Top pics

6/recent/ticker-posts

സ്വന്തത്തെ വീണ്ടെടുക്കുക


നമ്മുടെ ജീവിതത്തിലെ ഏറ്റവും മർമ്മപ്രധാനമായ ഒരു ചോദ്യമുണ്ട്. നാo നമ്മോട് തന്നെ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുകയും നാം സ്വയം അതിന് ഉത്തരം തേടി കണ്ടെത്തുകയും വേണം.

ആ ചോദ്യങ്ങൾ ഇതാണ്:

നാം ആരാണ്?

നാം ആരാണെന്ന് എങ്ങനെ അറിയാം?

പ്രപഞ്ചത്തെ മറന്ന് നാം നമ്മെ തേടുമ്പോൾ നാം ആരാണെന്ന് മനസ്സിലാകും. ഞാൻ എന്ന് പറയുന്നത് ആത്മാവാണ് . പ്രപഞ്ചം എങ്ങനെയാണ്? നമ്മുടെ ശക്തിയും പ്രപഞ്ച ശക്തിയും എങ്ങനെയാണ്? എന്നെല്ലാമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നത് മനസ്സാണ്. അതേ മനസ്സ് തന്നെയാണ് ഞാൻ എന്ന പൊരുൾ എന്താണെന്ന് അറിയേണ്ടതും. അതിനു മനസ്സ് ഉള്ളിലേക്ക് നോക്കണം. മറ്റു ചിന്തകളെല്ലാം ഒഴിവാക്കണം. അതായത് ഭൗതിക ചിന്തകളിൽ കുടുങ്ങി, വെറും സമ്പാദ്യങ്ങൾ മാത്രം മനസ്സിൽ കാണുന്നവർക്ക് ഞാൻ ആരാണെന്ന് അറിയാൻ കഴിയില്ല.

അതിനാൽ നാം ആദ്യം നിയന്ത്രിക്കേണ്ടത് നമ്മുടെ ഇന്ദ്രിയങ്ങളെയാണ്. പിന്നെയാണ് മനസ്സിനെ നിയന്ത്രിക്കണ്ടത്.

ഒരു മനുഷ്യൻ ഉറങ്ങുമ്പോൾ പല തരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നു. അതേ സമയം ഉണർന്നിരിക്കുമ്പോൾ സ്വപ്നങ്ങൾ കാണുന്നുമില്ല. അതിൻ്റെ കാരണം ഇന്ദ്രിയങ്ങൾ പ്രപഞ്ചകാഴ്ചകളെ കാണുമ്പോൾ അതിന് ചിന്തകൾ ഇല്ല. അതിനാൽ സ്വപ്നം കാണുകയുമില്ല. എന്നാൽ ഉറങ്ങുന്ന സമയത്ത് ഇന്ദ്രിയങ്ങളും ഉറക്കത്തിലാണ്. മനസ്സ് മാത്രമാണ് പ്രവർത്തിക്കുന്നത്. മനസ്സ് പ്രവർത്തിക്കുന്നതിനാൽ തന്നെ നമ്മുടെ മനസ്സിലുള്ള കാര്യങ്ങൾ എല്ലാം സ്വപ്നമായി വരുന്നു. ഇന്ദ്രിയങ്ങൾ ഉണർന്നിരിക്കുമ്പോഴും ഉറക്കത്തിൽ ആകണം. അങ്ങനെയുള്ള ഉറക്കത്തെ ശീലമാക്കണം.

പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് നാം എല്ലാം അറിയുന്നതും അനുഭവിക്കുന്നതും. എന്നാൽ സർവ ശക്തനായ നാഥൻ പഞ്ചേന്ദ്രിയങ്ങൾക്കതീതനാണ്. നാം കാണുന്നതു പോലെയോ, കേൾക്കുന്നതു പോലെയോ, പറയുന്നതു പോലെയോ, ചിന്തിക്കുന്നതു പോലെയോ അല്ല നമ്മുടെ നാഥൻ. അതു കൊണ്ടു തന്നെ ഇന്ദ്രിയങ്ങൾക്കപ്പുറത്തെ 'നാം' എന്ന നമ്മുടെ യഥാർത്ഥ സ്വത്വം കൊണ്ടായിരിക്കണം നാം അവനെ അറിയേണ്ടത്. അതിനപ്പുറം, അങ്ങനെ മാത്രമേ പഞ്ചേന്ദ്രിയങ്ങൾക്കതീതനായ നാഥനെ അറിയാനും അനുഭവിക്കാനുമാകൂ.

അതിന്,അത്തരം വിജ്ഞാനങ്ങൾ കരസ്ഥമാക്കിയവരിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അവരാണ് അല്ലാഹുവിനു പ്രിയപ്പെട്ടവർ.
അല്ലാഹുവിൻ്റെ സ്നേഹം കരസ്ഥമാക്കിയ അത്തരം ആത്മജ്ഞാനികളെ കണ്ടെത്തി അവരോട് ചേരണം. എന്നിട്ട് നാം നമ്മെ തന്നെ തിരിച്ചറിയണം. അതിനായിരിക്കണം നമ്മുടെ ജീവിതമത്രയും വിനിയോഗിക്കപ്പെടേണ്ടത്.

ഒരു ജലത്തുള്ളി കടലിലേക്ക് ചേരുന്നതോടെ ആ കുഞ്ഞു തുള്ളി തന്നെ കടലായി മാറുന്നു. ആ കടൽ ആ കുഞ്ഞു തുള്ളിയിലേക്ക് ചേരുന്നു. പിന്നെ കടലും കുഞ്ഞു തുള്ളിയും വ്യത്യസ്തമായി കാണാനാകില്ല. ഒന്നു തന്നെയാണ് ഒന്നു മാത്രം. അതുപോലെയാണ് ഈ ആത്മജ്ഞാനികളിലേക്ക് ചേരുമ്പോഴുണ്ടാകുന്ന യാഥാർത്ഥ്യം.

വലിയൊരു ആൽമരം ഉണ്ടാകുന്നത് വളരെ ചെറിയ ഒരു വിത്തിൽ നിന്നാണ്. പക്ഷേ, ആ വിത്ത് മുളച്ചു ഇത്രയും വലിയ ആൽ മരമായി തീരണമെങ്കിൽ മണ്ണിനുളളിലക്കിറങ്ങി ആ ഇരുട്ടിൽ സ്വയം തടവറയിലായി കഴിയണം. അതുപോലെ നാം സ്വയം നശിച്ച് നമ്മുടെ വഴികാട്ടികളിലൂടെ വളരണം. ഒരു വിത്ത് നശിക്കുന്നതിലൂടെ പതിനായിരക്കണക്കിന് വിത്തുകളാണുണ്ടാകുന്നത്. അങ്ങനെത്തന്നെയാണ് നമ്മുടെ കാര്യവും.
ആത്മാവുകളുടെ ലോകത്തു നിന്ന് നാം നമ്മെ അറിഞ്ഞിരുന്നു. നമ്മുടെ യാഥാർത്യമറിഞ്ഞിരുന്നു. നമ്മുടെ റബ്ബിനെ അറിഞ്ഞിരുന്നു. 'അലസ്തു ബി റബ്ബികും' എന്ന ചോദ്യത്തിന് 'ബലാ' എന്ന് ഉത്തരം നൽകിയിരുന്നു. പക്ഷേ, ശരീരമെന്ന വസ്ത്രമണിഞ്ഞ് ഭൗതികലോകത്തേക്ക് പിറന്നു വീണതോടെ നാം ഈ യാഥാർത്യങ്ങളെല്ലാം മറന്നു. നാം നമ്മെ മറന്നു. നമ്മുടെ നാഥനെ മറന്നു.

ആ ഓർമയിലേക്കുള്ള തിരിച്ചു പോക്കാണ് നമ്മുടെ ജീവിത ലക്ഷ്യം. ആ അറിവിൻ്റെ വീണ്ടെടുപ്പാണ് നമ്മുടെ ലക്ഷ്യസാഫല്യം. അതിന് അറിഞ്ഞവരെ കണ്ടെത്തിയേ തീരൂ. സ്വന്തത്തെ നശിപ്പിച്ച് സ്വന്തത്തെ വീണ്ടെടുത്ത ആത്മജ്ഞാനികളോട് ചേർന്നു നിന്നേ തീരൂ. വഴികാട്ടികളിലൂടെ മാത്രമേ പ്രപഞ്ചനാഥനിലേക്ക് എത്തിച്ചേരാൻ കഴിയൂ.

: ഫായിസ സുൽത്വാന