Top pics

6/recent/ticker-posts

സയ്യിദ് മുഹമ്മദ് ബാദ്ഷാഹ് ഖദീരി(റ)


അള്ളാഹു തിരഞ്ഞെടുത്തവരാണ് പ്രവാചകന്മാര്‍. വിശുദ്ധ തൗഹീദിന്റെ വചനത്തെയാണ് ആരാധനയുടെ മർമ്മമായി അവർ അധ്യാപനം ചെയ്തത്. പ്രവാചകന്മാരുടെ കാലശേഷം ഇതേ ദൗത്യം ഏറ്റെടുത്തു നടത്തിയവരാണ് അല്ലാഹുവിന്റെ ഉത്തമരായ ആരിഫുകൾ. അവരുടെ നിയോഗം സൂചിപ്പിക്കാനെന്ന വിധം മശാഇഖുമാർ എന്ന് അവരെ നാം വിളിക്കുന്നു. അവരും അല്ലാഹുവിനാൽ തിരഞ്ഞെടുക്കപെട്ടവർ തന്നെ. മുസ്ലിം ഉമ്മത്തിന്റെ ചരിത്രവഴിത്താരയിൽ നിർണ്ണായക കാലഘട്ടങ്ങളിൽ അവർ അവതരിക്കുന്നു വിവിധ ദേശങ്ങളിലും രാജ്യങ്ങളിലുമായി. ഹിജ്റ വർഷം 1399ൽ മുഹര്‍റം മാസത്തിന്റെ രണ്ടാം പാദത്തിൽ ഇഹലോകയാത്ര പോയ സയ്യിദുനാ മുഹമ്മദ് ബാദ്ഷാഹ് ഖദീരി മഹാനവര്‍കൾ അവരിൽ പ്രധാനിയായിരുന്നു. കർണ്ണാടകയുടെ അതിർത്തി ജില്ലയായ ഗുൽബർഗയിലെ ഹൽക്കട്ട പ്രദേശത്തുള്ള വാഡി ശരീഫിലാണ് മഹാനവര്‍കൾ അന്ത്യ വിശ്രമം കൊള്ളുന്നത്. മുഹറം മാസത്തിന്റെ പാതിയോടടുത്ത് നടത്തപ്പെടുന്ന ഉറൂസ് മുബാറക്കിന് അനേകായിരങ്ങൾ പങ്കെടുക്കുന്നു. മഹാനവര്‍കൾ ജീവിച്ചു വളർന്ന ഹൈദരാബാദിൽ നിന്ന് വാഡി ശരീഫിലേക്ക് ഉറൂസിനനുനബന്ധമായി ഇന്ത്യൻ റയിൽവേ പ്രത്യേകം ട്രെയിൻ ഏർപ്പാട് ചെയ്യുന്നത് സാധാരണയാണ്.

കർണ്ണാടകയിലെ തന്നെ മറ്റൊരു പ്രദേശമായ രായ്ചൂരിലായിരുന്നു സയ്യിദ് ബാദ്ഷാഹ് ഖദീരി(റ)യുടെ ജനനം. ഏകദേശം ഹിജ്റ വർഷം 1324ൽ ഒരു ഹജ്ജ് പെരുന്നാൾ ദിനത്തിൽ. മഹാനവര്‍കളുടെ പൂർവികരായ രണ്ടാം തലമുറ യമനിലെ പ്രശസ്തമായൊരു കുടുംബത്തിൽ നിന്ന് ഇസ്ലാമിക പ്രബോധനാർത്ഥം കർണ്ണാടകയുടെ ഭാഗങ്ങളിൽ വന്നു താമസമാക്കിയവരാണ്. നബി(സ)യുടെ പേരമകനായ ഇമാം ഹസൻ(റ)വിന്റെ പരമ്പരയിലാണ് സയ്യിദ് ബാദ്ഷാഹ് ഖദീരി(റ) ജനിക്കുന്നത്. യമനിൽ നിന്ന് വന്നവരായതിനാൽ മഹാനവര്‍കളെ ബാദ്ഷാഹ് യമനി ഖദീരി എന്നും വിളിക്കപ്പെടുന്നു.

ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് മഹാനവര്‍കളുടെ ജനനത്തെകുറിച്ച് മഹാന്മാരുടെ കവിതാ ശകലങ്ങളിൽ പ്രവചനങ്ങളുണ്ടായിരുന്നു. മനുഷ്യന്റെ കരവിരുതുകൾ ആകാശത്തിലേക്ക് ഒരു കൃതിമ ചന്ദ്രനെ നിര്‍മിച്ചയക്കുന്നതിനു മുന്നോടിയായി പൂര്‍ണ ചന്ദ്രിമയോടെ പ്രകാശിക്കുന്നൊരു ആത്മീയ തേജസ്സ് ഭൂമിയിൽ ഉദയം ചെയ്യുമെന്നായിരുന്നു പ്രവചനം.

ഈ പ്രവചനാഖ്യങ്ങൾ വർദ്ധിതശോഭയോടെ പുലർന്നതായി ചരിത്രം സാക്ഷ്യപെടുത്തുന്നു. തീരെ ചെറുപ്പം മുതൽ തുടങ്ങി ഉന്നത ശീർഷരായ സൂഫിവര്യരുടെ ശിക്ഷണത്തിലാണ് മഹാനവര്‍കൾ വളർന്നത്. തങ്ങളുടെ പിതൃവഴിയുള്ള അമ്മാവനായിരുന്ന സയ്യിദ് മുഈനുദ്ധീൻ ശാഹ് ഖദീരി(റ)യെയാണ് മഹാനവര്‍കൾ തന്റെ പ്രഥമ ഗുരുനാഥനാക്കിയത്. അവരുടെ സ്നേഹപൂർണമായ ശിക്ഷണത്തിൽ പ്രായപൂർത്തിയാകുന്ന ഘട്ടത്തിൽ തന്നെ അനേകം പദവികൾ മഹാനവര്‍കൾ കീഴടക്കിയിരുന്നു.

മഹാനവര്‍കളിലേക്ക് ചേർത്തപ്പെടുന്ന ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥമാണ് “ഗുൽസാറെ ഖദീർ”. ഖദീരിന്റെ പൂങ്കാവനം എന്നാണതിന്റെ സാരം. ഖദീർ എന്നത് മഹാനവര്‍കളുടെ ആത്മീയോന്നതിയെ സൂചിപ്പിക്കുന്ന ലബ്ധനാമമായിരുന്നു. മഹാനവര്‍കളുടെ വാഡിയിലെ ആസ്ഥാനവും “ആസ്താനെ ഖദീരി” എന്ന ഉർദു നാമത്തിലാണ് അറിയപ്പെടുന്നത്.

ആത്മീയോൻമുഖത കയ്യിലുള്ള ഏത് സത്യാന്വേഷിക്കും അനുഗ്രഹദായകമായ അറിവിന്റെ ഖനികൾ പ്രദാനിക്കുന്നതാണ് മഹാനവര്‍കളുടെ “ഗുൽസാറെ ഖദീർ”. തൗഹീദി വചനം ഉൾകൊള്ളുന്ന അന്ത:സ്സാര ഗരിമയുടെ ജ്ഞാന പുഷ്ടിയിലേക്ക് ലോകരെ മുഴുവൻ വഴിയുപദേശിച്ചു കൊണ്ട് മഹാനവര്‍കൾ പുറത്തിറക്കിയ കലിമ വ്യാഖ്യാനമയിരുന്നു “കലിമത്തെ പഞ്ച് രംഗി”.

‘കലിമത്തെ പഞ്ച് രംഗി’യുടെ ചിത്രീകരണവും അതിന്റെ ലളിതമായ വ്യാഖ്യാനവും ഉൾപെടുത്തി മഹാനവര്‍കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചു കൊടുത്തിരുന്നുവെന്ന് മഹാനര്‍കളുടെ ഇന്നും ആയുസ്സോടെയുള്ള ശിഷ്യജനങ്ങൾ സാക്ഷ്യപെടുത്തുന്നു. കലിമത്തു തൗഹീദിന്റെ പൂർത്തീകൃത മാർഗത്തിലേക്ക് ലോകരെ മുഴുവൻ വഴി നടത്തുകയെന്നത് മാത്രമായിരുന്നു മഹാനവര്‍കൾ ഇതു കൊണ്ട് ലക്ഷ്യമിട്ടത്. ഇരുപത് വയസ്സ് പ്രയമാവുന്നതിനു മുമ്പ് തന്നെ തങ്ങളുടെ ജീവിതത്തിൽ ഏറ്റവും കാതലായൊരു മാറ്റത്തിനു വഴിവെച്ചു കൊണ്ട് കർണ്ണാടകയിലെ ഹിച്ച്കുബ്ബയിൽ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദുനാ കരീമുല്ലാഹ് ശാഹ് ഖാദിരിയുമായി മഹാനവര്‍കൾ കണ്ടുമുട്ടുന്നു. തൗഹീദി യാഥാർത്ഥ്യത്തെ പൂർണ്ണമായുൾക്കൊണ്ട വഴിമാർഗത്തിലേക്ക് താനിതുവരെ പ്രവേശിച്ചിട്ടില്ല എന്നത് ഈ കണ്ടുമുട്ടലോടെ മഹാനവര്‍കൾക്ക് ബോധ്യപ്പെടുന്നു.

അന്ത്യദൂതരായ തിരുനബി(സ) അവിടുത്തെ സ്വഹാബത്തിനെക്കുറിച്ച് പറഞ്ഞൊരു വചനം അല്ലാഹുവിന്റെ ആരിഫുകളെക്കുറിച്ചും സംഗതമാണ്. തിരുനബി(സ)യുടെ ഐഹീക കാലഘട്ടത്തിലല്ലെങ്കിലും ആത്മീക ദർശനത്താൽ റസൂലുല്ലാഹിക്ക് സാക്ഷിത്വം ലഭിച്ചവർ എന്നതിനാൽ സ്വഹാബത്ത് എന്ന വിളിപ്പേരിന് ഒരർഥത്തിൽ അവരും അർഹരാണ്. തിരുനബി(സ) പറഞ്ഞു: “എന്റെ സ്വഹാബികൾ ആകാശതാരങ്ങള്‍ക്കു തുല്യരാണ്. അവരിൽ ആരെ നിങ്ങൾ പിന്തുടർന്നുവോ,അവരുടെ മാർഗത്തിലായി നിങ്ങൾ സന്മാർഗ്ഗ സിദ്ധരാവും”.

ഓരോ താരകങ്ങൾക്കും സവിശേഷ പ്രാധാന്യമുണ്ട്. സർവ്വതും ദിശാ സൂചികളാണ്. എന്നാൽ സർവ്വ ദിക്കുകളിലും വഴി കാണിക്കുന്ന കാർത്തിക നക്ഷത്രത്തിനു തുല്യരായവർ അവരിൽ ചിലരുണ്ട്. അഥവാ അല്ലാഹുവിന്റെ ആരിഫുകള്‍. സംശയലേശമന്യേ അവരിൽ ഏറ്റവും ഉത്തമരും പ്രധാനിയുമായിരുന്നു സയ്യിദുനാ ഗൗസുൽ അഅ്ളം മുഹയുദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ) മഹാനവര്‍കൾ. ഗൗസുൽ അഅ്ളം(റ) പ്രതിനിധാനം ചെയ്ത മുഹമ്മദീയ മാര്‍ഗത്തിന്റെ സംപൂർത്തിയിലേക്കാണ് കരീമുല്ലാഹ് ശാഹ് ഖാദിരി(റ) മഹാനവര്‍കളെ കൈപിടിച്ചുയർത്തിയത്. അധികം വൈകാതെ തന്നെ സയ്യിദ് ബാദ്ഷാഹ്(റ) മഹാനവര്‍കൾ സയ്യിദുനാ കരീമുല്ലാഹ് ശാഹ് ഖാദിരി(റ)യെ ബൈഅത്ത് ചെയ്യുന്നു.

തങ്ങളുടെ ഇരുപത്തിനാലാമത്തെ വയസ്സിൽ തന്നെ അനുഗ്രഹീതമായ ഈ വഴിമാർഗ്ഗം പ്രചാരണം ചെയ്യാനുള്ള പ്രത്യേകാധികാരവും(ഖിലാഫത്ത്) സയ്യിദുനാ കരീമുല്ലാഹ് ശാഹ് ഖാദിരി(റ) മഹാനവര്‍കൾ സയ്യിദുനാ ബാദ്ഷാഹ് ഖദീരി(റ)ക്ക് കൈമാറുന്നു.

ഏറെ വൈകാതെ തന്നെ സയ്യിദുനാ കരീമുല്ലാഹ് ശാഹ് ഖാദിരി(റ) അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി. ശൈഖിന്റെ വഫാത്തിനു ശേഷം അവിടത്തെ തിരുമഖാമിൽ അണിയിക്കാനുള്ള ചാദറും സന്ദലും ചുമന്നുകൊണ്ട് മഹാനവര്‍കൾ ഇരുന്നോറോളം കിലോമീറ്റർ നടന്നു താണ്ടി എത്തിച്ചേർന്ന ഹൃദയ സ്പര്‍ശിയായ അനുഭവം മഹാനവരുടെ ശിഷ്യജനങ്ങൾ ഇന്നും അത്ഭുതത്തോടെ അനുസ്മരിക്കുന്നു.

ശൈഖിന്റെ വഫാത്തോടെയാണ് പരിപൂർണ്ണ തൗഹീദി മാർഗ്ഗത്തിന്റെ പ്രചാരണവും പ്രബോധനവും ലോകസമക്ഷത്തിനു മുന്നിൽ വെക്കേണ്ട ചുമതല മഹാനവര്‍കളിൽ നിക്ഷിപ്തമാവുന്നത്. അത്യുന്നതരും സുപ്രസിദ്ധരുമായ നിരവധി ഔലിയാപ്രമുഖർ തന്നെ മഹാനവര്‍കളുടെ കൈകളിൽ വന്നു ബൈഅത്ത് നേടുക സാധാരണയായി. ഏറ്റവും പ്രമുഖരായ ഖലീഫമാർ തന്നെ മഹാനവര്‍കൾക്ക് ധാരാളമുണ്ടായിരുന്നു.

നൂറ്റിഅൻപതോളം വരുന്ന ഖലീഫമാരെയാണ് മഹാനവര്‍കൾക്ക് തൗഹീദീ മാർഗ്ഗത്തിന്റെ പ്രചാരണത്തിനായി വിവിധ നാടുകളിലേക്ക് അയച്ചത്. സൂഫിമഹത്തുക്കൾ അനുധാവനം ചെയ്തു വന്നിരുന്ന വഴിമാര്‍ഗ്ഗങ്ങളുടെ പൂർത്തീകരണ പാതയാണ് മഹാനവര്‍കൾ പ്രതിനിധാനം ചെയ്തതും പ്രചാരണം നടത്തിയതും. അഥവാ കലിമതുത്വയ്യിബയുടെ പൂർത്തീകരണ പാത. കലിമതുതൗഹീദിനെ പാർശ്വമായല്ലാതെ, പരിപൂർണ്ണതയിൽ ഉൾകൊണ്ട ഖാദിരിയ്യ സുവർണ്ണപാത. ഔലിയാ രാജാധികാരിയായ ഗൗസുൽ അഅ്ളം മുഹ് യുദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ)നു ശേഷം ഉത്തമ തൗഹീദിൻ മാർഗ്ഗം ഈയൊരു പൂർത്തീകരണത്തോടെ പ്രചാരണം ചെയ്ത ആരിഫുകൾ ഇതുപോലോരാളെ കണ്ടെത്തുക പ്രയാസമാണ്.

ഹിജ്റ 1399 നു മഹാനവര്‍കൾ വഫാതാകുന്നതിനു ഏതാനും വർഷങ്ങൾക്കു മുമ്പാണ് ശൈഖുനാ യൂസുഫ് സുൽത്താൻ ഷാഹ് മഹനവർകളുമായി സയ്യിദ് ബാദ്ഷാഹ് ഖദീരി(റ) സന്ധിക്കുന്നത്. മഹാരാഷ്ട്രയിലെ ശിവാപൂരിൽ സുപ്രശസ്തമായ ഹസ്രത്ത് ഖമർ അലി ദർവേശ്(റ)യുടെ ദർഗ്ഗാ പരിസരത്തുള്ള ജുമാമസ്ജിദിൽ വെച്ചായിരുന്നു സന്ദർഭം.

ശൈഖുനാ സുൽത്താൻ ഷാഹ് മഹാനവര്‍കൾ മഹത്തുക്കളായ മശാഇഖുമാരുടെ നിർദ്ദേശ പ്രകാരം സ്ഥലത്തെ ഖത്വീബായി ജുമുഅയ്ക്ക് നേതൃത്വം വഹിച്ചു കൊണ്ടിരുന്ന സമയം. തസ്വവ്വുഫിന്റെ അകമറിഞ്ഞുള്ള മഹാനവര്‍കളുടെ സംസാരം ശ്രവിക്കാൻ ദൂരദിക്കുകളിൽ നിന്നുപോലും പണ്ഡിതരും വിദ്യാന്വേഷികളും എത്തിയിരുന്നു. ഇതേ കുറിച്ചറിഞ്ഞ സയ്യിദ് ബാദ്ഷാഹ് ഖദീരി(റ)യുടെ പ്രമുഖ ഖലീഫയും ശിഷ്യരുമായിരുന്ന പൂനെയിലെ സയ്യിദ് മദാർശാഹ് ഖദീരി(റ)യും ഈ പ്രസംഗം ശ്രവിക്കാൻ ഇടയാകുന്നു.

തുടർന്ന് ഒരു വെള്ളിയാഴ്ച ദിവസം സയ്യിദ് ബാദ്ഷാഹ് ഖദീരി(റ)യെയും കൂട്ടി മഹാനവര്‍കൾ ശിവാപൂരിലെത്തുന്നു. തുടർന്നുള്ള സംസാരം ശൈഖുനാ യൂസുഫ് സുൽത്താൻ(റ) എന്നവരെ ഉത്തമമായ ഖാദിരിയ്യാ സുവർണ്ണ മാർഗ്ഗത്തിലേക്ക് കണ്ണി ചേരാൻ വഴി വയ്ക്കുന്നു.

ക്രിസ്താബ്ധം 1975 ൽ ദുൽഖഅദ് മാസത്തിൽ പരിശുദ്ധമായ തൗഹീദീ മാർഗ്ഗത്തിന്റെ ഖിലാഫത്തു നൽകി ശൈഖുനാ യൂസുഫ് സുൽത്താൻ ഷാഹ് മഹാനവര്‍കളെ ആദരിക്കുന്നു. അനേകം ഔലിയാ പണ്ഡിത പ്രമുഖരുടെ സാന്നിധ്യത്തിൽ വാഡിയിൽ വെച്ചായിരുന്നു ഈ ചടങ്ങ്. തുടർന്ന് മൂന്ന് വർഷത്തിനുള്ളിൽ സയ്യിദുനാ മുഹമ്മദ് ബാദ്ഷാഹ് ഖദീരി(റ) അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയാവുകയും ചെയ്തു. മുഹർറം മാസം പതിമൂന്നിന്. പതിനാലിനായിരുന്നു അവിടുത്തെ ജനാസ മറവു ചെയ്യപ്പെട്ടത്. ഇന്ന് മഹാനവര്‍കളുടെ ഉത്തമ പിൻഗാമിയും അനുഗ്രഹീത പിന്തുടർച്ചാവകാശിയുമായി ശൈഖുനാ ഖുതുബുസ്സമാൻ യൂസുഫ് സുൽത്താൻ ഷാഹ്(റ) തൗഹീദീ മാർഗ്ഗത്തിന് നേതൃത്വം നല്കി ലോകർക്ക് മുഴുവൻ പ്രകാശം ചൊരിയുന്നു.

അലി അസ്കര്‍ മഹ്ബൂബി