"മജ്‌ലിസ് എന്ന സ്വർഗീയ പൂങ്കാവനം" സദാ സൂക്ഷ്മത പാലിക്കുക:
- ശൈഖ് മുഹമ്മദ് ബാവ ഉസ്‌താദ്
മഹാനവർകൾ മജ്‌ലിസിൽ നമ്മളോട് പങ്കുവെച്ച് ഉപദേശ നിർദ്ദേശങ്ങളുടെ സംക്ഷിപ്ത രൂപം ചുവടെ സൂചിപ്പിക്കുകയാണ്:
നിങ്ങളേറ്റവും ജാഗ്രതയോടെയും അതിലേറെ ഭയത്തോടെയും കാണേണ്ട കാര്യമാണ് ഈ പരിശുദ്ധമാർഗത്തിൽ നിന്ന് വിട്ടുപോവുക എന്നത്. അങ്ങനെ സംഭവിച്ചാൽ ദുന്‍യാവിലും പരലോകത്തും നിങ്ങൾ പരാജയപ്പെടുമെന്നതിനാൽ ഈ ഭയം സദാ ഉള്ളിലുണ്ടാകണം,
സ്‌നേഹവും ഭയവും ഇഴപിരിയാതെ രണ്ടും കൂടിയതാണ് തഖ്‌വ എന്ന് അവിടുന്ന് ഉപദേശിക്കുകയുണ്ടായി.
അല്ലാഹു നിങ്ങൾക്ക് തന്ന വാഗ്‌ദാനങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ട. ഇഹലോകത്തെയും പരലോകത്തെയും അനുഗ്രഹങ്ങൾ അവൻ നൽകുക തന്നെ ചെയ്യും. എന്നാൽ റബ്ബിനോട് നിങ്ങൾ ചെയ്ത കരാർ ലംഘിക്കുന്നതിനെയാണ് നിങ്ങൾ കൂടുതൽ ആശങ്കപ്പെടേണ്ടത്.
നാമിപ്പോൾ സംബന്ധിച്ചിരിക്കുന്ന മജ്‌ലിസ് എല്ലാ തേട്ടങ്ങൾക്കും പ്രതിവിധി നൽകപ്പെടുന്ന സ്വർഗീയ പൂങ്കാവനമാണ്. അതുകൊണ്ട് ഹറമുകളിലിരിക്കുന്നതപോലെ ജാഗ്രതയോടെ അല്ലാഹുവും റസൂലുമല്ലാത്ത എല്ലാ ചിന്തകളിൽ നിന്നും മുക്തമായി പൂർണ ശുദ്ധിയോടെ ഇവിടെ ഇരിക്കുക. പിറന്നുവീണ കുഞ്ഞിനെപ്പോലെ ഒരു നേരിയ കളങ്കംപോലുമില്ലാതെ ആത്മശുദ്ധി നേടിപ്പോകാവുന്നതാണ്.
എന്നാൽ അവർ സ്വയം ഉദ്ദേശിക്കാതെ എന്തുചെയ്താലും താങ്കൾക്ക് അവരെ നന്നാക്കാൻ സാധിക്കില്ല നബിയേ, എന്ന് ഖുര്‍ആൻ എടുത്തുപറഞ്ഞ ഹതഭാഗ്യരിൽ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.
റസൂലുല്ലാന്റെ(സ) കരം പിടിച്ച് ദീനിലേക്ക് കടന്നുവന്നതിന് ശേഷം മാര്‍ഗഭ്രംശം സംഭവിച്ചവർ അനവധിയുണ്ട്. എന്നാൽ അവർ തിരിച്ചുവന്ന് പാപമോചനം തേടിയാൽ അല്ലാഹു പൊറുത്തുകൊടുത്തേക്കാം.
പക്ഷേ, റസൂലുല്ലാഹി(സ)യുടെ കൂടെ അണിനിരന്ന്, മസ്ജിദുന്നബവിയിൽ അവിടുത്തെ പിറകിൽ നിന്ന് നമസ്‌കരിച്ച് എല്ലാവിധ അനുഗ്രഹങ്ങൾ അനുഭവിച്ചിട്ടും രക്ഷയുടെ മാര്‍ഗം കിട്ടാതെപോയ വിഭാഗമാണ് കപടവിശ്വാസികൾ.
ആത്മസംസ്കരണത്തിനും പാപമോചനത്തിനും ലക്ഷ്യമിട്ടുകൊണ്ടു നാം ഇരിക്കുന്ന ഈ മജ്‌ലിസിൽ ദൃഢവിശ്വാസത്തോടെയും ആദരവോടെയുമാണ് ഇരിക്കേണ്ടതെന്ന് ഉസ്താദവർകൾ ഉപദേശിക്കുകയുണ്ടായി. ഈ അനുഗ്രഹീത മജ്‌ലിസിലേക്ക് അടുപ്പിക്കലാണ് നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് നൽകാനാവുന്ന ഏറ്റവും നല്ല കാര്യമെന്നും അവിടുന്ന് ഓർമിപ്പിച്ചു.
ഖദീറുള്ള സയ്യിദ് മുഹമ്മദ് ബാദുഷ(റ) ആരംഭം കുറിച്ച ഈ മജ്‌ലിസ് അവിടുത്തെ 142 ഖലീഫമാരിലൂടെ ലക്ഷക്കണക്കായ ശിഷ്യഗണങ്ങൾ ഇന്നും ലോകത്തിന്റെ സകല ദിക്കിലും മഹത്തായ നമ്മുടെ മജ്‌ലിസ് നടത്തിവരുന്നുണ്ട്.
ശൈഖുനാ ഖദീറുള്ള ശൈഖ് യുസുഫ് സുൽത്താൻ ശാഹ്(ഖ സി)വിലൂടെ ഈ മാര്‍ഗത്തിലേക്ക് വന്നവർ പ്രത്യേക ശ്രേഷ്ഠത നേടിയവരായതിനാൽ അവരോട് കൂട്ടുകൂടിയാൽ തന്നെ നന്മയുടെ പാതയിലേക്ക് ദര്‍ശനംചെയ്യപ്പെട്ട് അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ ദോഷങ്ങൾ പൊറുക്കപ്പെടുകയും തിന്മയിലേക്ക് പിന്നീട് മടങ്ങിപ്പോക്ക് ഇല്ലാത്ത വിധം സംരക്ഷിക്കപ്പെടുകയും ചെയ്യും.
ഈ മജ്‌ലിസിന്റെ മാർഗത്തിൽ നിങ്ങൾക്ക് തുടരാൻ കഴിയുക എന്നത് തൗബ സ്വീകരിച്ചുവെന്നതിന്റെ തെളിവ് കൂടിയായി മനസ്സിലാക്കാവുന്നതാണ്.
നിങ്ങളുടെ കർമങ്ങൾക്കനുസരിച്ച് ആത്മാവ് രൂപമാറ്റം സംഭവിക്കും. ഇഹലോകത്തും പരലോകത്തും അതിന്റെ അനുരണനങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ കാണും. മഹശറയിൽ വരുമ്പോൾ എല്ലാവരും സ്വന്തം കര്‍മങ്ങളോടുകൂടിയാകും വരിക; നന്മയും തിന്മയും ചെറുതും വലുതുമായ എല്ലാം.
തെറ്റുകൾക്കനുസരിച്ച് മനുഷ്യന് രൂപമാറ്റം സംഭവിക്കും. മൂസാ(അ)ന്റെ സമുദായത്തിൽ ചിലർ മീൻ പിടിച്ച് കോലം മാറ്റപ്പെട്ട സംഭവം ഖുര്‍ആനിലുണ്ട്. റസൂലുല്ലഹി(സ)യുടെ കാലത്തും സമാനമായ ചില സംഭവങ്ങളുണ്ടായപ്പോൾ അവിടുന്ന് റബ്ബിനോട് പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് പ്രത്യക്ഷത്തിൽ അത്തരം സംഭവങ്ങൾ നിന്നുപോയത്. എന്നാൽ ആത്മാവുകള്‍ കോലം മാറ്റിമറിക്കപ്പെടും. ഇമാം ശാഫിഈ(റ)ന്റെ ചരിത്രത്തില്‍ അപ്രകാരം സംഭവിച്ചതായി പറയപ്പെട്ടിട്ടുണ്ട്.
ഒരിക്കൽ സൈനുദ്ദീൻ മഖ്ദൂം(റ) അസുഖം ബാധിച്ചതിനാൽ ജുമുഅക്ക് നേതൃത്വം നല്‍കാൻ മറ്റൊരാളെ ഏർപ്പാടാക്കി. അങ്ങനെയിരിക്കെ പള്ളിയിൽ ആളുകളെത്തിയിട്ടുണ്ടോയെന്ന് നോക്കാൻ മകനോട് പറഞ്ഞു. മകൻ നോക്കിതിരിച്ചുവന്ന് നിറയെ ആളുണ്ടെന്ന് പറയുകയും അപ്പോൾ മഹാനവര്‍കൾ സൂറത്തു യാസീനിലെ ഒരു സൂക്തം പറഞ്ഞുകൊടുത്ത് അതുരുവിട്ടുകൊണ്ട് വീണ്ടും നോക്കാൻ പറയുകയും അതുപോലെ ചെയ്തു നോക്കുമ്പോൾ കണ്ടത് പള്ളിയിലുള്ളവരിൽ ബഹുഭൂരിപക്ഷവും തലഭാഗം മാത്രം മനുഷ്യക്കോലം മാറി മറ്റു ജീവികളുടെ രൂപത്തിലുള്ള ആളുകളെയാണ്.
ഈ പരിശുദ്ധമാര്‍ഗത്തിൽ ബൈഅത്ത് ചെയ്ത് സൂക്ഷമതയോടെ ജീവിക്കുന്നവര്‍ക്ക് ഇങ്ങനെ സംഭവിക്കുകയില്ല.
അതുകൊണ്ട് മജ്‌ലിസിൽ പങ്കെടുക്കുമ്പോൾ നന്നായി പാപമോചനം തേടുകയും നിങ്ങൾക്ക് കിട്ടിയ ബൈഅത്തിന്റെ പൂര്‍ണാവസ്ഥയിലായിരിക്കുകയും ചെയ്യുക. സ്വന്തത്തേക്കാളും റസൂലുല്ലാ(സ)യോടും മശാഇഖുമാരോടും ചേരുക.
ചിന്തകളെപ്പോലും സൂക്ഷിക്കുക. മജ്‌ലിസിന്റെ പരിപൂർണ്ണ സാക്ഷാൽകാരം നേടിക്കൊണ്ട് തന്നെ ഇവിടന്ന് പിരിഞ്ഞുപോകുക.
ചുറ്റുപാടും വളർന്നുകൊണ്ടിരിക്കുന്ന നികൃഷ്ടകൃത്യങ്ങളിൽ പെട്ടുപോകാതിരിക്കാൻ ഈമാൻ എന്ന പരിജ കൂടിയേതീരൂ.
നിങ്ങൾ മക്കളെ വെറും മദ്രസയിൽ വിട്ടതുകൊണ്ട് മാത്രമായില്ല , ഇസ്ലാമിക വിശ്വാസമഹിതയുടെ അകം പൊരുളുകൾ അറിയാൻ ഇത്തരം മജ്ലിസുകളിലേക്ക് അവരെ അടുപ്പിക്കുക.
കടം പെരുകുന്നത് സൂക്ഷിക്കപ്പെടട്ടെ, വിശ്വാസികളുടെ കടങ്ങൾ അല്ലാഹു ഏറ്റെടുക്കുമെന്നുണ്ടെങ്കിലും റസൂലുല്ലാഹി(സ)യെയും മശാഇഖുമാരെയും പോലെ അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകൾ അഭിമുഖീകരിക്കാൻ നിങ്ങൾക്ക് സാധിക്കണമെന്നില്ല.
ഭൂമിയിൽ ഒരു ദിക്‌റ് മജ്‌ലിസ് നടക്കുമ്പോൾ അർശ് വരെ മലക്കുകള്‍ നിരയായി നില്‍ക്കും. അവിടെ പങ്കെടുക്കുന്നവർ റബ്ബിനോട് തേടുന്ന ഓരോ കാര്യങ്ങളും മലക്കുകൾ അല്ലാഹുവിനോട് പറയുകയും അതൊക്കെയും അല്ലാഹു സ്വീകരിച്ചിരിക്കുന്നു എന്ന് മറുപടികൊടുക്കുകയും ചെയ്യും. ഒരാൾ ദുന്‍യാവിന്റെ കാര്യമാണ് ചോദിക്കുന്നതെങ്കിൽ അതും അവൻ നല്‍കും. ഒരു വിശ്വാസിക്ക് ഏറ്റവും പ്രാധാന്യമുള്ളത് ആഖിറത്തിലെ കാര്യങ്ങൾ ആയിരിക്കണം.
ഒരാളെക്കുറിച്ച് മോശമായി ഒരു വാക്ക് സംസാരിക്കുന്നതുപോലും വിശ്വാസിക്ക് പ്രയാസകരമാകും.
നിങ്ങളുടെ ഓരോ ചിന്തയും അനക്കവും അടക്കവും നമ്മുടെ ഹൃദയ വികാരങ്ങളെ ഹൃദയത്തിലേക്ക് നോക്കി മനസ്സിലാക്കുന്നറബ്ബിന്റെ തൃപ്തിയിലാക്കുക.
ഭാര്യാഭാർത്താക്കന്മാർ രണ്ടുപേരും ഈമാൻ പുൽകിയിട്ടില്ലെങ്കിൽ രണ്ട് തട്ടിലായിപ്പോകുകയും പരസ്പരം അന്യരായിപ്പോകുകയും ചെയ്യും. ഈമാനിന്റെ മാര്‍ഗത്തിലേക്ക് വേണ്ടപ്പെട്ടവരെയൊക്കെ കൊണ്ടുവരാൻ പരിശ്രമിക്കുക. സദാ പരിശുദ്ധ ദീനിന്റെ പ്രവര്‍ത്തനങ്ങളിൽ മുഴുകുക.
അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ..
Connect with Us