Top pics

6/recent/ticker-posts

സുൽത്വാനിയ മാർഗ്ഗം


മനുഷ്യാത്മാവിൻ്റെ യാഥാർത്ഥ്യം തിരിച്ചറിയുന്നതിലൂടെ ദൈവിക സത്തയെ അറിയാനുള്ള മാർഗ്ഗമാണ് സുൽത്വാനിയ സൂഫി മാർഗം. ഖുർആൻ പറഞ്ഞു.ആകാശങ്ങളുടെയും ഭൂമിയുടെയും അതിരുകൾ ഭേദിച്ച് നിങ്ങൾക്ക് കടന്നു ചെല്ലാനാവുമെങ്കിൽ ചെല്ലുക, ഒരു സുൽത്വാനിലൂടെയല്ലാതെ നിങ്ങൾക്കതിന് സാധ്യമല്ല. പ്രപഞ്ച പരിമിതികൾ മറികടന്ന് ദൈവിക സത്തയിലേക്ക് സഞ്ചരിച്ചെത്താനുള്ള ദൈവിക സാക്ഷിത്വത്തിൻ്റെ മാർഗമൊരുക്കുകയാണ് സുൽത്വാനിയ മാർഗം.

സുൽത്വാനുൽ അമ്പിയ സയ്യിദ് മുഹമ്മദ് റസൂലുല്ലാഹി(സ), സുൽത്വാനുൽ ഔലിയ സയ്യിദ് മുഹ് യുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സി), സുൽത്വാനുൽ ഹിന്ദ് ഖാജാ ഗരീബ് നവാസ് മുഈനുദ്ധീൻ ചിശ്തി(ഖ.സി), സുൽത്വാനുൽ അഅ്ളം സയ്യിദ് ഇബ്രാഹീം ബാദുഷ ഏർവാടി (ഖ.സി), സുൽത്വാൻ ഖദീറുള്ള സൂഫി മുഹമ്മദ് യൂസുഫ് സുൽത്വാൻ (ഖ.സി) തുടങ്ങിയ മഹാരഥൻമാരുടെ അധ്യാത്മ നായകത്വത്തിലാണ് ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. തിരുനബി(സ)യിലൂടെ കടന്നുവരുന്ന ദിവ്യ സാക്ഷിത്വത്തിൻ്റെ ഗുരുപാരമ്പര്യമാണ് ഈ മാർഗ്ഗത്തിൻ്റെ അടിത്തറ. മലപ്പുറം ജില്ലയിലെ വളാഞ്ചേരി എടയൂരിലെ ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് ഈ പ്രസ്ഥാനത്തിന് കാലികമായ നേതൃത്വം നിർവ്വഹിക്കുന്നു.

സൂഫിമാർഗ്ഗങ്ങളിലൂടെ ലോകസമാധാനത്തിൻ്റെ വഴിത്താരയിലേക്ക് ക്ഷണിക്കുന്ന സുൽത്വാനിയ പ്രസ്ഥാനം ഇസ് ലാമിൻ്റെ പാരമ്പര്യ പൂർണ്ണതയെ അതേപടി മനുഷ്യാത്മാവിന് സമ്മാനിക്കുകയാണ്. വിവിധ മതവിഭാഗീയതകൾക്കപ്പുറം ഇസ് ലാമിൻ്റെ യാഥാർത്ഥ്യത്തെ കണ്ടെത്താനുള്ള വഴിയാണ് ഈ മാർഗ്ഗം ലോകജനതക്ക് സമ്മാനിക്കുന്നത്.