Top pics

6/recent/ticker-posts

ബറാഅത്ത് രാവ്: തീരുമാനങ്ങളുടെ രാവ്

പാരമ്പര്യ മുസ്ലിം സമൂഹം പൊതുവിൽ ബറാഅത്ത് രാവിനെ ആദരിക്കുകയും അന്ന് പ്രത്യേകം കർമ്മങ്ങളും പ്രാർത്ഥനകളും അനുഷ്ഠിക്കുകയും ചെയ്യുന്ന ശീലമുണ്ട്. എന്നാൽ, അതിനെ വിമർശിക്കുകയും അങ്ങനെ പ്രത്യേക പവിത്രതകളൊന്നും ഈ രാത്രിക്ക് ഇല്ലെന്ന് പറയുന്ന വിഭാഗങ്ങളും നമുക്കിടയിലുണ്ട്. അതിനാൽ എന്താണ് ബറാഅത്ത് രാവ്, അതിൻ ശ്രേഷ്ഠതകൾ വല്ലതുമുണ്ടോ. ഖുർആനിലോ ഹദീസിലോ അതേക്കുറിച്ച് പരാമർശമുണ്ടോ എന്ന വിശകലനങ്ങൾ പ്രസക്തമാണെന്ന് തോന്നുന്നു.

ബറാഅത്ത് രാവ് എന്ത്? എന്ന്?

അറബ് മാസം ശഅ്ബാനിലെ പകുതിയുടെ രാത്രിക്കാണ് ബറാഅത്ത് രാവ് എന്ന് പറയുന്നത്. ബറാഅത്ത് എന്നാൽ മോചനം, ഒഴിവാകൽ, നിരപരാധിത്വം എന്നെല്ലാമാണ് പദാർത്ഥം. അന്നേദിവസം, അനേകമാളുകളെ നരകത്തിൽ നിന്ന് അല്ലാഹു മോചിപ്പിക്കുമെന്നതിനാലാണ് അതിന് ബറാഅത്ത് രാവ് എന്ന് പറയുന്നത്. ശഫാഅത്തിന്റെ രാവ്, മഗ്ഫിറത്തിന്റെ രാവ് തുടങ്ങി ഇതേ അർത്ഥം സൂചിപ്പിക്കുന്ന പല നാമങ്ങളും ഈ രാവിന് നല്കപ്പെട്ടിട്ടുണ്ട്. ഭൂമിയിൽ മുസ്ലിംകൾക്ക് രണ്ട് പൊരുന്നാൾ ദിനങ്ങൾ ഉള്ളതു പോലെ ആകാശത്ത് മലക്കുകൾക്ക് രണ്ട് പെരുന്നാൾ രാവുകൾ ഉണ്ടെന്നും ബറാഅത്ത് രാവും ലൈലത്തുൽ ഖദ്റുമാണ് ആ രാവുകളെന്നും കിതാബുകളിൽ കാണാം. അതിനാൽ തന്നെ മലക്കുകളുടെ പെരുന്നാൾ രാവ് എന്ന പേരു കൂടി ഈ രാത്രിക്കുണ്ട്.

ബറാഅത്ത് രാവ് ഖുർആനിൽ

സൂറതുദ്ദുഖാനിലെ 3-4 സൂക്തങ്ങളിലായി അല്ലാഹു പറയുന്നു: “നിശ്ചയം, ബറകത് ചെയ്യപ്പെട്ട ഒരു രാത്രിയിൽ നാം അതിനെ (ഖുർആനെ) അവതരിപ്പിച്ചു, നിശ്ചയം നാം മുന്നറിയിപ്പ് നല്കുന്നവനായിരിക്കുന്നു. എല്ലാ വിധിക്കപ്പെട്ട കാര്യങ്ങളും ആ രാത്രിയിലാണ് വിഭജിക്കപ്പെടുന്നത്”. ഈ ആയത്തുകളിൽ പറയപ്പെട്ട രാവ് ബറാഅത്തിന്റെ രാവാണെന്ന് ചില പണ്ഡിതന്മാർ പറയുന്നുണ്ട്. കാരണം, എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നത് ബറാഅത്തിന്റെ രാത്രിയിലാണെന്ന് പല ഹദീസുകളിലും ഉദ്ധരിക്കപ്പെട്ടതായി കാണാം. അതിനാൽ തന്നെ, കാര്യങ്ങൾ തീരുമാനിച്ച് വിഭജിക്കപ്പെടുന്ന ആ രാത്രി ബറാഅത്ത് രാവാണെന്ന് പണ്ഡിതന്മാർ പറയുന്നു. എന്നാൽ, ഖുർആൻ അവതരിച്ച രാവ് ലൈലതുൽ ഖദ്റിന്റെ രാവാണെന്നും അതിനാൽ ഇവിടെ പറയപ്പെട്ട രാവ് ലൈലത്തുൽ ഖദ്റ് ആണെന്നും മറ്റു ചില പണ്ഡിതന്മാരും പറയുന്നുണ്ട്. “അതിനെ (ഖുർആനെ) നാം അവതരിപ്പിച്ചത് ലൈലതുൽ ഖദ്റിൽ ആണെന്നു” സൂറത്തുൽ ഖദ്റിൽ അല്ലാഹു പറയുന്നുണ്ട്. അതിനാൽ തന്നെ ഈ ആയത്തിന്റെ കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. എങ്കിലും, ഇത് ബറാഅത്ത് രാവാണെന്ന് പറയുന്ന പണ്ഡിതന്മാർക്കും അവരെ അംഗീകരിക്കുന്നവർക്കും ഖുർആൻ കൊണ്ടു തന്നെ സ്ഥിരപ്പെട്ടതാണ് ബറാഅത്ത് രാവിന്റെ പവിത്രത.

ബറാഅത്ത് രാവ് ഹദീസുകളിൽ

ബറാഅത്ത് രാവിനെ കുറിച്ച് നിരവധി ഹദീസുകൾ ഉണ്ട്. അവയിൽ അതിന്റെ പവിത്രതകളും വിവരിക്കുന്നുണ്ട്. അവയിൽ ചിലത് താഴെ ഉദ്ധരിക്കാം.

1. നബി(സ) പറഞ്ഞു: “നിശ്ചയം, ശഅ്ബാൻ പകുതിയുടെ രാത്രിയിൽ അല്ലാഹു എത്തി നോക്കും. എന്നിട്ട് ബഹുദൈവാരാധകനോ, മനസ്സിൽ പോരുള്ളവനോ അല്ലാത്ത തന്റെ മുഴുവൻ പടപ്പുകള്ക്കും അവൻ പാപങ്ങൾ പൊറുത്തു കൊടുക്കും”. (ഇബ്നു മാജ/ അഹ്മദ്). ഇതേ ആശയത്തിൽ എന്നാൽ, പദങ്ങളിൽ ചില വ്യത്യാസങ്ങളോടെ ഇമാം ബൈഹഖിയും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

2. നബി(സ) പറഞ്ഞു: “ആയുസ്സ് തീരുമാനിക്കപ്പെടുന്നത് ഒരു ശഅ്ബാൻ മുതൽ അടുത്ത ശഅ്ബാൻ വരെയാണ്. എത്രത്തോളമെന്നാൽ, ഒരാളുടെ വിവാഹവും അവന് സന്താനങ്ങൾ ഉണ്ടാകുന്നതും മരിച്ചവരുടെ കൂട്ടത്തിൽ അവന്റെ നാമം എടുക്കപ്പെടുന്നതുമെല്ലാം ഈ രാത്രിയിലാണ്”. (ഇബ്നു കസീർ/ ഖുർഥുബി)

3. നബി(സ) പറഞ്ഞു: “ശഅ്ബാൻ പകുതിയുടെ രാത്രിയായാൽ നിങ്ങൾ ആ രാത്രിയിൽ എഴുന്നേറ്റ് നിസ്കരിക്കുകയും പകലിൽ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുക. കാരണം, അന്നത്തെ സൂര്യാസ്തമയത്തോടെ അല്ലാഹു ഒന്നാമാകാശത്തേക്ക് ഇറങ്ങി വന്ന് ‘പാപമോചനം തേടുന്ന ആരുമില്ലേ, എനിക്ക് പൊറുത്തു കൊടുക്കാൻ. പരീക്ഷിക്കപ്പെട്ടവനില്ലേ, ഞാനവന് സൌഖ്യം നല്കാൻ. അന്നം തേടുന്നവനില്ലേ ഞാനവന് അന്നം കൊടുക്കാൻ’ എന്നിങ്ങനെ നിരവധി കാര്യങ്ങൾ എടുത്ത് ചോദിക്കും” (സഅ്ലബി, ഖുർഥുബി).

4. നബി(സ) പറഞ്ഞു: “ശഅ്ബാൻ പകുതിയുടെ രാത്രിയായാൽ അല്ലാഹു ഒന്നാമാകാശത്തേക്ക് ഇറങ്ങി വന്ന് കല്ബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തിലധികം ആളുകൾക്ക് പാപമോചനം നല്കും”. (തിർമിദി/ അഹ്മദ്/ ഇബ്നു മാജ)

5. ആഇശ(റ) പറയുന്നു: “രാത്രിയിൽ നബിതിരുമേനി(സ) നിസ്കരിക്കാൻ നിന്നു. എന്നിട്ട് സുജൂദിനെ ഏറെ ദീർഘിപ്പിച്ചു. എത്രത്തോളമെന്നാൽ, ഞാൻ കരുതി അവിടുന്ന് വഫാത്തായിരിക്കുന്നുവെന്ന്. അത് കണ്ടപ്പോൾ ഞാനെഴുന്നേറ്റ് അവിടത്തെ പെരുവിരൽ ഇളക്കി. അപ്പോൾ, അവിടന്ന് ഇളകുകയും ഞാൻ മടങ്ങുകയും ചെയ്തു. നിസ്കാരം കഴിഞ്ഞ് അവിടന്ന് സുജൂദിൽ നിന്ന് എന്നിലേക്ക് ശിരസ്സുയർത്തിയിട്ട് ചോദിച്ചു: ‘ആഇശാ, നബി(സ) നിന്നെ വഞ്ചിച്ചുവെന്ന് നീ കരുതിയോ’. ഞാൻ പറഞ്ഞു: ‘അല്ലാഹു സത്യം, ഇല്ല. മറിച്ച് അവിടത്തെ സുജൂദ് നീണ്ടപ്പോൾ അവിടന്ന് മരിച്ചെന്നാണ് ഞാൻ കരുതിയത്’. അപ്പോൾ നബി(സ) ചോദിച്ചു: ‘ഇതേത് രാത്രിയാണെന്ന് നിനക്കറിയാമോ?’. ഞാൻ പറഞ്ഞു: ‘അല്ലാഹുവും അവന്റെ പ്രവാചകനുമാണ് ഏറ്റവും അറിവുള്ളവർ’. അവിടന്ന് പറഞ്ഞു: ‘ഇത് ശഅ്ബാൻ പകുതിയുടെ രാത്രിയാണ്. നിശ്ചയം ഈ രാത്രിയിൽ അല്ലാഹു അവന്റെ അടിമകളിലേക്ക് എത്തിനോക്കും. എന്നിട്ട് പാപമോചനം തേടുന്നവർക്ക് പൊറുത്തുകൊടുക്കുകയും കാരുണ്യം തേടുന്നവർക്ക് റഹ്മത്ത് നല്കുകയും ചെയ്യും. പോരുള്ളവരെ അതേ നിലയിൽ പിന്തിക്കുകയും ചെയ്യും”. (ബൈഹഖി)

6. നബി(സ) പറഞ്ഞു: “ജിബ്രീൽ(അ) എന്റെ അടുക്കൽ വന്ന് പറഞ്ഞു: ‘ഇത് ശഅ്ബാൻ പകുതിയുടെ രാത്രിയാണ്. കല്ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണത്തിന്റെ അത്രയും ആളുകളെ അല്ലാഹു നരകത്തിൽ നിന്ന് ഈ രാത്രിയൽ മോചിപ്പിക്കും” (തിർമിദി)

7. നബി(സ) പറഞ്ഞു: “അലീ, ശഅ്ബാൻ പകുതിയുടെ രാത്രിയിൽ ആരെങ്കിലും നൂറു റക്അത്ത് ആയിരം ഖുല്ഹുവല്ലാഹു അഹദ് (സൂറത്തുൽ ഇഖ്ലാസ്)ഓതി നിസ്കരിച്ചാൽ ആ രാത്രിയിൽ അവൻ ചോദിക്കുന്ന മുഴുവൻ ആവശ്യങ്ങളും അല്ലാഹു നിറവേറ്റിക്കൊടുക്കും” (ശൌകാനി/ അജ്ലൂനി/ അബൂ അബ്ദില്ലാഹിൽ ഹൻബലി).

8. നബി(സ) പറഞ്ഞു: “ശഅ്ബാൻ പകുതിയുടെ രാത്രിയിൽ ആരെങ്കിലും ആയിരം തവണ ഖുൽഹുവല്ലാഹു അഹദ് (സൂറത്തുൽ ഇഖ്ലാസ്) ഓതിയാൽ അവനിലേക്ക് സന്തോഷവാർത്ത അറിയിക്കാനായി ഒരു ലക്ഷം മലക്കുകളെ അല്ലാഹു അയക്കും”. (ഇബ്നു ഹജര്/ അബൂ അബ്ദില്ലാഹിൽ ഹന്ബലി).

9. നബി(സ) പറഞ്ഞു: “അഞ്ച് രാത്രികളിൽ ദുആ തടയപ്പെടില്ല; റജബ് ഒന്നിന്റെ രാത്രി, ശഅ്ബാൻ പകുതിയുടെ രാത്രി, വെള്ളിയാഴ്ച രാത്രി, ചെറിയ പെരുന്നാളിന്റെ രാത്രി, ബലി പെരുന്നാബളിന്റെ രാത്രി”. (അല്ബാനി).

10. നബി(സ) പറഞ്ഞു: “പെരുന്നാളിന്റെ രാത്രിയെയും ശഅ്ബാൻ പകുതിയുടെ രാത്രിയെയും ആരെങ്കിലും ജീവിപ്പിച്ചാൽ ഹൃദയങ്ങൾ മരിക്കുന്ന ദിനത്തിൽ അവന്റെ ഹൃദയം മരിക്കില്ല”. (ഇബ്നു ഹജര്/ ദഹബി/ ഇബ്നു ജൌസി).

11. നബി(സ) പറഞ്ഞു: “അഞ്ച് രാത്രികളെ ആരെങ്കിലും ജീവിപ്പിച്ചാൽ അവന് സ്വർഗ്ഗം നിർബന്ധമാണ്; തർവിയ്യത്തിന്റെ രാത്രി, അറഫയുടെ രാത്രി, ബലി പെരുന്നാബളിന്റെ രാത്രി, ചെറിയ പെരുന്നാളിന്റെ രാത്രി, ശഅ്ബാൻ പകുതിയുടെ രാത്രി” (അല്ബാനി).

ഇമാം ബൈഹഖി(റ) ആഇശാ ബീവിയിൽ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ ബറാഅത്തിന്റെ രാത്രിയിൽ നബി(സ) വീട്ടൽ നിന്ന് ഇിറങ്ങിപ്പോയതും മറ്റേതെങ്കിലും ഭാര്യമാരുടെ അടുത്തേക്കായിരിക്കുമെന്ന് കരുതി ആഇശ ബീവി(റ) നബി തങ്ങൾ കാണാതെ പിന്തുടർന്നതും നബി(സ) നേരെ സ്വഹാബികളെ മറവുചെയ്തിരുന്ന ജന്നതുൽ ബഖീഇലേക്ക് പോയി ഏറെനേരം ദുആ ചെയ്തതും കാണാം.

ചുരുക്കത്തിൽ, ഇവ്വിഷയത്തിൽ ഹദീസുകൾ ധാരാളമുണ്ട്. എന്നാൽ, ഖുർആനിൽ അല്ലാഹു നസ്സ്വായി പറഞ്ഞെങ്കിലോ അല്ലെങ്കിൽ, ഹദീസ് ഇമാം ബുഖാരിയോ ഇമാം മുസ്ലിമോ ഉദ്ധരിച്ചതാണെങ്കിലോ മാത്രമേ ഞങ്ങൾ അംഗീകരിക്കൂ എന്ന് പറയുന്നവർ നമുക്കിടയിലുണ്ട്. അവർ മനസ്സിലാക്കേണ്ടത് ഇത് ദീനിന്റെ അടിസ്ഥാന കാര്യങ്ങളൊന്നുമല്ല. അതിനാൽ തന്നെ, ഇക്കൂട്ടർ ദുർബലമായി ഗണിക്കുന്ന ഹദീസുകൾ അതിന്റെ ധാരാളിത്തം ഒന്ന് മറ്റൊന്നിനെ ശക്തിപ്പെടുത്തും വിധമുള്ളതിനാൽ മുൻഗാമികളെ അംഗീകരിക്കുന്നവർക്ക് ഈ ഹദീസുകൾ ധാരാളമാണ്. മുൻഗാമികളെ അംഗീകരിക്കാതെ സ്വഹീഹായ ഹദീസുകളുടെ എണ്ണം ചുരുക്കി ദീനിനെ സങ്കുചിതമാക്കുന്നത് ദീനിലെ കാര്യങ്ങളെ ഓരോന്നായി നിഷേധിക്കുന്നതിലേക്ക് നയിക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

ഈ വിഭാഗങ്ങൾക്കനുകൂലമായി പലപ്പോഴും ഫത് വ പറയാറുള്ള ഇബ്നുതീമിയ പോലും ഈ വിഷയത്തിൽ ഇവർക്കൊപ്പമില്ലെന്നതാണ് വസ്തുത. ബറാഅത്ത് രാവിലെ നിസ്കാരത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇബ്നുതീമിയ പറഞ്ഞത് “അന്ന് രാത്രി ഒരാൾ തനിച്ചോ പ്രത്യേകം ജമാഅത്തിലോ നിസ്കരിച്ചാൽ അത് നല്ലതാണ്. മുൻഗാമികളിലെ ഒരു വിഭാഗം അങ്ങനെ ചെയ്തിരുന്നു” എന്നാണ്. മറ്റൊരിടത്ത് ഇബ്നുതീമിയ പറഞ്ഞു: “ശഅ്ബാൻ പകുതിയുടെ രാത്രിയെക്കുറിച്ച് പറയുമ്പോൾ അതിന്റെ ശ്രേഷ്ഠതയെക്കുറിച്ച് നിരവധി ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുൻഗാമികൾ പലരും ആ രാത്രിയിൽ നിസ്കരിച്ചിരുന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുമുണ്ട്. അതിനാൽ തന്നെ അന്ന് ഒരാൾ തനിച്ച് നിസ്കരിച്ചാൽ അവനു മുമ്പേ അത് മുൻഗാമികൾ ചെയ്തിട്ടുള്ളതും അവനതിൻ തെളിവുള്ളതുമായതുകൊണ്ട് ഇത്തരം കാര്യങ്ങൾ എതിർക്കപ്പെടാൻ പാടില്ലാത്തതാകുന്നു”.

ചുരുക്കത്തിൽ, ബറാഅത്ത് രാവും അതിന്റെ പവിത്രതയും അന്ന് പ്രത്യേകം കർമ്മങ്ങളും പ്രാർത്ഥനകളും അനുഷ്ഠിക്കുന്നതുമെല്ലാം നബി(സ)യുടെ ചര്യയായിരുന്നുവെന്ന് നമുക്ക് മനസിലാക്കാം. എന്നാൽ, ഇതിനെയെല്ലാം ദുർബലവും പിഴച്ച ആശയങ്ങളുമാക്കി ചിത്രീകരിച്ച് മുസ്‌ലിം സമുദായത്തെ ഈ രാത്രിയിൽ അമലുകളിൽ നിന്ന് തടയുന്നവർ സത്യത്തിൽ ഇബലീസിനു ദാസ്യവേല ചെയ്യുകയാണ് ചെയ്യുന്നത്. അല്ലാഹുവിനോട് അടുക്കുന്നതിൽ നിന്ന് അടിമളെ തടയുന്നത് അവന്റെ ചര്യയാണല്ലോ. മാത്രമല്ല, ഇത്തരം ഹദീസുകളെ ദുർബലമെന്നാരോപിച്ച് സമുദായത്തിൻറെ നൻമയും ധാർമ്മിക മൂല്യങ്ങളും തകർത്ത് ഉമ്മത്തിനിടയിൽ അനൈക്യം സൃഷ്ടിക്കുന്നതിനു പിന്നിൽ ജൂതബുദ്ധിയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. "മനസ്സിൽ പോരുള്ളവർക്ക് ഈ രാത്രിയിൽ പാപമോചനം ലഭിക്കില്ല" എന്ന് പറഞ്ഞ ഹദീസിൻറെ വിശദീകരണത്തിൽ സമുദായാത്തിനിടയിൽ അനൈക്യം സൃഷ്ടിച്ചു തമ്മിലടിപ്പിക്കുന്നവരാണ് അവരെന്ന് ചില പണ്ഡിതന്മാർ പറഞ്ഞത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

ഈ രാത്രിയിൽ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുവാനും പാപങ്ങളിൽ നിന്ന് പരിപൂർണ മുക്തി നേടുവാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

മുഹമ്മദ് ശാഫി ഖാദിരി സുൽത്താനി