Top pics

6/recent/ticker-posts

റമളാൻ്റെ ആന്തരാര്‍ഥം നല്‍കുന്ന സന്ദേശം


റമാളാന് സ്വാഗതമോതുമ്പോള്‍ നാം ആലോചിച്ചുപോവുന്നത് റമളാന്റെ സന്ദേശത്തെ കുറിച്ചാണ്. എങ്ങനെ നോമ്പനുഷ്ഠിക്കണം, അതിനായി എന്തൊക്കെ നോമ്പുതുറ-അത്താഴ വിഭവങ്ങള്‍ തയ്യാറാക്കണമെന്നതല്ല ആലോചിക്കേണ്ടത്. റമളാനിലൂടെ അല്ലാഹുവിനെ കണ്ടുമുട്ടാനായി എന്തു തയ്യാറാക്കണമെന്നാണ് നാം പരിശോധിക്കേണ്ടത്.

റമളാന്‍ എന്നാല്‍ ശരീരേച്ഛകളെ അല്ലാഹുവിന്റെ തിരുപ്രകാശത്തില്‍ കരിച്ചുകളയലാണ്. അല്ലാഹുവിന്റെ പ്രകാശമായിരുന്നു തിരുനബി. സ്വന്തം അസ്തിത്വത്തെ അല്ലാഹുവിന്റെ തിരുപ്രകാശത്തില്‍ ഇല്ലാതാക്കുമ്പോഴാണ് ഖുര്‍ആന്റെ ആത്മീയ യാഥാര്‍ഥ്യം മനുഷ്യനിലേക്കെത്തുന്നത്. അതാണ് ഖുര്‍ആന്‍ റമളാനിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നു പറഞ്ഞത്. ഖുര്‍ആന്‍ മൊത്തത്തിലുളള ജ്ഞാനത്തിന്റെ ഒരു പ്രതീകമാണ്. ഖുര്‍ആനിയ്യായ പ്രജ്ഞ എന്നു ശൈഖുല്‍ അക്ബര്‍ മുഹിയുദ്ദീന്‍ ഇബ്‌നു അറബി തങ്ങളെ പോലുള്ളവര്‍ വിശേഷിപ്പിക്കുന്നത് ഈ ജ്ഞാനത്തെയാണ്. ആ ഖുര്‍ആനിയ്യാ യാഥാര്‍ഥ്യമാണ് അല്ലാഹുവിലേക്കുള്ള സംഗമസ്ഥാനത്തേക്ക് മനുഷ്യനെ ഉയര്‍ത്തുന്നത്. അങ്ങനെയാണ് മനുഷ്യന്‍ തൗഹീദിലേക്ക് നയിക്കപ്പെടുന്നത്. ഖുര്‍ആനില്‍ ‘റമളാന്‍ മാസത്തില്‍ ഖുര്‍ആന്‍ അവതരിച്ചിരിക്കുന്നത് മനുഷ്യര്‍ക്ക് സന്മാര്‍ഗമായിട്ടാണ്’ എന്നു പറയുന്നത് ഇതുകൊണ്ടാണ്. ഈ മാസത്തിനു സാക്ഷ്യംവഹിക്കുന്നവര്‍ നോമ്പനുഷ്ഠിക്കട്ടെ എന്നു തുടര്‍ന്ന് ഖുര്‍ആന്‍ പറയുന്നു. ആരെങ്കിലും തൗഹീദിന്റെ ഈ മഹദ്സ്ഥാനത്തെത്തിയാല്‍ അവന്‍ സത്തയുടെ തൗഹീദിന്റെ സാക്ഷിത്വവുമായി ബന്ധപ്പെട്ട സ്ഥാനത്ത് എത്തിക്കഴിഞ്ഞു. അങ്ങനെ അത്തരം ആത്മീയസ്ഥാനങ്ങള്‍ കരഗതമായവര്‍ വാക്കിനെയും പ്രവൃത്തിയെയും ചലനത്തെയും അല്ലാഹുവില്‍ വിലയിച്ചല്ലാതാക്കുന്നു. അതിനു വിഘാതമാവുന്നവയില്‍നിന്നു അവര്‍ മാറിനില്‍ക്കാനാണ് ഖുര്‍ആന്‍ ഇവിടെ അരുളുന്നത്.

റമളാനിനെ കുറിച്ച ഖുര്‍ആന്റെ ബാക്കി പരാമര്‍ശങ്ങള്‍ കൂടി പരിശോധിച്ചു നോക്കൂ. ആരെങ്കിലും നോമ്പുസമയത്ത് രോഗികളായാല്‍ അത് പിന്നീട് അനുഷ്ഠിക്കണമെന്നും ഖുര്‍ആന്‍ പറയുന്നു. ആ ദൈവിക സാക്ഷിത്വത്തിലേക്കു ചെന്നെത്തുന്നതില്‍ മനുഷ്യന്റെ ശാരീരികമായ മറകളാലുള്ള ഹൃദയരോഗങ്ങളാല്‍ പരീക്ഷിക്കപ്പെട്ടാല്‍ ആ മഖാമിലേക്ക് ചെന്നുചേരാനുള്ള മറ്റു പദവികളെ അവര്‍ കണ്ടെത്തണം. യാത്രയായാലും അങ്ങനെ തന്നെ. ആത്മീയയാത്രയെ കുറിച്ചുള്ള കാര്യമാണ് ഇവിടെ പറയുന്നത്. സത്തയുടെ തൗഹീദിലേക്ക് ചെന്നെത്താത്തവരെ കുറിച്ചാണ് ഇവിടെ പറയുന്നത്. അവര്‍ക്കും മറ്റും പദവികളുടെ ഭാഗങ്ങളുണ്ട്.

അല്ലാഹു മനുഷ്യനു എളുപ്പമാര്‍ഗത്തെ മാത്രമേ കരുതിവെച്ചിട്ടൂള്ളൂ. തൗഹീദിന്റെ മഖാമിലേക്ക് ചെന്നെത്തുന്നതിന് അല്ലാഹു എളുപ്പമാര്‍ഗങ്ങളെയാണ് വെച്ചിട്ടുള്ളത്. മനുഷ്യനെ പ്രയാസപ്പെടുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. ആ പദവികളെയും അവസ്ഥകളെയും സ്ഥാനങ്ങളെയും മനുഷ്യര്‍ പൂര്‍ണരീതിയില്‍ കരഗതമാക്കണമെന്നാണ് അല്ലാഹുവിന്റെ ലക്ഷ്യം.

പക്ഷേ ഈ മാര്‍ഗത്തെ മനസ്സിലാക്കുന്നതിനും ആ എളുപ്പവഴികളെ നേടിയെടുക്കുന്നതിനും തൗഹീദിനെ പരിപൂര്‍ണമാക്കുന്നതിനും ഒരു ഗുരുവെ സമീപിക്കുകയല്ലാതെ തരമില്ല. സാധാരണക്കാര്‍ക്കും മതപണ്ഡിതന്മാര്‍ക്കും ഇക്കാര്യത്തില്‍ ഗുരുവെ സമീപിക്കേണ്ടതുണ്ട്. അല്ലാതെ അവന് തൗഹീദിനെ സ്വാംശീകരിക്കാനാവില്ല. അല്ലാഹുവിലേക്കു ചെന്നുചേരാനാവില്ല. അല്ലാഹുവെ ഒരാള്‍ സമീപിക്കുന്നത് അവിടെ എത്തിയ ഒരാളിലൂടെ തന്നെയാവണം. അതുകൊണ്ടാണ് തിരുനബിയെയും ഒന്നേകാല്‍ ലക്ഷം പ്രവാചകന്മാരെയും നിയോഗിക്കേണ്ടി വന്നത്.

റമളാന്‍ തൗഹീദിലേക്കുള്ള ക്ഷണമാണ്. റമളാന്റെ ആന്തരാര്‍ഥത്തില്‍ കിടക്കുന്നത് തൗഹീദില്‍ പൂര്‍ണ്ണതയോടെ നിലകൊള്ളാനുളള ആഹ്വാനമാണ്. ആ ആഹ്വാനത്തിലേക്ക് എത്തിച്ചേരണമെങ്കില്‍ നോമ്പനുഷ്ഠിച്ചാല്‍ മാത്രം പോരാ. ആത്മാവിന്റെ നോമ്പു കൂടി പഠിക്കണം. അതിന് ആത്മാവിന്റെ യാഥാര്‍ഥ്യമറിയുന്ന ഗുരു വേണം. അതിനെ സംസ്‌കരിക്കുന്ന ജ്ഞാനി വേണം. ആ ജ്ഞാനിയിലൂട മാത്രമേ ഈമാന്‍ ലഭിക്കൂ.

പി.സി. ജലീൽ മഹ്ബൂബി