Top pics

6/recent/ticker-posts

ലാഇലാഹ ഇല്ലല്ലാഹ് സാക്ഷ്യം വഹിക്കാനുള്ളതാണ് - ശൈഖ് മുഹമ്മദ് ബാവ ഉസ്‌താദ്‌


 

ലാഇലാഹ ഇല്ലല്ലാഹ് സാക്ഷ്യം വഹിക്കാനുള്ളതാണ്

 - ശൈഖ് മുഹമ്മദ് ബാവ ഉസ്‌താദ്‌


ശൈഖ് മുഹമ്മദ് ബാവ ഉസ്‌താദ്‌ സുൽത്വാനിയ മജ്‌ലിസിൽ നടത്തിയ നസ്വീഹത്തിൽ നിന്ന്:

പലവിധ ജീവിതചുറ്റുപാടുകളുള്ള മനുഷ്യര്‍ ഒരുമിച്ചുകൂടുന്നതായിരുന്നു റസൂലുല്ലാന്റെ(സ) സദസ്സ്. അതിനുസമാനായി നമുക്കുമൊരുമിക്കാനായത് നമ്മുടെ മശാഇഖുമാരുടെ അനുഗ്രഹം കൊണ്ടുമാത്രമാണ്. അല്ലാഹുവിന്റെടുക്കല്‍ ഉന്നത സ്ഥാനം ഉറപ്പിച്ചിട്ടും വന്ദ്യരായ ശൈഖുനയും ഗൗസുല്‍അഅ്‌ളം(റ) അടക്കമുള്ള നമ്മുടെ മശാഇഖുമാര്‍ അനേകം യാതനകള്‍ സഹിച്ചാണ് നമുക്കുവേണ്ടി ഈ പാത തീര്‍ത്തത്. കലിമയെ അറിയുക സാക്ഷിയാകുക എന്ന ഏറ്റവും പരമമായ സാക്ഷാല്‍ക്കാരത്തിന്റെ ഈയൊരു മാര്‍ഗത്തിലേക്കാണ് പറക്കും വലികളെപ്പോലും ഗൗസുല്‍അഅ്‌ളം ദര്‍ശനം ചെയ്തത്. ആയിരത്തിനാനൂറിലധികം വര്‍ഷങ്ങള്‍ക്കിപ്പുറം അല്ലാഹു നിയോഗിച്ച ദൂതന്‍ പ്രത്യക്ഷത്തിലില്ലാത്ത സാഹചര്യത്തില്‍ കലിമയുടെ സാക്ഷിത്വം പ്രായോഗികതലത്തില്‍ കൈവരിക്കാന്‍ അല്ലാഹവിനെയും റസൂലിനെയും അറിഞ്ഞ യോഗ്യരായ ജ്ഞാനികളുടെ സന്നിധാനം മാത്രമാണ് ആശ്രയം. ആയിരത്തിനാനൂറിലധികം വര്‍ഷങ്ങള്‍ക്കിപ്പുറം അല്ലാഹു നിയോഗിച്ച ദൂതന്‍ പ്രത്യക്ഷത്തിലില്ലാത്ത സാഹചര്യത്തില്‍ കലിമയുടെ സാക്ഷിത്വം പ്രായോഗികതലത്തില്‍ കൈവരിക്കാന്‍ അല്ലാഹുവിനെയും റസൂലിനെയും അറിഞ്ഞ യോഗ്യരായ ജ്ഞാനികളുടെ സന്നിധാനം മാത്രമാണ് ആശ്രയം. റസൂലിനെ എപ്രകാരം അനുധാവനം ചെയ്യണമെന്നാണോ ഖുര്‍ആന്‍ പഠിപ്പിച്ചത് അതേപോലെ. സ്‌നേഹമാണ് അതിനെ പരിപൂര്‍ണതയിലെത്തിക്കുന്നതെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഈമാന്റെ മറ്റൊരു ഭാഗമാണ് സ്‌നേഹം. മുന്‍കാല അമ്പിയാക്കളും അതില്‍നിന്നൊഴിവല്ല. റസൂലുല്ലാഹി(സ)യുടെ ഉമ്മത്തിയാവുക എന്ന ഏറ്റവും മഹോന്നതമായ സൗഭാഗ്യമാണ് ഈയൊരു മാര്‍ഗത്തിലൂടെ അല്ലാഹു നമുക്കനുഗ്രഹിച്ചുതന്നത്. അത് നഷ്ടപ്പെടുത്താതിരിക്കാന്‍ നിങ്ങള്‍ ആകെ ചെയ്യേണ്ടത് നിങ്ങളുടെ ശൈഖില്‍ പരിപൂര്‍ണമായി അര്‍പ്പിക്കുകയെന്നതാണ്.

എന്റെ പതിനേഴാം വയസ്സില്‍ രിഫാഇയ്യാ മാര്‍ഗത്തിലേക്ക് കൈ പിടിച്ച ചെറുകോയതങ്ങളുടെ പിതാമഹനായ ലക്ഷദ്വീപിലെ കവരത്തിയില്‍ കിടക്കുന്ന ശൈഖ് മുഹമ്മദ് ഖാസിം മൂസാ രിഫാഈ(റ)വിന്റെ സന്നിധിയില്‍ പോകാന്‍ എനിക്ക് അനുഗ്രഹമുണ്ടായി. ഗൗസുല്‍അഅ്‌ളമിന്റെ പേരക്കുട്ടിയാണവിടുന്ന്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ബഹുമാനപ്പെട്ടവരുടെ പിതാവിന് ഖിള്ര്‍(അ)മിന്റെ പ്രത്യേക അനുഗ്രഹത്തോടെ മുഹമ്മദ് ഖാസിം(റ) ജനിക്കുന്നത്. പറഞ്ഞാലൊടുങ്ങാത്ത ശ്രേഷ്ഠതകള്‍ക്കുടമയായ മഹാനവര്‍കളൊക്കെ ദര്‍ശനം നല്‍കിയ മാര്‍ഗത്തിലാണ് നാം നിലകൊള്ളുന്നത്. മറ്റു ത്വരീഖത്തുകളെപ്പോലെ കേവല വഴിമാര്‍ഗങ്ങളല്ല, അല്ലാഹുവിന്റെ റസൂല്‍(സ) കാണിച്ചുതന്ന പരിശുദ്ധമായ ദീനിലാണ് നാം അണിചേര്‍ന്നിട്ടുള്ളത്. അതുകൊണ്ട് നിങ്ങള്‍ പിടിച്ചിട്ടുള്ള ശൈഖില്‍ അടിയുറച്ചുനില്‍ക്കുക. വിട്ടുപോയി മറ്റെവിടെ പോയാലും നിങ്ങളുടെ മരണസമയത്ത് അപകടത്തിലാകും. ശൈഖ് ഖദീറുള്ള മഹാനവര്‍കളുടെ ചില മുരീദുമാര്‍ക്ക് സംഭവിച്ചതാണത്. എന്റെ ശൈഖ് ഖദീറുള്ള(റ)യുടെ വാഗ്ദാനത്തില്‍ സംശയത്തിന്റെ കണിക പോലും വേണ്ട. 

ഫഖീറന്മാരോടൊപ്പമാണ് എന്റെ സാന്നിധ്യം എന്ന് അല്ലാഹു മൂസാ(അ)നോട് പറഞ്ഞതെങ്കില്‍ ഏറ്റവും വലിയ ഫഖീറായ ഹബീബുല്ലാഹി(സ)യുടെ അതേ മാര്‍ഗത്തിലാണ് നാമുള്ളതെന്നോര്‍ക്കുക. അവിടുത്തോട് ചേര്‍ന്നതൊന്നും തീ തൊടില്ല. അതില്‍ അഴുക്ക് ചേരാതെയിരിക്കണമെങ്കില്‍ അവിടുത്തെ ചര്യ മുറുകെപിടിക്കുക. അല്ലെങ്കില്‍ ഈമാന്‍ കീറിപ്പറിഞ്ഞ വസ്ത്രം പോലെയാകും.

വന്ദ്യരായ ശൈഖുനാ(ശൈഖ് യുസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്ത്തി) പൊതുസമൂഹത്തോട് പറഞ്ഞതാണ്; ഞാന്‍ പറയുന്നത് വാസ്തവമാണെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടണമെങ്കില്‍ എന്റെ യഥാര്‍ത്ഥ മുരീദിന്റെ ഖബര്‍ തുറന്നുനോക്കൂ, ആ ശരീരത്തിന് ഒരു നേരിയ മാറ്റം പോലം സംഭവിച്ചതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. സമാനമായി അടുത്തിടെ എന്റെ ഒരു പ്രിയപ്പെട്ട മുരീദ്, വീട്ടുകാര്‍ക്ക് താന്‍ യാത്രയാകുകയാണെന്ന് സൂചനകള്‍കൊടുത്ത് എല്ലാ ഒരുക്കങ്ങളും ചെയ്ത് ശാന്തമായി മരണം പുല്‍കി. സാധാരണ മരണവെപ്രാളത്തിലോ ശേഷമോ ഉണ്ടായേക്കാവുന്ന യാതൊരു ലക്ഷണവും ഉണ്ടായില്ലെന്ന് ശേഷക്രിയകള്‍ക്ക് നേതൃത്വം നല്‍കിയവര്‍ സാക്ഷ്യപ്പെടുത്തി. അത്യത്ഭുതകരമായ ഈയൊരു അനുഗ്രഹീത പരിശുദ്ധി വാഗ്ദാനം ചെയ്യപ്പെട്ട മാര്‍ഗത്തിലാണ് നാം ചേര്‍ന്നിട്ടുള്ളത്. അതുകൊണ്ട് ദുന്‍യാവ് ആഗ്രഹിച്ചുപോകേണ്ട. 


ഉഹ്ദ് മല മുഴുവന്‍ സ്വര്‍ണമാക്കി കിട്ടിയാല്‍ മൂന്നു ദിവസത്തിനകം പാവങ്ങള്‍ക്ക് ദാനം ചെയ്തുതീര്‍ക്കും എന്ന് പ്രഖ്യാപിച്ച റസൂലുല്ലാഹി(സ)യുടെ മക്കളാണ് നമ്മളെന്ന ബോധ്യം ഉണ്ടാകുക. ഓരോ വസ്തുവിനും അതിന്റെ നിശ്ചയിക്കപ്പെട്ട ആയുസ്സുണ്ട്. അത്‌ അവസാനിക്കുന്നതുവരെയേ അതിന്റെ നിലനില്‍പ്പുള്ളൂ, ഭൂമിക്കു പോലും. അതടുത്തുവരുന്നതാണ് നമുക്കുചുറ്റും നടക്കുന്ന കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മുഅ്മിനീങ്ങള്‍ ഉള്ളിടത്ത് അല്ലാഹുവിന്റെ അദാബ് ഇറങ്ങുകയില്ല എന്ന് റസൂലുല്ലാഹി(സ) പറഞ്ഞതാണ്. വളരെ മലീമസമായ ഈ കാലഘട്ടത്തിലും പാവപ്പെട്ട ജനങ്ങള്‍ക്ക് നന്നാവാനുള്ള വഴിയായി അവശേഷിപ്പിച്ചുവെച്ചതുകൊണ്ടാണ്‌ അല്ലാഹു ഈ പരിശുദ്ധമാര്‍ഗത്തെയും നമ്മെപ്പോലുള്ളവരെയും  ഇപ്പോഴും നിലനിര്‍ത്തുന്നത്. ഇന്ന് നമ്മുടെ നാട്ടില്‍ ഒരാള്‍ മരിച്ച് ഖബറടക്കിയതിന് ശേഷമാണ് തല്‍ഖീന്‍ ചൊല്ലിക്കൊടുത്ത് റബ്ബുമായി ചെയ്ത കരാറിനെക്കുറിച്ച് പണ്ഡിതന്‍മാര്‍ ഓര്‍മിപ്പിച്ചുകൊടുക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ അല്ലാഹുവിനെയും റസൂലിനെയും തല്‍ഖീനാക്കിക്കൊടുക്കാതെ അല്ലാഹുവിന്റെ ആരിഫീങ്ങള്‍ ചെയ്തുപോന്നിരുന്ന ശരിയായ ദീനീ പ്രബോധനത്തെ മൂടിവെച്ച്‌ പണ്ഡിതര്‍ സംഘടന വളര്‍ത്താന്‍ തുനിഞ്ഞതാണ് സമൂഹത്തന്റെ ഏറ്റവും വലിയ ദുര്യോഗം. അതുമൂലം യഥാര്‍ത്ഥ ഈമാനാണ് ജനങ്ങള്‍ക്ക് അന്യമായത്. ഇമാം മഹ്ദി(അ)ന്റെ ആഗമനം ഇതൊക്കെ തിരുത്തിക്കുറിക്കാനാണ്. നമുക്കുറപ്പിച്ചുപറയാം നാം അവിടുത്തെ അനുയായികളാണെന്ന്. രണ്ടുകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക: ധനം സമ്പാദിച്ചുകൂട്ടുന്നതില്‍ ജാഗ്രത പാലിക്കുക. നാളെ പരലോകത്ത് അപകടപ്പെടുത്തും വിധം ഭാരമായിത്തീരാതെ അത് നല്ല രീതിയില്‍ ചെലവഴിച്ചുതീര്‍ക്കുക. മറ്റൊന്ന് നിങ്ങളുടെ ഭാര്യാസന്താനങ്ങളെ ഈമാനിന്റെ മാര്‍ഗത്തിലേക്ക് ചേര്‍ത്തുപിടിക്കുക വഴി അവരോടുള്ള ഹഖ് വീട്ടുക. റസൂലുല്ലാഹി(സ) പ്രിയപുത്രി ഫാത്വിമ(റ)യോട് ഓര്‍മപ്പെടുത്തിയതുപോലെ വിചാരണനാളില്‍ പാരമ്പര്യത്തിന്റെ മഹിമയില്‍ യാതൊരു പ്രയോജനവുമുണ്ടാകില്ല. അതുകൊണ്ട് സ്വന്തം ഈമാന്‍ സംരക്ഷിച്ചുനിര്‍ത്തേണ്ടത് അവനവന്റെ ബാധ്യതയാണെന്ന് മനസ്സിലാക്കി കളങ്കമേല്‍പ്പിക്കാതെ ഈ പരിശുദ്ധമാര്ഗത്തില്‍ അടിയുറച്ച് മുന്നോട്ടുപോകുക. അല്ലാഹു തൗഫീഖ് നല്‍കട്ടെ.