Top pics

6/recent/ticker-posts

ശൈഖ് യൂസുഫ് സുൽത്വാൻ (ഖ.സി): ജീവചരിത്രം


പത്തിലേറെ സൂഫി ആദ്ധ്യാത്മിക ഗുരു പരമ്പരകളുടെ സമകാലികാചാര്യന്‍. ആത്മാജ്ഞാനത്തിൻ്റെ നീരുറവതേടി ഒന്നര പതിറ്റാണ്ടിലേറെ വനാന്തരങ്ങളിലും പുണ്യാത്മാക്കളുടെ സന്നിധാനങ്ങളിലും കഴിച്ചുകൂട്ടിയ ത്യാഗിവര്യന്‍. സത്യത്തെ ജനസമക്ഷം വിളിച്ച്പറഞ്ഞപ്പോള്‍ ഇരമ്പിയാര്‍ത്ത ശത്രുതയുടെ തീപ്പന്തങ്ങളെ സഹനം കൊണ്ടും സംവാദം കൊണ്ടും നേരിട്ട പരിഷ്‌കര്‍ത്താവ്. പ്രപഞ്ചത്തിൻ്റെ, അതിലെ ജീവജാലങ്ങളുടെ, ലക്ഷക്കണക്കിന് പ്രവാചകൻമാരുടെയും ആരിഫുകളുടെയും ജീവശ്വാസമായ തൗഹീദീ വചനത്തിലേക്ക് ലോകരെ അവര്‍ ക്ഷണിച്ചു. സത്യം തിരിച്ചറിഞ്ഞവര്‍ അവരുടെ കൂട്ടായ്മയില്‍ ചേര്‍ന്നു. ഈ അന്ത്യലോകത്തെ കൂട്ടക്കൊലകളുടെയും അക്രമഅനീതികളുടെയും മഹാഥൂഫാനില്‍ നൂഹ് നബിയുടെ കപ്പലായി അവര്‍ നിലകൊണ്ടു.

ജീവിതത്താളുകള്‍

ആലുവ: എറണാകുളം ജില്ലയിലെ ആലുവാ തുരുത്തിലാണ് ശൈഖവര്‍കള്‍ ജനിച്ചുവളര്‍ന്നത്, മദീനയില്‍നിന്ന് ഇവിടെ വന്ന ഒരു വിശ്രുത സൂഫീകുടുംബത്തില്‍. സ്‌കൂള്‍ പഠനവും പ്രാഥമിക മതപഠനവും നാട്ടില്‍ തന്നെയായിരുന്നു.

ഹാജി അലി ദര്‍ഗാ: പതിനാലാം വയസ്സില്‍ മുംബയില്‍ സൂഫീ ഫഖ്‌റുദ്ദീന്‍ മൗലാനാ എന്ന വിശ്രുത ആത്മീയാചാര്യനു കീഴില്‍ സത്യത്തെ കണ്ടറിയാനുള്ള യാത്ര തുടങ്ങി. നീണ്ട ധ്യാനവര്‍ഷങ്ങള്‍. പ്രവാചക ജ്ഞാനത്തിൻ്റെ കവാടമായ അലി(റ) നെ പ്രാപിക്കാനുള്ള ധ്യാനവുമായി ആദ്യം ജൂലാന്‍ മൈതാനത്ത്. പിന്നെ ദൈവജ്ഞാനത്തിൻ്റെ സ്രോതസ്സായ ഖിള്‌റ്(അ) നെ കണ്ടെത്താനായി ഹാജി അലി ദര്‍ഗാ പരിസരങ്ങളില്‍. മുംബൈക്കടുത്ത ദ്വീപുകളില്‍, പര്‍വ്വതശിഖിരങ്ങളില്‍ ദീര്‍ഘകാലം.

ബഗ്ദാദ്: ബഗ്ദാദിലെ ശൈഖ് ജീലാനി ദര്‍ഗാശെരീഫ്. ഔലിയാക്കളുടെ ആസ്ഥാനനഗരി. ശൈഖുമാരോടൊപ്പം പതിനെട്ടാം വയസ്സില്‍ വിലായത്തിൻ്റെ സിംഹാസന സന്നിധിയിലെത്തി. അതോടെ സുല്‍ത്താനായി. അന്ന് ശൈഖ് ജീലാനി(റ) ഈ കൗമാരവലിയ്യിൻ്റെ ശിരസ്സില്‍ തിരുഹസ്തം വെച്ച് പേരു വിളിച്ചു. സൂഫി മുഹമ്മദ് യൂസുഫ് സുല്‍ത്വാന്‍.

ഹാജിമലങ്ക്: ബഗ്ദാദില്‍നിന്ന് മടങ്ങിയെത്തിയപ്പോഴേക്കും ശൈഖവര്‍കളുടെ പേര് സുല്‍ത്വാന്‍ ബാബ എന്നായി. തുടര്‍ന്ന് കല്യാണില്‍നിന്നും ഒരു ഉള്‍പ്രദേശത്ത് പര്‍വ്വത ഉച്ഛിയിലുള്ള ശൈഖ് അബ്ദുര്‍റഹ്മാന്‍ ഹാജിമലങ്ക് ബാബയുടെ ദര്‍ഗാശെരീഫിന് സമീപം ഗുഹക്കകത്ത് നീണ്ട വര്‍ഷങ്ങള്‍.

അജ്മീര്‍: അജ്മീറിലെ ഒരു മലയുടെ ഗുഹയിലും താനെ, ബാണ്ടൂപ്പ് തുടങ്ങിയ കാടുകളിലും പൂര്‍ണ്ണ വ്രതമാചരിച്ച് നീണ്ടകാലം. അല്ലാഹുവെ കണ്ടുമുട്ടാനും യാഥാര്‍ത്ഥ്യം ഗ്രഹിക്കാനുമുള്ള തീര്‍ത്ഥയാത്ര.

ശിവാപൂര്‍: പൂനെക്കടുത്ത ശിവാപൂരിലെ അതിപ്രസിദ്ധമായ ഖമര്‍ അലി ദര്‍വേശ്ബാബ ദര്‍ഗാ ശെരീഫ്. ഏത് സമയത്തും ആര്‍ക്കും നേരില്‍കാണാവുന്ന ഇന്നും ജീവിക്കുന്ന കറാമത്തുകളുടെ കേന്ദ്രം. ദര്‍വേശ് ബാബ അവിടത്തെ പള്ളിയില്‍ ഖത്വീബായി ശൈഖവര്‍കളെ ഉത്തരവാദിത്വമേല്‍പ്പിക്കുന്നു.

ബാദുഷാ ഖാദിരി(റ): വിശുദ്ധകലിമയുടെ ഗുരുവായ വിശ്വപ്രശസ്ത സൂഫീ ഗുരു സയ്യിദ് മൂഹമ്മദ് ബാദ്ഷാ ഖാദിരി യമനി(റ)വുമായി കണ്ടുമുട്ടുന്നതനായി ശിവാപൂരിലെത്തി. അവിടെ നിന്നും കലിമ പകരുന്ന സൂഫീപരമ്പരയില്‍ ശൈഖവര്‍കളും കണ്ണിയാവുന്നു.

പൂനെദര്‍ഗ: പൂനെ നഗരത്തിലെ ഈ പ്രസിദ്ധ ദര്‍ഗയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് മദാര്‍ശാ ഖാദിരി(റ) (ബാദുഷാ ഖാദിരി(റ)യുടെ ഖലീഫ) യിലൂടെയാണ് ശൈഖവര്‍കള്‍ ഈ സൂഫീ ഗുരുപരമ്പിരയില്‍ കണ്ണിയായത്.

വാഡിദര്‍ഗ: 1975 ല്‍ (ഹി.1395 ദുല്‍ഖഅ്ദ് 20) ഹസ്‌റത്ത് ബാദുശാ ഖാദിരിയുടെ ആസ്ഥാനമായ ഗുല്‍ബര്‍ഗാ ജില്ലയിലെ വാഡി ഹല്‍കട്ടാശെരീഫിലെ ഈ ആസ്ഥാനത്ത് വെച്ച് നിരവധി ഔലിയാക്കളുടെ സാന്നിധ്യത്തില്‍ കലിമയുടെ ഗുരുപരമ്പരയിലെ ആചാര്യനായി (ഖലീഫ) ശൈഖവര്‍കള്‍ പ്രഖ്യാപിക്കപ്പെടുന്നു.

കലിമ: കലിമയുടെ കൊടിയുമായി വീണ്ടും ധ്യാനകാലങ്ങള്‍. എന്നാല്‍ ശൈഖുമാരുടെ നിര്‍ബന്ധം മൂലം വിവാഹജീവിതത്തിന് സമ്മതിച്ചു. അതിനായി കേരളത്തിലേക്ക്തിരിച്ചു. ആലുവായിലെ വസതിയില്‍ നീണ്ട പതിനേഴ് സംവത്സരങ്ങള്‍ക്ക് ശേഷം.

ശൈഖവര്‍കളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങള്‍ വളരെ വ്യാപകമായിരിക്കുന്നു. മഹാനവര്‍കളുടെ പ്രവര്‍ത്തന സ്വഭാവത്തെയും സത്യസന്ദേശത്തെയും കുറിച്ച അപരിചിതത്വം തുടരുന്നു. പോലീസുദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും സുല്‍ത്താൻ്റെ ശത്രുക്കളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടന്നുവരുന്നു. ഈ അനിവാര്യ സാഹചര്യമാണ് ശൈഖവര്‍കളുടെ കര്‍മ്മ മണ്ഢലത്തെ വിവരിച്ചുനല്‍കാന്‍ നമ്മെ നിര്‍ബന്ധിതരാക്കിയത്.

വിമര്‍ശനങ്ങളുടെ പശ്ചാത്തലം

1975 മുതല്‍ കേരളത്തില്‍ താമസമായി. സത്യത്തെ പൂര്‍ണ്ണമായും സാക്ഷാല്‍ക്കരിച്ചാണ് ശൈഖവര്‍കള്‍ കേരളത്തിലെത്തിയത്. ശരീഅത്തിൻ്റെ പേരില്‍ വെറുതെ ചില വിശ്വാസാചാരങ്ങളെ കൊണ്ടുനടക്കുന്നവരും കപട ആത്മീയതക്ക് കീഴടങ്ങേണ്ടിവന്നവരും വാഴുന്ന ഒരു ചുറ്റുപാട്. പരിവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഘടനയുണ്ടാക്കാന്‍ ശൈഖവര്‍കള്‍ മുതിര്‍ന്നില്ല. എന്നാല്‍ പല ഘട്ടങ്ങളിലും സത്യം വെളിപ്പെടുത്തേണ്ടിവന്നു. ഇതു ദഹിക്കാത്ത പലരും തങ്ങളുടെ നിലനില്‍പു ഭയന്ന് ശത്രുത വെച്ചുതുടങ്ങി.

പരസ്യമായി ശത്രുത വെച്ച ചിലരുടെ ദുരന്തമരണങ്ങള്‍ ശൈഖവര്‍കളുടെ ശാപം മൂലമാണെന്ന് ഒരു വിഭാഗം പറഞ്ഞുപരത്തി. ഇത്തരം അമര്‍ഷക്കാര്‍ രഹസ്യമായി ശത്രുത തുടര്‍ന്നു. ജനങ്ങള്‍ കൂട്ടം കൂട്ടമായി ശൈഖവര്‍കളുടെ സന്നിധിയില്‍ വന്നുപെരുകുന്നത് സഹിക്കാതായ ശത്രുക്കള്‍ ഈ സൂഫീ ദൗത്യത്തിനെതിരെ ഉലമാ സഭകളെ കൊണ്ട് ഫത്‌വ പുറപ്പെടുവിക്കുവാന്‍ രംഗത്തിറങ്ങി.

1999 ല്‍ വിശ്രുതരായ ആറുമതപണ്ഡിതര്‍ക്ക് പൊതുവേദിയില്‍ വെച്ച് ഖിലാഫത്ത് പദം നല്‍കി ശൈഖവര്‍കള്‍ തൻ്റെ ദൗത്യവുമായി പരസ്യമായി രംഗത്തെത്തി. ഇത് ശത്രുത ആളിക്കത്താന്‍ ഇടയാക്കി. 2002 ല്‍ മറ്റുപന്ത്രണ്ടുപേര്‍ക്കുകൂടി ഖിലാഫത്ത് പട്ടം നല്‍കി. ഈ സമ്മേളനം വലിയ ചര്‍ച്ചാവിഷയമായി.

2006 ഫെബ്രുവരി 26 ന് ഇന്ത്യയിലെ സൂഫീ ആസ്ഥാനങ്ങളിലൊന്നായ ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗയില്‍ പ്രമുഖ മതനേതാക്കള്‍ സൂഫീ ജ്ഞാനങ്ങള്‍ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്ത് ശൈഖവര്‍കളെ ആദരിക്കുന്നു. അന്നേദിവസം ദാറുല്‍ ഹുദാ അക്കാദമിയില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം ഡല്‍ഹിയില്‍ സൂഫിസത്തെ ക്കുറിച്ച ഗവേഷണം പൂര്‍ത്തിയാക്കിയ 19 യുവ പണ്ഡിതര്‍ക്ക് മഹ്ബൂബി ബിരുദം സമ്മാനിക്കപ്പെടുന്നു. ഇവരുടെ കൂടെ അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ മറ്റുവിദ്യാര്‍ത്ഥികള്‍ക്ക് അന്നുവരെ ബിരുദം നല്‍കപ്പെട്ടിരുന്നില്ല. സമസ്ത ശൈഖവര്‍കള്‍ക്കെതിരെ ഫത്‌വ ഇറക്കാത്ത കാലത്തോളം ത്വരീഖത്തിൻ്റെ പേരില്‍ ബിരുദം നിഷേധിക്കുന്നത് ചോദ്യംചെയ്യപ്പെടുമെന്ന് അക്കാദമി അധികൃതര്‍ ഭയപ്പെട്ടിരിന്നു. ഡല്‍ഹി ബിരുദദാനം അക്കാദമിയെ വമ്പിച്ച പ്രതിസന്ധിയിലാക്കി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അന്നത്തെ ഏററവും മുതിര്‍ന്ന രണ്ടു നേതാക്കള്‍ നേതൃത്വം നല്‍കുന്ന അക്കാദമിയുടെ നിലപാടിന് ഡല്‍ഹിയില്‍നിന്ന് കനത്ത തിരിച്ചടി നല്‍കപ്പെട്ടത് നേതൃത്വത്തെ ആശങ്കയിലാഴ്ത്തി. അതേ ആഴ്ച തന്നെ ശൈഖവര്‍കളുടെ പ്രസ്ഥാനത്തിനെതിരെ ഫത്‌വ പുറപ്പെടുവിക്കാനായി സമസ്ത മുശാവറ വിളിച്ചുകൂട്ടാന്‍ നിര്‍ബന്ധിതമായി. ഇതിനുസരിച്ച് ബിരുദദാന വാര്‍ത്ത വന്ന മാര്‍ച്ച് മാസത്തില്‍ തന്നെ വിശുദ്ധകലിമയുടെ ഗുരുപരമ്പരയുടെ പ്രസ്ഥാനം ഇസ്ലാമിന് പുറത്താണെന്ന് ഫത്‌വ പുറപ്പെടുവിച്ചു.

സമസ്ത ഫത്‌വ ഇസ്ലാമികമായ ന്യായങ്ങളുടെ വെളിച്ചത്തില്‍ അല്ലെന്നും അക്കാദമിയുടെ മുഖം രക്ഷിക്കാന്‍ മാത്രമാണെന്നും അക്കാദമിയില്‍നിന്നും പുറത്തായ വിദ്യാര്‍ത്ഥികള്‍ കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത് വന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റി.

ഫത്‌വ ഇറക്കി ആഴ്ചകള്‍ പിന്നിട്ടിട്ടും മതപരമായ ന്യായം വിശദീകരിക്കാന്‍ സമസ്ത തയ്യാറായില്ല. ഇതേ തുടര്‍ന്ന് മാറ്റൊലി പത്രം അടക്കമുള്ള വിവിധ പ്രസിദ്ധീകരണങ്ങള്‍ സമസ്ത നിലപാടിനെ പരിഹസിച്ചുതള്ളി. അവസാനം മലപ്പുറത്തും വളാഞ്ചേരിയിലും സമസ്ത വിശദീകരണസംഗമം നടത്താന്‍ നിര്‍ബന്ധിതരായി. വിമര്‍ശനങ്ങള്‍ക്കു ജീലാനി സ്റ്റഡി സെന്റര്‍ ഉജ്വലമായി മറുപടി നല്‍കി.

അതേസമയത്തു തന്നെ ഇന്ത്യയിലെ പ്രമുഖ സൂഫീ പണ്ഡിതര്‍ ഡല്‍ഹിയില്‍ സംഗമിച്ച് നടത്തിയ നാഷണല്‍ തസ്വവ്വുഫ് കോണ്‍ഫ്രന്‍സില്‍ സമസ്ത ഫത്‌വയിലെ പൊള്ളത്തരങ്ങളെ ചോദ്യം ചെയ്യുകയും മറുഫത്‌വ ഒപ്പുവെക്കുകയും ചെയ്തു. ഇത് സമസ്ത നിലപാടിനു പണ്ഡിത ഭൂരിപക്ഷമെന്ന ന്യായവാദത്തിൻ്റെ അടിവേരറുത്തുകളഞ്ഞു.

വിമര്‍ശനങ്ങള്‍ പെരുകിയ സാഹചര്യത്തില്‍ ശൈഖവര്‍കള്‍ സ്വന്തമായ സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ രംഗത്തിറങ്ങി. ആലുവാ പുറയാറില്‍ ജീലാനി ശരീഫ് ആസ്ഥാനത്തിനും ഗവേഷണ സ്ഥാപനത്തിനും തുടക്കമിട്ടു. തൻ്റെ ഖിലാഫത്ത് ദൗത്യത്തെ സർവ്വോന്മുഖമായി പരിചയപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തന്നതിനുമായി സുല്‍ത്വാനിയ ഫൗണ്ടേഷന്‍ എന്ന പേരില്‍ പുതിയ പ്രസ്ഥാനത്തിനും ശൈഖവര്‍കള്‍ രൂപം നല്‍കി.

തൻ്റെ സൂഫീ ആത്മീയ ദൗത്യത്തിൻ്റെ സത്യസന്ദേശം ജനമനസ്സില്‍ വേരുറപ്പിക്കുന്നതിനായി 2007 ഏപ്രില്‍ 26, 27, 28, 29 തിയ്യതികളില്‍ ജീലാനി ശെരീഫില്‍ വെച്ചുനടത്തിയ ഖിലാഫത്ത് വാര്‍ഷിക മഹാസമ്മേളനം ചരിത്രസംഭവമായി. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ സാമുദായിക നേതാക്കള്‍ പങ്കെടുത്ത ഈ സംഗമത്തോടനുബന്ധിച്ചു ഡല്‍ഹിയിലും മറ്റു നഗരങ്ങിളിലും വ്യത്യസ്ത പരിപാടികള്‍ അരങ്ങേറി.

തൻ്റെ പ്രസ്ഥാനത്തിൻ്റെ പേരില്‍ അറിയപ്പെടുന്ന ചില വ്യക്തികള്‍ മതസംസ്‌കാരത്തിന് നിരക്കാത്തരീതിയില്‍ സ്ത്രീകളെ പങ്കെടുപ്പിച്ച് സിയാറത്ത് യാത്രകള്‍ നടത്തുന്നതിനെയും അനാവശ്യമായി ഗള്‍ഫുനാടുകളില്‍ സാമ്പത്തിക ചൂഷണം നടത്തുന്നതിനെയും ശൈഖവര്‍കള്‍ ശക്തമായി വിമര്‍ശിച്ചു. ഇതേതുടര്‍ന്ന് ഈ വ്യക്തികളും മതസംഘടനകളും ശൈഖവര്‍കളെ കള്ളക്കേസുകളില്‍ കുടുക്കാനായി മാധ്യമങ്ങളെയും പോലീസുദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിച്ചു ഉപയോഗിച്ചു. പോലീസുദ്യോഗസ്ഥരെ സമാധാനപരമായി തൻ്റെ കേന്ദ്രങ്ങള്‍ പരിശോധിക്കുന്നതിന് അനുവദിച്ചതിലൂടെ ശത്രുക്കളുടെ ലക്ഷ്യങ്ങളെ ശൈഖവര്‍കള്‍ നിര്‍വീര്യമാക്കി.

"സത്യത്തെ ഒരിക്കലും നിങ്ങള്‍ക്ക് കുഴിച്ചുമൂടാനാവില്ല. സത്യത്തിന് വേണ്ടി തല കളയേണ്ടിവന്നാലും അസത്യത്തിനുമുന്നില്‍ തല കുനിക്കാന്‍ തയാറല്ല. മതപണ്ഡിതന്മാർ സമുദായത്തെ വഞ്ചിക്കുന്നത് നിറുത്തുന്നില്ലെങ്കില്‍ ലോകത്ത് അശാന്തിയും ഭീകരതയും കൊടികുത്തിവാഴും. ശരീഅത്ത് മതത്തിൻ്റെ ബാഹ്യവശവും ത്വരീഖത്ത് ആന്തരികവശവുമായതിനാല്‍ രണ്ടും ഒരു പോലെ അനുഷ്ടിക്കാതെ യഥാര്‍ത്ഥ മുസ്ലിമാവാന്‍ സാധ്യമല്ല. അകമേ പിശാചും പുറമേ ഉലമാ-സൂഫീ വേഷവും കെട്ടുന്ന കപടന്മാരാണ് ലോകത്തിൻ്റെ തീരാശാപം" മഹാനവർകളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അസത്യങ്ങൾ മുട്ടുമടക്കുക തന്നെ ചെയ്യും.