Top pics

6/recent/ticker-posts

എന്താണ് ഇഹ്സാൻ?

നമ്മൾ മുസ്ലിംകൾ ധാരാളമായി കേൾക്കാറുള്ള ചില പദപ്രയോഗങ്ങളുണ്ട്, ഇസ്ലാം, ഈമാൻ, ഇഹ്സാൻ എന്നിവ അതിൽ ചിലതാണ്. ഇസ്ലാമും ഈമാനും എന്താണെന്ന് ചെറുപ്പം മുതൽക്കേ മദ്രസ്സകളിൽ നിന്നും മറ്റും നാം പഠിച്ചിട്ടുണ്ട്. എന്നാൽ, എന്താണ് ഇഹ്സാൻ എന്നതിനെക്കുറിച്ച് നമുക്കിടയിൽ വ്യക്തമായ ധാരണയില്ല. പലർക്കും അതിന്റെ ആവശ്യകതയെക്കുറിച്ചോ പ്രസക്തിയെക്കുറിച്ചോ അറിയില്ല. അതിനാൽ തന്നെ അതേക്കുറിച്ച് വിശദമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു.

എന്താണ് ഇഹ്സാൻ?

ഇഹ്സാൻ എന്നാൽ നന്മ പ്രവർത്തിക്കൽ എന്നാണ് ഭാഷാർത്ഥം. എന്നാൽ, ഇസ്ലാമിൽ ഇഹ്സാൻ എന്നതിന് ഇതിനപ്പുറം പ്രത്യേകമായ അർത്ഥതലമാണ് ഉള്ളത്. ഇസ്ലാം ദീനിനെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നതിനു വേണ്ടി ജിബ്രീൽ(അ) മനുഷ്യരൂപമെടുത്ത് ഒരിക്കൽ നബി(സ)യുടെ അടുത്തുവന്നു. അന്ന് ജിബ്രീൽ(അ) നബി(സ)യോട് ഇതേ ചോദ്യം ചോദിക്കുകയുണ്ടായി, എന്താണ് ഇഹ്സാൻ എന്ന്. നബി(സ) അതിനുള്ള മറുപടിയും നൽകി: “അല്ലാഹുവിനെ കാണുന്നു എന്നതു പോലെ അവന് ഇബാദത്തു ചെയ്യലാണ് ഇഹ്സാൻ. അല്ലാഹുവിനെ നീ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്” (ബുഖാരി, മുസ്ലിം). വളരെ വ്യക്തമാണ് ഈ മറുപടി.

ഇഹ്സാൻ ചെയ്യുന്നവർക്ക് (മുഹ്സിനീങ്ങൾക്ക്) വളരെ വലിയ വാഗ്ദാനങ്ങളാണ് അല്ലാഹു നൽകിയിട്ടുള്ളത്. മുഹ്സിനീങ്ങളെ അല്ലാഹു സ്നേഹിക്കുന്നുവെന്ന് ഖുർആനിൽ പല ഭാഗങ്ങളിലായി അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. (അൽ ബഖറ–195, ആലു ഇംറാൻ-134,148, അൽ മാഇദ-13,93). അല്ലാഹു നിലകൊള്ളുന്നത് തന്നെ മുഹ്സിനീങ്ങളുടെ കൂടെയാണ് (നൂഹ്ൽ-128, അൻകബൂത്-69). ഒരു തരത്തിലുള്ള ഭയവും ദുഃഖവും അവർക്കുണ്ടാവില്ല (അൽ ബഖറ-112).

ഇഹ്സാനോടെ അല്ലാഹുവിലേക്ക് മുഖം തിരിച്ചുവെച്ച് ഇബ്രാഹീം നബി(അ)മിന്റെ മില്ലത്തിനെ ഒരാൾ പിന്തുടർനാൽ അവനെക്കാൾ നല്ല മുസ്ലിം വേറെയില്ല (അന്നിസാഅ്-125). അല്ലാഹുവിന്റെ റഹ്മത്ത് അവരോടെപ്പമുണ്ട് (അഅ്റാഫ്- 56). അവരുടെ കർമ്മങ്ങളൊന്നും ഒരിക്കലും നിഷ്ഫലമാവുകയില്ല (തൌബ-120, യൂസുഫ്-56,90). അവർ അല്ലാഹുവിൽ നിന്ന് എന്ത് ആഗ്രഹിക്കുന്നുവോ, അതവർക്ക് പ്രതിഫലമായി ലഭിക്കും (സുമർ – 34). അവർക്ക് അല്ലാഹുവിങ്കൽ നിന്നുള്ള സന്തോഷവാർത്തയുണ്ട് (അൽ ഹജ്ജ്-37). ഖുർആൻ അവതരിച്ചതു തന്നെ അവർക്ക് സന്തോഷവാർത്ത അറിയിക്കാനായിട്ടാണ് (അഹ്ഖാഫ്-12).

എല്ലാത്തിനുമപ്പുറം, “ഇഹ്സാന്റെ പ്രതിഫലം ഇഹ്സാനല്ലാതെ മറ്റെന്താണ്” (അൽറഹ്മാൻ – 60). വീണ്ടും അല്ലാഹു പറയുന്നു: “മുഹ്സിനീങ്ങൾക്ക് പ്രതിഫലമായി ഇഹ്സാനും അതിലധികവുമുണ്ടാവും. അവരുടെ മുഖങ്ങളെ ക്ഷീണമോ നിന്ദ്യതയോ ബാധിക്കുകയില്ല” (യൂനുസ്-26). ഇവിടെ ‘അതിലധികം’ എന്നതു കൊണ്ട് അല്ലാഹുവിന്റെ ദർശനം ഉണ്ടാവും എന്നാണ് ഉദ്ദേശിക്കപ്പെടുന്നതെന്ന് സഹീഹ് മുസ്ലിമിൽ കാണാം. ദുനിയാവിൽ വെച്ച് അല്ലാഹുവിനെ കാണുന്നതു പോലെ ഇബാദത്തു ചെയ്ത അവർക്ക് പരലോകത്ത് അല്ലാഹുവിനെ നേരിട്ടു കാണാമെന്നതിൽ യാതൊരു സന്ദേഹവുമില്ല. നബി(സ) പറഞ്ഞു: “നിങ്ങൾ പൂർണ്ണ ചന്ദ്രനെ കാണുന്നതു പോലെ നാളെ നിങ്ങളുടെ നാഥനെ കാണും” (മുസ്ലിം). അല്ലാഹു പറഞ്ഞു: “ചില മുഖങ്ങൾ അന്ന് പ്രകാശിക്കുന്നതായിരിക്കും, അവയുടെ നാഥനിലേക്ക് നോക്കിക്കൊണ്ട്.” (അൽ ഖിയാമ- 22,23). എന്നാൽ, ഇഹ്സാനെന്തെന്ന് അറിയാത്തവർക്ക്, ഇഹസാനില്ലാതെ അല്ലാഹുവിനെ ഇബാദത്തു ചെയ്യുന്നവർക്ക് ആ ഭാഗ്യം ലഭിക്കുമെന്ന ചിന്ത വെറുതെയാണ്. അല്ലാഹു പറഞ്ഞു: “നിശ്ചയം, അന്നേ ദിവസമവർ അവരുടെ റബ്ബിനെത്തൊട്ട് മറയിടപ്പെട്ടവരായിരിക്കും” (മുഥഫ്ഫിഫീന് – 15).

ചുരുക്കത്തിൽ, ഇഹ്സാൻ എന്നത് ഇസ്ലാമിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ്. മുസ്ലിം സമൂഹം ഇന്ന് അതേക്കുറിച്ച് അജ്ഞരാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം അതു മൂടിവെച്ച പണ്ഡിതന്മാർക്കാണ്. എല്ലാവർക്കും ഇഹ്സാൻ നിർബന്ധമാണെന്ന് നബി(സ) വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്: “നിശ്ചയം അല്ലാഹു ഇഹ്സാനെ എല്ലാത്തിനുമേലും എഴുതിവെച്ചിരിക്കുന്നു” (നിർബന്ധമാക്കിയിരിക്കുന്നു)– (സഹീഹ് മുസ്ലിം).

ഇസ്ലാമിൽ ഇഹ്സാൻ എന്നാൽ കേവലം നന്മകൾ പ്രവർത്തിക്കലല്ല. മറിച്ച്, നന്മകൾ പ്രവർത്തിക്കുമ്പോൾ അല്ലാഹുവിനെ കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണത്. ഇസ്ലാമും ഈമാനും ദീനിന്റെ അടിസ്ഥാനങ്ങളായതു പോലെ ഇഹ്സാനും ദീനിന്റെ അടിത്തറയാണ്. ഇഹ്സാൻ ഇല്ലാതെ ഒരാളുടെയും ദീൻ പൂർണ്ണമാവുകയില്ല.

അല്ലാഹുവിനെ കാണുന്നതു പോലെ ഇബാദത്തു ചെയ്യുക എന്നു പറയുമ്പോൾ, രൂപങ്ങൾക്കതീതനായ അല്ലാഹുവിനെ എങ്ങനെ സങ്കൽപിക്കാനാവും എന്ന ചോദ്യമുയരും. നാം മനസ്സിൽ സങ്കൽപിച്ചുണ്ടാക്കുന്ന എല്ലാ രൂപങ്ങളെ തൊട്ടും പരിശുദ്ധനാണ് അല്ലാഹു. അതിനാൽ തന്നെ ഒരു വിധത്തിലും അവനെ സങ്കൽപിക്കുക സാധ്യമല്ല. പിന്നെങ്ങനെ, അവനെ കാണുന്നതു പോലെ ഇബാദത്തു ചെയ്യും എന്ന ഈ ചോദ്യം പ്രസക്തമാണ്.

ഇസ്ലാം വെറും വിശ്വാസങ്ങളുടെയും സങ്കൽപങ്ങളുടെയും മതമല്ല. ഇസ്ലാമിന്റെ ദർശനങ്ങളോരോന്നും പ്രസക്തവും പ്രായോഗികവുമാണ്. അതിനാൽത്തന്നെ ഇഹ്സാനും പ്രായോഗികമായ കർമ്മമുണ്ട്. അതിന്റെ കർമ്മം ഇവിടെ വിശദീകരിക്കാൻ നമുക്ക് അധികാരമില്ല. അല്ലാഹുവിന്റെ അനുവാദം ലഭിച്ച, അല്ലാഹുവിലേക്ക് പ്രബോധനം നടത്തുന്ന ചിലയാളുകൾ എല്ലാ കാലാത്തുമുണ്ടാവും. അവർക്കെ ഇഹ്സാൻ വിശദീകരിക്കാനും അതിന്റെ പ്രായോഗികമായ മാർഗ്ഗത്തിലേക്ക് ജനങ്ങളെ നയിക്കാനുമുള്ള അധികാരമുള്ളൂ.

വിമർശനങ്ങളുടെ കൂരമ്പുകളെ പുഞ്ചിരിയോടെ വിരിമാറിലേറ്റുവാങ്ങി അവർ നമുക്കിടയിലും ജീവിച്ചിരിപ്പുണ്ട്, തീർച്ച. നബി(സ) പറഞ്ഞു: “എന്റെ സമുദായത്തിൽ നിന്നൊരു വിഭാം എന്നും സത്യത്തിനുമേൽ വിജയത്തോടെ നിലകൊള്ളും. നിന്ദിക്കുന്നവരുടെയും വിമർശിക്കുന്നവരുടെയും ഉപദ്രവങ്ങൾ അവർക്കേശുകയില്ല” (ബുഖാരി, മുസ്ലിം). തൌഹീദിന്റെ ദൌത്യം അല്ലാഹുവിന്റെ അനുമതിയോടെ പ്രബോധനം ചെയ്യുന്ന, അതിനു വേണ്ടി ജീവൻ കൊടുക്കാനും തയ്യാറുള്ള, ബനൂ ഇസ്രാഈലിലെ പ്രവാചകർക്ക് തുല്യരെന്നു നബി(സ) തന്നെ വിശേഷിപ്പിച്ചിട്ടുള്ള, പ്രവാചകത്വത്തിന്റെ അനന്തരാവകാശികളായ ഇവരെ കണ്ടെത്തി പിന്തുടരുക എന്നതു മാത്രമാണ് നമുക്ക് രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം.

അല്ലാഹു പറയുന്നു: “മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നുമായി ദീനിലേക്ക് ആദ്യം വന്നവരും ഇഹ്സാനോടെ അവരെ പിന്തുടർന്നവരും. അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു, അവർ അല്ലാഹുവിനെയും. അവർക്കായി അവൻ താഴ്വാരങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വർഗ്ഗങ്ങൾ ഒരുക്കിയിരിക്കുന്നു. അതിലവർ ശാശ്വതരായിരിക്കും. അതാണ് മഹത്തായ വിജയം” (സൂറതുത്തൌബ-100). അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.