Top pics

6/recent/ticker-posts

റജബ് - അല്ലാഹുവിൻ്റെ മാസം


വിശുദ്ധ ഖുർആനിൽ തൗബ സൂറത്തിൽ അല്ലാഹു പറയുന്നുണ്ട്,

إن عدة الشهور عند الله أثنا عشر شهرًا في كتاب الله يوم خلق السموات والأرض منها أربعة حرم فلا تظلموا فيهن أنفسكم وقاتلوا المشركين كافة كما يقاتلونكم كافة واعلموا أن الله مع المتقين

അല്ലാഹു ആകാശ ഭൂമികളെ സൃഷ്ടിച്ച കാലം മുതല്‍ മാസങ്ങളുടെ എണ്ണം അവന്റെയടുത്ത് പന്ത്രണ്ടാകുന്നു. അതില്‍ നാലെണ്ണം (യുദ്ധം നിഷിദ്ധമായ) ആദരണീയമാസങ്ങളാണ്. അതാണ് ഋജുവായ മതം. അതുകൊണ്ട് ആ വിശുദ്ധ മാസങ്ങളില്‍ നിങ്ങള്‍ (യുദ്ധത്തിനിറങ്ങി) സ്വന്തത്തോട് അതിക്രമം കാട്ടരുത്. എന്നാല്‍, ബഹുദൈവ വിശ്വാസികള്‍ ഒറ്റക്കെട്ടായി നിങ്ങളോട് യുദ്ധം ചെയ്യുന്നുവെങ്കില്‍ അതു പോലെ സംഘടിതരായി അവരോട് നിങ്ങളും പോരാടുക. നിങ്ങളറിയണം, സൂക്ഷ്മാലുക്കളോടൊപ്പമാണ് അല്ലാഹു.ഇവിടെ പരാമർശിക്കപ്പെട്ട നാലു മാസങ്ങളിൽ ഒന്നാണ് വിശുദ്ധമായ റജബ് മാസം.

ദിവസങ്ങളും മാസങ്ങളും എല്ലാം അല്ലാഹുവിന്റെ ജ്ഞാന രഹസ്യങ്ങളാണ്. ആകാശ ഭൂമികൾ ആറു ദിവസം കൊണ്ട് സൃഷ്ടിച്ചു എന്ന് പറയുമ്പോഴും അല്ലാഹുവിന്റെയടുത്ത് മാസങ്ങൾ 12 ആണെന്ന് പറയുമ്പോഴും സമയത്തിനും കാലത്തിനും ഭാഷകൾക്കും ദേശങ്ങൾക്കും എല്ലാം അതീതനായ, ആദിമാന്ത്യങ്ങളില്ലാത്ത അല്ലാഹുവിൻറെ ദിവസങ്ങളെക്കുറിച്ചും മാസങ്ങളെ ക്കുറിച്ചും നാം ഏറെ അഗാധമായി ആഴത്തിൽ അറിയാൻ ശ്രമിക്കേണ്ടതുണ്ട്. നിങ്ങൾ കാലത്തെ പഴിക്കരുത്. ഞാൻ തന്നെയാണ് കാലം എന്ന് വ്യക്തമാക്കുന്നത് ഇവിടെ കൂടുതൽ ചിന്തകളിലേക്ക് വഴി തുറക്കുന്നു.

അല്ലാഹുവിനെ അറിയുകയും അടുത്തറിയുകയും അനുഭവിക്കുകയും ചെയ്ത ആത്മജ്ഞാനികൾക്കു മാത്രമേ അത്തരം ദൈവീക രഹസ്യങ്ങളുടെ അമൂല്യമായ നിധി ശേഖരങ്ങളുടെ വാതിലുകൾ തുറക്കാനാകൂ. കാരണം അവരാണ് ആ ഖജനാവുകളുടെ താഴുകൾ തുറക്കാൻ അനുവാദവും അധികാരവുമുള്ള താക്കോൽ സൂക്ഷിപ്പുകാർ. അല്ലാഹു എന്ന പരിശുദ്ധമായ പ്രകാശശോഭയിൽ ജ്വലിച്ചു നിൽക്കുന്ന ജ്ഞാന താരകങ്ങളായ അത്തരം വ്യക്തിസ്വരൂപങ്ങളിൽ നിന്ന് വെളിച്ചം സ്വീകരിച്ചു പുതിയ ചന്ദ്രോദയങ്ങളായിത്തീരാൻ നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ.

റജബിനെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ ഏറ്റവും ആദ്യം നമുക്ക് ചിന്തയിലേക്ക് വരുന്നത് സയ്യിദുനാ ഇബ്നു അബ്ബാസ്(റ) റിപ്പോർട് ചെയ്ത ഒരു ഹദീസാണ്.

رجب شهر الله، وشعبان شهري، ورمضان شهر أمتي

തിരുനബി(സ) പറയുന്നു, റജബ് അല്ലാഹുവിന്റെ മാസമാണ്. ശഅ്ബാൻ എന്റെ മാസമാണ്. റമദാൻ എന്റെ ഉമ്മത്തിന്റെ മാസമാണ്.
അനേകം അർത്ഥ തലങ്ങളുള്ള ആഴമേറിയ ഒരു അറിവാണ് ഇവിടെ പങ്കു വെക്കപ്പെടുന്നത്. അല്ലാഹുവിൽ നിന്ന് തുടങ്ങി അല്ലാഹുവിൽ അവസാനിക്കുന്ന, ഒരിക്കലും അവസാനിക്കാതെ അനശ്വരമായി തുടരുന്ന അനുഗ്രഹീതമായ ഒരു ജീവിതത്തെക്കുറിച്ചാണ് തിരുനബി(സ) ഇവിടെ വിശദീകരിക്കുന്നത്. മനുഷ്യൻ എന്ന യാഥാർഥ്യത്തെ ക്കുറിച്ച്, ജീവിതത്തിന്റെ നിയോഗത്തെക്കുറിച്ചും ലക്ഷ്യ സാഫല്യത്തെ കുറിച്ചൊക്കെ ഇവിടെ സൂചിപ്പിക്കപ്പെടുന്നുണ്ട്.

നഫ്സിനോടും ഖൽബിനോടും റൂഹിനോടും ബന്ധപ്പെട്ട ചില രഹസ്യങ്ങളാണത്. ആത്മാവ് അല്ലാഹുവിൽ ലയിക്കുന്നതിന് വേണ്ടി നഫ്സും ഖൽബും നടത്തേണ്ട തയ്യാറെടുപ്പുകളാണത് പ്രതിനിധീകരിക്കുന്നത്. അമ്മാറയും ലവ്വാമയുമൊക്കെയായി നഫ്സിന്റെ വിവിധ ലോകങ്ങളെ മറികടക്കേണ്ടതെങ്ങനെ എന്നതിന്റെ സൂചനകളാണിവ. നിഷ്കളങ്ക സ്നേഹവും സമ്പൂർണ്ണ അനുധാവനവും ഈ അനുഗ്രഹീത അവസ്ഥയിൽ ഒരു നിമിഷം പോലും ഒഴിയാതെയുള്ള ജീവിത ഗമനവുമാണവ വിശദീകരിക്കുന്നത്.

അല്ലാഹുവിൻ്റെ പ്രതിനിധി ആയാണ് മനുഷ്യൻ നിയോഗിതനാകുന്നത്. മറക്കപ്പെട്ട നിധിയായിരുന്ന അല്ലാഹുവിൻ്റെ അറിയപ്പെടണമെന്ന അഭിലാഷത്തിലാണ് മനുഷ്യ സൃഷ്ടിപ്പ് സംഭവിക്കുന്നത്. അതുകൊണ്ടാണ് പൂർണ്ണ വിശ്വാസിയായ മുഅമിൻ മുഅമിനായ അല്ലാഹുവിൻ്റെ കണ്ണാടിയാണെന്ന് പറയുന്നത്. 

ചുരുക്കത്തിൽ അല്ലാഹുവിനെ അറിഞ്ഞ് അല്ലാഹുവിൽ ലയിക്കുക എന്നതാണ് മനുഷ്യ ജീവിതത്തിൻ്റെ നിയോഗം. പരിശുദ്ധ ഖുർആനിൻ്റെ ജീവിക്കുന്ന തഫ്സീർ ആയി മാറിയ വിശുദ്ധരായ ശൈഖുൽ അക്ബർ മുഹ്യുദ്ധീൻ ഇബ്നു അറബി(റ) മനുഷ്യൻ എന്ന യാഥാർത്യത്തിൻ്റെ രഹസ്യങ്ങളെക്കുറിച്ച് ദീർഘമായി സംസാരിക്കുന്നുണ്ട്. അല്ലാഹുവിൻ്റെ അസ്ഥിത്വവും മനുഷ്യൻ്റെ അസ്ഥിത്യവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചും മനുഷ്യൻ്റെ ഉണ്മ യാഥാർത്ഥത്തിൽ അല്ലാഹു വിൻ്റെ ഉണ്മയാണെന്നും അല്ലാഹുവിൻ്റെ ഉണ് മാത്രമാണ് ഉള്ളതെന്നും അവിടുന്ന് സംസാരിക്കുന്നുണ്ട്. ഈ ഒരു തിരിച്ചറിവിലേക്കാണ് റജബ് നമ്മെ ക്ഷണിക്കുന്നത്.

പരിശുദ്ധ റമദാൻ എൻ്റെ ഉമ്മത്തിൻ്റെ മാസമാണ് എന്ന് നാം നേരത്തെ ഉദ്ധരിച്ച ഹദീസിൽ തിരുനബി(സ) പറയുന്നു. റമദാനിൻ്റെ യഥാർത്ഥ സമ്മാനം അല്ലാഹുവിൻ്റെ അവർണ്ണനീയമായ സൗന്ദര്യമാർന്ന തിരുമുഖം വജ്ഹിൻ്റെ ദർശനമാണ്. അഥവാ അല്ലാഹു തന്നെയാണ്. നോമ്പുകാരൻ്റെ സന്തോഷമായി അവിടുന്ന് പറയുന്നത് ഇഫ്താറും അഥവാ അകക്കണ്ണ് തുറക്കപ്പെടുന്നതും അങ്ങനെ അവൻ്റെ റബ്ബിൻ്റെ ലിഖാഉമാണ്. 

മറ്റൊരു ഖുദ്സിയായ ഹദീസിൽ വിശദീകരിക്കുന്നത് നോമ്പ് എനിക്കാണ് ഞാൻ തന്നെയാണ് അതിന് പ്രതിഫലം എന്നാണ്. അഥവാ അല്ലാഹുവിൽ ഉള്ള ലയനമാണ് റമദാനിൻ്റെ ലക്ഷ്യവും അന്തസത്തയും. അങ്ങനെയാണത് ഉമ്മതിൻ്റെ മാസമാകുന്നത്.

ഈ ലക്ഷ്യ സാഫല്യത്തിലേക്കുള്ള പരിശുദ്ധ പാത ഹബീബുല്ലാഹി (സ) മാത്രമാണ്. ഹഖീഖതു മുഹമ്മദീയയിലൂടെ മാത്രമേ അല്ലാഹുവിൽ എത്തിച്ചേരാനാകൂ. ആ പരിശുദ്ധ പ്രകാശത്തെ ഹൃദയത്തിലും ആത്മാവിലും കൊളുത്തി വെച്ച് സ്വന്തത്തിൽ തന്നെ തിരുനബി(സ)യെന്ന അത്യുന്നത സാന്നിധ്യത്തെ ജീവസ്സുറ്റതാക്കി മാറ്റിയാൽ മാത്രമേ അല്ലാഹുവിൽ എത്തിച്ചേരാനാകൂ. ആ ദിവ്യ രഹസ്യങ്ങളെക്കുറിച്ച ഓർമപ്പെടുത്താണ് ശഅബാൻ.

അപ്പോൾ തിരുനബിയെന്ന ശഅബാനിലൂടെ അല്ലാഹുവിൻ്റെ ലിഖാഅ എന്ന റമദാനിലേക്കാണ് നമുക്ക് സഞ്ചരിക്കേണ്ടത്. ഈ തീർത്ഥ യാത്ര ആരംഭിക്കുന്നത് റജബിൽ നിന്നാണ്. അഥവാ അല്ലാഹുവിൽ നിന്നാണ്. അതുകൊണ്ടാണ് റജബ് അല്ലാഹുവിൻ്റെ മാസമായത്.

അല്ലാഹുവിലേക്കുള്ള യാത്ര അല്ലാഹുവിൽ നിന്ന് തന്നെയാണ് ആരംഭിക്കുന്നത് എന്നത് വിരൽ ചൂണ്ടുന്നത് ശൈഖ് എന്ന അത്യുന്നതമായ രഹസ്യത്തിലേക്കാണ്. റബ്ബിലേക്കെത്തിക്കുന്ന മുറബ്ബി എന്ന ജ്ഞാനത്തിലേക്കാണ്. ആ പരിശുദ്ധ കരങ്ങളിൽ ആത്മാവ് സമർപ്പിച്ച് അല്ലാഹുവിനോട് ചെയ്ത ആദിമ കരാർ പുതുക്കി അല്ലാഹുവിലേക്ക് തിരിച്ചു പോകണം. ഈ തീർത്ഥ യാത്രയുടെ ആരംഭത്തെയാണ് റജബ് അർത്ഥമാക്കുന്നത്.

നബീൽ മഹ്ബൂബി