Top pics

6/recent/ticker-posts

അഹ്‌ലു ബൈത് അഥവാ തൗഹീദിൻ്റെ ജീവരഹസ്യവും മുഅ്മിനിൻ്റെ യഥാർത്ഥ കുടുംബവും

 



അഹ്‌ലു ബൈത് അഥവാ തൗഹീദിൻ്റെ ജീവരഹസ്യവും മുഅ്മിനിൻ്റെ യഥാർത്ഥ കുടുംബവും


പ്രപഞ്ചത്തിൻ്റെ അസ്തിത്വത്തിന് ആധാരമായ തൗഹീദ് എന്ന ആത്യന്തിക യാഥാർത്ഥ്യം, മനുഷ്യൻ്റെ സാമാന്യ ചിന്തകളുടെ അതിരുകൾക്കുമപ്പുറം നിലകൊള്ളുന്ന ഒരു ദിവ്യ രഹസ്യമാണ്. ഈ അത്യുന്നത രഹസ്യം പ്രകാശത്താൽ നിർമ്മിതമായ ഒരു ഭവനത്തിൻ്റെ അകത്തളങ്ങളിലാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ആ വീടിനെ ബൈതുൽ വഹ്യ് (ദിവ്യബോധനത്തിൻ്റെ ഭവനം) എന്ന് വിളിക്കുന്നു, ആ വീട്ടിലെ അംഗങ്ങളെ അഹ്‌ലുൽ ബൈത് (ഭവനക്കാർ) എന്നും. അവരുടെ ജീവിതവും വംശപരമ്പരയും കേവലം രക്തബന്ധത്തിൻ്റെയോ ചരിത്രപരമായ വസ്തുതകളുടെയോ രേഖപ്പെടുത്തലല്ല. മറിച്ച്, ദിവ്യജ്ഞാനത്തിൻ്റെയും ആത്മീയവിശുദ്ധിയുടെയും പ്രകാശധാരകളാണ്. ഒരു വിശ്വാസിയുടെ യഥാർത്ഥ കുടുംബം അവൻ്റെ രക്തബന്ധങ്ങളാൽ നിർണ്ണയിക്കപ്പെടുന്നതല്ല, മറിച്ച് അവൻ്റെ ആത്മീയബന്ധങ്ങളാലാണ്. ഈ ആത്മീയ കുടുംബം അഹ്‌ലുൽ ബൈതാണ്, ഈ കുടുംബത്തിലേക്കുള്ള പ്രവേശനം പൂർണ്ണനായ ഒരു മുറബ്ബി ശൈഖിനോടുള്ള ബൈഅത്ത് (പ്രതിജ്ഞ) എന്ന ആത്മീയ കർമ്മത്തിലൂടെ മാത്രമേ സാധ്യമാകൂ.. .
അഹ്ലുൽ ബൈത് എന്ന പദം ഭാഷാപരമായി അഹ്ല് (കുടുംബം), ബൈത് (വീട്) എന്നീ അറബി വാക്കുകളിൽ നിന്നാണ് രൂപംകൊണ്ടത്. അക്ഷരാർത്ഥത്തിൽ ഇതിനർത്ഥം 'വീട്ടുകാർ' എന്നാണ്. ഈ വീട് സയ്യിദുനാ മുഹമ്മദ് നബി ﷺ യുടെ ഭവനത്തെയാണ് സൂചിപ്പിക്കുന്നത്.
തിരുനബി ﷺ , അവിടുത്തെ പ്രിയ പുത്രി സയ്യിദതുനാ ഫാത്വിമതുൽ ബതൂൽ(അ), അവരുടെ പ്രിയതമനായ അമീറുൽ മുഅ്മിനീൻ സയ്യിദുനാ മൗലാ അലി(അ), തിരുനബി 'ﷺ യുടെ പൗത്രൻമാരായ സയ്യിദുനാ
ഹസനുൽ മുജ്തബ(അ), സയ്യിദുനാ ഹുസൈൻ(അ) എന്നിവരടങ്ങിയ പഞ്ചവിശുദ്ധരാണ് - പഞ്ച്തൻ പാക് - അഹ്ലുൽ ബൈത്. അവരുടെ ഭൗതിക ഉണ്മകൾക്കപ്പുറം അത്യഗാധമായ ജ്ഞാന രഹസ്യമാണ് ഇവരത്രയും.
വിശുദ്ധ ഖുർആനിൽ അഹ്‌ലുൽ ബൈതിനെക്കുറിച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് സൂറത്തുൽ അഹ്‌സാബിലെ 33-ാം വചനമാണ്:
‘‘إِنَّمَا يُرِيدُ ٱللَّهُ لِيُذْهِبَ عَنكُمُ ٱلرِّجْسَ أَهْلَ ٱلْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا‘‘
(പ്രവാചകരുടെ) വീട്ടുകാരേ, നിങ്ങളിൽ നിന്ന് അഴുക്ക് നീക്കിക്കളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. 
ആത്മജ്ഞാനികൾ ഈ വിശുദ്ധ സൂക്തത്തെ അതിൻ്റെ കേവലമായ അക്ഷരാർത്ഥത്തിൽ മാത്രം കാണുന്നില്ല. മറിച്ച് ഖുർആനിൻ്റെ ആഴത്തിലുള്ള, ആന്തരികമായ ഒരു രഹസ്യത്തിലേക്കുള്ള സൂചനയായി (ഇശാറത്ത്) മനസ്സിലാക്കുന്നു. 
ഈ ആയതിത്തിലെ രിജ്‌സ് (അഴുക്ക്) എന്നത് ഭൗതികമായ മാലിന്യങ്ങളെയല്ല, മറിച്ച് ആത്മാവിനെ കറപിടിപ്പിക്കുന്ന അഹങ്കാരം, ദുരഭിമാനം, ഭൗതിക താൽപര്യങ്ങൾ തുടങ്ങിയ ആത്മീയമായ മാലിന്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. എല്ലാത്തിനുമുപരി പ്രപഞ്ചനാഥനിൽ ലയിക്കുന്നതിൽ നിന്ന് ആത്മാവിനെ തടയുന്ന 'ഞാൻ 'എന്ന ബോധവും ഭാവവും സമ്പൂർണ്ണമായി ഭൂരീകരിക്കപ്പെടുന്നു.
അതുപോലെ, തത്ഹീർ (പൂർണ്ണമായ ശുദ്ധീകരണം) എന്നത് കേവലം ബാഹ്യമായ ശുദ്ധീകരണമല്ല, മറിച്ച് ഹൃദയത്തെ എല്ലാ തിന്മകളിൽ നിന്നും ശുദ്ധീകരിക്കുന്ന പ്രക്രിയയാണ്. ആ വിശുദ്ധിയിലാണ് ആത്മജ്ഞാനത്തിൻ്റെ കാതലിരിക്കുന്നത്. ഈ തത്ഹീർ വചനം അഹ്‌ലുൽ ബൈത്തിൻ്റെ ഹൃദയവിശുദ്ധിയെയും, അത് വഴി അവർ തൗഹീദിൻ്റെ യാഥാർത്ഥ്യത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്നു എന്നതിനെയും വിളിച്ചറിയിക്കുന്നു. തഫ്സീറു റൂഹുൽ ബയാൻ, തഫ്സീറുൽ ബഹ്റുൽ മദീദ് തുടങ്ങിയ സൂഫീ വ്യാഖ്യാനഗ്രന്ഥങ്ങൾ ഈ വിഷയത്തെ ആഴത്തിൽ സ്പർശിക്കുന്നതായി കാണാം. 
ഖുർആൻ ഇവിടെ അഹ്ൽ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതേ സമയം അഹ്‌ലുബൈത് എന്നതിനോടൊപ്പം ആലുന്നബി ﷺ എന്ന പ്രയോഗം കൂടി ഹദീസുകളിലുടനീളം നമുക്ക് കാണാൻ സാധിക്കും. 
സൂഫീ തത്ത്വചിന്തയുടെ പ്രകാശഗോപുരങ്ങളിലൊന്നായ ശൈഖുൽ അക്ബർ മുഹ്‌യിദ്ദീൻ ഇബ്നു അറബി (റ) അഹ്‌ൽ, ആൽ എന്നീ പദപ്രയോഗങ്ങളെ വേർതിരിച്ച് വിശദീകരിക്കുന്നുണ്ട്. സാധാരണ വ്യവഹാരത്തിൽ ഈ വാക്കുകൾ പര്യായങ്ങളാണെങ്കിലും, ഇബ്നു അറബി (റ) ആൽ എന്നതിന് പൊതുവായ കുടുംബം എന്ന അർത്ഥം നൽകുമ്പോൾ, അഹ്ൽ എന്നത് ആത്മീയമായി ഒരു വ്യക്തിയോട് അടുത്ത ബന്ധമുള്ളവരെയും, അദ്ദേഹത്തിൻ്റെ ആദർശങ്ങളെ ആഴത്തിൽ ഉൾക്കൊള്ളുന്നവരെയും സൂചിപ്പിക്കുന്നു. വിശുദ്ധ ഖുർആൻ ഫറോവയുടെ അടുത്ത അനുയായികളെ ആലു ഫിർഔൻ (ഫറോവയുടെ ആളുകൾ) എന്ന് വിശേഷിപ്പിച്ചത് ഈ വീക്ഷണത്തിന് തെളിവായി ഉദ്ധരിക്കപ്പെടുന്നുണ്ട്.
ഈ തത്ത്വചിന്തയ്ക്ക് അടിത്തറ നൽകുന്ന ഒരു ഹദീസാണ്, തിരു പ്രവാചകൻ ﷺ പേർഷ്യക്കാരനായ സൽമാൻ (റ) വിനെ "സൽമാൻ ഞങ്ങളിൽ പെട്ടവനാണ്, സൽമാൻ അഹ്‌ലുൽ ബൈത്തിൽപ്പെട്ടവനാണ്" എന്ന് വിശേഷിപ്പിച്ചത്. രക്തബന്ധത്താൽ ഒരു ബന്ധവുമില്ലാത്ത സൽമാൻ (റ) വിനെ അഹ്‌ലുൽ ബൈത്തിൽ ചേർത്ത ഈ പ്രവാചക വചനം, അഹ്‌ലുൽ ബൈത് എന്ന പദത്തിന് രക്തബന്ധത്തെക്കാൾ വിശാലമായ ഒരു ആത്മീയമാനം കൂടിയുണ്ട് എന്ന് സുതരാം വ്യക്തമാക്കുന്നു. 
തിരു പ്രവാചക ﷺ നോടുള്ള ആഴത്തിലുള്ള ആത്മീയ സാമീപ്യത്തിലൂടെയും അൽ-ഉബൂദിയ്യ (പൂർണ്ണമായ ദാസഭാവം) എന്ന നിലപാട് പൂർണ്ണമായി ഉൾക്കൊള്ളുന്നതിലൂടെയും ഒരു വിശ്വാസിക്ക് ഈ ആത്മീയ കുടുംബത്തിൽ ചേരാൻ കഴിയും. ഈ ആത്മീയ അനന്തരാവകാശികളാണ് വലിയ്യുകൾ - മശാഇഖുമാർ എന്ന് ഇബ്നു അറബി (റ) വിശദീകരിക്കുന്നു. അവർ തിരുപ്രവാചകൻ്റെ ﷺ ഭൗതികവും ആന്തരികവും ജ്ഞാനപരവുമായ ജീവിത മാതൃക പൂർണ്ണമായി ഉൾക്കൊള്ളുകയും, അത് വഴി അവർ അവിടുത്തെ യഥാർത്ഥ കുടുംബമായി മാറുകയും ചെയ്യുന്നു. 
ഇബ്നു അറബി(റ)യുടെ അതേ ആത്മീയ പ്രപഞ്ചത്തിൽ സഞ്ചരിച്ച വിശ്വപ്രസിദ്ധ സൂഫി കവി ജലാലുദ്ദീൻ റൂമി (റ) ന് അഹ്‌ലുൽ ബൈത് ദിവ്യമായ പ്രണയത്തിൻ്റെയും വെളിച്ചത്തിൻ്റെയും ഉറവിടമാണ്. റൂമി(റ)ക്ക് ഇമാം സയ്യിദുനാ ഹുസൈൻ (റ) ൻ്റെ കർബലയിലെ രക്തസാക്ഷിത്വം കേവലം ഒരു ചരിത്രസംഭവമല്ല. അത് പ്രപഞ്ചത്തിലെ ഏറ്റവും വലിയ പ്രണയത്തിൻ്റെയും ത്യാഗത്തിൻ്റെയും ആവിഷ്കാരമാണ്. ഈ ത്യാഗം തൗഹീദിൻ്റെ പരമമായ യാഥാർത്ഥ്യത്തെ വിളിച്ചറിയിക്കുന്ന ഒരു ആത്മീയ അനുഭൂതിയായിട്ടാണ് അദ്ദേഹം കാണുന്നത്.
ആത്മജ്ഞാനികളുടെ വീക്ഷണത്തിൽ, അഹ്‌ലുൽ ബൈത് ദിവ്യമായ പ്രകാശത്തിൽ നിന്ന് പിറവിയെടുത്തവരാണ്. അതിനാൽ ആ കുടുംബത്തിലേക്ക് ചേരുക എന്നത് പ്രകാശത്തിൻ്റെ ഉറവിടത്തിലേക്ക് തിരിച്ചുനടക്കുക എന്നതാണ്. അതുകൊണ്ട് തന്നെ അഹ്‌ലുൽ ബൈതിനെ അടുത്തും അകത്തും അറിയുന്നതിലൂടെ മാത്രമേ തൗഹീദിൻ്റെ യാഥാർത്ഥ്യത്തിലേക്ക് നമുക്ക് സഞ്ചരിക്കാനാകൂ. സയ്യിദുനാ സൽമാനുൽ ഫാരിസി(റ) യെ പ്പോലെ ആ വിശുദ്ധ കുടുംബത്തിലേക്ക് ചേരുന്നതിലൂടെ മാത്രമേ നാം അല്ലാഹു എന്നെ ജ്ഞാനാനുഭവങ്ങളിലേക്ക് നയിക്കപ്പെടുകയുള്ളൂ. നമ്മുടെ അഖ്ല് (ബുദ്ധി) ലും ഖൽബ് (ഹൃദയം) ലും കുടികൊള്ളുന്ന ദിവ്യമായ തിരിച്ചറിവിനെ ഉണർത്താൻ അവരുടെ മാർഗ്ഗങ്ങളേ സഹായിക്കുകയുള്ളൂ. ഒരു വിശ്വാസിയുടെ ഹൃദയം ലൗകികമായ താൽപര്യങ്ങളിൽ മുഴുകി അറിയാതെ സുഖസുശുപ്തിയിലേക്ക് വഴുതി വീഴുമ്പോൾ ഈ 'ആത്മീയ ആലസ്യത്തിൽ' നിന്ന് ഉണർത്താനുള്ള ശക്തി അഹ്‌ലുൽ ബൈത്തിൻ്റെ പാതയ്ക്കു മാത്രമേയുള്ളൂ. ഈ പാതയിൽ നിന്ന് അകലുമ്പോൾ പൈശാചികമായ മാനസിക അടിമത്തത്തിന് വിധേയരാകുകയും ഇബ്‌ലീസിൻ്റെ നിർദേശങ്ങൾക്ക് വശംവദരായി തീരുകയും ചെയ്യുന്നു. കാരണം ദിക്റിൽ നിന്നകലുന്നവരുടെ കൂട്ടുകാരൻ പിശാചാണെന്ന് ഖുർആൻ അർത്ഥശങ്കക്കിടയില്ലാത്തവണ്ണം വ്യക്തമാക്കുന്നുണ്ട്. ആ ദിക്റ് തൗഹീദാണെന്നും ആ തൗഹീദ് അഹ്‌ലുൽ ബൈതാണെന്നും നമുക്കിവിടെ ബോധ്യപ്പെടുന്നു. 
പരിശുദ്ധ ദീനിൽ രക്തബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൻ്റെ പ്രാധാന്യം വളരെ വലുതാണ്. സ്വിലതുൽ റഹിം (കുടുംബബന്ധം ചേർക്കുക) എന്ന ഈ കർമ്മം വിശ്വാസത്തിൻ്റെ പൂർണ്ണതയുടെ അടയാളമായി കരുതപ്പെടുന്നു. കുടുംബ ബന്ധങ്ങൾ നിലനിർത്തുന്നത് ആയുസ്സും ഐശ്വര്യവും വർദ്ധിപ്പിക്കുമെന്ന് ഹദീസുകൾ പഠിപ്പിക്കുന്നു. കുടുംബബന്ധം വിച്ഛേദിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ലെന്നും തിരു പ്രവാചകൻ ﷺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
ഒരു ഹദീസിൽ തിരു പ്രവാചകൻ ﷺ പറഞ്ഞു: "കുടുംബബന്ധം (അല്ലാഹുവിൻ്റെ) അർശുമായി (സിംഹാസനവുമായി) ബന്ധപ്പെട്ടതാണ്". ഈ വിശുദ്ധ ഹദീസുകല്ലാം വിശകലനം ചെയ്യുമ്പോൾ 
സ്വിലതുൽ റഹിം എന്നതിന് ഭൗതികമായ ഒരു ബന്ധത്തിനപ്പുറം, ദിവ്യമായ ഒരു ആത്മീയ മാനം ഉണ്ടെന്ന് വ്യക്തമാക്കുന്നു.
കുടുംബബന്ധം സൂചിപ്പിക്കുന്ന റഹ്മ് (ഗർഭപാത്രം) എന്ന വാക്ക്, അർ-റഹ്മാൻ, അർ-റഹീം എന്നീ അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ നാമങ്ങളിൽ നിന്നാണ് വന്നത്. ഇത് യാദൃച്ഛികമല്ല. കുടുംബബന്ധം എന്നത് അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ ഭൗതികമായ ഒരു പ്രകടനമാണ്. ഒരു വിശ്വാസി തൻ്റെ കുടുംബബന്ധം ചേർക്കുന്നതിലൂടെ യഥാർത്ഥത്തിൽ ദിവ്യമായ കാരുണ്യത്തിൻ്റെ കണ്ണിയിൽ ചേരുകയാണ്. ഇതിനെ വിച്ഛേദിക്കുക എന്നത് അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അകന്നുപോവുന്നതിന് തുല്യമാണ്. ഇതാണ് കുടുംബബന്ധത്തെക്കുറിച്ചുള്ള ഹദീസുകളുടെ ആത്മീയ വ്യാഖ്യാനം. 
ഈ ഭൗതിക ബന്ധങ്ങൾ സൂക്ഷമ മാതൃകയാണെങ്കിൽ (microcosm തിരു പ്രവാചകൻ്റെ ﷺ ആത്മീയ കുടുംബമാണ് സ്ഥൂല മാതൃക. അഹ്‌ലുൽ ബൈത് എന്ന കുടുംബം അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെയും പ്രകാശത്തിൻ്റെയും ഗർഭപാത്രമാണ് (റഹ്മ്). അതിനാൽ, ആത്മീയമായ സ്വിലതുൽ റഹിം എന്നത് ഈ കുടുംബവുമായി ആത്മബന്ധം സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ്. ഹദീസ് അൽ-ഥഖലൈൻ (രണ്ട് ഭാരമേറിയ കാര്യങ്ങൾ) എന്ന് വിഖ്യാതമായ വിശുദ്ധ ഹദീസ് ഇത് സ്പഷ്ടമാക്കുന്നുണ്ട്.. തിരു പ്രവാചകൻ ﷺ പറഞ്ഞു: "ഞാൻ നിങ്ങളിൽ രണ്ട് ഭാരമേറിയ കാര്യങ്ങൾ വിട്ടേച്ചു പോകുന്നു. ഒന്ന് അല്ലാഹുവിൻ്റെ കിതാബ്, മറ്റൊന്ന് എൻ്റെ കുടുംബം (അഹ്‌ലു ബൈത്). ഹൗദിൽ (സ്വർഗ്ഗീയ തടാകം) അവർ എന്നെ കണ്ടുമുട്ടുന്നത് വരെ അവർ പിരിയുകയില്ല.". ഈ രണ്ട് ഭാരമേറിയ കാര്യങ്ങളെ മുറുകെ പിടിക്കുന്നവൻ വിജയിക്കുന്നു. ഇത് തന്നെയാണ് യഥാർത്ഥ 
സ്വിലതുൽ റഹിം.
ഇത്രയും തിരിച്ചറിയുന്നതിനൊടുവിൽ നമ്മുടെ മനസ്സിലുയരുന്ന ഏറ്റവും മുഖ്യമായ ചോദ്യം ഈ വിശുദ്ധ കുടുംബത്തിലേക്ക് എങ്ങനെ ചേർന്നു നിൽക്കാനായും എന്നതാണ്. അവിടെയാണ് പൂർണ്ണനായ ഒരു മുറബ്ബിയായ ശൈഖിനെ കുറിച്ച വിചാരപ്പെടലുകൾ ഏറെ പ്രാധാന്യമർഹിക്കുന്നത്.
സൂഫീ പാതയിൽ ഗുരുവിൻ്റെ സ്ഥാനം വളരെ വലുതാണ്. മുറബ്ബി എന്നാൽ പോഷിപ്പിക്കുന്നവൻ എന്നാണർത്ഥം. ശൈഖ് ഒരു ആത്മീയ വൈദ്യനാണ്. അദ്ദേഹം തൻ്റെ ശിഷ്യൻ്റെ 
നഫ്സിനെയും ഖൽബിനെയും ശുദ്ധീകരിക്കുന്നു. ഇത് 
തത്ഹീ
ർ (ശുദ്ധീകരണം) എന്ന ഖുർആനിക തത്ത്വത്തിൻ്റെ പ്രായോഗിക രൂപമാണ്.
തിരു ഹദീസുകളിൽ ഹൃദയത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്: "ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്, അത് നന്നായാൽ ശരീരം മുഴുവൻ നന്നായി". ഹൃദയത്തിൻ്റെ ഈ പ്രാധാന്യം തിരിച്ചറിഞ്ഞ മശാഇഖുമാർ പറയുന്നത്, 
ശരീഅത്ത് ശരീരത്തിന് വുളു (അംഗസ്നാനം) പഠിപ്പിക്കുന്നുവെങ്കിൽ, തസവ്വുഫ് (സൂഫിസം) ഹൃദയത്തിന് വുളു പഠിപ്പിക്കുന്നു. ശൈഖ് ഈ ഹൃദയത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഇത് അഹ്‌ലുൽ ബൈത്തിൻ്റെ പാതയിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രഥമ പടിയാണ്, കാരണം അഹ്‌ലുൽ ബൈത്തിൻ്റെ ഏറ്റവും വലിയ സവിശേഷത തന്നെ അവരുടെ ശരീരത്തിൻ്റെയും ഹൃദയത്തിൻ്റെയും ആത്മാവിൻ്റെയും പരിപൂർണ്ണമായ വിശുദ്ധിയാണ്. 
ഒരു മുറബ്ബിയായ ശൈഖിൻ്റെ കരം പിടിച്ച് ബൈഅത് ചെയ്യുന്നതിലൂടെ അഹ്‌ലു ബൈതാകുന്ന തൗഹീദിൻ്റെ കുടുംബതിലേക്കാണ് കൈ പിടിച്ച് ആനയിക്കപ്പെടുന്നത്
ബൈഅത്ത് എന്നത് തിരു പ്രവാചകﷺ ൻ്റെ കാലം മുതൽ നിലവിലുള്ളതാണ്. വിശുദ്ധ ഖുർആനിൽ ഇത് പരാമർശിക്കപ്പെടുകയും ചെയ്യുന്നുണ്ട്, "വൃക്ഷത്തിൻ്റെ ചുവട്ടിൽ വെച്ച് താങ്കളോട് ബൈഅത്ത് ചെയ്ത വിശ്വാസികളെക്കുറിച്ച് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു" (ഖുർആൻ 48:18). 
ബൈഅത്ത് എന്നത് ഒരു സാധാരണ കരാറല്ല, മറിച്ച് തിരു പ്രവാചകനിﷺ ലേക്കും അഹ്‌ലു ബൈത്തിലേക്കും നീളുന്ന ആത്മീയ ശൃംഖലയുടെ (സൽസില) ഭാഗമാവാനുള്ള പ്രതിജ്ഞയാണ്. 
ഈ ആത്മജ്ഞാന പരമ്പരകളിലെ ശൈഖുമാരുടെ സൽസില തിരുപ്രവാചകൻ ﷺ യിലേക്കും മൗലാ അലി (റ) യിലേക്കും അഹ്‌ലു ബൈത്തിലെ അംഗങ്ങളിലേക്കും എത്തുന്നു. ഇത് വെറും ഒരു പേരുവിവരപ്പട്ടികയല്ല, മറിച്ച് തിരുപ്രവാചക ﷺ നിൽ നിന്ന് തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ആത്മീയ രഹസ്യത്തിൻ്റെയും വെളിച്ചത്തിൻ്റെയും കൈമാറ്റമാണ്. അഹ്‌ലുൽ ബൈത് എന്ന ആത്മീയ കുടുംബത്തിലേക്ക് ചേരാനുള്ള മാർഗ്ഗം ഇതാണ്, ഇതു മാത്രമാണ്.
ഒരു മുറബ്ബി ശൈഖിനോട് ബൈഅത്ത് ചെയ്യുമ്പോൾ, ശിഷ്യൻ യഥാർത്ഥത്തിൽ ആത്മീയമായി തിരുപ്രവാചകﷺനുമായി ബന്ധിക്കപ്പെടുന്നു. തിരുപ്രവാചകﷺൻ്റെ വീട്ടിലേക്ക്, അഹ്‌ലുൽ ബൈത്തിൻ്റെ വീട്ടിലേക്ക് പ്രവേശിക്കാനുള്ള ഒരു താക്കോലാണ് ബൈഅത്ത്. അങ്ങനെ ഭൗതികമായ രക്തബന്ധത്തേക്കാൾ അത്യുന്നതവും അത്യഗാധവും അതിശക്തവുമായ ഒരു ആത്മീയബന്ധം സ്ഥാപിക്കാനാകുന്നു 
ചുരുകത്തിൽ അഹ്‌ലു ബൈത് എന്നത് തൗഹീദിൻ്റെ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുന്നതും അതിൻ്റെ രഹസ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതുമായ ഒരു പ്രകാശഭവനമാണ്. ഭൗതികമായ കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൻ്റെ മഹത്വത്തെക്കുറിച്ചുള്ള ഹദീസുകൾ, ഈ ഭൗതികബന്ധങ്ങൾ ആത്മീയബന്ധങ്ങളുടെ വെറുമൊരു മറുമൊഴിയാണെന്ന് സൂചിപ്പിക്കുന്നു. ഈ ദിവ്യമായ റഹിം (കാരുണ്യഗർഭം) യുമായി ബന്ധം സ്ഥാപിക്കുക എന്നതാണ് ഒരു വിശ്വാസിയുടെ ആത്യന്തികമായ ആത്മീയ ലക്ഷ്യം. പൂർണ്ണനായ ഒരു മുറബ്ബി ശൈഖിനോട് ബൈഅത്ത് ചെയ്യുന്നതിലൂടെ, ഒരു വിശ്വാസി ആത്മീയമായ ഒരു കരാറിൽ ഏർപ്പെടുകയും, അത് വഴി തിരുപ്രവാചകﷺനിലേക്കും അഹ്‌ലുൽ ബൈത്തിലേക്കും നീളുന്ന വിശുദ്ധമായ സൽസിലയുടെ ഭാഗമാകുകയും ചെയ്യുന്നു.
ഒരു വിശ്വാസിയുടെ ആത്മീവും ഭൗതിക വ്യമായ ജീവിതം, തിരു പ്രവാചകﷺ ൻ്റെ ബയ്തുൽ വഹ്യ് (ദിവ്യബോധനത്തിൻ്റെ ഭവനം) എന്ന പ്രകാശമയമായ വീട്ടിലേക്ക് ഒരു തിരിച്ചുനടത്തമാണ്. ഈ യാത്രയുടെ പൂർണ്ണത, അല്ലാഹുവിൻ്റെ കാരുണ്യവും പ്രണയവും പൂർണ്ണമായി ഉൾക്കൊള്ളുന്ന അഹ്‌ലുൽ ബൈത് എന്ന യഥാർത്ഥ കുടുംബത്തിൽ ചേരുമ്പോഴാണ്. ഈ ബന്ധത്തിലൂടെ, ഹൃദയം എല്ലാ മാലിന്യങ്ങളിൽ നിന്നും ശുദ്ധീകരിക്കപ്പെടുകയും തൗഹീദിൻ്റെ ദിവ്യപ്രകാശത്തിൽ നിറയുകയും ചെയ്യുന്നു.