Top pics

6/recent/ticker-posts

സൂറതുൽ അൻഫാലിന്റെ ആന്തരിക അർത്ഥങ്ങളെയും ബദ്റിന്റെ ജ്ഞാന ദർശനങ്ങളെയും കുറിച്ച ശൈഖുൽ അക്ബർ (റ) വിന്റെ വിശകലനങ്ങൾ

 

കേവലമൊരു ചരിത്ര വിവരണമെന്നതിനപ്പുറം , മറിച്ച് മനുഷ്യ ആത്മാവ് പടച്ചതമ്പുരാനിലേക്ക് നടത്തുന്ന മഹാപ്രയാണത്തിന്റെ നിഗൂഢമായ ഭൂപടമാണ് സൂറത്തുൽ അൻഫാൽ . ഹിജ്റ രണ്ടാം വർഷം റമളാൻ പതിനേഴിന് നടന്ന ബദ്ർ യുദ്ധത്തെ ആസ്പദമാക്കി അവതരിക്കപ്പെട്ട ഈ അധ്യായം, ശൈഖുൽ അക്ബർ മുഹിയുദ്ദീൻ ഇബ്നു അറബി(റ)യുടെ വീക്ഷണത്തിൽ ഒരു ആത്മീയ പരിവർത്തനത്തിന്റെ ഉന്നതതലമാണ്. ശൈഖുൽ അക്ബറി(റ)ന്റെ ദർശനങ്ങളിൽ ബദ്ർ എന്നത് ഒരു കേവല സൈനിക വിജയമല്ല, മറിച്ച് 'യൗമുൽ ഫുർഖാൻ' അഥവാ സത്യവും അസത്യവും തമ്മിൽ, ആത്മാവും നഫ്സും തമ്മിൽ വേർതിരിക്കപ്പെടുന്ന ആത്മീയ ഉദയമാണ്.
'ബദ്ർ' എന്ന അറബി പദത്തിന്റെ അർത്ഥം പൂർണ്ണചന്ദ്രൻ എന്നാണ്. ഇബ്നു അറബി(റ)യുടെ ജ്ഞാനദർശന പ്രകാരം ചന്ദ്രന്റെ ഇരുപത്തിയെട്ട് ഘട്ടങ്ങൾ അല്ലാഹുവിന്റെ ഇരുപത്തിയെട്ട് നാമങ്ങളുടെയും മനുഷ്യന്റെ ആത്മീയ വികാസത്തിന്റെയും പ്രതീകമാണ്. ചന്ദ്രൻ സ്വന്തമായി പ്രകാശമില്ലാത്ത ഒരു തണുത്ത ഗോളമാണെങ്കിലും, അത് സൂര്യന്റെ പ്രകാശത്തെ പൂർണ്ണമായി പ്രതിഫലിപ്പിക്കുമ്പോൾ 'ബദ്ർ' അഥവാ പരിപൂർണ്ണ പ്രഭയുള്ള ചന്ദ്രനായി മാറുന്നു. ഇത് 'അൽ ഇൻസാൻ അൽ കാമിൽ' അഥവാ പരിപൂർണ്ണ മനുഷ്യന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. തിരു നബി(സ)യുടെ ഹൃദയം അല്ലാഹുവിന്റെ നൂർ (പ്രകാശം) തടസ്സങ്ങളില്ലാതെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയായി മാറിയപ്പോൾ, ആ ആത്മീയ ചന്ദ്രശോഭ ചരിത്രത്തിന്റെ ചക്രവാളത്തിൽ ബദ്ർ യുദ്ധമായി ഉദിച്ചുയർന്നു. ഈ യുദ്ധം മനുഷ്യനിലെ അധമ വികാരങ്ങളും (നഫ്സ്) ഉന്നതമായ ആത്മീയ ശക്തികളും തമ്മിലുള്ള സംഘർഷത്തിന്റെ പ്രതീകമാണ്. മുന്നൂറ്റിപ്പത്തിമൂന്ന് വരേണ്യരായ സ്വഹാബികൾ കേവലം യുദ്ധവീരന്മാരല്ല, മറിച്ച് മനുഷ്യ ഹൃദയത്തിലെ ഉന്നതമായ ഗുണങ്ങളെയും അല്ലാഹുവിന്റെ സഹായത്തെയും പ്രതിനിധീകരിക്കുന്നവരാണ്. ഭൗതികമായ കുറവുകൾക്കിടയിലും ആത്മീയമായ പൂർണ്ണത പ്രാപിച്ച വിശ്വാസികളുടെ ഹൃദയമാണ് ബദ്റിന്റെ വിജയരഹസ്യം. ചന്ദ്രൻ സൂര്യനെ അഭിമുഖീകരിക്കുമ്പോൾ ഇരുട്ട് നീങ്ങുന്നതുപോലെ, വിശ്വാസി തന്റെ ഹൃദയത്തെ അല്ലാഹുവിങ്കലേക്ക് തിരിക്കുമ്പോൾ അവന്റെ ഉള്ളിലെ ബദ്ർ പൂർണ്ണമാകുന്നു.
അൻഫാലും ആത്മീയ ദാരിദ്ര്യത്തിന്റെ തത്വചിന്തയും:
സൂറത്തുൽ അൻഫാൽ ആരംഭിക്കുന്നത് തന്നെ 'അൻഫാൽ' അഥവാ യുദ്ധാർജ്ജിത സ്വത്തുക്കളെക്കുറിച്ചുള്ള ചോദ്യത്തോടു കൂടിയാണ്. ഇബ്നു അറബി(റ)യുടെ വിശദീകരണത്തിൽ, അൻഫാൽ എന്നത് കേവലം ഭൗതിക ധനമല്ല. 'നാഫിലത്ത്' എന്ന പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ അൻഫാൽ എന്നാൽ 'അധികമായി നൽകപ്പെട്ടത്' എന്നാണർത്ഥം. നിലവിലുള്ളതിനേക്കാൾ കൂടുതലായി ലഭിക്കുന്ന ഈ അനുഗ്രഹം, മനുഷ്യന്റെ അസ്തിത്വത്തിന് പുറമെ അല്ലാഹു നൽകുന്ന ആത്മീയ ജ്ഞാനത്തെയും ദർശനങ്ങളെയും (കശ്ഫ്) സൂചിപ്പിക്കുന്നു."അൻഫാൽ അല്ലാഹുവിനും റസൂലിനുമുള്ളതാണ്" എന്ന ഖുർആനിക പ്രഖ്യാപനം വിശ്വാസിയെ തന്റെ കർമ്മങ്ങളിൽ നിന്നുള്ള അഹങ്കാരത്തിൽ നിന്ന് മുക്തമാക്കുന്നു. വിജയം തന്റെ കഴിവാണെന്ന് കരുതുന്നിടത്ത് അസത്യം (ബാത്വിൽ) ഉദിക്കുന്നു. എന്നാൽ വിജയം അല്ലാഹുവിന്റെ മാത്രം ഔദാര്യമാണെന്ന് തിരിച്ചറിയുന്നതാണ് ബദ്റിന്റെ പാഠം. തന്റെ സ്വന്തം അസ്തിത്വത്തെ അല്ലാഹുവിൽ ലയിപ്പിക്കുമ്പോൾ (ഫനാഅ്), അവൻ ചെയ്യുന്ന ഓരോ പ്രവർത്തിയും അല്ലാഹുവിന്റെ പ്രവർത്തിയായി മാറുന്നു എന്ന ഗഹനമായ തത്വമാണ് ഇവിടെ വെളിപ്പെടുന്നത്.
"അങ്ങ് എറിഞ്ഞപ്പോൾ അങ്ങല്ല എറിഞ്ഞത്" എന്ന സൂറത്തുൽ അൻഫാലിലെ പതിനേഴാം വചനം ഇബ്നു അറബി(റ)യുടെ ദർശനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ആധാരശിലകളിൽ ഒന്നാണ്: "അങ്ങ് എറിഞ്ഞപ്പോൾ അങ്ങല്ല എറിഞ്ഞത്, മറിച്ച് അല്ലാഹുവാണ് എറിഞ്ഞത്". എന്ന ആയത് ബദ്ർ യുദ്ധഭൂമിയിൽ നബി(സ) ശത്രുക്കൾക്ക് നേരെ ഒരുപിടി മണൽ വാരിയെറിഞ്ഞ സംഭവത്തെയാണിത് സൂചിപ്പിക്കുന്നത്. ഇതിന്റെ ആന്തരിക അർത്ഥം മനുഷ്യന്റെ കർമ്മങ്ങളിൽ ദൈവീക സാന്നിധ്യം എങ്ങനെ ലയിച്ചിരിക്കുന്നു എന്നതാണ്. ഈ വചനത്തെ വിശകലനം ചെയ്തുകൊണ്ട് ശൈഖുൽ അക്ബർ(റ) വ്യക്തമാക്കുന്നത്, കർമ്മം ചെയ്യുന്ന ആൾ (ഫാഇൽ) യഥാർത്ഥത്തിൽ അല്ലാഹുവാണെന്നാണ്. സയ്യിദുനാ മുഹമ്മദ് നബി(സ്വ) എന്ന ദാസൻ തന്റെ ഇച്ഛയെ അല്ലാഹുവിന്റെ ഇച്ഛയിൽ പൂർണ്ണമായും സമർപ്പിച്ചപ്പോൾ, അവിടുത്തെ കരങ്ങൾ അല്ലാഹുവിന്റെ ശക്തിയുടെ ഉപകരണമായി മാറി. ഇവിടെ 'എറിഞ്ഞത്' എന്ന ക്രിയ നബി(സ്വ)ക്ക് സ്ഥിരീകരിക്കുകയും അതേസമയം അത് അല്ലാഹുവിലേക്ക് ചേർക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യനും അല്ലാഹുവും തമ്മിലുള്ള ആത്മീയ ബന്ധത്തിന്റെ ഔന്നത്യം വെളിവാകുന്നു. ഇത് വെറുമൊരു അത്ഭുത പ്രവൃത്തിയല്ല, മറിച്ച് പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളും അല്ലാഹുവിന്റെ നിയന്ത്രണത്തിലാണെന്ന യാഥാർത്ഥ്യത്തിന്റെ (വഹ്ദത്തുൽ വുജൂദ്) പ്രഖ്യാപനമാണ്. ഈ പ്രക്രിയയിൽ ദാസന്റെ അസ്തിത്വം അല്ലാഹുവിന്റെ പ്രവർത്തിയിൽ ലയിച്ചുചേരുന്നു. അഥവാ, നബി(സ) എറിയുമ്പോൾ ആ എറിയലിന്റെ ഉറവിടം അല്ലാഹുവിന്റെ 'ഖുദ്‌റത്ത്' (കരുത്ത്) ആണ്. ഇന്ദ്രിയങ്ങൾക്ക് നബി(സ) എറിയുന്നതായി കാണാമെങ്കിലും, യഥാർത്ഥത്തിൽ ലക്ഷ്യത്തിൽ എത്തിക്കുന്നത് അല്ലാഹുവാണ്. ഈ അവസ്ഥയെ ഇബ്നു അറബി(റ) 'ഫനാഉൽ അഫ്ആൽ' അഥവാ കർമ്മങ്ങളുടെ ലയം എന്ന് വിളിക്കുന്നു. ഇത് വിശ്വാസിയെ അഹങ്കാരത്തിൽ നിന്ന് സംരക്ഷിക്കുകയും എല്ലാ മഹത്വവും അല്ലാഹുവിലേക്ക് മാത്രം തിരിച്ചയക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മലക്കുകളുടെ ഇറക്കം അഥവാ ആന്തരിക ശക്‌തികളുടെ വിന്യാസത്തെ ക്കുറിച്ച് സംസാരിക്കാം.
ബദ്റിൽ ആയിരം മലക്കുകളെ അയച്ച് അല്ലാഹു വിശ്വാസികളെ സഹായിച്ചു എന്ന് ഖുർആൻ പറയുന്നു. ഇബ്നു അറബി(റ)യുടെ വീക്ഷണത്തിൽ ഈ മലക്കുകൾ കേവലം പുറമെ നിന്ന് വന്നവരല്ല, മറിച്ച് വിശ്വാസിയുടെ ഹൃദയത്തിൽ അല്ലാഹു നിക്ഷേപിച്ച ആത്മീയ ഊർജ്ജങ്ങളും സൽപ്രേരണകളുമാണ് (ഖുവ്വത്തുൽ മലകിയ്യ). മലക്കുകൾ ആത്മാവിന്റെ അനന്തമായ ആത്മീയ ശക്തികളെയാണ് സൂചിപ്പിക്കപ്പെടുന്നത്. ആയിരം എന്ന സംഖ്യ പൂർണ്ണതയെയും ബാഹുല്യത്തെയും സൂചിപ്പിക്കുന്നു, ഇത് വിശ്വാസിയുടെ ഉള്ളിലെ ശുദ്ധമായ ചിന്തകളുടെയും ഉന്നതമായ ലക്ഷ്യങ്ങളുടെയും പ്രതീകമാണ്. മനുഷ്യ ഹൃദയത്തിൽ മലക്കുകളുടെ സ്വഭാവമുള്ള ഗുണങ്ങളും പിശാചിന്റെ സ്വഭാവമുള്ള ഗുണങ്ങളും തമ്മിൽ നിരന്തരം യുദ്ധം നടക്കുന്നുണ്ട്. ബദ്റിലെ മലക്കുകൾ വിശ്വാസികളുടെ പാദങ്ങളെ ഉറപ്പിച്ചു നിർത്തുകയും അവരുടെ ഹൃദയങ്ങളിൽ സമാധാനം (സക്കീനത്) നൽകുകയും ചെയ്തു. ഇത് സൂചിപ്പിക്കുന്നത്, ഒരു വ്യക്തി തന്റെ ഇന്ദ്രിയങ്ങളെയും വാസനകളെയും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിയന്ത്രിക്കുമ്പോൾ, അദൃശ്യമായ ആത്മീയ ലോകത്തു നിന്നുള്ള സഹായങ്ങൾ അവനിലേക്ക് പ്രവഹിക്കുമെന്നാണ്. മലക്കുകൾ സത്യവിശ്വാസികളെ പിന്താങ്ങുന്നത് അവരുടെ ആത്മവീര്യം വർദ്ധിപ്പിക്കാനാണ്, എന്നാൽ യഥാർത്ഥ വിജയം അല്ലാഹുവിങ്കൽ നിന്നാണ്.
ബദ്റിന് മുമ്പ് അല്ലാഹു വിശ്വാസികൾക്ക് നൽകിയ രണ്ട് വലിയ അനുഗ്രഹങ്ങളെക്കുറിച്ച് സൂറത്തുൽ അൻഫാൽ പരാമർശിക്കുന്നുണ്ട്: ഒന്ന് ആകാശത്തുനിന്ന് പെയ്ത മഴ, രണ്ട് അവരെ പൊതിഞ്ഞ ചെറിയ ഉറക്കം (നുആസ്). യഥാർത്ഥത്തിൽ വിരക്തിയുടെയും ശുദ്ധീകരണത്തിന്റെയും അടയാളങ്ങളാണവ. ഇബ്നു അറബി(റ) ഇതിനെ അതീവ കാവ്യാത്മകമായാണ് വിശദീകരിക്കുന്നത്.മഴ എന്നത് അല്ലാഹുവിന്റെ റഹ്‌മത്തിന്റെ (കാരുണ്യം) പുറപ്പെടലാണ്. അത് കേവലം മണ്ണിലെ അഴുക്ക് നീക്കാനല്ല, മറിച്ച് ഹൃദയങ്ങളിൽ പിശാച് നിക്ഷേപിച്ച കുതൂഹലങ്ങളെയും (രിജ്‌സുശ്ശൈത്താൻ) സംശയങ്ങളെയും കഴുകിക്കളയാനുള്ള ജ്ഞാനത്തിന്റെ പ്രവാഹമാണ്. മഴ പെയ്യുമ്പോൾ മണ്ണ് ഉറയ്ക്കുന്നതുപോലെ, ദൈവീക ജ്ഞാനം ഹൃദയത്തിൽ പതിയുന്നതോടെ വിശ്വാസിയുടെ കാൽപ്പാദങ്ങൾ സത്യപാതയിൽ ഉറച്ചുനിൽക്കുന്നു. ഉറക്കം അഥവാ മയക്കം എന്നത് തന്റെ പരിമിതമായ അറിവിൽ നിന്നും ശക്തിയിൽ നിന്നും ദാസൻ താത്കാലികമായി വിട്ടുനിൽക്കുന്ന അവസ്ഥയാണ് (ഫനാഅ്). യുദ്ധത്തിന്റെ ഭീകരതയ്ക്കിടയിലും അവർക്കുണ്ടായ ആ ഉറക്കം അല്ലാഹുവിലുള്ള പരിപൂർണ്ണ വിശ്വാസത്തിന്റെ (തവക്കുൽ) പ്രകടനമായിരുന്നു. ഭൗതികമായ ഉത്കണ്ഠകളിൽ നിന്ന് ആത്മാവിനെ പിൻവലിച്ച് ഇലാഹിയ്യായ സമാധാനത്തിൽ അഭയം പ്രാപിക്കുന്ന ഈ അവസ്ഥയാണ് യഥാർത്ഥ 'അംനത്ത്' (സുരക്ഷിതത്വം).
യൗമുൽ ഫുർഖാൻ: ആത്മാവിന്റെ വിവേചന ശക്തി
ബദ്ർ ദിനത്തെ ഖുർആൻ വിശേഷിപ്പിച്ചത് 'യൗമുൽ ഫുർഖാൻ' എന്നാണ്. ഫുർഖാൻ എന്നാൽ സത്യത്തെയും മിഥ്യയെയും വേർതിരിക്കുന്ന മാനദണ്ഡം എന്നർത്ഥം. ഇബ്നു അറബി(റ)യുടെ തത്വചിന്തയിൽ, ഒരു സാലിക് (ആത്മീയ യാത്രികൻ) തന്റെ യാത്രയിൽ നേരിടുന്ന ഏറ്റവും വലിയ ഘട്ടമാണിത്. തന്റെ ഉള്ളിലെ അഹന്തയെയും (അന) ദൈവീകമായ യാഥാർത്ഥ്യത്തെയും (ഹഖ്) തിരിച്ചറിയുന്ന നിമിഷം.ഈ വിവേചനം സാധ്യമാകുന്നത് ഹൃദയത്തിന്റെ കണ്ണാടി ശുദ്ധീകരിക്കപ്പെടുമ്പോഴാണ്. ബദ്റിൽ ഉണ്ടായ വിജയം ഭൗതികമായിരുന്നെങ്കിലും, അതിന്റെ ആത്യന്തിക ലക്ഷ്യം ഹൃദയങ്ങളിൽ സത്യത്തെ പ്രതിഷ്ഠിക്കലായിരുന്നു. ആത്മാവ് അതിന്റെ മൃഗീയ വാസനകളിൽ നിന്ന് മോചനം നേടി 'അന്നഫ്‌സുൽ മുത്മഇന്ന' (ശാന്തമായ ആത്മാവ്) എന്ന അവസ്ഥയിലേക്ക് എത്തുന്നതിനെ ബദ്ർ പ്രതീകവൽക്കരിക്കുന്നു. അസത്യത്തിന്റെ മുരട് അറുത്തുമാറ്റുക വഴി സത്യത്തെ അതിന്റെ സ്വച്ഛമായ രൂപത്തിൽ പുനഃസ്ഥാപിക്കുക എന്നതായിരുന്നു ബദ്റിന്റെ ദൗത്യം.
തിരു നബി(സ്വ) ബദ്റിൽ നിന്ന് മടങ്ങിയപ്പോൾ തന്റെ അനുചരന്മാരോട് പറഞ്ഞു: "നമ്മൾ ചെറിയ ജിഹാദിൽ നിന്ന് വലിയ ജിഹാദിലേക്ക് (ജിഹാദുൽ അക്ബർ) മടങ്ങുകയാണ്". ഈ ഹദീസ് ഇബ്നു അറബി(റ)യുടെ ചിന്തകളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭൗതിക യുദ്ധം ചെറുതും, സ്വന്തം നഫ്സിനോടുള്ള പോരാട്ടം വലുതുമാകുന്നത് അത് മനുഷ്യന്റെ നിത്യജീവിതത്തിലെ ഓരോ നിമിഷവും തുടരുന്നതു കൊണ്ടാണ്. ബദ്റിലെ 313 പേരുടെ പോരാട്ടം യഥാർത്ഥത്തിൽ നഫ്സിനെ കീഴടക്കാനുള്ള ആത്മവീര്യത്തിന്റെ പ്രകടനമായിരുന്നു. അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് സ്വന്തം ജീവനും സ്വത്തും നൽകാൻ തയ്യാറായവർക്ക് മാത്രമേ ഈ വലിയ ജിഹാദിൽ വിജയിക്കാനാകൂ.
ഇബ്നു അറബി(റ) വിശദീകരിക്കുന്നത്, ഓരോ വിശ്വാസിയുടെയും ഉള്ളിൽ ഒരു ബദ്ർ നടക്കുന്നുണ്ടെന്നാണ്. അവിടെ വിജയിക്കുന്നവനാണ് യഥാർത്ഥ മുഅ്മിൻ. നഫ്സിന്റെ താഴ്ന്ന വികാരങ്ങളെ (അമ്മാറ) ആത്മീയമായ ഉന്നതിയിലേക്ക് (മുത്മഇന്ന) നയിക്കുന്ന പ്രക്രിയയാണിത്.
ജിഹാദുൽ അസ്ഗർ (ചെറിയ സമരം) അഥവാ ശത്രു സൈന്യത്തോട് പോരാടി നീതി സ്ഥാപിക്കൽ. ജിഹാദുൽ നഫ്‌സ് (വലിയ സമരം)അഥവാ സ്വന്തം ഈഗോ / നഫ്സിനോട് പോരാടി ആത്മ ശുദ്ധീകരണം നടത്തൽ, ജിഹാദുൽ ഖൽബ് (ഹൃദയത്തിന്റെ സമരം) അഥവാ പിശാചിന്റെ പ്രലോഭനങ്ങളോട് പടവെട്ടി ജയിച്ചു അല്ലാഹുവിൽ ലയിക്കൽ. ജിഹാദുൽ ഇൽമ് (അറിവിന്റെ സമരം) അഥവാ അജ്ഞത നീക്കി ഹഖിനെ തിരിച്ചറിയൽ തുടങ്ങി വിവിധ തലങ്ങളിലായി ജിഹാദിനെ ആത്മജ്ഞാനികൾ വിശദീകരിക്കാറുണ്ട്.
അൽ-ഇൻസാൻ അൽ-കാമിൽ: മുഹമ്മദീയ പ്രകാശത്തിന്റെ പൂർണ്ണത
ഇബ്നു അറബി(റ)യുടെ ജ്ഞാന നിദർശന പ്രകാരം സൃഷ്ടികളിൽ ഏറ്റവും ഉന്നതമായ അവസ്ഥയാണ് 'അൽഇൻസാനുൽ കാമിൽ' അഥവാ പരിപൂർണ്ണ മനുഷ്യൻ. ബദ്ർ യുദ്ധഭൂമിയിൽ നബി(സ) ഈ അവസ്ഥയുടെ പൂർണ്ണരൂപമായി നിലകൊണ്ടു. അല്ലാഹുവിന്റെ എല്ലാ നാമങ്ങളും വിശേഷണങ്ങളും പൂർണ്ണമായി പ്രതിഫലിപ്പിക്കുന്ന 'നൂർ മുഹമ്മദി(സ)' (മുഹമ്മദീയ(സ) പ്രകാശം) ബദ്റിൽ ശോഭിച്ചു. നബി(സ)യുടെ ഹൃദയം അല്ലാഹുവിന്റെ സാന്നിധ്യം ഉൾക്കൊള്ളുന്ന സിംഹാസനമായി (അർഷ്) മാറി. യുദ്ധത്തിൽ പങ്കെടുത്ത ഓരോ സ്വഹാബിയും ആ പ്രകാശത്തിന്റെ ഓരോ കിരണങ്ങളായിരുന്നു. അതുകൊണ്ടാണ് ബദ്റീങ്ങൾ മറ്റെല്ലാ പോരാളികളേക്കാളും ആത്മീയമായി ഔന്നത്യം പ്രാപിച്ചത്. അവരുടെ വിജയം കേവലം വാളുകൾ കൊണ്ടായിരുന്നില്ല, മറിച്ച് അവരുടെ ഉള്ളിലെ പ്രവാചക പ്രണയവും ദൈവീക സ്മരണയും കൊണ്ടായിരുന്നു. തിരുനബി(സ)സർവ്വ നിമിഷവും ഈ അത്യുന്നതമായ അവസ്ഥയിലാണ്.
ശൈഖുൽ അക്ബർ ഇബ്നു അറബി(റ)യുടെ തഫ്സീറിലൂടെ ബദ്റിനെ നോക്കിക്കാണുമ്പോൾ, അത് കാലാതീതമായ ഒരു ആത്മീയ സത്യമായി പരിണമിക്കുന്നു. സൂറത്തുൽ അൻഫാലിലെ വചനങ്ങൾ കേവലം ചരിത്രരേഖകളല്ല, മറിച്ച് ഇലാഹീ സാമീപ്യം ആഗ്രഹിക്കുന്നവർക്കുള്ള വഴിവെളിച്ചമാണ്. സ്വന്തം കർമ്മങ്ങളെ അല്ലാഹുവിന്റെ കർമ്മങ്ങളായി കാണാനും (തൗഹീദുൽ അഫ്ആൽ), വിജയവും പരാജയവും ദൈവീക നിശ്ചയമാണെന്ന് തിരിച്ചറിയാനും ബദ്ർ നമ്മെ പഠിപ്പിക്കുന്നു.ബദ്ർ എന്ന പൂർണ്ണചന്ദ്രൻ ഇന്നും വിശ്വാസികളുടെ ഹൃദയങ്ങളിൽ പ്രകാശിക്കുന്നു. അത് നൽകുന്ന സന്ദേശം ലളിതമാണ്: നിന്റെ നഫ്സിനെ നീ കീഴടക്കുക, അപ്പോൾ പ്രപഞ്ചം നിനക്ക് കീഴടങ്ങും. അല്ലാഹുവിലുള്ള പരിപൂർണ്ണ തവക്കുലും ഇഖ്‌ലാസും ആയുധമാക്കി മാറ്റിയാൽ, ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ ഒരു ബദ്ർ വിജയിക്കും. അതിന് ബദ്‌റുൽ കമലാകുന്ന തിരുനബി(സ)യെ ശരീരത്തിലും ഹൃദയത്തിലും ആത്മാവിലും രഹസ്യത്തിലും സാക്ഷാൽക്കരിക്കാനും യാഥാർഥ്യമാക്കാനും അറിയാനും അനുഭവിക്കാനുമാകണം. ശൈഖുൽ അക്ബറിന്റെ ഈ ദർശനം മനുഷ്യനെ തന്റെ യഥാർത്ഥ സത്തയെ തിരിച്ചറിയാനും അല്ലാഹുവിലേക്ക് പരിപൂർണ്ണമായി ലയിക്കാനും പ്രേരിപ്പിക്കുന്നു. ബദ്ർ എന്നത് കഴിഞ്ഞുപോയ ഒരു യുദ്ധമല്ല, മറിച്ച് അനുനിമിഷം പുതുക്കപ്പെടുന്ന ഒരു ആത്മീയ ഉദയമാണ്.