Top pics

6/recent/ticker-posts

കാരുണ്യമുടയവന്റെ അനുഗ്രഹവർഷങ്ങൾ
" കാരുണ്യമുടയവനും കനിവിന്റെ നാഥനുമായ അല്ലാഹുവിന്റെ നാമത്തിൽ.

കാരുണ്യമുടയവൻ. അവൻ ഖുർആൻ അറിവായി നൽകി. മനുഷ്യനു അവൻ സൃഷ്ടിരൂപം നൽകി. (നാഥനോട്) സംസാരിക്കാനുള്ള ഭാഷയെ അവൻ പഠിപ്പിച്ചു. സൂര്യനും ചന്ദ്രനും സുനിശ്ചിതമായ തോതിലാണ് (ചരിക്കുന്നത്). താരകവും മരങ്ങളും അവനു മുന്നിൽ സാഷ്ടാംഗം നമിക്കുന്നു."  


പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ മനോഹര നാമങ്ങളിൽ പെട്ട "അൽ-റഹ്‌മാൻ" അഥവാ കാരുണ്യമുടയവൻ എന്ന പേരിലുള്ള അധ്യായം വിശുദ്ധ ഖുർആനിലെ ഏറ്റവും മനോഹര അധ്യായമായി വിവക്ഷിക്കപ്പെടുന്നു. "സർവ്വ വസ്തുക്കൾക്കും അലങ്കാരമുണ്ട്. ഖുർആന്റെ അലങ്കാരമാണ് അൽ-റഹ്മാൻ" എന്നു പുണ്യനബിയുടെ(സ) തിരുവചനങ്ങളിൽ നമുക്ക് കാണാൻ കഴിയും.

ദുൻയവിയ്യ ലോകത്തെ രണ്ടു സൃഷ്ടി വിഭാഗങ്ങളായ മനുഷ്യവർഗ്ഗത്തിനും ജിന്നു വർഗ്ഗത്തിനും ലോകൈക നാഥൻ വർഷിച്ചു നൽകിയ അനുഗ്രഹഗുണങ്ങളെ എണ്ണിയെണ്ണി പറയുന്ന അധ്യായമാണ് സൂറത്തു അൽ റഹ്‌മാൻ. രണ്ടു സൃഷ്ടി വിഭാഗങ്ങളെയും ഒരുപോലെ അഭിസംബോധന ചെയ്യുന്നു എന്ന പ്രത്യേകത കൂടി ഈ അധ്യായത്തിനുണ്ട്. മറ്റൊരു സൂറത്തിലും ജിന്നു വർഗ്ഗത്തെ വിശുദ്ധ ഖുർആൻ ഇതുപോലെ അഭിമുഖീകരിച്ചു സംസാരിക്കുന്നില്ല.


വിശുദ്ധ ഖുർആനിൽ അൻപത്തി അഞ്ചാമത് അധ്യായമാണ് സൂറത്തുൽ റഹ്‌മാൻ. എഴുപത്തി എട്ടു സൂക്തങ്ങളാണ് ഈ അധ്യായത്തിലുള്ളത്‌. രക്ഷിതാവായ നാഥന്റെ കാരുണ്യ വർഷത്തെ കുറിച്ച്‌ ഓർമ്മപ്പെടുത്തലും അതിനെ ഉൾക്കൊണ്ടവർക്കുള്ള സ്വർഗീയ സന്തോഷവാർത്തകളും നിഷേധികൾക്കു നരകം കൊണ്ട് താക്കീത് നല്കുന്നതുമാണ് ഈ സൂക്തങ്ങളുടെ ഉള്ളടക്കം.

മനുഷ്യ വർഗത്തെയും ജിന്നു വർഗത്തെയും അഭിസംബോധന ചെയ്തു " നിങ്ങളുടെ രക്ഷിതാവിന്റെ ഏതേതു അനുഗ്രഹങ്ങളെയാണ് നിങ്ങൾ ഇരുവിഭാഗങ്ങളും കളവാക്കുന്നത് " എന്ന സൂക്തം മുപ്പത്തിഒന്നു തവണ ആവർത്തിച്ചു വരുന്നതാണ് ഈ അധ്യായത്തിലെ മറ്റൊരു പ്രത്യേകത. 


അല്ലാഹുവിന്റെ കാരുണ്യമെന്ന വിശേഷണവും സുന്ദര നാമവും എടുത്തു പറഞ്ഞു കൊണ്ട് അധ്യായം തുടങ്ങുന്നു. തുടർന്ന് പറയുന്നത് മനുഷ്യ ജിന്നു വർഗ്ഗങ്ങളുടെ ആദിമ ലക്ഷ്യത്തെ കുറിച്ചാണ്. "ഖുർആനെ അവൻ അറിവായി നല്കി". അതിനു ശേഷമാണ് മനുഷ്യന് അവൻ സൃഷ്‌ടി രൂപം നൽകി എന്ന സൂക്തം തുടർന്ന് വരുന്നത്. സൂഫി മഹത്തുക്കളുടെ ഭാഷയിൽ പുണ്യപ്രവാചകരുടെ ആദിമ പ്രകാശത്തെ കുറിച്ചാണ് ഈ പ്രതിപാദനം. ആദിയിൽ ഉദിച്ച ഈ ഒളിവിന്റെ അനുഗ്രഹം കാരണമായാണ് ആദിപ്രവാചകനായ ആദം നബി(അ)ക്ക്‌ സൃഷ്ടി രൂപം നൽകിയത്. അപ്രകാരം സ്രഷ്ടാവിനോട് സംവദിക്കാനുള്ള ഭാഷയും നാഥൻ തന്നെ പഠിപ്പിച്ചു നൽകി. 


രക്ഷിതാവായ നാഥനോട് ഓരോ സൃഷ്ടിയും സംവദിക്കുന്നത് അവരവരുടെ തോതനുസരിച്ചു മാത്രമാണ്. അവർക്കു മാത്രം ലഭിച്ച മുന്നൊരുക്കങ്ങൾക്ക്‌ അനുസരിച്ചു മാത്രം. പരിഭവങ്ങളും സങ്കടങ്ങളും കൊണ്ട് സംവദിക്കുന്നവർ അവരിലുണ്ട്. വെറും നാവു കൊണ്ട് സംവദിക്കുന്നവരുണ്ട്. ഇശ്ഖിന്റെ കണ്ണീര് കൊണ്ടു സംസാരിക്കുന്നവരുണ്ട്.

ഹൃദയവും ആത്മാവും ഉള്ളകം ലയിച്ചു സംസാരിക്കുന്നവർ അവരിൽ ഏറ്റവും ഉത്തമരത്രെ. അവരുടെ  ഹൃദയത്തിന്റെ ചക്രവാളങ്ങളിൽ ദിവ്യജ്ഞാനത്തിന്റെ സൂര്യോദയം തോതനുസരിച്ചു സംഭവിച്ചു കൊണ്ടിരിക്കും. പകർന്നറിവിന്റെ ചന്ദ്രനിലാവും അനുയുക്തമായ അളവിൽ ലഭിച്ചു കൊണ്ടിരിക്കും.

അവരുടെ ഉള്ളിലെ ആകാശലോകങ്ങളും ഭൂമിയിലെ സസ്യലതാദി ലോകങ്ങളും നിത്യേന എന്നോണം നാഥന് മുന്നിൽ സുജൂദിൽ തന്നെയായി നില കൊള്ളും. 


ഭൂമിയിൽ അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ എണ്ണിയെണ്ണി പറഞ്ഞു തന്റെ അനാദിയും അനന്തവുമായ കാരുണ്യത്തിലേക്കു അടിമകളെ വിളിക്കുകയാണ് അല്ലാഹു. 


പത്തൊൻപത്,ഇരുപതു, ഇരുപത്തിരണ്ട് സൂക്തങ്ങൾ അതിപ്രധാനമാണ്.

" ഇരു സമുദ്രങ്ങൾ തമ്മിൽ സംഗമിക്കാൻ അവൻ കാരണമായി. എന്നാൽ അവ തമ്മിൽ അതിർ ലംഘിക്കാത്ത വിധത്തിൽ അവയ്ക്കിടയിൽ ഒരു അതിർ വരമ്പുണ്ട്. ആ രണ്ടു സമുദ്രങ്ങളിൽ നിന്നു മുത്തും പവിഴവും ഉത്ഭവിച്ചു കൊണ്ടിരിക്കും."


വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കൾ പല തരത്തിൽ തർജ്ജുമ പറഞ്ഞ സൂക്തങ്ങളാണ് ഇവ. സൂഫി മഹത്തുക്കളുടെ ഭാഷയിൽ ഇവക്കു അതിഗാഡമായ അർത്ഥതലങ്ങളുണ്ട്‌. പുണ്യപ്രവാചകർ അടങ്ങുന്ന അഹ്‌ലുബൈത്തിനെ കുറിച്ചുള്ള സൂചനയാണ് ഈ സൂക്തങ്ങളിൽ ഉള്ളതെന്ന് വ്യഖ്യാതാക്കൾ പ്രതിപാദിക്കുന്നു. രണ്ടു കടലുകൾ എന്നത് ഒന്നു ആകാശത്ത് നിന്നു വരുന്നതും ഒന്നു ഭൂമിയിൽ നിന്ന് വരുന്നതുമാണെന്നു ഇമാം ത്വബരി(റ) പറയുന്നു. അല്ലാഹു കാരുണ്യമായി നൽകിയ ഇരുതരം അറിവുകളെ കുറിച്ചാണ് ഈ സൂക്തങ്ങളിലെ വിവക്ഷ എന്നു മുഫസ്സിറുകൾ നിരീക്ഷിക്കുന്നുണ്ട്.


ഒരു കാര്യം വ്യക്തമാണ്. കാരുണ്യങ്ങളിൽ വച്ചു ഏറ്റവും ഉത്തമ കാരുണ്യം പുണ്യ നബിയുടെ പ്രകാശരൂപം തന്നെയാണ്. അതിനാൽ തന്നെയത്രെ അതേകുറിച്ചു തുടങ്ങി ഈ അധ്യായം പ്രപഞ്ച നാഥൻ ആരംഭിക്കുന്നത്. ആ പ്രകാശത്തെ തിരിച്ചറിഞ്ഞവരാണ് യാഥാർഥ്യബോധത്തോടെ ഖുർആനെ തിരിച്ചറിഞ്ഞവർ എന്നു കാണാൻ കഴിയും. അല്ലാഹു കാരുണ്യമായി വർഷിച്ച ഇതര അനുഗ്രങ്ങൾ അത്രയും നാഥൻ ഒളിവായി പടച്ച തിരുരൂപത്തെ അറിയാനും അനുഭവിക്കാനുമുള്ള കുറിമാനങ്ങളത്രെ.

അലി അസ്കർ മഹ്‌ബൂബി