Top pics

6/recent/ticker-posts

ശൈഖ് യൂസുഫ് സുൽത്വാൻ: സന്ദേശംവിശുദ്ധ കലിമ: സകല പ്രപഞ്ചങ്ങളുടെയും പ്രവാചകമാർഗങ്ങളുടെയും അടിത്തറ


“ലാ ഇലാഹ ഇല്ലളളാ മുഹമ്മദു റസൂലുള്ളാഹ്” എന്ന വിശുദ്ധ വാക്യമാണ് ഈ പ്രപഞ്ചത്തിൻ്റെയും സകല ചരാചരങ്ങളുടെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. അള്ളാഹു ആദ്യ മനുഷ്യനായ ആദം നബി(അ)യെ പടച്ചതും ഈ വചനത്തിൻ്റെ സാക്ഷാല്‍ക്കാരത്തിനു വേണ്ടിയായിരുന്നു. ആദം നബി(അ) സൃഷ്ടിക്കപ്പെട്ടതിനു ശേഷം അവിടുന്ന് അള്ളാഹുവിൻ്റെ സിംഹാസനത്തിലേക്ക് നോക്കിയപ്പോള്‍ അവിടെ രേഖപ്പെടുത്തപ്പെട്ടതായി കണ്ടത് ഈ അടിസ്ഥാന വചനമാണ്. ആദം നബി(അ) അള്ളാഹുവോട് അതേക്കുറിച്ചു ചോദിക്കുകയും ചെയ്തു. അവൻ്റെ നാമത്തോടൊപ്പം പറയപ്പെട്ട മറ്റൊരു നാമം ഏതാണെന്ന് ആ സമയത്ത് അള്ളാഹു നല്‍കിയ മറുപടി വിചിത്രമായിരുന്നു. അങ്ങില്ലായിരുന്നെങ്കില്‍ നാം സൃഷ്ടിജാലങ്ങളെ പടക്കുമായിരുന്നുല്ല.

ആദം നബി (അ) സ്വര്‍ഗത്തിൽ നിന്നു പുറത്താക്കപ്പെട്ട് ഭൂമിയിലെത്തിയപ്പോള്‍ അനേക വര്‍ഷങ്ങൾ അള്ളാഹുവോടു മാപ്പപേക്ഷിച്ചു കരഞ്ഞെങ്കിലും സ്വീകരിക്കപ്പെട്ടില്ല. അവസാനം സിംഹാസനസ്ഥാനത്ത് എഴുതപ്പെട്ടിരുന്ന ആ തിരുവചനത്തെ മുന്നില്‍വെച്ചു മാപ്പപേക്ഷിച്ചപ്പോഴാണ് അള്ളാഹു അതു സ്വീകരിച്ചത്. ആദം നബി(അ)ക്കു ശേഷം വന്ന ഓരോ പ്രവാചകന്‍മാരും ഈ വചനത്തിൻ്റെ വാഹകരായിരുന്നു. ഒടുക്കം ആ വചനത്തിൻ്റെ യാഥാര്‍ഥ്യമായി അന്ത്യപ്രവാചകനും കടന്നുവന്നു. അതോടെ മനുഷ്യ രാശി ആ വചനത്തിനു കീഴടങ്ങാന്‍ ബാധ്യസ്ഥരായി. അന്ത്യ പ്രവാചകര്‍ക്കു ശേഷം അതേ ദൗത്യവുമായി നിലകൊണ്ട ആത്മ ജ്ഞാനികളെല്ലാം ആ വിശുദ്ധ വചനത്തില്‍ തന്നെയായിരുന്നു തങ്ങളെ വാര്‍ത്തെടുത്തത്. ലോകത്ത് പരമ്പരകളിലൂടെ ഈ വചനത്തിൻ്റെ ദൗത്യവാഹകര്‍ എന്നും നിലകൊണ്ടിട്ടുണ്ട്. മതം പഠിപ്പിച്ചതു കൊണ്ടോ അതിൻ്റെ എല്ലാ മണ്ഡലങ്ങളും ഹൃദിസ്ഥമാക്കിയതു കൊണ്ടോ ഒരാള്‍ക്ക് പ്രവാചകന്‍മാരുടെ ഈ അടിസ്ഥാന ഗുണം ഉണ്ടായിക്കൊള്ളണമെന്നില്ല. മതപാണ്ഡിത്യവും ഇതര ജ്ഞാനങ്ങളുമെല്ലാം അതിൻ്റെ ബാഹ്യഎടുപ്പുകള്‍ മാത്രമാണ്. അടിത്തറ വിശുദ്ധ വചനമാണ്. വിശുദ്ധ വചനത്തെ മറക്കുകയും അതിൻ്റെ അടിത്തറയിലല്ലാതെ മതപാണ്ഡിത്യവും മതസംഘടനകളും കെട്ടിപ്പടുത്തതാണ് ഇന്ന് ലോകമാകെ നിലനില്‍ക്കുന്ന പ്രതിസന്ധികളുടെ മൗലികകാരണം.

കേരളത്തിലെ പൊതുരംഗത്തു നിന്ന് ഈ ദൗത്യം വഹിക്കുന്ന ഒരു ധാര അകന്നു പോയിട്ട് കാലമേറെയായി. മത പണ്ഡിതര്‍ക്കും സംഘടനാ മേധാവികള്‍ക്കും സൂഫീ പാതകളുടെ പ്രവര്‍ത്തകര്‍ക്കും ഈ അടിത്തറയെക്കുറിച്ചു ധാരണയില്ല. അവര്‍ അതില്‍ ഊന്നി ആളുകളെ സംസ്‌ക്കരിക്കുന്നുമില്ല.

തിരു നബിയില്‍ നിന്നു ആത്മ ജ്ഞാനികളുടെ സുവ്യക്തമായ പരമ്പരവഴി ഇക്കാര്യം ലോകത്തിൻ്റെ നാനാ ഭാഗങ്ങളില്‍ ഇന്നും പ്രബോധനം ചെയ്യപ്പെടുന്നുണ്ട്. നാമും അതിലൊരു കണ്ണിയാണ്. ഈ ശൃംഖലയിലേക്കു നാം ലോകത്തെ വിളിക്കുമ്പോള്‍ വിശുദ്ധ വചനത്തിലേക്കും പ്രവാചകന്‍മാരുടെ കുടുംബത്തിലേക്കുമാണ് വിളിക്കുന്നത്.

സൂഫി എന്നു പറയുമ്പോള്‍ പലതരത്തിലുള്ള സുഫികളുണ്ട്. പന്ത്രണ്ടു തരം സൂഫി വിഭാഗങ്ങളില്‍ ഒന്നൊഴികെ എല്ലാം പിഴച്ചതാണെന്നു ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഘങ്ങളുടെ പല രൂപ ഭേദങ്ങളാണ് ആധുനിക ലോകത്തും കണ്ടെത്താന്‍ കഴിയുക.

സൂഫിസത്തിൻ്റെ ചതിക്കുഴികളില്‍ നിന്നു രക്ഷപ്പെടുക വലിയ പ്രയാസം തന്നെ. വീണു പോയവര്‍ സത്യം ഗ്രഹിക്കാന്‍ പിന്നീട് സാധ്യതയും കുറയുന്നു. ഏതു ത്വരീഖതായാലും സത്യമല്ലേ എന്നാണു പൊതുവിലുള്ളൊരു ചോദ്യം. സൂഫിസത്തിനോ ത്വരീഖത്തിനോ യാതൊരു ചിന്താ പരമായോ ജ്ഞാന പരമായോ അടിത്തറയുള്ളതായി ആരും പൊതു ജനമധ്യത്തില്‍ വിശദീകരിക്കുന്നില്ല.

പണ്ഡിതന്‍മാർ സൂഫിസത്തോട് അറച്ചുനില്‍ക്കുന്നു. അവരുടെ കാഴ്ചപ്പാടില്‍ ഇത് ഏതോ മാലാഖമാര്‍ മാത്രം ചെയ്യേണ്ട ചില ഏര്‍പ്പാടുകളാണ്. സാധാരണ മനുഷ്യൻ്റെ സ്വഭാവം കാണിക്കുന്നവരെയൊന്നും അവര്‍ അംഗീകരിക്കില്ല. അതേസമയം ഭ്രാന്തമായി പെരുമാറുകയോ സാധാരണക്കാരൻ്റെ മാനസികാവസ്ഥയില്‍ നിന്നു ഭിന്നനാവുകയോ ചെയ്താല്‍ അവരെ പൂവിട്ടു പൂജിക്കാന്‍ അവര്‍ നേരത്തെ രംഗത്തിറങ്ങും. ഒടുക്കം കാണുമ്പോള്‍ ഇദ്ദേഹം ഏതോ അസാമാന്യ പദവിയിലെത്തിയെന്നും അവര്‍ പറയും. അവരെ സംബന്ധിച്ചിടത്തോളം ആത്മീയതയില്‍ വഴി പിഴക്കുകയെന്നൊരു പ്രശ്‌നമേയില്ല. ചര്‍ച്ചകൾ മുഴുവന്‍ ഏതെങ്കിലും ശൈഖിൻ്റെ ശരീഅത്തു പരമായ നീക്കങ്ങളെക്കുറിച്ചായിരിക്കും. ത്വരീഖതിലെ പ്രശ്‌നങ്ങള്‍ അവര്‍ക്കറിയുകയുമില്ല. അതിലേക്കു വരികയുമില്ല. ചിലപ്പോള്‍ ചില അനാവശ്യ ചര്‍ച്ചകളിട്ട് ഈ മേഖലയില്‍ തമാശ കാണിച്ചെന്നിരിക്കും. ഒരു കൂട്ടം പണ്ഡിതന്‍മാരും ഒരു കൂട്ടം ശൈഖുമാരുമാണ് തൻ്റെ സമുദായത്തെ വഴി പിഴപ്പിക്കുകയെന്ന പ്രവാചകന്റ ദീര്‍ഘ ദര്‍ശനം ഇന്ന് എത്രയും പ്രസക്തമായിത്തീര്‍ന്നിരിക്കുകയാണ്.

പലപ്പോഴും പല ശൈഖുമാരും ബോധപൂര്‍വ്വമല്ല ജനങ്ങളെ വഴി പിഴപ്പിക്കുന്നതെന്നും പറയേണ്ടിയിരിക്കുന്നു. സുന്നത്തായ കാര്യങ്ങളില്‍ രൂഢമുലമായിരിക്കും അവരുടെ ചിന്തകള്‍. എന്നാല്‍ അകത്തു കാര്യങ്ങള്‍ നടത്തുന്ന പിശാചിനെക്കുറിച്ചു അവര്‍ അജ്ഞരുമായിരിക്കും. പല മഹത്തായ കറാമത്തുകളും അദ്ഭുത കൃത്യങ്ങളും കാണിക്കാവുന്ന ത്വരീഖതുകളും ദിക്‌റുകളുമാണ് പലരെയും വട്ടംകറക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ സൂഫി കള്‍ക്കിടയിൽ തങ്ങളുടെ ദര്‍ശനത്തിൻ്റെയു ആത്മീയതയുടെയും അടിത്തറ സംബന്ധിച്ച് ഒരു പുനരാലോചന നടക്കേണ്ടതുണ്ട്.

ത്വരീഖതിനെയും സൂഫിസത്തെയും ജനമധ്യത്തില്‍ സാര്‍വത്രിക ചര്‍ച്ചയാക്കി മാറ്റേണ്ടിവന്നത് മറ്റൊന്നും കൊണ്ടല്ല. ജനങ്ങളെ വഴി പിഴപ്പിക്കുന്ന പണ്ഡിതന്‍മാരെക്കുറിച്ചും ശൈഖുമാരെക്കുറിച്ചും ബോധവല്‍ക്കരിച്ചു പ്രവാചകന്‍മാരുടെ ദൗത്യം നിര്‍വ്വഹിക്കേണ്ട ചില ബാധ്യതകള്‍ വന്നതു കൊണ്ടു മാത്രമാണ്. സംഘടന വളര്‍ത്താനോ ആളെക്കൂട്ടാനോ അല്ല ഇത്തരം കാര്യങ്ങളുമായി ജനസമക്ഷം വരേണ്ടിവന്നത്. ജനങ്ങളെ സത്യം ബോധ്യപ്പെടുത്തേണ്ട ചില ബാധ്യതകള്‍ വന്നുചേര്‍ന്നതു കൊണ്ടു മാത്രമാണ്. ഇക്കാര്യത്തില്‍ സത്യം പ്രഖ്യാപിക്കുന്നതിന് നാം ആരെയും ഭയപ്പെടുന്നില്ല. അള്ളാഹു ഏല്‍പ്പിച്ച ഉത്തരവാദിത്വം മുന്നോട്ടുകൊണ്ടു പോവാന്‍ അവനു തന്നെ കഴിയും. പിന്നെ ഇതൊരു ഭൂരിപക്ഷ-ന്യൂനപക്ഷ മത്സരവുമല്ല. തൻ്റെ യഥാര്‍ഥമായ അടിമകള്‍ വളരെ തുഛമേ വരൂ എന്നു പ്രവാചകര്‍ നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഭൂരിപക്ഷ കാര്യത്തിലും മദ്രസകളുടെയും പള്ളികളുടെയും എണ്ണത്തിലും നാം ഒട്ടും വിശ്വസിക്കുന്നതേയില്ല. ചില നിര്‍ബന്ധിതമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയെ സത്യത്തിൻ്റെ ശത്രുക്കളോടുള്ളൂ.