടാക്കിയ ഭൗതിക കെട്ടുസംഘടനകള്‍ എന്നും വിമര്‍ശിച്ചിട്ടേയുളളൂ. ചിലപ്പോള്‍ രക്തപാരമ്പര്യത്തെ പോലും അവര്‍ യഥാര്‍ത്ഥ അഹ്‌ലുബൈത്തിനെതിരെ ഉപയോഗിച്ചു.

മുഹര്‍റത്തിന്റെ പേരില്‍ ശിയാക്കള്‍ കെട്ടിയുണ്ടാക്കിയ പരിപാടികളിലെ അനൗചിത്യം കാണാതിരുന്നുകൂടാ. അഹ്‌ലുബൈത്തിനോടുള്ള പ്രതിബദ്ധതയുടെ പേരില്‍ മറ്റു സ്വഹാബികളെ തള്ളിക്കളയുന്നതും ശകാരിക്കുന്നതും ഒരിക്കലും അനുവദിക്കാവുന്നതല്ല. ശിയാക്കള്‍ രക്തപാരമ്പര്യത്തിന്റെ അഹ്‌ലുബൈത്തിനെ മാത്രമേ കണ്ടുള്ളൂ.

പി. സി. ജലീൽ മഹ്ബൂബി