Top pics

6/recent/ticker-posts

ആത്മ സംസ്കരണം


“തീർച്ചയായും ആത്മാവിനെ സംസ്കരിച്ചവൻ വിജയിച്ചു. അതിനെ മലിനമാക്കിയവൻ പരാജയപ്പെട്ടു.” (91: 9-10)

എപ്പോഴെങ്കിലും നാം ആലോചിച്ചിട്ടുണ്ടോ വിശുദ്ധ ഖുർആനിൽ എവിടെയാണ് അല്ലാഹു കൂടുതൽ സത്യം ചെയ്തതെന്ന്? അതിന്റെ കാരണമെന്താണെന്ന്? ഇങ്ങനെ സത്യം ചെയ്യുന്നതിന്റെ പ്രാധാന്യം എന്താണെന്ന്? ആത്മ സംസ്കരണത്തെക്കുറിച്ചാണ് അത്. പതിനൊന്നു തവണ സത്യം ചെയ്തു. ആത്മ സംസ്കരണത്തിന്റെ പ്രാധാന്യം അറിയിച്ചു തരാൻ പതിനൊന്നു തവണ സത്യം ചെയ്തത് സർവശക്തനായ അല്ലാഹുവാണ്. അതിന്റെ പ്രാധാന്യവും മഹത്വവുമൊക്കെ നമ്മുടെ കണക്കുകൂട്ടലിനും ഭാവനക്കും അതീതമാണ്. വിശുദ്ധ ഖുർആനിലെ ‘ശംസ്’ എന്ന അധ്യായത്തിൽ ആത്മ സംസ്കരണത്തെക്കുറിച്ച് അല്ലാഹു പറയുന്നത് നോക്കുക.

“സൂര്യനും അതിന്റെ പ്രഭയും തന്നെയാണ് സത്യം. ചന്ദ്രന്‍ തന്നെയാണ് സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍. പകലിനെ തന്നെയാണ് സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെടുത്തുമ്പേള്‍. രാത്രിയെ തന്നെയാണ് സത്യം; അത് അതിനെ മൂടുമ്പോള്‍. ആകാശത്തെയും, അതിനെ നിർമിച്ചതിനെയും തന്നെയാണ് സത്യം. ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയതിനെയും തന്നെയാണ് സത്യം. ആത്മാവിനെയും അതിനെ ക്രമപ്പെടുത്തിയതിനെയും തന്നെയാണ് സത്യം. എന്നിട്ട് അതിന് അതിന്റെ ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കി. തീർച്ചയായും ആത്മാവിനെ സംസ്കരിച്ചവൻ വിജയിച്ചു. അതിനെ മലിനമാക്കിയവൻ പരാജയപ്പെട്ടു” (91:1-10)

ആത്മ സംസ്കരണത്തെക്കുറിച്ച് പറയാൻ സത്യം ചെയ്തതുപോലെ വിശുദ്ധ ഖുർആനിൽ മറ്റൊരിടത്തും അല്ലാഹു സത്യം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ആത്മ സംസ്കരണമാണ്‌ ഖുർആന്റെ പ്രതിപാദ്യ വിഷയമെന്ന് നമുക്ക് മനസ്സിലാക്കാം. വിശുദ്ധ ഖുർആനിൽ ഈ ക്ഷ്യം വ്യത്യസ്ത സൂക്തങ്ങളിലായി ഒരുപാട് തവണ പരാമർശിക്കപ്പെട്ടതായി കാണാനാവും.

പ്രവാചക നിയോഗങ്ങളുടെയും ഗ്രന്ഥങ്ങൾ ഇറക്കപ്പെട്ടതിന്റെയും ലക്ഷ്യം ആത്മ സംസ്കരണമാണെന്ന് വിശുദ്ധ ഖുർആൻ ആവർത്തിച്ചുപറയുന്നുണ്ട്. ഓരോരുത്തരുടെയും വിജയ പരാജയങ്ങൾ നിർണയിക്കുന്നതും ഇതാണ്.

മനുഷ്യ ഹൃദയങ്ങളെ സംസ്കരിക്കാനാണ് പ്രവാചകന്മാർ വന്നത്. തൗഹീദിന്റെ വചനം പഠിപ്പിച്ചുകൊണ്ട് അവർ തങ്ങളുടെ ദൗത്യം നിർവഹിക്കുകയും ചെയ്തു. വിശുദ്ധ ഖുർആൻ പറയുന്നു:

“തീർച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവർക്ക് നൽകിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവർക്ക് ഓതിക്കേൾപിക്കുകയും, അവരെ സംസ്കരിക്കുകയും, അവർക്ക് ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.”(3:16)

ഹൃദയ സംസ്കരണം എന്നത് പ്രവാചകന്മാരുടെ ചുമതലയാണ്. പ്രവാചകർക്ക്‌ ശേഷം ദിവ്യജ്ഞാനികൾ ആ ചുമതല നിറവേറ്റും. കലിമയും അതിന്റെ ജ്ഞാനവും വിശുദ്ധിയും അവർ പഠിപ്പിക്കും. വ്യക്തികളുടെ അകവും പുറവും അറിയുന്ന, കലിമയും അതിന്റെ ജ്ഞാനവും പഠിപ്പിക്കുന്ന ഒരു വഴികാട്ടിയെ കൊണ്ടല്ലാതെ സ്വന്തത്തെ സംസ്കരിച്ചെടുക്കുക അസാധ്യമാണ്. ഹൃദയം കഴുകി ശുദ്ധമാക്കാനുള്ള പരിശുദ്ധ വെള്ളം അത് കലിമയാണ്. മനുഷ്യ മനസ്സിലെ അന്ധതകൾ നീക്കാനുള്ള പ്രകാശവും കലിമയാണ്. അതുകൊണ്ടാണ് അല്ലാഹു മനുഷ്യ ആത്മാവുകളെ സംസ്കരിച്ചെടുക്കാൻ കലിമയുമായി ഒരുലക്ഷത്തിൽ പരം പ്രവാചകന്മാരെ അയച്ചത്. പ്രവാചകന്മാർ ചെയ്തത് തന്നെയാണ് അവരുടെ പിൻഗാമികളായ യഥാര്‍ത്ഥ പണ്ഡിതന്മാർ നിർവഹിക്കുന്നതും.

തങ്ങളുടെ ചിന്തകളും പ്രവർത്തനങ്ങളും ശുദ്ധമായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ പ്രായോഗിക തലത്തിൽ അവർ പരാജയപ്പെടുന്നു. കാരണം ശുദ്ധീകരണത്തിന്റെ സ്വാഭാവിക മാർഗമല്ല അവർ തിരഞ്ഞെടുത്തത്. അങ്ങനെ അവർ ചുറ്റുപാടുകളുടെ തടവറയിൽ അകപ്പെടുന്നു. മനുഷ്യ പ്രകൃതം തിന്മയിലേക്ക് ചായുന്നതാണ്. അതുകൊണ്ട് തന്നെ ശുദ്ധീകരണത്തിന്റെ യഥാർത്ഥ മാർഗത്തിലൂടെയല്ലാതെ സംസ്കരണം അസാധ്യമാണ്.

ഒരോ വ്യക്തിയുടെയും സംസ്കരണത്തിലാണ് ഇസ്ലാം നിലകൊള്ളുന്നത്. മനുഷ്യരുടെ അകങ്ങളെ ശുദ്ധീകരിക്കുന്നതിൽ വിജയം കൈവരിക്കാനുള്ള മാർഗമാണ് ഇസ്ലാം പഠിപ്പിക്കുന്നത്‌. ശുദ്ധീകരണം നടക്കേണ്ടത്‌ ഒരോ വ്യക്തിയുടെയും അകങ്ങളിലാണ്. ബാഹ്യവും ഉപരിപ്ലവവുമായ പരിശ്രമങ്ങൾ കൊണ്ട് അത് സാധ്യമല്ല.

സാലിഹ് മഹ്ബൂബി
പരിഭാഷണം : അഷ്‌റഫ്‌ മഹ്ബൂബി