Top pics

6/recent/ticker-posts

റമദാൻ സുവിശേഷങ്ങൾ

റമദാൻ ആത്മാവിൻ്റെ അഗാധതയിലേക്കുള്ള ഒരു മഹാതീർത്ഥാടനമാണ്. അത് ആത്മാവ് അതിൻ്റെ സ്രഷ്ടാവിലേക്ക് നടത്തുന്ന അതിദൂരമായ ഒരു പ്രണയയാത്രയാണ്. ജ്ഞാനികൾക്ക് റമദാൻ എന്നത് ശരീരത്തിൻ്റെ പട്ടിണിയല്ല, മറിച്ച് ആത്മാവിൻ്റെ വിരുന്നാണ്. വ്രതം എന്നത് ശരീരത്തെ തളയ്ക്കലല്ല, മറിച്ച് ആത്മാവിനെ ലൗകിക കെട്ടുപാടുകളിൽ നിന്ന് മോചിപ്പിക്കലാണ്.

ആത്മജ്ഞാനികൾ വിശപ്പിനെ വിശേഷിപ്പിക്കുന്നത് 'ഇലാഹീ വെളിപാടുകളുടെ താക്കോൽ' എന്നാണ്. അന്നപാനീയങ്ങൾ ഉപേക്ഷിക്കുമ്പോൾ, ബാഹ്യമായ കോലാഹലങ്ങൾ നിലയ്ക്കുകയും ഹൃദയത്തിൻ്റെ ഉള്ളറകളിൽ പ്രപഞ്ചനാഥൻ്റെ മന്ത്രണം മുഴങ്ങുകയും ചെയ്യുന്നു. അഹന്തയുടെ (നഫ്‌സ്) കോട്ടകൾ തകർത്ത്, 'ഞാൻ' എന്ന മിഥ്യാബോധത്തെ റമദാൻ്റെ വിശുദ്ധ അഗ്നിയിൽ ദഹിപ്പിച്ച്, 'പരമമായ സത്യത്തിൽ' (അൽ-ഖഖ്) ലയിച്ചുചേരാനുള്ള അസുലഭ അവസരമാണിത്. സ്നേഹത്തിൻ്റെയും കരുണയുടെയും നിലക്കാത്ത പ്രവാഹമൊഴിക്കുന്ന വിശുദ്ധ ദിനരാത്രങ്ങളാണിത്.
വിശ്വ വിഖ്യാതരായ ജലാലുദ്ദീൻ റൂമി(റ) പറയുന്നതു പോലെ,
"വയറിൻ്റെ ശൂന്യതയിൽ ഒളിഞ്ഞിരിക്കുന്ന ഒരു മാധുര്യമുണ്ട്,
നാം വെറുമൊരു പുല്ലാങ്കുഴൽ മാത്രമാണ്, മറ്റൊന്നുമല്ല.
വാദ്യോപകരണം നിറഞ്ഞിരുന്നാൽ അതിൽ നിന്ന് സംഗീതം ഉയരില്ല,
എന്നാൽ വയറും മസ്തിഷ്കവും വ്രതത്തിൻ്റെ അഗ്നിയിൽ ശുദ്ധമായാൽ,
ഓരോ നിമിഷവും ആ അഗ്നിയിൽ നിന്ന് പുതിയൊരു പ്രണയഗീതം പിറക്കും."
റമദാൻ എന്നത് 'റബ്ബിന്റെ മധുരനാദമൊഴുകുന്ന ഒരു പുല്ലാങ്കുഴലായി' മാറാനുള്ള സമയമാണ്. ഉള്ളിലെ ലൗകികമായ ആഗ്രഹങ്ങളെയും അഹന്തയെയും പുറത്തുകളയുമ്പോഴാണ് സ്രഷ്ടാവിൻ്റെ ശ്വാസം നമ്മിലൂടെ ഒഴുകുന്നതും നമ്മുടെ ജീവിതം ഒരു ഇലാഹീ ഗീതമായി മാറുന്നതും.
സൂഫീ ജ്ഞാനികൾ വ്രതത്തെ മൂന്ന് തലങ്ങളായി തരംതിരിക്കുന്നുണ്ട്,
സാധാരണക്കാരുടെ വ്രതം: അന്നപാനീയങ്ങളും ശാരീരിക ഇച്ഛകളും ഉപേക്ഷിക്കൽ.
സവിശേഷ വ്യക്തികളുടെ വ്രതം: കണ്ണ്, കാത്, നാവ് തുടങ്ങിയ ഇന്ദ്രിയങ്ങളെ പാപങ്ങളിൽ നിന്ന് തടഞ്ഞുനിർത്തൽ.
ആത്മജ്ഞാനികളുടെ വ്രതം: ഹൃദയത്തെ അല്ലാഹു അല്ലാത്ത സർവ്വ ചിന്തകളിൽ നിന്നും മോചിപ്പിക്കൽ.
മഹാനായ ഹാഫിസ് ഷിറാസി പാടിയത് ഈ ഉന്നതമായ തലത്തെക്കുറിച്ചാണ്. ഹൃദയമാകുന്ന കണ്ണാടിയിൽ അഹന്തയുടെ പൊടിപടലങ്ങൾ ഇല്ലാതാകുമ്പോൾ മാത്രമാണ് ദൈവീക പ്രകാശം അവിടെ പ്രതിഫലിക്കുക. റമദാൻ ആ കണ്ണാടി തുടച്ചു മിനുക്കാനുള്ള വസന്തകാലമാണ്.
റമദാൻ സുവിശേഷം വിശ്വമാനവികതയെയാണ് ഉദ്ഘോഷിക്കുന്നത്. വിശപ്പ് എന്നത് ഒരു ശിക്ഷയല്ല, മറിച്ച് ഒരു വെളിപാടാണ്. മനുഷ്യൻ തൻ്റെ ബലഹീനതയെ തിരിച്ചറിയുന്ന നിമിഷമാണത്. ആ തിരിച്ചറിവിൽ നിന്നാണ് യഥാർത്ഥ വിനയവും (തവാദുഅ്) മറ്റുള്ളവരോടുള്ള കാരുണ്യവും ഉദിക്കുന്നത്.
സ്വന്തം ഉദരം ശൂന്യമായിരിക്കുമ്പോൾ മാത്രമാണ് ലോകത്തിൻ്റെ വിശപ്പിനെ അതിൻ്റെ പൂർണ്ണതയിൽ തിരിച്ചറിയാൻ മനുഷ്യന് സാധിക്കുന്നത്. ഈ തിരിച്ചറിവ് ഒരുവനെ കരുണയുടെ മഹാസമുദ്രമാക്കി മാറ്റുന്നു. ഓരോ വിശ്വാസിയും സ്രഷ്ടാവിൻ്റെ സ്നേഹത്തിൻ്റെയും ദയയുടെയും പ്രതിഫലനമായി മാറുന്ന ധന്യമായ മുഹൂർത്തമാണിത്.
മൗലാനാ റൂമി(റ) പറയുന്നണ്ട്, "പുറമെയുള്ള ചന്ദ്രനെ കാണാൻ നീ മേൽക്കൂരയിൽ കയറുന്നു, എന്നാൽ വ്രതത്തിൻ്റെ ഉള്ളിൽ മറ്റൊരു രഹസ്യ ചന്ദ്രനുണ്ട്." ഈ രഹസ്യ ചന്ദ്രൻ എന്നത് ഹൃദയത്തിനുള്ളിൽ ഉദിക്കുന്ന ആത്മജ്ഞാനമാണ്. ബാഹ്യമായ വെളിച്ചം അസ്തമിക്കുമ്പോഴാണ് ആന്തരികമായ വെളിച്ചം ജ്വലിച്ചു തുടങ്ങുന്നത്.
ഹൃദയങ്ങളുടെ ആഴത്തിലുള്ള പരിവർത്തനത്തെയാണ് നാം ലക്ഷീകരിക്കേണ്ടത് . ആചാരങ്ങളെയല്ല, മറിച്ച് ആത്മീയമായ ഒരു വിപ്ലവമാണ് നമുക്കുള്ളിൽ സാക്ഷാൽക്കരിക്കപ്പെടേണ്ടത്. ഉള്ളിലെ വിദ്വേഷത്തിൻ്റെയും അസൂയയുടെയും കറകൾ കഴുകിക്കളഞ്ഞ്, സ്നേഹത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും പുതിയൊരു ആത്മീയ വസന്തത്തെ നമുക്ക് ഒരുമിച്ച് വരവേൽക്കാം.
ഹൃദയങ്ങൾ തമ്മിലുള്ള സംഭാഷണമാണ് സാധ്യമാകേണ്ടത്. വിദ്വേഷത്തിൻ്റെ മരുഭൂമിയിൽ സ്നേഹത്തിൻ്റെ അരുവികൾ തീർക്കാനും, സ്വാർത്ഥതയുടെ ചങ്ങലകൾ പൊട്ടിക്കാനും ഈ മാസം നമുക്ക് കരുത്തു നൽകട്ടെ.
ഓരോ നോമ്പുകാരനും റബ്ബിന്റെ അനിർവചനീയമായ സൗന്ദര്യം പ്രസരിപ്പിക്കുന്ന ഒരു കാവ്യാത്മകമായ അസ്തിത്വമായി മാറണം. അവൻ്റെ മൗനം തസ്ബീഹായും, അവൻ്റെ സംസാരം സാന്ത്വനമായും, അവൻ്റെ സാന്നിധ്യം കാരുണ്യമായും പരിണമിക്കണം.
അത്യുന്നതവും അനുഗ്രഹീതവുമായ ഇലാഹീ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ഈ മഹാതീർത്ഥാടനത്തിൽ നമുക്ക് ആത്മജ്ഞാനികളോടൊപ്പം ചേരാം. ഹൃദയത്തിൻ്റെ വാതിലുകൾ തുറന്നിടാം. കാരണം, സ്രഷ്ടാവ് വരുന്നത് കൊട്ടാരങ്ങളിലേക്കല്ല, തകർന്ന് നുറുങ്ങിയ നിശബ്ദമായ ഹൃദയങ്ങളിലേക്കാണ്. കാരണം, റബ്ബ് നോക്കിക്കൊണ്ടിരിക്കുന്നത് തന്നെ അറിഞ്ഞ, തന്നെ അടുത്തറിഞ്ഞ, തന്നെ അകത്തറിഞ്ഞ, തന്നെ അനുഭവിച്ചു കൊണ്ടിരിക്കുന്ന തന്റെ മഹ്ബൂബുകളുടെ ഹൃദയങ്ങളിലേക്കാണ്, അത് കൊണ്ടാണ് അനേകായിരം മറകൾകൾ വകഞ്ഞു മാറ്റി അവരുടെ കവിൾത്തടങ്ങളിൽ അവൻ സ്നേഹ ചുംബനകളർപ്പിക്കുന്നത്. അതുകൊണ്ടാണ് നോമ്പ് എനിക്കുള്ളതാണ്, ഞാൻ തന്നെയാണതിന്റെ സമ്മാനമെന്ന് പ്രണയത്തിന്റെ പരകോടിയിൽ റബ്ബ് വെളിപ്പെടുത്തുന്നതും.

റമദാനും ഖുർആൻ അവതരണവും
സന്മാർഗ്ഗത്തിന്റെ പടവുകൾ: ഹുദാ, ബയ്യിനാത്ത്, ഫുർഖാൻ
ഈ വചനത്തിലെ മൂന്ന് പദങ്ങൾ—ഹുദാ (സന്മാർഗ്ഗം), ബയ്യിനാത്ത് (വ്യക്തമായ തെളിവുകൾ), ഫുർഖാൻ (വേർതിരിക്കൽ)—ആത്മാവിന്റെ ഉന്നതിയിലേക്കുള്ള മൂന്ന് പടവുകളെയാണ് സൂചിപ്പിക്കുന്നത്. ഇവ കേവലം ഭാഷാപരമായ പര്യായങ്ങളല്ല, മറിച്ച് ജ്ഞാനത്തിന്റെ വ്യത്യസ്ത തലങ്ങളാണ്.
ഹുദാ: സന്മാർഗ്ഗത്തിന്റെ പ്രാരംഭ ഘട്ടം
'ഹുദാ' എന്നത് സാധാരണ വിശ്വാസികൾക്കുള്ള മാർഗ്ഗനിർദ്ദേശമാണ്. ഇത് സന്മാർഗ്ഗത്തിന്റെ ആദ്യ പടിയാണ്. ഇവിടെ ഖുർആൻ മനുഷ്യനെ തിന്മകളിൽ നിന്ന് തടയുകയും നന്മകളിലേക്ക് നയിക്കുകയും ചെയ്യുന്നു. ബാഹ്യമായ ശരീഅത്തിനെ പിന്തുടരുന്ന ഘട്ടമാണിത്. ഭൗതിക ലോകത്തെ ഇരുട്ടിൽ നിന്ന് സത്യത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഒരു വിളക്കായി ഇവിടെ ഖുർആൻ പ്രവർത്തിക്കുന്നു.
ബയ്യിനാത്ത്: ആത്മീയ യാത്രികരുടെ ദർശനം
'ബയ്യിനാത്ത്' എന്നാൽ വ്യക്തമായ തെളിവുകൾ എന്നാണ് അർത്ഥം. ഇത് സാലികുകൾ അഥവാ ആത്മീയ യാത്രികർക്ക് (ഖവാസ്സ്) ലഭിക്കുന്ന ഉൾക്കാഴ്ചയാണ്. ഇവിടെ സന്മാർഗ്ഗം എന്നത് കേവലം അറിവല്ല, മറിച്ച് അതൊരു ദർശനമാണ്. സത്യം അതിന്റെ എല്ലാ അർത്ഥത്തിലും ഹൃദയത്തിൽ തെളിയുന്ന അവസ്ഥയാണിത്. ഇമാം ഇബ്‌നു അജീബ(റ)യുടെ ഭാഷയിൽ, ഇത് "ഇൽമുൽ യഖീൻ" (ഉറപ്പായ അറിവ്) എന്ന അവസ്ഥയിൽ നിന്ന് "അയ്നുൽ യഖീൻ" (നേരിൽ കണ്ടു ബോധ്യപ്പെട്ട അറിവ്) എന്ന അവസ്ഥയിലേക്കുള്ള മാറ്റമാണ്. ഓരോ ആയത്തും ആത്മാവിന് മുന്നിൽ ദൈവീക രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന വാതിലുകളായി മാറുന്നു.
ഫുർഖാൻ: സത്യവിവേചനത്തിന്റെ പാരമ്യം
'ഫുർഖാൻ' എന്നത് ജ്ഞാനത്തിന്റെ പരമകാഷ്ഠയാണ്. ശൈഖ് മുഹ്‌യിദ്ദീൻ ഇബ്‌നു അറബി(റ) ഇതിനെ 'മഖാമുൽ ഫർഖ്' എന്ന് വിളിക്കുന്നു. ഖുർആൻ വഴി ഏകത്വം ദർശിച്ച സാലിക് ഫുർഖാനിലൂടെ വസ്തുക്കളുടെ സത്തയെയും അവയുടെ വൈവിധ്യത്തെയും വേർതിരിച്ചറിയുന്നു. അല്ലാഹുവും സൃഷ്ടികളും തമ്മിലുള്ള ബന്ധത്തെ അതിന്റെ കൃത്യമായ അർത്ഥത്തിൽ മനസ്സിലാക്കലാണിത്. മിഥ്യയെ സത്യത്തിൽ നിന്ന് വേർതിരിച്ചറിയാനുള്ള ഈ ശേഷി ലഭിക്കുന്നത് റമളാനിലെ വ്രതം ആത്മാവിനെ മിനുക്കുമ്പോഴാണ്.
ഇബ്‌നു അറബി(റ)യുടെ ദർശനത്തിൽ, ഖുർആൻ ജലത്തെ ഒരുമിച്ചു കൂട്ടുന്ന കുളം പോലെയാണെങ്കിൽ, ഫുർഖാൻ ആ ജലത്തെ വിവിധ അരുവികളായി വേർതിരിച്ചു വിടുന്ന പ്രക്രിയയാണ്. ഈ വേർതിരിക്കലിലൂടെയാണ് സൃഷ്ടികളിലെ ദൈവീക പ്രകടനങ്ങളെ (തജല്ലിയ്യാത്ത്) തിരിച്ചറിയാൻ സാധിക്കുന്നത്. സാലികിന്റെ ഹൃദയത്തിൽ ഈ വിവേചന ബുദ്ധി ഉദിക്കുമ്പോൾ, അവൻ ലൗകികമായ മായക്കാഴ്ചകളിൽ നിന്ന് പൂർണ്ണമായി മുക്തനാകുന്നു.
വ്രതത്തിന്റെ അന്തഃസത്ത: മൂന്ന് വിതാനങ്ങൾ
ഇസ്മാഈൽ ഹഖി അൽ ബറൂസവി(റ) തന്റെ റൂഹുൽ ബയാനിൽ വ്രതത്തെ മൂന്നായി തരംതിരിക്കുന്നു. ഇത് ഈ വചനത്തിലെ "ഫമൻ ശഹിദ മിൻകുമുശ്ശഹ്‌റ ഫൽയസ്വുമ്‌ഹു" (നിങ്ങളിൽ ആർ ആ മാസത്തിന് സാക്ഷിയാകുന്നുവോ അവൻ നോമ്പ് നോൽക്കട്ടെ) എന്ന കൽപ്പനയുടെ ആത്മീയ പ്രായോഗികരൂപമാണ്.
സാധാരണക്കാരുടെ വ്രതം (സ്വാവ്മുൽ അവാം): ഇത് കേവലം നിയമപരമായ വ്രതമാണ്. പകലുടനീളം ഭക്ഷണവും പാനീയവും ലൈംഗിക വികാരങ്ങളും ഉപേക്ഷിക്കൽ. ഇതിന്റെ ലക്ഷ്യം ശാരീരികമായ അച്ചടക്കമാണ്. "ശഹിദ" എന്ന പദത്തിന് ഇവിടെ അർത്ഥം മാസപ്പിറവി കാണുക എന്നതാണ്.
സവിശേഷ വ്യക്തികളുടെ വ്രതം (സ്വാവ്മുൽ ഖവാസ്സ്): ഇത് ഇന്ദ്രിയങ്ങളുടെ വ്രതമാണ്. കണ്ണുകൾ അനാവശ്യമായത് കാണുന്നതിൽ നിന്നും, കാതുകൾ ദോഷകരമായത് കേൾക്കുന്നതിൽ നിന്നും, നാവ് കളവ് പറയുന്നതിൽ നിന്നും നോമ്പ് നോൽക്കുന്നു. ഇവിടെ മാസത്തിന്റെ പവിത്രതക്ക് സാക്ഷിയാവുക എന്നതാണ് "ശഹിദ" എന്നതിന്റെ അർത്ഥം. നഫ്‌സിന്റെ ശുദ്ധീകരണത്തിനുള്ള നിർണ്ണായക ഘട്ടമാണിത്.
മഹാത്മാക്കളുടെ വ്രതം (സ്വാവ്മുൽ ഖവാസിൽ ഖവാസ്സ്): ഇത് ഹൃദയത്തിന്റെ വ്രതമാണ്. അല്ലാഹു അല്ലാത്ത എല്ലാ ചിന്തകളിൽ നിന്നും ഹൃദയത്തെ മുക്തമാക്കുക എന്നതാണ് ഇതിന്റെ സാരം. ഇവിടെ വ്രതം എന്നത് കേവലം പകൽ സമയത്തെ ഇംസാക് (തടഞ്ഞു വെക്കൽ) അല്ല, മറിച്ച് നിരന്തരമായ മുശാഹദ (ദൈവീക സാമീപ്യം അനുഭവിക്കൽ) ആണ്. ഈ അവസ്ഥയിലെത്തുന്ന സാലികിന് റമളാൻ എന്നത് കേവലം മുപ്പത് ദിവസമല്ല, മറിച്ച് അവന്റെ ആയുഷ്ക്കാലം മുഴുവൻ അല്ലാഹുവിനോടുള്ള നോമ്പിലായിരിക്കും.
ഈ മൂന്ന് തലങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് ഒരു നോമ്പുകാരൻ യഥാർത്ഥ 'തഖ്‌വ'യിലേക്ക് (സൂക്ഷ്മത) എത്തുന്നത്. വ്രതത്തിന്റെ അത്യന്തിക ലക്ഷ്യം ഈ തഖ്‌വയാണ് എന്ന് മുൻപത്തെ വചനം (2:183) വ്യക്തമാക്കുന്നുണ്ടല്ലോ. റമളാനിലെ വ്രതം ആത്മാവിനെ മിനുക്കി ഒരു കണ്ണാടിയാക്കി മാറ്റുന്നു; ആ കണ്ണാടിയിലാണ് ഖുർആൻ എന്ന ദിവ്യപ്രകാശം പ്രതിഫലിക്കുന്നത്.

യുസ്‌ർ (എളുപ്പം), ഉസ്‌ർ (പ്രയാസം): ആത്മീയ മനഃശാസ്ത്രം
അല്ലാഹു നിങ്ങൾക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്, പ്രയാസമല്ല എന്ന വചനഭാഗം കേവലം നിയമപരമായ ഇളവുകളെ മാത്രമല്ല (യാത്രക്കാർക്കും രോഗികൾക്കും നൽകുന്ന ഇളവുകൾ) സൂചിപ്പിക്കുന്നത്, മറിച്ച് അത് ആത്മീയമായ ഒരു മനഃശാസ്ത്രത്തെക്കൂടി വെളിപ്പെടുത്തുന്നു.
ഇമാം ബറൂസവി(റ) വിശദീകരിക്കുന്നത് പോലെ, ഈ ലോകത്തെ ഏറ്റവും വലിയ 'യുസ്‌ർ' (എളുപ്പം) എന്നത് ആത്മാവിനെ ഭൗതിക ശരീരത്തിന്റെ ബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതാണ്. മൃഗീയ സ്വഭാവങ്ങളിൽ നിന്നും പ്രകൃതിപരമായ ബന്ധനങ്ങളിൽ നിന്നും മോചിതനായി റൂഹാനിയ്യത്തിന്റെ (ആത്മീയത) തലത്തിലേക്ക് ഉയരുന്നതാണ് യഥാർത്ഥ സുഖം. ഇതിനു വിപരീതമായി, 'ഉസ്‌ർ' (പ്രയാസം) എന്നത് ഭൗതികതയുടെയും നഫ്‌സിന്റെയും തടവറയിൽ കഴിയുന്നതാണ്. അല്ലാഹു വ്രതത്തിലൂടെയും ഖുർആൻ പാരയണത്തിലൂടെയും ആത്മാവിനെ ഈ തടവറയിൽ നിന്ന് മോചിപ്പിക്കാൻ ആഗ്രഹിക്കുന്നു.
മുഹമ്മദ് ബിൻ അലി അൽ തിർമിദിയെ ഉദ്ധരിച്ചുകൊണ്ട് ബറൂസവി(റ) പറയുന്നു: "യുസ്‌ർ എന്നത് സ്വർഗ്ഗത്തിന്റെ നാമമാണ്, കാരണം സ്വർഗ്ഗത്തിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. ഉസ്‌ർ എന്നത് നരകത്തിന്റെ നാമവുമാണ്".
വ്രതം എന്ന കൽപ്പിക്കപ്പെട്ട ഈ കർമ്മം ബാഹ്യമായി കഠിനമാണെന്ന് തോന്നാമെങ്കിലും ആന്തരികമായി അത് സ്വർഗ്ഗീയമായ സുഖങ്ങളിലേക്കുള്ള വാതിലാണ്. കയ്പ്പുള്ള മരുന്ന് നൽകി രോഗിയെ ഭേദമാക്കുന്ന ഒരു വൈദ്യനെപ്പോലെയാണ് അല്ലാഹു ഇവിടെ. മരുന്ന് കയ്പ്പാണെങ്കിലും അത് നൽകുന്ന ലക്ഷ്യം രോഗിയുടെ ആരോഗ്യവും സുഖവുമാണ്.
ഇബ്‌നു അജീബ(റ)യുടെ വീക്ഷണത്തിൽ, ദൈവപ്രേമികൾക്ക് (മുഹിബ്ബീൻ) ആരാധനകൾ പ്രയാസമല്ല, മറിച്ച് അത് പ്രിയതമനെ കാണാനുള്ള വഴിയാണ്. പ്രണയി കാമുകന് വേണ്ടി അനുഭവിക്കുന്ന ത്യാഗം എങ്ങനെയാണ് പ്രയാസമാകുന്നത്? അത് ആനന്ദമാണ്. അതുപോലെ നോമ്പിലെ ദാഹവും വിശപ്പും ഒരു സൂഫിക്ക് ദിവ്യാനുരാഗത്തിന്റെ മധുരപലഹാരമാണ്. ഹൃദയത്തിലെ തമസ്സുകൾ നീങ്ങുമ്പോൾ ആരാധനകൾ ഭാരമാകാതെ ലഹരിയായി മാറുന്നു.