Top pics

6/recent/ticker-posts

ആരാണ് യഥാർത്ഥ പണ്ഡിതർ?



“തീർച്ചയായും അല്ലാഹുവിന്റെ അടിമകളിൽ അവനെ ഭയപ്പെടുന്നത് അറിവുള്ളവർ മാത്രമാണ്.” (35:28)

ആരാണ് യഥാർത്ഥ പണ്ഡിതർ? നമുക്ക് ചുറ്റും കാണുന്ന പണ്ഡിതരാണോ അനുഗ്രഹം ചെയ്യപ്പെട്ട ആ വിഭാഗം. അക്കാദമിക യോഗ്യതകളും സാക്ഷ്യപത്രങ്ങളുമാണോ പ്രവാചകന്മാർക്ക് സമന്മാരെന്നു വിശേഷിക്കപ്പെട്ട ഈ വിഭാഗത്തെ നിർണയിക്കുന്നത്. ആയിരക്കണക്കിന് പണ്ഡിതരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ദിവസവും പുറത്തുവരുന്നത്‌. മുസ്ലിം സംഘടനകൾ പരസ്പരം മത്സരിച്ച് അക്കാദമിക സ്ഥാപനങ്ങളും ഇസ്ലാമിക സർവകലാശാലകളും പടുത്തുയർത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം പണ്ഡിതരുടെ ബാഹുല്യത്തിലും മുസ്ലിം ലോകത്തെ വിഴുങ്ങികൊണ്ടിരിക്കുന്ന ഇരുൾ പക്ഷേ ദിനേനെ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഏത് പണ്ഡിതനെയാണ് പ്രവാചകന്മാർക്ക് തുല്യരെന്നു വിശുദ്ധ ഖുർആനും സുന്നത്തും വിശേഷിപ്പിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം.

അറിവ് അല്ലാഹുവിന്റെ പ്രകാശമാണ്(نور). മുഴുലോക സൃഷ്ടിപ്പിന്റെ രഹസ്യവും പ്രവാചകന്മാരിൽ നിന്നും അനന്തരമെടുക്കപ്പെടുന്ന നിധിയും അതാണ്‌. സ്രഷ്ടാവായ അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണ് അത്.

അറിവിന്റെ അന്തഃസാരം തന്റെ നാഥനെക്കുറിച്ചും സ്വന്തത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും തന്റെ ചുറ്റുപാടുകളെക്കുറിച്ചും മനുഷ്യന് ഉൾകാഴ്ച നൽകും. അവൻ എവിടന്ന് വന്നവനാണെന്നും എവിടേക്ക് പോകുമെന്നും എന്തിനു ഇവിടെ വന്നുവന്നും അത് അവന് മനസ്സിലാക്കിക്കൊടുക്കും. അല്ലാഹുവിനെ അറിയാതെ അവനെ സ്നേഹിക്കാനോ ഭയപ്പെടാനോ സാധ്യമെല്ലന്നു മുകളിലുദ്ധരിച്ച ഖുർആൻ വചനം വ്യക്തമാക്കുന്നു. ആ അറിവില്ലാത്ത ആരാധന അർത്ഥശൂന്യമാണ്. വിശുദ്ധരായ പ്രവാചകന്മാർ ആ ജ്ഞാനത്തിന്റെ പ്രകാശ ഗോപുരങ്ങളായിരുന്നു. അവരുടെ സാമീപ്യം അവരുടെ സമൂഹത്തെ അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ട് അനുഗ്രഹീതമാക്കി.

ഖുർആൻ പരാമർശിക്കുന്ന അറിവ് പവിത്രമായ ഒരു ആദരവാണ്. ഖുർആൻ വിശദീകരിക്കുന്ന പണ്ഡിതർ അക്ഷരങ്ങളിൽ നിന്നും അറിവ് നേടിയവരോ നിശ്ചിത വിജ്ഞാനശാഖയിൽ പ്രാവീണ്യം നേടിയവരോ അല്ല. അവർ അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരും പ്രവാചകന്മാരുടെ അമൂല്യ നിധികൾ അനന്തരമായി ലഭിച്ചവരുമാണ്. ആ ആദരവിന് മുന്നിൽ മലാഖമാർ പോലും സംഷ്‌ടാംഗം പ്രണമിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ കൽപനപ്രകാരം മാലാഖമാരും ജിന്ന് വർഗ്ഗവും ആദം(അ) നു മുന്നിൽ സംഷ്‌ടാംഗം അർപ്പിച്ചു. ഇതാണ് ജ്ഞാനത്തിന്റെ അത്യുന്നത പദവി.

പണ്ഡിതരെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ വരിക മതവിധികൾ പറഞ്ഞുകൊടുക്കുന്നവരും പള്ളികളിൽ നമസ്കാരത്തിന് നേതൃത്വം നൽകുന്നവരും പ്രഭാഷകരുമാണ്. പക്ഷേ പണ്ഡിതരെന്നു വിളിക്കപ്പെടുന്ന ഈ വിഭാഗവും പ്രവാചകന്മാരോട് തുല്യം ചെയ്യപ്പെട്ട അനുഗ്രഹീത ജ്ഞാനികളും തമ്മിൽ ഒരുപാട് അന്തരമുണ്ട്. പ്രവാചകന്മാരുടെ ചുമതലയാണ് അവർക്ക് നിർവഹിക്കാനുള്ളത്. പ്രവാചകന്മാർ ചെയ്തത്പോലെ ജനങ്ങളുടെ ഹൃദയവുമായാണ്‌ അവർ സംവദിക്കുന്നത്. ഈ ഭൗതിക ലോകത്തോട്‌ ബന്ധിച്ചതല്ല അവരുടെ അറിവ്. മനുഷ്യന്റെ സത്ത നിർമിക്കപ്പെട്ട വസ്തുവാണ് അത്. ഈ ജ്ഞാനം കൊണ്ട് അവർ ജനങ്ങളുടെ അന്തസത്തയും പരമസത്യവും ബന്ധിപ്പിക്കുന്നു. അങ്ങനെ അവർ മനുഷ്യർക്ക്‌ തങ്കളുടെ യാഥാര്‍ത്ഥ്യത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. മനുഷ്യരെ തങ്ങളുടെ നാഥനായ അല്ലാഹുവുമായി ചേർക്കുന്നു.

സാലിഹ് മഹ്ബൂബി

പരിഭാഷണം : അഷ്‌റഫ്‌ മഹ്ബൂബി