Top pics

6/recent/ticker-posts

തിരുനബി(സ)യുടെ ഹൃദയാഭിലാഷവും ഖിബ്‌ലമാറ്റത്തിൻ്റെ ആത്മീയ രഹസ്യങ്ങളും



 قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِي السَّمَاءِ ۖ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا ۚ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ ۗ وَإِنَّ الَّذِينَ أُوتُوا الْكِتَابَ لَيَعْلَمُونَ أَنَّهُ الْحَقُّ مِن رَّبِّهِمْ ۗ وَمَا اللَّهُ بِغَافِلٍ عَمَّا يَعْمَلُونَ

നബിയേ, താങ്കളുടെ മുഖം പലപ്പോഴും ആകാശത്തേക്കുയരുന്നത് നാം കാണുന്നുണ്ട്. അതുകൊണ്ട് താങ്കള് തൃപ്തിപ്പെടുന്ന ഖിബ്‌ലയിലേക്ക് നാം അങ്ങയെ അഭിമുഖീകരിപ്പിക്കുകയാണ്-മസ്ജിദുല് ഹറാമിന്റെ ഭാഗത്തേക്ക് മുഖം തിരിക്കുക. നിങ്ങള് എവിടെയാണെങ്കിലും ഇനി ആ ദിശയിലേക്ക് അഭിമുഖീകരിക്കുക. ഇതു തങ്ങളുടെ നാഥന്റെ പക്കല് നിന്നുള്ള സത്യം തന്നെയാണെന്നു വേദം നല്കപ്പെട്ടവര്ക്കറിയാം. അവരുടെ ചെയ്തികളെപ്പറ്റി അല്ലാഹു ഒട്ടുമേ അശ്രദ്ധനല്ല.
വിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായമായ സൂറത്തുൽ ബഖറയിലെ നൂറ്റിനാല്പത്തിനാലാം സൂക്തം കേവലമൊരു ചരിത്ര സംഭവത്തിൻ്റെ വിവരണമല്ല, മറിച്ച് അത് അല്ലാഹുവും അവൻ്റെ പ്രിയപ്പെട്ട റസൂലും(സ) തമ്മിലുള്ള അത്യഗാധമായ പ്രണയത്തിൻ്റെയും ആത്മബന്ധത്തിൻ്റെയും അത്യുന്നതമായ ആവിഷ്കാരമാണ്. ഈ നിർണ്ണായക വഴിത്തിരിവിനെക്കുറിച്ചു ജ്ഞാനിശ്രേഷ്ഠർ നൽകുന്ന വിശദീകരണങ്ങൾ ഭൗതികമായ കാഴ്ചപ്പാടുകൾക്കപ്പുറം ഹൃദയത്തിൻ്റെ ആന്തരിക ലോകത്തെ കേന്ദ്രീകരിച്ചുള്ളതാണ്. അവരത്രയും ഖിബ്‌ല മാറ്റം എന്ന ചരിത്ര പ്രക്രിയയെ ഒരു ആത്മീയ പരിവർത്തനമായി വിശകലനം ചെയ്യുന്നു. മസ്ജിദുൽ അഖ്‌സയിൽ നിന്ന് കഅ്ബാ ശരീഫിലേക്കുള്ള മാറ്റം പ്രവാചക(സ) ഹൃദയത്തിലെ ആന്തരികമായ ഒരു അവസ്ഥയുടെ വെളിപ്പെടലായിരുന്നു. പ്രപഞ്ചനാഥൻ തൻ്റെ പ്രിയപ്പെട്ട ദൂതൻ്റെ ഇഷ്ടത്തെ പ്രപഞ്ചത്തിൻ്റെ പൊതുവായ ദിശയായി മാറ്റുന്ന പ്രക്രിയയെയാണ് ഇവിടെ നാം ദർശിക്കുന്നത്.
ഈ സൂക്തത്തിലെ ഓരോ പദവും ആത്മീയ ദർശനങ്ങളാൽ സമ്പന്നമാണ്. 'തഖല്ലുബ്' (تقلب) എന്ന പദത്തിന് മുഖം തിരിക്കുക അല്ലെങ്കിൽ മറിയുക എന്നൊക്കെയാണ് അർത്ഥം. ഭാഷാപരമായി 'ഖൽബ്' (ഹൃദയം) എന്ന വാക്കുമായി ഇതിന് അഭേദ്യമായ ബന്ധമുണ്ട്. ശൈഖുൽ അക്ബർ ഇബ്നു അറബി(റ) തന്റെ ദർശനങ്ങളിൽ വ്യക്തമാക്കുന്നത് പോലെ, ഹൃദയത്തെ ഹൃദയം എന്ന് വിളിക്കുന്നത് തന്നെ അത് എപ്പോഴും മറിഞ്ഞുകൊണ്ടിരിക്കുന്നത് കൊണ്ടാണ്. അല്ലാഹുവിൻ്റെ ഓരോ നിമിഷത്തെയും വെളിപാടുകൾക്ക് (തജല്ലിയാത് ) അനുസൃതമായി ഹൃദയം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു.തിരുനബി(സ)യുടെ മുഖം ആകാശത്തേക്ക് തിരിയുന്നത് അവിടുത്തെ അന്തരംഗത്തിൽ സംഭവിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ പ്രതിഫലനമാണ്. പതിനാറോ പതിനേഴോ മാസക്കാലം ബൈത്തുൽ മുഖദ്ദസിലേക്ക് തിരിഞ്ഞു പ്രാർത്ഥിക്കുമ്പോഴും തിരുനബി(സ)യുടെ ഹൃദയം കഅ്ബയുമായുള്ള ആത്മബന്ധത്തിലായിരുന്നു. ഇത് കേവലമൊരു ഗോത്രീയ മമതയോ നാടിനോടുള്ള സ്നേഹമോ ആയിരുന്നില്ല, മറിച്ച് തൗഹീദിൻ്റെ പിതാവായ ഇബ്രാഹിം നബി(അ)യുടെ പാതയിലേക്കുള്ള ആത്മീയമായ തിരിച്ചുവരവായിരുന്നു. ഖിബ്‌ലയുടെ ഈ മാറ്റം ആത്മീയ പന്ഥാവിലെ ഒരു സഞ്ചാരി തൻ്റെ ബാഹ്യമായ വിതാനങ്ങളിൽ നിന്ന് ആന്തരികമായ സത്യത്തിലേക്ക് (ഹഖീഖത്) നടത്തുന്ന പലായനത്തെ കുറിക്കുന്നു.
ശൈഖുൽ അക്ബർ ഇബ്നു അറബി(റ)യുടെ വീക്ഷണത്തിൽ പ്രപഞ്ചത്തിൻ്റെ കേന്ദ്രബിന്ദു തിരുനബി(സ) ഹൃദയമാണ്. അല്ലാഹു തൻ്റെ പ്രിയതമൻ്റെ മുഖം ആകാശത്തേക്ക് തിരിയുന്നത് കാണുന്നു എന്ന് പറയുമ്പോൾ അത് തിരുനബി(സ)യുടെ അന്തരംഗത്തിലെ മൗനമായ പ്രാർത്ഥനയെയും ഇലാഹീ അനുരാഗത്തെയും ആണ് സൂചിപ്പിക്കുന്നത്. ആകാശമെന്നത് ഇവിടെ ഉന്നതമായ ആത്മീയ പദവികളുടെ രൂപകമാണ്. തിരുനബി(സ)യുടെ ഓരോ നിശ്വാസവും അല്ലാഹുവിൻ്റെ പ്രീതിക്കായി ഉഴിഞ്ഞുവെച്ചതായിരുന്നു. തൻ്റെ ഇഷ്ടത്തേക്കാൾ അല്ലാഹുവിൻ്റെ ഇഷ്ടത്തിന് മുൻഗണന നൽകുന്ന തിരുനബി(സ)ക്ക്, അല്ലാഹു അവിടുത്തെ ഇഷ്ടം തൻ്റെ ഇഷ്ടമായി പ്രഖ്യാപിക്കുന്ന വിസ്മയകരമായ കാഴ്ചയാണ് ഈ സൂക്തത്തിൽ നാം ദർശിക്കുന്നത്.
ഹൃദയത്തിൻ്റെ നിരന്തരമായ ചലനത്തെ (തഖല്ലുബ് ) കുറിച്ച് ഇബ്നു അറബി വിശദീകരിക്കുന്നത് അത് അല്ലാഹുവിൻ്റെ ഗുണവിശേഷങ്ങൾക്കനുസരിച്ച് (സിഫാത് ) സ്വയം മാറുന്ന ഒന്നാണെന്നാണ്. തിരുനബി(സ) ഈ മാറ്റമാണ് ആത്യന്തികമായി പ്രവാചകനെ കഅ്ബയിലേക്ക് എത്തിച്ചത്. കഅ്ബ എന്നത് കേവലം കല്ലുകൾ കൊണ്ട് നിർമ്മിച്ച ഒരു ഘടനയല്ല, മറിച്ച് അത് പ്രപഞ്ചത്തിൻ്റെ നാഭിയും ഇലാഹീ സാന്നിധ്യത്തിൻ്റെ ബാഹ്യരൂപവുമാണ്.ഈ ദർശനത്തിൽ ഖിബ്‌ല മാറ്റം എന്നത് മനുഷ്യൻ തന്നിലെ തന്നെ ആത്മീയ കേന്ദ്രത്തെ കണ്ടെത്തലാണ്. മസ്ജിദുൽ അഖ്‌സയിൽ നിന്ന് മസ്ജിദുൽ ഹറാമിലേക്കുള്ള മാറ്റം ബാഹ്യമായ നിയമങ്ങളിൽ നിന്ന് ആന്തരികമായ രഹസ്യങ്ങളിലേക്കുള്ള (അസ്റാർ ) പരിവർത്തനമാണ്. "നീ എവിടേക്ക് തിരിഞ്ഞാലും അവിടെ അല്ലാഹുവിൻ്റെ മുഖമുണ്ട്" എന്ന ഖുർആനിക തത്വം തിരുനബി(സ)യുടെ ഈ മാറ്റത്തിലൂടെ കൂടുതൽ വ്യക്തമാകുന്നു. കഅ്ബയെ ഒരു പ്രതിരൂപമായി സ്വീകരിച്ചതിലൂടെ വിശ്വാസികൾക്ക് തങ്ങളുടെ ആത്മീയ ഊർജ്ജത്തെ ഒരിടത്തേക്ക് കേന്ദ്രീകരിക്കാൻ അല്ലാഹു അവസരമൊരുക്കി.
ഇബ്നു അജീബ(റ) തൻ്റെ 'ബഹ്‌റുൽ മദീദിൽ' ഈ ആയത്തിനെ അതീവ ഹൃദ്യമായാണ് വിവരിക്കുന്നത്. അവിടുത്തെ അഭിപ്രായത്തിൽ ഈ ആയത്ത് പ്രവാചക(സ)ൻ്റെ അല്ലാഹുവിങ്കലുള്ള ഉന്നതമായ ആദരവിനെ (തശ്‌രീഫ്) കാണിക്കുന്നു. അവിടുന്ന് ആവശ്യപ്പെടാതെ തന്നെ അവിടുത്തെ ഹൃദയാഭിലാഷം അറിഞ്ഞ് അത് പൂർത്തിയാക്കി കൊടുക്കുന്നതിലൂടെ അല്ലാഹു തൻ്റെ പ്രിയതമനെ ആദരിക്കുകയായിരുന്നു. ഈ സ്നേഹബന്ധം കേവലം വാക്കുകൾക്ക് അതീതമാണ്.
ആരിഫുകളുടെ കാഴ്ചപ്പാടിൽ ഖിബ്‌ല പല തലങ്ങളിലുണ്ട്. സാധാരണക്കാർക്ക് അത് കഅ്ബയുടെ ദിശയാണെങ്കിൽ, ജ്ഞാനികൾക്ക് അത് അല്ലാഹുവിൻ്റെ ജമാൽ (സൗന്ദര്യം) ആണ്. ഇബ്നു അജീബ(റ) വിവരിക്കുന്ന ഒരു കവിതയിൽ ഇപ്രകാരം പറയുന്നു: "എൻ്റെ ഖിബ്‌ല നീയാണ്, ഞാൻ എവിടെ നോക്കിയാലും നിൻ്റെ സൗന്ദര്യത്തെ കാണുന്നു". തിരുനബി(സ)യുടെ മുഖം ആകാശത്തേക്ക് ഉയർന്നത് അദൃശ്യമായ ആ സൗന്ദര്യത്തിൻ്റെ പ്രകാശത്തെ തേടിയായിരുന്നു. ഈ ആയത്തിലെ 'ഫല നുവല്ലിയന്നക്ക' (തീർച്ചയായും നാം അങ്ങയെ തിരിക്കാം) എന്ന പ്രയോഗത്തിലെ 'ലാം', 'നൂൻ' എന്നിവ ഉറപ്പിനെ സൂചിപ്പിക്കുന്നു. ഇത് കാണിക്കുന്നത് തിരുനബി(സ)യുടെ ആഗ്രഹം അല്ലാഹു അറിഞ്ഞുവെന്നും അത് നടപ്പിലാക്കാൻ അല്ലാഹു കാത്തിരിക്കുകയായിരുന്നു എന്നുമാണ്.
തിരുനബി(സ)യുടെ 'അദബ്' (മര്യാദ) ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്. അവിടുന്ന് നാവുകൊണ്ട് ഖിബ്‌ല മാറ്റം ചോദിച്ചില്ല. മറിച്ച് തൻ്റെ താല്പര്യം അല്ലാഹുവിൻ്റെ ശ്രദ്ധയിൽ പെടുത്തിയത് തൻ്റെ മുഖത്തിൻ്റെ ആ ഒരു ചെറിയ ചലനം കൊണ്ടാണ്. പ്രിയപ്പെട്ടവൻ്റെ മൗനത്തിലുള്ള പ്രാർത്ഥനയാണ് പ്രിയതമന് ഏറ്റവും പ്രിയങ്കരം എന്ന തത്വമാണിത്.
വിശ്വപ്രസിദ്ധമായ 'റൂഹുൽ ബയാൻ' എന്ന തഫ്സീറിൽ ശൈഖ് ഇസ്മാഈലുൽ ഹഖി അൽ ബറൂസവി ഈ ആയത്തിനെ അതീവ കാവ്യാത്മകമായാണ് വിശകലനം ചെയ്യുന്നത്. അദ്ദേഹം തിരുനബി(സ)യും അല്ലാഹുവും തമ്മിലുള്ള സ്നേഹത്തിൻ്റെ ആഴം വർണ്ണിക്കുന്നു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ കഅ്ബ ഒരു കാന്തിക കേന്ദ്രമാണ്. പ്രവാചക ഹൃദയത്തിന് ആ കാന്തികതയെ നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞിരുന്നു. ബറൂസവി(റ)യുടെ വീക്ഷണത്തിൽ ഖിബ്‌ല മാറ്റം മുസ്ലിം ഉമ്മത്തിൻ്റെ ആത്മീയ വിജയത്തിൻ്റെ അടയാളമാണ്. ബൈത്തുൽ മുഖദ്ദസ് മുൻകാല പ്രവാചകന്മാരുടെ കേന്ദ്രമായിരുന്നു. എന്നാൽ കഅ്ബ തൗഹീദിൻ്റെ ആദിമ കേന്ദ്രമാണ്. തിരുനബി(സ) കഅ്ബയിലേക്ക് തിരിഞ്ഞതിലൂടെ ഇബ്രാഹിം നബി(അ)യുടെയും ഇസ്മായിൽ നബി(അ)യുടെയും പൈതൃകം വീണ്ടെടുക്കപ്പെടുകയായിരുന്നു. ഇത് ഇസ്‌ലാമിൻ്റെ സാർവ്വലൗകികതയെയും പാരമ്പര്യത്തെയും ഒരേപോലെ അടയാളപ്പെടുത്തുന്നു.
'റൂഹുൽ ബയാനിൽ' പറയുന്ന മറ്റൊരു രഹസ്യം 'വജ്ഹ്' (മുഖം) എന്ന പദത്തിൻ്റെ പ്രയോഗമാണ്. മുഖം എന്നത് ശരീരത്തിൻ്റെ പ്രഭാവ കേന്ദ്രമാണ്. മുഖം കഅ്ബയിലേക്ക് തിരിക്കുമ്പോൾ ശരീരം മുഴുവനായി തിരിയുന്നു. ഇതിൻ്റെ ആന്തരിക അർത്ഥം നമ്മുടെ എല്ലാ അവയവങ്ങളും എല്ലാ വികാരങ്ങളും അല്ലാഹുവിലേക്ക് തിരിയണം എന്നതാണ്. ആകാശത്തേക്ക് മുഖം ഉയർത്തിയ നബി(സ)യുടെ ആ കാത്തിരിപ്പിനെ ബറൂസവി(റ) ഉപമിക്കുന്നത് പെയ്തു തുടങ്ങാൻ പോകുന്ന മഴക്കായി കൊതിക്കുന്ന താമരപ്പൂവിനോടാണ്. ആ മഴയായിരുന്നു ഖിബ്‌ല മാറ്റത്തിൻ്റെ കൽപ്പന.
സൂഫീ ലോകത്തെ അതികായനായ ശൈഖ് നജ്മുദ്ദീൻ കുബ്റ(റ) തന്റെ 'തഅ്‌വീലാതുന്നജ്മിയ്യ'യിൽ ഖിബ്‌ല മാറ്റത്തെ ആത്മാവിൻ്റെ ഏഴു തലങ്ങളുമായി ബന്ധിപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ മനുഷ്യൻ്റെ ഓരോ അവസ്ഥയ്ക്കും ഓരോ ഖിബ്‌ലയുണ്ട്. 'നഫ്‌സ്' (അധമ പ്രകൃതി) ഭൗതിക സുഖങ്ങളിലേക്ക് തിരിയുമ്പോൾ, 'റൂഹ്' (ആത്മാവ്) പ്രകാശത്തിലേക്ക് തിരിയുന്നു.നജ്മുദ്ദീൻ കുബ്റ(റ) ഈ ആയത്തിലെ 'സമാഅ്' (ആകാശം) എന്നതിനെ വിശേഷിപ്പിക്കുന്നത് അത് തിരുനബി(സ)യുടെ ഉന്നതമായ ബോധമണ്ഡലമാണ് എന്നാണ്. തിരുനബി(സ) തൻ്റെ ഹൃദയം കൊണ്ട് ആകാശങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവിടുത്തെ മുഖം ആകാശത്തേക്ക് തിരിഞ്ഞത് കേവലം ഭൗതികമായ കാഴ്ചയല്ല, മറിച്ച് ദിവ്യരഹസ്യങ്ങൾ വെളിപ്പെടുന്ന 'ആലം അൽ മലകൂത്ത്' എന്ന മണ്ഡലത്തിലേക്കുള്ള നോട്ടമായിരുന്നു.
നജ്മുദ്ദീൻ കുബ്റ(റ)യുടെ വിശദീകരണ പ്രകാരം ഈ ആയത്ത് ഒരു സാലികിന് അഥവാ ഒരു പൂർണ്ണനായ മുർശിദിന്റെ കരം പിടിച്ചു അല്ലാഹുവിലേക്ക് സഞ്ചരിക്കുന്നവന് നൽകുന്ന സന്ദേശം ഇതാണ്: നിൻ്റെ മുഖം നീ എവിടേക്ക് തിരിക്കുന്നുവോ അവിടെ നിൻ്റെ ലക്ഷ്യം നിശ്ചയിക്കപ്പെടുന്നു. മുനാഫിഖുകൾക്ക് കഅ്ബ കേവലം ഒരു ദിശ മാത്രമായിരുന്നപ്പോൾ മുഅ്മിനുകൾക്ക് അത് അല്ലാഹുവിലേക്കുള്ള പാലമായിരുന്നു. ഖിബ്‌ല മാറ്റം വന്നപ്പോൾ മടിച്ചുനിൽക്കാതെ ഉടനെ തന്നെ തിരിഞ്ഞ സ്വഹാബികളുടെ പ്രവർത്തനം ആത്മീയമായ പൂർണ്ണ സമർപ്പണത്തെയാണ് കാണിക്കുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഉന്നതനായ പണ്ഡിതനും ആത്മജ്ഞാനിയുമായ ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി(റ) തന്റെ 'ഹുജ്ജത്തുല്ലാഹിൽ ബാലിഗ' എന്ന വിശ്വവിഖ്യാത ഗ്രന്ഥത്തിൽ ഖിബ്‌ല മാറ്റത്തിൻ്റെ നിയമപരവും ആത്മീയവുമായ രഹസ്യങ്ങളെ വിശകലനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ആരാധനകൾക്ക് ഒരു ബാഹ്യരൂപം ആവശ്യമാണ്. ആ രൂപത്തിൻ്റെ ആത്മാവാണ് ഖിബ്‌ല.ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി(റ) വ്യക്തമാക്കുന്നത്, ഓരോ കാലഘട്ടത്തിലെയും പ്രവാചകന്മാർക്ക് അല്ലാഹു നൽകുന്ന പ്രത്യേകതകൾ ആ ഉമ്മത്തിൻ്റെ പ്രകൃതിയുമായി ബന്ധപ്പെട്ടതാണെന്നാണ്. തിരുനബി(സ)യുടെ ഹൃദയം പ്രപഞ്ചത്തിൻ്റെ 'മലകൂത്തി' തലവുമായി ബന്ധിക്കപ്പെട്ടതിനാൽ അവിടുത്തെ ഇഷ്ടം എന്നത് അല്ലാഹുവിൻ്റെ പൊതുവായ ഇച്ഛാശക്തിയോട് ചേരുന്നതായിരുന്നു. തിരുനബി(സ) കഅ്ബയെ ഇഷ്ടപ്പെടാൻ കാരണം അത് തൗഹീദിൻ്റെ ആദ്യഗേഹമാണ് എന്നതുകൊണ്ടാണ്. ആ ഇഷ്ടത്തെ പൂർത്തിയാക്കിക്കൊടുക്കുന്നതിലൂടെ അല്ലാഹു മുസ്‌ലിം ഉമ്മത്തിന് ഒരു പുതിയ സ്വത്വം നൽകുകയായിരുന്നു.
ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി(റ) യുടെ വീക്ഷണത്തിൽ ഖിബ്‌ല മാറ്റം എന്നത് ഒരു പരിക്ഷണം കൂടിയായിരുന്നു. ആർക്കാണ് പ്രവാചകനെ പൂർണ്ണമായി വിശ്വസിക്കാൻ കഴിയുക എന്ന് തിരിച്ചറിയാനുള്ള വഴിയാണിത്. ബുദ്ധി കൊണ്ട് ചിന്തിക്കുന്നവർക്ക് ദിശ മാറിയാൽ എന്ത് സംഭവിക്കും എന്ന ചോദ്യം ഉയരാം, എന്നാൽ പ്രണയം കൊണ്ട് ചിന്തിക്കുന്നവർക്ക് തിരുനബി(സ) എവിടേക്ക് തിരിയുന്നുവോ അവിടമാണ് ശരിയായ ദിശ.
ഈ സൂക്തത്തിലെ ഏറ്റവും മനോഹരമായ ഭാഗം "ഖിബ്‌ലതൻ തർളാഹാ" (നിനക്ക് ഇഷ്ടപ്പെട്ട ഖിബ്‌ല) എന്ന പ്രയോഗമാണ്. അല്ലാഹുവിന് തൻ്റെ പ്രിയ ദൂതൻ്റെ(സ) തൃപ്തി എത്രമാത്രം പ്രധാനമാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ഒരു അടിമ അല്ലാഹുവിൻ്റെ തൃപ്തിയാണ് തേടേണ്ടത്, എന്നാൽ ഇവിടെ അല്ലാഹു തൻ്റെ ഹബീബി(സ)ൻ്റെ തൃപ്തിയെയാണ് പരിഗണിക്കുന്നത്. ഇത് പ്രണയത്തിൻ്റെ ഏറ്റവും ഉന്നതമായ അവസ്ഥയായ 'ഫനാ' (അലിഞ്ഞുചേരൽ) എന്നതിനെ സൂചിപ്പിക്കുന്നു.സൂഫികൾ ഈ അവസ്ഥയെ 'രിളാ' (തൃപ്തി) എന്ന് വിളിക്കുന്നു.
തിരുനബി(സ) അല്ലാഹുവിൻ്റെ വിധിയിൽ പൂർണ്ണമായും തൃപ്തനായിരുന്നു, എന്നിട്ടും അല്ലാഹു അവിടുത്തെ ആഗ്രഹത്തെ പരിഗണിച്ചു. തിരുനബി(സ)യെ സ്നേഹിക്കുന്നതിലൂടെ മാത്രമേ അല്ലാഹുവിനെ കണ്ടെത്താൻ കഴിയൂ എന്ന യാഥാർത്ഥ്യത്തെയാണ് ഈ ഖിബ്‌ല മാറ്റം അടയാളപ്പെടുത്തുന്നത്.
മനുഷ്യൻ്റെ ഉള്ളിൽ ഒരു കഅ്ബയുണ്ട് എന്ന് സൂഫികൾ നമ്മെ പഠിപ്പിക്കുന്നു. ശൈഖുൽ അക്ബർ മുഹ്‌യുദ്ധീൻ ഇബ്നു അറബി(റ) പറയുന്നു: "നീ നിൻ്റെ ഉള്ളിലെ കഅ്ബയെ പ്രദക്ഷിണം ചെയ്യുക." തിരുനബി(സ)യുടെ തിരു മുഖം കഅ്ബയിലേക്ക് തിരിഞ്ഞത് പോലെ നമ്മുടെ ഓരോ ശ്വാസവും നമ്മുടെ ആന്തരിക കഅ്ബയായ ഹബീബുല്ലാഹി(സ)യിലേക്ക് തിരിയണം. ബാഹ്യമായ കഅ്ബ നിർമ്മിച്ചത് കല്ലുകൾ കൊണ്ടാണെങ്കിൽ ആന്തരികമായ കഅ്ബ നിർമ്മിച്ചത് അല്ലാഹുവിൻ്റെ നൂർ (പ്രകാശം) കൊണ്ടാണ്.
ഈ ആയത്തിൽ 'وحيث ما كنتم' (നിങ്ങൾ എവിടെയാണെങ്കിലും) എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ഇതിൻ്റെ അർത്ഥം ഭൗതികമായ ദൂരമല്ല, മറിച്ച് ആത്മീയമായ ഏത് അവസ്ഥയിലാണെങ്കിലും നിങ്ങളുടെ ലക്ഷ്യം മാറരുത് എന്നാണ്. സന്തോഷത്തിലും സങ്കടത്തിലും ആരോഗ്യത്തിലും രോഗത്തിലും വിശ്വാസിയുടെ ഖിബ്‌ല ഒന്നായിരിക്കണം. തിരുനബി(സ)യുടെ തിരു മുഖം ആകാശത്തേക്ക് തിരിഞ്ഞത് നമുക്കുള്ള മാതൃകയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ താഴേക്ക് നോക്കാതെ മുകളിലേക്ക് നോക്കുക, അവിടെ നിന്നാണ് സഹായം വരുന്നത്.
ചുരുക്കത്തിൽ ഈ നിർണ്ണായക തീരുമാനം നമ്മെ ബോധ്യപ്പെടുത്തുന്നത് തിരുനബി(സ)യുടെ ഹൃദയാഭിലാഷങ്ങളെ അല്ലാഹു എത്രമാത്രം വിലമതിക്കുന്നു എന്നതിൻ്റെ ഉത്തമ നിദർശനമാണ്. ബൈത്തുൽ മുഖദ്ദസിൽ നിന്ന് കഅ്ബയിലേക്കുള്ള ഖിബ്‌ല മാറ്റം കേവലം ദിശാമാറ്റമല്ല, മറിച്ച് അത് പ്രവാചക പ്രണയത്തിൻ്റെ ഒരു പുതിയ അദ്ധ്യായത്തിൻ്റെ തുടക്കമാണ്.
വിശ്വാസിയുടെ ജീവിതത്തിൽ ഓരോ നിമിഷവും ഓരോ ഖിബ്‌ല മാറ്റമാണ്. ഓരോ ശ്വാസത്തിലും നാം അല്ലാഹുവിലേക്ക് മടങ്ങണം. പ്രവാചകൻ്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞത് പോലെ നമ്മുടെ ഹൃദയങ്ങളും ഉന്നതമായ ലക്ഷ്യങ്ങളിലേക്ക് ഉയരട്ടെ. ഈ ആയത്ത് നമ്മെ പഠിപ്പിക്കുന്നത് നിയമങ്ങൾക്കപ്പുറം തിരുനബി(സ) പ്രണയമാണ് ആരാധനയുടെ ആത്മാവ് എന്നാണ്. പ്രവാചകൻ്റെ തൃപ്തിയെ സ്വന്തം തൃപ്തിയായി മാറ്റിയ അല്ലാഹു, ആ പ്രവാചകനെ പിന്തുടരുന്നവർക്ക് തൻ്റെ കാരുണ്യവും പ്രകാശവും വാഗ്ദാനം ചെയ്യുന്നു.ആത്യന്തികമായി, ഈ ഖിബ്‌ല മാറ്റം നമുക്ക് നൽകുന്ന സന്ദേശം ഐക്യത്തിൻ്റെയും ഏകതയുടെയുമാണ്. ലോകത്തിൻ്റെ ഏത് കോണിലാണെങ്കിലും ഒരേ ദിശയിലേക്ക് തിരിഞ്ഞു നിൽക്കുന്ന വിശ്വാസികൾ ഒരേ ഹൃദയത്തിൻ്റെ സ്പന്ദനങ്ങളാണ് പങ്കിടുന്നത്. ആ ഹൃദയത്തിൻ്റെ ഖിബ്‌ല എന്നും തിരുനബി(സ)യുടെ തൃപ്തിയാണ്.
തിരുനബി (സ) തൻ്റെ തൃപ്തിക്കായി ഖിബ്‌ല മാറ്റം അനുഭവിച്ചത് നമുക്കൊരു വലിയ പാഠമാണ് - അല്ലാഹുവിനോടുള്ള നമ്മുടെ ബന്ധം ഭക്തിയിൽ നിന്ന് അനുരാഗത്തിലേക്ക് വളരുമ്പോൾ, പ്രപഞ്ചത്തിൻ്റെ നിയമങ്ങൾ പോലും നമുക്ക് അനുകൂലമായി മാറും. നമ്മുടെ ഉള്ളിലെ വിരഹവും കാത്തിരിപ്പും അല്ലാഹു കാണുന്നുണ്ട്. ഓരോ വിശ്വാസിയുടെയും ആന്തരികമായ 'തഖല്ലുബിന്' അല്ലാഹു നൽകുന്ന മറുപടിയാണ് ഈ ആയത്ത്. ഹൃദയത്തിൻ്റെ കഅ്ബയെ ശുദ്ധീകരിച്ച്, വിരഹത്തിൻ്റെ ആകാശത്ത് നിന്ന് ലയനത്തിൻ്റെ ഖിബ്‌ലയിലേക്ക് തിരിയുക. അവിടെയാണ് യഥാർത്ഥമായ ആത്മീയ സാക്ഷാത്കാരം കുടികൊള്ളുന്നത്.