Top pics

6/recent/ticker-posts

റമദാൻ 21:അമീറുൽ മുഅ്മിനീൻ മൗലാ അലിയ്യുബ്‌നു അബീത്വാലിബ്(ക.വ) ശഹാദത് ദിനം

 

ഫുസ്തു വ റബ്ബിൽ കഅ്ബ
ഈ രാവ് പുലരാതിരുന്നെങ്കിൽ.....
അറിവിന്റെ നഗരത്തിലേക്കുള്ള കവാടമെന്നും, അല്ലാഹുവിന്റെ സിംഹമെന്നും, നീതിയുടെ പര്യായമെന്നും വിശേഷിപ്പിക്കപ്പെട്ട അമീറുൽ മുഅ്മിനീന് അലി ഇബ്‌നു അബീത്വാലിബിന്റെ (റ) ജീവിതം പോലെ തന്നെ അത്യന്തം ഗഹനവും വിസ്മയകരവും ദാർശനികമായ ദിവ്യരഹസ്യങ്ങൾ ഒളിഞ്ഞുകിടക്കുന്നതുമായിരുന്നു അവിടുത്തെ ശഹാദത്ത്. ഹിജ്‌റ വർഷം 40, റമദാൻ 21 സുബ്ഹി നിസ്കാര സമയം കൂഫയിലെ വലിയ പള്ളിയിൽ വെച്ച് നടന്ന ആ വേദനാജനകമായ സംഭവം കേവലം ഒരു രാഷ്ട്രീയ കൊലപാതകമായിരുന്നില്ല, മറിച്ച് ചരിത്രത്തിന്റെയും ആത്മീയതയുടെയും സംഗമഭൂമിയിൽ വിരിഞ്ഞ ഒരു വലിയ വിധിനിയോഗമായിരുന്നു. മക്കയിലെ വിശുദ്ധമായ കഅബാലയത്തിനുള്ളിൽ ജനിച്ച ഏക വ്യക്തിയെന്ന ഖ്യാതിയോടെ ജീവിതം തുടങ്ങിയ അവിടുന്ന്, അല്ലാഹുവിന്റെ മറ്റൊരു ഭവനത്തിൽ അഥവാ കൂഫയിലെ മസ്ജിദിൽ വെച്ച് തന്റെ രക്തസാക്ഷ്യം പൂർത്തിയാക്കി എന്നത് ആത്മീയമായ ഒരു വൃത്തം പൂർത്തിയാക്കുന്നതുപോലെ മനോഹരമാണ്. വിശുദ്ധ ഖുർആനിലെ وَمِنَ النَّاسِ مَن يَشْرِي نَفْسَهُ ابْتِغَاءَ مَرْضَاتِ اللَّهِ ۗ 'അല്ലാഹുവിന്റെ പ്രീതി തേടി സ്വന്തം ആത്മാവിനെ വിൽക്കുന്നവർ' എന്ന സൂക്തം ഇമാം മൗലാ അലി (റ) യെ കുറിച്ചാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ ചൂണ്ടിക്കാട്ടുന്നു. തന്റെ ജനനം മുതൽ വിസ്വാൽ വരെ നീണ്ടുനിന്ന ആ ദിവ്യപ്രഭ പ്രപഞ്ചത്തിലെ അദൃശ്യമായ അനേകം അടയാളങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച്, അദ്ദേഹം ശഹാദത്ത് വരിച്ച ആ രാത്രി പ്രകൃതിയുടെ വിലാപത്താലും മാലാഖമാരുടെ സാന്നിധ്യത്താലും അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു.
മൂന്നാം ഖലീഫ അമീറുൽ മുഅ്മിനീന് സയ്യിദുനാ ഉസ്മാൻ ഇബ്‌നു അഫ്ഫാന്റെ (റ) ശഹാദത്തിന് ശേഷം അത്യന്തം സങ്കീർണ്ണമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് മൗലാ അലി മുർതദ(റ) ഖിലാഫത്ത് ഏറ്റെടുക്കുന്നത്. മദീനയിൽ നിന്ന് കുഫയിലേക്ക് ഖിലാഫത്തിന്റെ ആസ്ഥാനം മാറ്റിയ അവിടുന്ന് നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു ഭരണകൂടം കെട്ടിപ്പടുത്തു. എന്നാൽ, സിഫ്ഫീൻ യുദ്ധത്തിനും അതിനെത്തുടർന്നുണ്ടായ തഹ്‌കീമിനു (മധ്യസ്ഥശ്രമം) ശേഷം രൂപം കൊണ്ട ഖവാരിജ് വിഭാഗം ഇസ്‌ലാമിക ഐക്യത്തിന് വലിയ ഭീഷണിയായി മാറി.തീവ്രവാദപരമായ ചിന്താഗതികൾ വച്ചുപുലർത്തിയിരുന്ന ഖവാരിജുകൾ മക്കയിൽ ഒത്തുചേരുകയും ഇസ്‌ലാമിക ലോകത്തെ മൂന്ന് പ്രധാന നേതാക്കളെ - ഇമാം മൗലാ അലി (റ), മുആവിയ (റ), അംറ് ഇബ്‌നു ആസ് (റ) എന്നിവരെ ഒരേ ദിവസം വധിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തു. ഇമാം മൗലാ അലിയെ (റ) വധിക്കാനുള്ള ചുമതല ഏറ്റെടുത്തത് അബ്ദുറഹ്മാൻ ഇബ്‌നു മുൽജിം എന്ന ക്രൂരനായിരുന്നു. നഹ്‌റവാൻ യുദ്ധത്തിലെ ഖവാരിജുകളുടെ പരാജയത്തിന് പ്രതികാരം ചെയ്യുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. ഈ ഗൂഢാലോചനയുടെ പശ്ചാത്തലത്തിലാണ് ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ആ സംഭവം അരങ്ങേറുന്നത്.
പ്രവചനങ്ങളുടെ പൂർത്തീകരണം
ഇമാം മൗലാ അലി (റ) തന്റെ മരണം എപ്പോഴാണെന്നും അത് എങ്ങനെയായിരിക്കുമെന്നും മുൻകൂട്ടി അറിഞ്ഞിരുന്നു. ഇത് തന്റെ ദിവ്യജ്ഞാനത്താലോ അല്ലെങ്കിൽ തിരുദൂതർ സയ്യിദുനാ മുഹമ്മദ് ﷺ നൽകിയ സൂചനകളാലോ അവിടുത്തേക്ക് ലഭിച്ച ഉറപ്പായിരുന്നു. ഒരിക്കൽ തിരു നബി ﷺ ഇമാം മൗലാ അലിയോട് (റ) ചോദിച്ചു: "അലി, മുൻഗാമികളിൽ ഏറ്റവും വലിയ കുറ്റവാളി ആരാണ്?" ഇമാം മൗലാ അലി(റ) പറഞ്ഞു: "അത് സ്വാലിഹ്(അ) പ്രവാചകന്റെ ഒട്ടകത്തെ കൊന്നവനാണ്." തിരുറസൂൽ(സ) തുടർന്നു: "എങ്കിൽ ഈ ഉമ്മത്തിലെ ഏറ്റവും വലിയ കുറ്റവാളി ആരാണെന്ന് അറിയാമോ? അത് നിന്റെ തലയിൽ വെട്ടുകയും നിന്റെ രക്തത്താൽ താടി ചുവപ്പിക്കുകയും ചെയ്യുന്നവനാണ്".
ഹിജ്‌റ വർഷം 40, റമദാൻ മാസം ആരംഭിച്ചപ്പോൾ തന്നെ ഇമാം മൗലാ അലി (റ) തന്റെ വിയോഗം അടുത്തിരിക്കുന്നു എന്ന് സൂചിപ്പിച്ചിരുന്നു. ഈ മാസത്തിൽ അല്ലാഹുവിന് വേണ്ടി ചെയ്യുന്ന ഏറ്റവും ഉത്തമമായ കാര്യം പാപങ്ങളിൽ നിന്ന് അകന്നുനിൽക്കലാണെന്ന് പ്രവാചകൻ(സ) പഠിപ്പിച്ചത് ഓർമ്മിപ്പിക്കുമ്പോൾ അവിടുന്ന് കരഞ്ഞത് ഇമാം മൗലാ അലി (റ) യോടുള്ള സ്നേഹം കൊണ്ടായിരുന്നു. ഇമാം മൗലാ അലി (റ) അന്ന് ചോദിച്ചത്, "ആ സമയത്ത് എന്റെ ഈമാൻ (വിശ്വാസം) സുരക്ഷിതമായിരിക്കുമോ?" എന്നാണ്. "അതെ, അലി, നിന്റെ വിശ്വാസം സുരക്ഷിതമായിരിക്കും" എന്ന പ്രവാചക(സ) വചനം അവിടുത്തേക്ക് വലിയ സമാശ്വാസമായിരുന്നു. ഈ പ്രവചനങ്ങളുടെ പൂർത്തീകരണത്തിനായി കാത്തിരിക്കുന്ന ഒരാളെപ്പോലെയായിരുന്നു റമദാൻ 19-ന്റെ രാത്രിയിൽ അദ്ദേഹം പെരുമാറിയത്. തന്റെ വിധി വന്നെത്തിയെന്ന് ഉറച്ച ബോധ്യമുള്ള ഒരു മഹാമനീഷിയുടെ ശാന്തത അദ്ദേഹത്തിൽ പ്രകടമായിരുന്നു.
വിടവാങ്ങൽ രാത്രിയിലെ വിസ്മയങ്ങൾ
റമദാൻ പത്തൊൻപതാം രാവ്. കൂഫയിലെ അന്തരീക്ഷം ഭക്തിസാന്ദ്രമായിരുന്നു. ഇമാം മൗലാ അലി (റ) തന്റെ പ്രിയ പുത്രി ഉമ്മു കുൽസൂമിന്റെ (റ) വീട്ടിലായിരുന്നു അന്ന് ഇഫ്താറിനായി എത്തിയത്. ഏറ്റവും ലളിതമായ ജീവിതം നയിച്ചിരുന്ന അവിടുന്ന് സ്ഥിരമായി കഴിച്ചിരുന്നതും വളരെ ലളിതമായ മിതമായ ഭക്ഷണമായിരുന്നു. അന്ന് പുത്രി തന്റെ പിതാവിനു മുന്നിൽ രണ്ട് തരം പാനീയങ്ങൾ വെച്ചപ്പോൾ അവിടുന്ന് ഒരെണ്ണം നീക്കം ചെയ്യാൻ പറഞ്ഞു. പാലും ഉപ്പും റൊട്ടിയുമായിരുന്നു അവ."എന്റെ സഹോദരനും പ്രവാചകനുമായ സയ്യിദുനാ മുഹമ്മദ് ﷺ കഴിച്ചതിനേക്കാൾ വലിയ ഭക്ഷണം ഞാൻ ഈ ഭൂമിയിൽ നിന്ന് കഴിക്കാൻ ആഗ്രഹിക്കുന്നില്ല" എന്ന് അവിടുന്ന് മൊഴിഞ്ഞു. വെറും റൊട്ടിയും ഉപ്പും മാത്രം കഴിച്ച് അവിടുന്ന് നോമ്പ് തുറന്നു.
ആ രാത്രിയിൽ ഇമാം(അ) അധികമൊന്നും ഉറങ്ങിയില്ല. ഓരോ തവണയും അവിടുന്ന് പുറത്തിറങ്ങുകയും ആകാശത്തേക്ക് നോക്കി അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തുകൊണ്ടിരുന്നു. "അല്ലാഹുവാണേ, ഞാൻ കള്ളം പറയുന്നില്ല, എന്നോട് കള്ളം പറയപ്പെട്ടിട്ടുമില്ല. എനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട ആ രാത്രി ഇതാ വന്നെത്തിയിരിക്കുന്നു" എന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. അവിടുത്തെ ഓരോ ചലനത്തിലും വല്ലാത്തൊരു അസ്വസ്ഥതയും എന്നാൽ അഗാധമായ ആത്മീയമായ ഉറപ്പും പുത്രി ഉമ്മുകുൽസൂം(റ) നിരീക്ഷിച്ചു. "പ്രിയപ്പെട്ട പിതാവേ, അങ്ങേയ്ക്ക് എന്താണ് സംഭവിക്കുന്നത്?" എന്ന ചോദ്യത്തിന്, "ഞാൻ ഉടനെ തന്നെ എന്റെ പ്രിയപ്പെട്ട പ്രവാചകനോടൊപ്പം ചേരും" എന്നായിരുന്നു അവിടുത്തെ മറുപടി.
ആ രാത്രിയിൽ അവിടുന്ന് തന്റെ മൂത്ത മകൻ ഇമാം സയ്യിദുനാ ഹസൻ (റ) നോട് പ്രത്യേകം സംസാരിച്ചിരുന്നു. തന്റെ വഫാത്തിന് ശേഷം മുസ്‌ലിം ഉമ്മത്തിനെ നയിക്കുന്നതിനെക്കുറിച്ചും, ക്ഷമ കൈകൊള്ളേണ്ടതിനെക്കുറിച്ചും അവിടുന്ന് സൂചനകൾ നൽകി. ജനങ്ങൾക്കിടയിൽ സമാധാനമുണ്ടാക്കാൻ പരിശ്രമിക്കണമെന്നും, രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ പരമാവധി ശ്രമിക്കണമെന്നും അവിടുന്ന് ഇമാം ഹസൻ (റ) വിനോട് പ്രത്യേകമായി വസ്വിയ്യത്ത് ചെയ്തു. പള്ളിയിലേക്ക് പോകാൻ നേരത്ത് തന്നെ അനുഗമിക്കാൻ ഒരുങ്ങിയ മക്കളോട് വീട്ടിൽ തന്നെ തുടരാൻ അവിടുന്ന് നിർദ്ദേശിച്ചു.
സമയം ഇഴഞ്ഞു നീങ്ങി. പ്രപഞ്ചമത്രയും ദുഃഖ സാന്ദ്രമായി. എവിടെയൊക്കെയോ ഭയചകിതമായ ശബ്ദങ്ങൾ കേട്ട് തുടങ്ങി. ഉണർന്നിരിക്കുന്ന സർവ്വരുടേയും മനസ്സിൽ അകാരണമായ ഭീതി പടർന്നു. ചിന്തകളിൽ അകാരണമായ അസ്വസ്ഥകൾ പടർന്നു. പ്രഭാതത്തോടടുത്തപ്പോൾ ഇമാം മൗലാ അലി (റ) പള്ളിയിലേക്ക് പോകാൻ തയ്യാറായി.
പടിയിറങ്ങുമ്പോൾ വീട്ടിലുണ്ടായിരുന്ന വളർത്തു താറാവുകൾ അസാധാരണമാംവിധം ശബ്ദമുണ്ടാക്കുകയും അവിടുത്തെ വസ്ത്രത്തിൽ കൊത്തിവലിക്കുകയും ചെയ്തു. പ്രകൃതിയിലെ ജീവജാലങ്ങൾ പോലും ആ മഹാനുഭാവന്റെ വേർപാട് മുൻകൂട്ടിയറിഞ്ഞു ൽ നൊമ്പരപ്പെടുന്നു എന്നതിന്റെ അടയാളമായിരുന്നു അത്. പരിഭ്രമിച്ചുവന്ന ബന്ധുക്കളോട് അദ്ദേഹം ശാന്തമായി പറഞ്ഞു: "അവയെ വെറുതെ വിടുക, അവ എനിക്ക് വേണ്ടി വിലപിക്കുകയാണ്. ഉടനെ തന്നെ മരണത്തിന്റെ വിലാപം വന്നെത്തും".
വീടിന്റെ വാതിൽ കടക്കുമ്പോൾ അവിടുത്തെ ബെൽറ്റ് എവിടെയോ ഉടക്കി അഴിഞ്ഞുപോയി. ഇമാം(അ)അത് വീണ്ടും മുറുക്കിക്കെട്ടിക്കൊണ്ട് പാടി: "മരണത്തിനായി നിന്റെ അര മുറുക്കിക്കെട്ടുക, നിശ്ചയമായും മരണം നിന്നെ വന്നു കാണും. മരണം വരുമ്പോൾ നീ പരിഭ്രമിക്കരുത്". കേവലം ഒരു മനുഷ്യന്റെ മരണവാർത്തയല്ല, മറിച്ച് ഒരു യുഗത്തിന്റെ അന്ത്യമാണ് വരാനിരിക്കുന്നതെന്ന് ആ താറാവുകളുടെ നിലവിളി ലോകത്തെ അറിയിക്കുകയായിരുന്നു.
ഫുസ്‌തു വ റബ്ബിൽ കഅബ
ഇരുട്ടുമാറാത്ത ആ പ്രഭാതത്തിൽ ഇമാം മൗലാ അലി (റ) കുഫയിലെ വലിയ പള്ളിയിലേക്ക് നടന്നു. പള്ളിയിൽ പ്രവേശിച്ച ഉടനെ അവിടുന്ന് പതിവുപോലെ ജനങ്ങളെ നിസ്കാരത്തിനായി ഉണർത്തി. ഉറങ്ങിക്കിടക്കുന്നവരുടെ ഇടയിൽ മുഖം മറച്ചു കിടന്നിരുന്ന ഇബ്‌നു മുൽജിമിനെ അഥവാ തന്റെ കൊലയാളിയെ അവിടുന്ന്
തിരിച്ചറിഞ്ഞു. അയാൾ തന്റെ വാൾ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇമാം മൗലാ അലി (റ) അവനെ മൃദുവായി തട്ടിവിളിച്ചു പറഞ്ഞു: "എഴുന്നേൽക്കുക, സൂര്യൻ ഉദിക്കാറായി. നിന്റെ വസ്ത്രത്തിനടിയിൽ ഉള്ളത് എന്താണെന്ന് എനിക്കറിയാം". അറിഞ്ഞിട്ടും അല്ലാഹുവിന്റെ വിധി നടപ്പിലാക്കാൻ അവിടുന്ന് അയാളെ അനുവദിച്ചു എന്നത് മനുഷ്യ ചരിത്രത്തെ വിശ്വസിക്കാനാകാത്ത വിധം വിസ്‌മയിപ്പിക്കുന്ന വല്ലാത്തൊരു സമർപ്പണമായിരുന്നു.
കാലം തരിച്ചു നിന്ന നിമിഷം, ഇമാം മൗലാ അലി(റ) സുബ്ഹി നിസ്കാരം ആരംഭിച്ചു. ആദ്യത്തെ റക്അത്തിലെ സുജൂദിലായിരുന്നു അവിടുന്ന് . അല്ലാഹുവിന്റെ മുൻപിൽ ഏറ്റവും വിനയാന്വിതനായി ശിരസ്സ് നമിച്ച ആ നിമിഷം, ഇബ്‌നു മുൽജിം തന്റെ കയ്യിലുണ്ടായിരുന്ന വിഷം പുരട്ടിയ വാളുകൊണ്ട് അവിടുത്തെ ശിരസ്സിൽ ആഞ്ഞുവെട്ടി. വാൾ തലയോട്ടി പിളർന്ന് മസ്തിഷ്കത്തിൽ തൊട്ടു. ആ ക്രൂരമായ പ്രഹരമേറ്റ നിമിഷം ഇമാം മൗലാ അലി (റ) ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: "ഫുസ്‌തു വ റബ്ബിൽ കഅബ" (കഅബയുടെ രക്ഷിതാവാണെ, ഞാൻ വിജയിച്ചിരിക്കുന്നു!).ഈ വാചകം ഒരു രക്തസാക്ഷിയുടെ ആത്യന്തികമായ വിജയപ്രഖ്യാപനമായിരുന്നു. ലൗകികമായ ബന്ധനങ്ങളിൽ നിന്ന് മോചിതനായി അല്ലാഹുവിലേക്ക് മടങ്ങുന്നവന്റെ ആഹ്‌ളാദം ആ വാക്കുകളിൽ നിറഞ്ഞുനിന്നു. പള്ളിയിലാകെ പരിഭ്രാന്തി പടർന്നു. ആ വിശുദ്ധ രക്തം പള്ളിയിലെ മണ്ണിൽ പടർന്നു.
കൂഫയിലെ വലിയ പള്ളിയിൽ അതിദാരുണമായ ഈ ആക്രമണം നടന്നപ്പോൾ തന്നെ ആത്മീയലോകത്ത് വലിയ പ്രകമ്പനങ്ങളുണ്ടായി. ചരിത്രരേഖകൾ പ്രകാരം, ആ നിമിഷം കുഫയിലെ ആകാശം കറുത്തിരുളുകയും അന്തരീക്ഷത്തിൽ ഒരു ഭീകര ശബ്ദം മുഴങ്ങുകയും ചെയ്തു. ജിബ്‌രീൽ (അ) വിണ്ണിൽ നിന്ന് വിളിച്ചു പറയുന്നതായി വിശ്വാസികൾ കേട്ടു: "വല്ലാഹി തഹദ്ദമത് അർകാനുൽ ഹുദാ, വൻഫസമത് അൽ-ഉർവ്വത്തുൽ വുസ്ഖ" (അല്ലാഹുവാണെ, സന്മാർഗത്തിന്റെ തൂണുകൾ തകർന്നിരിക്കുന്നു! വിശ്വാസത്തിന്റെ ഏറ്റവും വലിയ കണ്ണി മുറിഞ്ഞുപോയിരിക്കുന്നു!). ഈ ദിവ്യശബ്ദം കുഫയിലെ ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ ഭയവും സങ്കടവും നിറച്ചു. തിരു പ്രവാചകന്റെ(സ) പ്രിയപ്പെട്ട അനുചരനും ജ്ഞാനത്തിന്റെ പ്രകാശവുമായ അലി (റ) വിടവാങ്ങുകയാണ് എന്ന യാഥാർത്ഥ്യം പ്രപഞ്ചം മുഴുവൻ വിളംബരം ചെയ്യപ്പെട്ടു. ആ രാത്രിയിൽ മലക്കുകൾ കൂട്ടംകൂട്ടമായി ഇറങ്ങിവന്നുവെന്നും പ്രപഞ്ചം മുഴുവൻ ഒരുതരം നിശബ്ദതയിലും ദുഃഖത്തിലും ആണ്ടുപോയതായും ആത്മീയ ജ്ഞാനികൾ വിവരിക്കുന്നു.
ഇമാം മൗലാ അലി (റ) വിന് വെട്ടേറ്റ ഉടനെ കൂഫയുടെ ആകാശത്ത് ഒരു ഘോരശബ്ദം മുഴങ്ങി: റസൂലുല്ലാഹി(സ)യുടെ പിതൃവ്യപുത്രൻ കൊല്ലപ്പെട്ടിരിക്കുന്നു, അല്ലാഹുവിന്റെ വലിയ്യ് മാരകമായി പരിക്കേൽപ്പിക്കപ്പെട്ടിരിക്കുന്നു!" ഈ ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങിയെന്ന് ചരിത്രം പറയുന്നു.
ഇമാം മൗലാ അലി (റ) ശഹാദത്തായ അന്ന് ബൈത്തുൽ മുഖദ്ദസിലെയും പരിസരങ്ങളിലെയും കല്ലുകൾ പൊക്കി നോക്കിയാൽ അതിനടിയിൽ പച്ചയായ രക്തം കാണപ്പെട്ടിരുന്നു എന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. അവിടുത്തെ പുത്രൻ സയ്യിദുനാ ഇമാം ഹുസൈൻ (റ) വിന്റെ കർബലയിലെ വിയോഗവേളയിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അവിടുത്തെ ശഹാദത്തിന് ശേഷം ആകാശം ചുവപ്പ് നിറമായി മാറിയെന്നും, ആ ചുവപ്പ് കുറച്ചുദിവസങ്ങൾ നീണ്ടുനിന്നുവെന്നും പറയപ്പെടുന്നു. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും എങ്ങും അസാധാരണമായ ചുവപ്പ് പടർന്നിരുന്നു.
ശഹാദത്തിന്റെ സമയത്ത് കൂഫയിൽ കഠിനമായ കാറ്റടിക്കുകയും അന്തരീക്ഷം ഇരുളടയുകയും ചെയ്തതായി ചില വിവരണങ്ങളുണ്ട്. പ്രപഞ്ചത്തിന്റെ ഒരു തൂൺ പിഴുതെറിയപ്പെട്ടതുപോലെയുള്ള ഒരു ഭീകരത ആ രാത്രിയിൽ അനുഭവപ്പെട്ടുവെന്ന് അക്കാലത്തെ ആളുകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചില പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം രക്തവർണ്ണമായി മാറിയതായും നിവേദനങ്ങളുണ്ട്.
ആ രാത്രിയിൽ നക്ഷത്രങ്ങൾ അസാധാരണമാംവിധം ശോഭിച്ചതായും പിന്നീട് ഒരുതരം മങ്ങൽ അനുഭപ്പെട്ടതായും പറയപ്പെടുന്നു. പ്രപഞ്ചത്തിന്റെ പ്രകാശം അണഞ്ഞുപോയതുപോലെയുള്ള ഒരു അനുഭവം വിശ്വാസികൾക്കുണ്ടായി.
ആക്രമണത്തിന് ശേഷം ഇബ്‌നു മുൽജിമിനെ ജനങ്ങൾ പിടികൂടി ഇമാം മൗലാ അലി (റ) യുടെ മുന്നിൽ ഹാജരാക്കി. തന്റെ ശിരസ്സിൽ നിന്ന് രക്തം വാർന്നൊഴുകുന്ന അവസ്ഥയിലും ഇമാം മൗലാ അലി (റ) കാണിച്ച കാരുണ്യം ലോകത്തെ അമ്പരപ്പിച്ചു. ഇബ്‌നു മുൽജിമിനെ വല്ലാതെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് കണ്ട് അദ്ദേഹം തന്റെ മക്കളോട് പറഞ്ഞു: "അവന്റെ കെട്ടുകൾ അഴിച്ചുവിടുക. അവനോട് ക്രൂരത കാണിക്കരുത്. അവന് നല്ല ഭക്ഷണം നൽകുക".തനിക്ക് കുടിക്കാൻ നൽകിയ പാലിൽ നിന്ന് ഒരു ഭാഗം തന്റെ ഘാതകന് നൽകാൻ അവിടുന്ന് കൽപ്പിച്ചു. അവനെ ഉപദ്രവിക്കാനോ അംഗഭംഗം വരുത്താനോ പാടില്ലെന്ന് അവിടുന്ന് കർശനമായി നിർദ്ദേശിച്ചു. "ഞാൻ മരിക്കുകയാണെങ്കിൽ അവന് ഇതേ മുറിവിന് പകരമായി ഒരു പ്രഹരം മാത്രം നൽകുക. ഞാൻ രക്ഷപ്പെടുകയാണെങ്കിൽ അവനോട് എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കാം" എന്ന അവിടുത്തെ വാക്കുകൾ നീതിയുടെ പരകോടിയായിരുന്നു. ശത്രുവിനോട് പോലും വിദ്വേഷമില്ലാത്ത ആ ഹൃദയം അല്ലാഹുവിന്റെ പ്രീതിയിൽ ലയിച്ചിരുന്നു.
അനാഥകളുടെ കണ്ണുനീരും പാൽപാത്രങ്ങളും
അമീറുൽ മുഅ്മിനീന് സയ്യിദുനാ മൗലാ അലി (റ) യെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് അനാഥകളോടുള്ള അവിടുത്തെ സാഗര സമാനമായ സ്നേഹമാണ്. ഖലീഫയായിരിക്കുമ്പോഴും രാത്രിയിൽ മുഖം മൂടി കെട്ടി അനാഥകളുടെ വീട്ടിൽ ഭക്ഷണമെത്തിച്ചിരുന്ന അവിടുത്തെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. തങ്ങളുടെ പിതാവ് സാരമായി പരിക്കേറ്റ് കിടപ്പിലാണെന്ന വാർത്ത കൂഫയിലെ അനാഥകൾക്കിടയിൽ കാട്ടുതീ പോലെ പടർന്നു.അവിടുത്തെ മുറിവിൽ വിഷം കലർന്നിരുന്നതിനാൽ ധാരാളം പാൽ കുടിക്കുന്നത് നല്ലതാണെന്ന് വൈദ്യന്മാർ നിർദ്ദേശിച്ചു. പിറ്റേന്ന് പ്രഭാതത്തിൽ ഇമാം മൗലാ അലി (റ) യുടെ വീടിന് മുന്നിൽ കണ്ട കാഴ്ച അത്യന്തം വേദനാജനകവും മനോഹരവുമായിരുന്നു. നൂറുകണക്കിന് അനാഥക്കുട്ടികൾ ഓരോ പാൽപാത്രങ്ങളുമായി ആ വീടിന് മുന്നിൽ വരിയായി നിന്നു. "ഞങ്ങളുടെ പിതാവിന് നൽകാൻ ഞങ്ങളുടെ പക്കൽ ഈ പാലേ ഉള്ളൂ" എന്ന് അവർ വിതുമ്പിക്കൊണ്ട് പറഞ്ഞു. ആ സ്നേഹത്തിന് മുൻപിൽ കൂഫയിലെ മുതിർന്ന നേതാക്കളും പണ്ഡിതന്മാരും തല കുനിച്ചു. താൻ മരിക്കുമ്പോഴും തന്റെ അനാഥകളെ സംരക്ഷിക്കണമെന്ന് മക്കളോട് വസിയ്യത്ത് ചെയ്ത ആ മനസ്സ് എത്ര വലിയതായിരുന്നു!
അന്ത്യവിശ്രമത്തിനായുള്ള രഹസ്യയാത്ര
റമദാൻ 21-ാം രാവിൽ അമീറുൽ മുഅ്മിനീന് സയ്യിദുനാ മൗലാ അലി (റ) തന്റെ ഐഹിക ജീവിതം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ വിശുദ്ധ ശരീരം എവിടെ സംസ്കരിക്കണം എന്നതിലും ഒരു ദിവ്യരഹസ്യം ഒളിഞ്ഞിരുന്നു. തന്നെ അതീവ രഹസ്യമായി സംസ്കരിക്കാൻ അവിടുന്ന് നിർദ്ദേശിച്ചു. ഇമാം തന്റെ മക്കളായ സയ്യിദുനാ ഹസനോടും (റ) സയ്യിദുനാ ഹുസൈനോടും (റ) പറഞ്ഞു: "എന്റെ ജനാസ ഒരു ഒട്ടകത്തിന്റെ പുറത്ത് വെക്കുക. ആ ഒട്ടകം മുന്നോട്ട് നടക്കും. അതിന്റെ കടിഞ്ഞാൺ ആരും പിടിക്കേണ്ടതില്ല. അത് എവിടെ പോയി മുട്ടുകുത്തുന്നുവോ അവിടെ എന്നെ അടക്കം ചെയ്യുക". ആത്മീയമായ മറ്റൊരു രഹസ്യം, ആ ഒട്ടകത്തെ നയിക്കാൻ ഒരു അദൃശ്യ വ്യക്തി (ചിലർ അത് ഖിള്ർ അലൈഹിസ്സലാമാണെന്ന് വിശ്വസിക്കുന്നു) ഉണ്ടായിരുന്നു എന്നതാണ്. ഒടുവിൽ കൂഫയിൽ നിന്ന് അകലെയുള്ള നജഫിലെ ഒരു മണൽക്കുന്നിൽ ആ ഒട്ടകം നിന്നു. അവിടെ ഖബറിനായി മണ്ണ് നീക്കിയപ്പോൾ നേരത്തെ തന്നെ തയ്യാറാക്കിയ ഒരു ഖബർ അവിടെ കണ്ടു എന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. വർഷങ്ങളോളം രഹസ്യമായി സൂക്ഷിക്കപ്പെട്ട ആ സ്ഥലം പിന്നീട് ഹാറൂൺ റഷീദിന്റെ കാലത്താണ് പരസ്യമാക്കപ്പെട്ടത്. ഇന്ന് നജഫ് ലോകത്തെ ഏറ്റവും വലിയ ആത്മീയ ആശ്രയ കേന്ദ്രങ്ങളിലൊന്നായി നിലകൊള്ളുന്നു.
ആത്മീയ വസിയ്യത്ത്: വരും തലമുറകൾക്കുള്ള സന്ദേശം
അമീറുൽ മുഅ്മിനീന് സയ്യിദുനാ മൗലാ അലി (റ) തന്റെ അവസാന നിമിഷങ്ങളിൽ മക്കൾക്ക് നൽകിയ വസിയ്യത്ത് കേവലം കുടുംബപരമായ ഒന്നായിരുന്നില്ല, മറിച്ച് മുഴുവൻ മുസ്‌ലിം ഉമ്മത്തിനുള്ള ഭരണഘടനയായിരുന്നു. അത് ആത്മീയതയും സാമൂഹിക നീതിയും ഒത്തുചേർന്ന ഒന്നായിരുന്നു. അവിടുന്ന് പറഞ്ഞു: "ഞാൻ നിങ്ങളോട് വസിയ്യത്ത് ചെയ്യുന്നു, നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. ലോകം നിങ്ങളെ തേടി വന്നാലും നിങ്ങൾ ലോകത്തെ തേടി പോകരുത്. നിങ്ങൾക്ക് ലഭിക്കാത്ത കാര്യങ്ങളിൽ സങ്കടപ്പെടരുത്. സത്യം മാത്രം പറയുക. പ്രതിഫലം അല്ലാഹുവിൽ നിന്ന് മാത്രം ആഗ്രഹിക്കുക".അയൽവാസികളോടുള്ള പെരുമാറ്റം, ഖുർആൻ പഠനം, നിസ്കാരത്തിന്റെ പ്രാധാന്യം, ദാനധർമ്മങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അവിടുന്ന് വളരെ ഗഹനമായി സംസാരിച്ചു. "നന്മ കൽപ്പിക്കുകയും തിന്മ തടയുകയും ചെയ്യുന്നത് നിങ്ങൾ ഉപേക്ഷിക്കരുത്. അങ്ങനെ ചെയ്താൽ നിങ്ങളിൽ ഏറ്റവും മോശപ്പെട്ടവർ നിങ്ങളുടെ ഭരണാധികാരികളായി വരും. അപ്പോൾ നിങ്ങൾ പ്രാർത്ഥിച്ചാലും അല്ലാഹു ഉത്തരം നൽകില്ല" എന്ന അവിടുത്തെ താക്കീത് ഇന്നും പ്രസക്തമാണ്.
ഇമാം ഹസൻ(റ), ഇമാം ഹുസൈൻ(റ), അബ്ബാസ്(റ) തുടങ്ങി തന്റെ ഓരോ മക്കളോടും അവിടുന്ന് ദീർഘമായ ഉപദേശങ്ങൾ നൽകി. "മകനേ, നിന്റെ ജ്യേഷ്ഠൻ നിന്റെ നേതാവാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങളെ നീ ബഹുമാനിക്കണം," എന്ന് അവിടുന്ന് ഇമാം ഹുസൈൻ(റ)നോട് നിർദ്ദേശിച്ചു. ഇമാം ഹസൻ (റ) വിന്റെ കാലശേഷം ഉമ്മത്തിന്റെ ഉത്തരവാദിത്തം ഹുസൈൻ (റ) വിലേക്ക് എത്തുന്നത്തിൻറെ ജ്ഞാനോപദേശങ്ങളും അവിടുന്ന് കൈമാറി.
ഇമാം മൗലാ അലി(റ)ന് തന്റെ പത്നി ഉമ്മുൽ ബനീനിലെ ജനിച്ച പുത്രൻ അബ്ബാസ് (റ) വിനെ (അദ്ദേഹം അന്ന് കൗമാരക്കാരനായിരുന്നു) അടുത്തേക്ക് വിളിച്ചു. അബ്ബാസ് (റ) വിന്റെ കൈകൾ പിടിച്ച് ഇമാം ഹുസൈൻ (റ) വിന്റെ കൈകളിൽ വെച്ചുകൊണ്ട് അവിടുന്ന് ഇപ്രകാരം പറഞ്ഞു: "അബ്ബാസ്, നീ എന്റെ കണ്മണിയാണ്. ഹുസൈൻ ഫാത്തിമയുടെ പുത്രനാണ്. കർബലയുടെ മണ്ണിൽ അവൻ ഏകനാകുകയും ലോകം മുഴുവൻ അവനെതിരെ തിരിയുകയും ചെയ്യുന്ന ഒരു കാലം വരും. അന്ന് നിന്റെ സർവ്വ ശക്തിയുമുപയോഗിച്ച് അവനെ സംരക്ഷിക്കണം. നിന്റെ ജീവൻ നൽകിയും അവന് കാവലായിരിക്കണം." ഈ വസ്വിയ്യത്താണ് പിൽക്കാലത്ത് കർബലയിലെ യുദ്ധക്കളത്തിൽ നാം കണ്ടത്. ഇമാം ഹുസൈൻ (റ) വിന് വേണ്ടി തന്റെ രണ്ട് കൈകളും ജീവനും ബലിനൽകി അബ്ബാസ് (റ) തന്റെ പിതാവിനോട് നൽകിയ വാക്ക് പാലിച്ചു.
ഇമാം മൗലാ അലി (റ) വിന്റെ പ്രിയ പുത്രി ബീവി സൈനബ് (റ) തന്റെ പിതാവിന്റെ അവസ്ഥ കണ്ട് വിതുമ്പിയപ്പോൾ അവിടുന്ന് മകളെ അടുത്തുവിളിച്ച് ആശ്വസിപ്പിച്ചു. ഭാവിയിൽ കർബലയുൾപ്പെടെയുള്ള പരീക്ഷണങ്ങളിൽ സൈനബ് (റ) വഹിക്കേണ്ടി വരുന്ന ധീരമായ പങ്കിനെക്കുറിച്ച് അവിടുന്ന് സൂചന നൽകുകയും ക്ഷമയോടെയിരിക്കാൻ ഉപദേശിക്കുകയും ചെയ്തു.
മക്കളെല്ലാവരും ഒരേ മനസ്സോടെ കഴിയണമെന്നും, സയ്യിദതുനാ ഫാഥ്വിമ (റ) വിന്റെ മക്കളായ ഇമാം ഹസൻ(റ), ഇമാം ഹുസൈൻ(റ) എന്നിവരോട് അങ്ങേയറ്റത്തെ ആദരവ് പുലർത്തണമെന്നും മറ്റ് മക്കളോട് അദ്ദേഹം വസ്വിയ്യത്ത് ചെയ്തു. ഈ സ്നേഹവും ഐക്യവുമാണ് പിൽക്കാലത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗങ്ങൾക്ക് അവർക്ക് കരുത്തേകിയത്.
അമീറുൽ മുഅ്മിനീൻ സയ്യിദുനാ മൗലാ അലി (റ) വിന്റെ വിയോഗത്തിന് തൊട്ടുപിന്നാലെ, കൂഫയിലെ വലിയ പള്ളിയിൽ വെച്ച് മകൻ ഇമാം ഹസൻ (റ) നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. ദുഃഖഭാരത്താൽ വിറങ്ങലിച്ചു നിന്ന ജനതയ്ക്ക് മുൻപിൽ തന്റെ പിതാവിന്റെ മഹത്വവും ആ നിമിഷത്തിന്റെ ഗൗരവവും അവിടുന്ന് വരച്ചുകാട്ടി.
ഇമാം ഹസൻ (റ) പറഞ്ഞു, "ജനങ്ങളേ, കഴിഞ്ഞുപോയവർക്ക് വിജ്ഞാനത്താൽ മറികടക്കാൻ കഴിയാത്തവരും, വരാനിരിക്കുന്നവർക്ക് കർമ്മങ്ങളാൽ എത്തിപ്പിടിക്കാൻ കഴിയാത്തവരുമായ ഒരു വ്യക്തിത്വമാണ് ഇന്ന് നിങ്ങളിൽ നിന്ന് വിട്ടുപിരിഞ്ഞിരിക്കുന്നത്. അല്ലാഹുവിന്റെ റസൂൽ (സ) യുദ്ധത്തിന് അയക്കുമ്പോൾ ജിബ്‌രീൽ (അ) വലതുഭാഗത്തും മീക്കാഈൽ (അ) ഇടതുഭാഗത്തും അദ്ദേഹത്തിന് കാവൽ നിൽക്കാറുണ്ടായിരുന്നു."
ആ രാത്രിയുടെ പവിത്രതയെക്കുറിച്ച് അവിടുന്ന് ഇപ്രകാരം ഓർമ്മിപ്പിച്ചു, "മൂസാ നബി (അ) വഫാത്തായ അതേ രാത്രിയിലാണ് ഇമാമും വിടപറഞ്ഞത്. ഈസാ നബി (അ) ആകാശത്തേക്ക് ഉയർത്തപ്പെട്ടതും ഇതേ രാത്രിയിലാണ്. വിശുദ്ധ ഖുർആൻ ഭൂമിയിലേക്ക് ഇറക്കപ്പെട്ടതും ഇതേ പവിത്രമായ രാത്രിയിലാണ്."
തന്റെ പിതാവ് എത്രത്തോളം ലളിതമായാണ് ജീവിച്ചതെന്ന് ഇമാം ഹസൻ (റ) ജനങ്ങളോട് വിവരിച്ചു. ശഹാദത്ത് വേളയിൽ അവിടുത്തെ പക്കൽ ആകെയുണ്ടായിരുന്നത് വളരെ തുച്ഛമായ സമ്പാദ്യം മാത്രമായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.
സൂഫീ ജ്ഞാന പാരമ്പര്യങ്ങളിൽ ഇമാം മൗലാ അലി (റ) വിയോഗം ഒരു വലിയ ദാർശനിക സംഭവമാണ്. "മരിക്കും മുൻപേ മരിക്കുക" (മൂത്തൂ ഖബ്‌ല അൻ തമൂത്തൂ) എന്ന തത്ത്വത്തിന്റെ പ്രായോഗിക രൂപമായിരുന്നു അവിടുത്തെ ജീവിതമെന്ന് ആത്മീയ ജ്ഞാനികൾ വിശ്വസിക്കുന്നു. ഇമാം(മൗലാ അലി റ) തന്റെ ശരീരത്തെയും മനസ്സിനെയും പൂർണ്ണമായും അല്ലാഹുവിൽ ലയിപ്പിച്ചിരുന്നു. അതിനാൽ തന്നെ മരണത്തെ അവിടുന്ന് ഒരു സുഹൃത്തിനെപ്പോലെയാണ് സ്വാഗതം ചെയ്തത്.മഹാകവി അത്താർ അദ്ദേഹത്തെ വിശേഷിപ്പിച്ചത് "ജ്ഞാനികളുടെ രഹസ്യമായ ദിവ്യത്വം" എന്നാണ്. പ്രവാചക(സ)നിൽ നിന്ന് ലഭിച്ച ആത്മീയ രഹസ്യങ്ങൾ തന്റെ പാരമ്പര്യം വഴി വരുംതലമുറകളിലേക്ക് അവിടുന്ന് കൈമാറി. ഇന്നും ഒട്ടുമിക്ക സൂഫീ സിൽസിലകളും (പരമ്പരകൾ) ഇമാം മൗലാ അലി (റ) വഴിയാണ് നബി ﷺ യിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശഹാദത്ത് രാത്രി വെറുമൊരു മരണമല്ല, മറിച്ച് ആത്മീയതയുടെ കവാടം ലോകത്തിന് മുൻപിൽ തുറക്കപ്പെട്ട രാത്രിയാണ്.
അമീറുൽ മുഅ്മിനീന് സയ്യിദുനാ മൗലാ അലി ഇബ്‌നു അബീത്വാലിബിന്റെ (റ) ശഹാദത്ത് ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ളതും എന്നാൽ വേദനാജനകവുമായ ഒരു അധ്യായമാണ്. കഅബയിൽ ആരംഭിച്ച് മസ്ജിദിൽ വിസ്വാലായ ആ പുണ്യജീവിതം ഓരോ വിശ്വാസിക്കും വലിയ പാഠങ്ങൾ നൽകുന്നു. നീതിക്ക് വേണ്ടി നിലകൊള്ളുന്നവർ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങൾ എത്ര വലുതാണെന്നും, എന്നാൽ അല്ലാഹുവിലുള്ള വിശ്വാസം കൊണ്ട് അതിനെയെല്ലാം എങ്ങനെ നേരിടാമെന്നും അവിടുന്ന് കാണിച്ചുതന്നു.ആ രാത്രിയിലെ അത്ഭുതങ്ങളും പ്രകൃതിയുടെ വിലാപവും അനാഥകളുടെ സ്നേഹവുമെല്ലാം അദ്ദേഹം അല്ലാഹുവിന്റെ അടുക്കൽ എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു എന്നതിന്റെ സാക്ഷ്യപത്രങ്ങളാണ്. "ഫുസ്‌തു വ റബ്ബിൽ കഅബ" എന്ന് അവിടുന്ന് വിളിച്ചു പറഞ്ഞപ്പോൾ, അത് കേവലം ഒരു മനുഷ്യന്റെ വിജയമായിരുന്നില്ല, മറിച്ച് സത്യം എക്കാലവും നിലനിൽക്കുമെന്നതിന്റെ പ്രഖ്യാപനമായിരുന്നു. അവിടുത്തെ നീതിയും കാരുണ്യവും ജ്ഞാനവും ഇന്നും ലോകത്തിന് വെളിച്ചം നൽകിക്കൊണ്ടിരിക്കുന്നു. നജഫിലെ ആ മണൽക്കുന്നിൽ വിശ്രമിക്കുന്ന ആ മഹാസൂര്യൻ ഇന്നും കോടിക്കണക്കിന് ഹൃദയങ്ങളിൽ ലോകാവസാനം തൗഹീദീ ജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.