Top pics

6/recent/ticker-posts

സൂഫിസരണികളും സമാധാനദൗത്യവും


ഇന്ത്യാ മഹാരാജ്യത്ത് മാനവ മൈത്രിയുടെയും സാമുദായിക സാഹോദര്യത്തിന്റെയും അടിത്തറ രൂപപ്പെടുത്തിയവരാണ് സൂഫികള്‍. ഇന്നും ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ ജ്വലിച്ച്‌നില്‍ക്കുന്ന സുഫിദര്‍ഗകള്‍ അതിന് സാക്ഷിയാണ്. ദര്‍ഗകള്‍ മത-ജാതി ഭേദമില്ലാതെ സന്ദര്‍ശിക്കപ്പെടുകയും എല്ലാവരാലും അവരുടെ മഹത്വം വാഴ്ത്തപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഈയിടെ കേരളത്തിലെ ചില മാധ്യമങ്ങള്‍ സൂഫീകേന്ദ്രങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സത്യത്തിനുനേര്‍ വിപരീതത്തെ സ്ഥാപിക്കുവാനും ശ്രമിക്കുന്നതു വളരെ അപകടകരമാണ്.

കാശ്മീരില്‍ രണ്ടുമലയാളികള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ആരംഭിച്ച വിവാദങ്ങളാണ് സൂഫിത്വരീഖത്തുകളെകുറിച്ച വ്യാപകമായ ചര്‍ച്ചകള്‍ക്ക്തുടക്കമിട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ക്ക് ശിക്‌വ എന്ന ത്വരീഖത്തുമായി ബന്ധമുണ്ടായിരുന്നു എന്ന വാദമാണ് ചര്‍ച്ചക്കുകളമൊരിക്കിയത്. ശിക്‌വ എന്ന പേരില്‍ ഒരു ത്വരീഖത്ത് സൂഫികളുടെ ചരിത്രത്തില്‍ കേട്ടുപരിചയമില്ല. ഇത്തരമൊരു പേര് കേട്ടപാതി കേള്‍ക്കാത്ത പാതി ഒരു പത്രക്കാരന്‍ എഴുതിവിട്ട ലേഖനം മറ്റു ത്വരീഖത്തുകളെക്കൂടി ഈ പ്രശ്‌നം ബാധിക്കണമെന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു.എന്നാല്‍ വളരെ നീണ്ട ഈ ചര്‍ച്ചകള്‍ക്ക് ഏറെക്കുറെ വിരാമമാകുമ്പോള്‍ ത്വരീഖത്തുകള്‍ക്ക്എതിരെഉണ്ടായ ആരോപണങ്ങള്‍ തീര്‍ത്തും അനാവശ്യവും അവാസ്തവുമായിരുന്നുവെന്ന് ഏവര്‍ക്കും ബോധ്യപ്പെട്ടുകഴിഞ്ഞുവെങ്കിലും പല ത്വരീഖത്തിനെയും തീവ്രവാദത്തിന്റെ ഹിറ്റ്‌ലിസ്റ്റിലുള്‍പ്പെടുത്തുന്ന പ്രസ്താവനകള്‍ തുടരുകയാണ്.

ഇസ്ലാമില്‍ മത അനുഷ്ടാനങ്ങളുടെ രണ്ടുധാരണകളാണ്, ശരീഅത്തും ത്വരീഖത്തും. രണ്ടുപദത്തിന്റെയും അര്‍ത്ഥം മാര്‍ഗം എന്നാണ്. ശരീഅത്ത് മതത്തിന്റെ ബാഹ്യവശത്തെയും ത്വരീഖത്ത് ആന്തരികവശത്തെയും പ്രതിനിധീകരിക്കുന്നു. ശരീഅത്തില്‍ ശരീരശുദ്ധീകരണം, നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ അനുഷ്ടാനമുറകളുണ്ട്. കുടുംബത്തില്‍ നിന്നും മദ്രസകളില്‍ നിന്നും ഇവയുടെ വ്യവസ്ഥകള്‍ ഓരോരുത്തരും പടിച്ചെടുക്കുന്നു.

ശരീഅത്ത്, ബാഹ്യവശം അഥവാ ശരീരവുമായി ബന്ധപ്പെട്ടപ്രവര്‍ത്തനങ്ങളാണെങ്കില്‍ ത്വരീഖത്ത് ആന്തരിക ഭാഗമായ ഹൃദയവുമായി ബന്ധപ്പെട്ട വേശമാണ്. അതിലും അനുഷ്ടാന കര്‍മങ്ങളുണ്ട്. ഹൃദയ ശുദ്ധീകരണെ, നമസ്‌കാരം, നോമ്പ്,സകാത്ത്, ഹജ്ജ് എന്നിവ തര്വരീഖത്തലുമുണ്ട്. ഇവ അഭ്യസിക്കുന്നത് ആദ്ധ്യാത്മിക കുടുംബത്തില്‍ നിന്നും ഹൃദയത്തെ കാണാനും അറിയാനും പ്രവര്‍ത്തിപ്പിക്കാനും ശുദ്ധീകരിക്കാനും സാധിക്കുന്ന ഗുരുക്കൻമാര്‍ അഥവാ ശൈഖുമാരില്‍നിന്നുമാണ്.

ശരീഅത്ത് ബാഹ്യലോകത്ത്, ശാരീരികലോകത്ത് അഥവാ ഭൂമിയില്‍ മനുഷ്യന്‍ ജീവിക്കേണ്ട നടപടി ക്രമങ്ങളാണ്. ശരീരവുമായി ജീവിക്കുന്ന ആര്‍ക്കും ഈ നടപടി ക്രമങ്ങള്‍ പാലിക്കല്‍ ഇസ്ലാമില്‍ നിര്‍ബന്ധമാണ്.

എന്നാല്‍, നിങ്ങള്‍ക്ക് ഹൃദയമുണ്ടെങ്കില്‍ അതിന്റേതായ ഒരുലോകമുണ്ടെന്ന് ഉറപ്പാക്കുക. ഹൃദയം മരണത്തോടെ അസ്തമിക്കുന്നില്ല. ആന്തരികമായ ഈ ലോകം സജീവമാക്കലും നിര്‍ബന്ധമാണ്. ഖുര്‍ആനും ഹദീസും ഒരുനടപടി ക്രമത്തെ മുന്നോട്ട് വെക്കുമ്പോള്‍ അത് രണ്ട് തലത്തിലും ഉള്‍കൊള്ളേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്.

ശുദ്ധീകരണത്തിന് വുളു, കുളി എന്നിവയാണ് ശരീഅത്ത് മുന്നോട്ട് വെക്കുന്നത്. അപ്പോള്‍ ഖുര്‍ആനും ഹദീസും വുളുചെയ്യാനും കല്‍പിച്ചാല്‍ ശരീരവുമായി ബന്ധപ്പെട്ട മേഖലയില്‍ അത് പള്ളിയിലെ ഹൗളില്‍നിന്നും മറ്റുമായി വിശ്വാസികള്‍ ചെയ്യുന്നത് പോലെ കാല്‍, മുഖം, കൈകള്‍ തുടങ്ങിയ അവയവങ്ങളെ കഴുകയും മറ്റുമാണ്. എന്നാല്‍ ഹൃദയവുമായി ബന്ധപ്പെട്ട ലോകത്തും വുളുവുണ്ട്. നിങ്ങള്‍ക്ക് ഹൃദയമുണ്ടോ, എങ്കില്‍ ത്വരീഖത്ത് പ്രകാരമുള്ള ആ വുളു ചെയ്യല്‍ നിര്‍ബന്ധമാണ്.

അത് കൊണ്ടാണ് തിരു നബി(സ) വിജ്ഞാനം തേടല്‍ ഓരോവിശ്വാസിക്കും നിര്‍ബന്ധ ബാധ്യതയാണെന്ന് കല്‍പിച്ചത്. ശരീഅത്തിലെ അനുഷ്ടാനങ്ങള്‍ നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്നോ മദ്രസയിലെ ഉസ്താദുമാരില്‍നിന്നോ പഠിക്കാം. എന്നാല്‍ വിജ്ഞാനം തേടല്‍ എന്ന് പറഞ്ഞപ്പോള്‍ ശരീഅത്തും പോലെ ത്വരീഖത്തിലെ വിജ്ഞാനവും തേടലും നിര്‍ബന്ധമായി. അത് കരഗതമാകുന്നത് ത്വരീഖത്തിന്റെ ശൈഖുമാരില്‍നിന്നാണ്.

നിങ്ങള്‍ ശരീഅത്ത് പ്രകാരം ശരീരം കൊണ്ട് നിസ്‌കരിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നുവോ എങ്കില്‍ നിങ്ങള്‍ ത്വരീഖത്ത് പ്രകാരം ഹൃദയം കൊണ്ട് നമസ്‌കരിക്കുവാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു. ശരീരത്തിന്റെ നിസ്‌കാരത്തിന് വ്യവസ്ഥകളുണ്ടെങ്കില്‍ അത്‌പോലെ വ്യവസ്ഥകള്‍ ഹൃദയത്തിന്റെ നിസ്‌കാരത്തിനുമുണ്ട്. അത് പോലെ നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ ശരീഅത്ത് പ്രകാരമുണ്ടെങ്കില്‍ ത്വരീഖത്തിലുമുണ്ട്. ആദ്യത്തേത് ശരീരം കൊണ്ടും മറ്റേത് ഹൃദയം കൊണ്ടും . ശരീരം കൊണ്ടുള്ളത് പേപ്പറുകള്‍ കൊണ്ടുള്ള ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിവെക്കാന്‍ സാധിക്കും. എന്നാല്‍ ഹൃദയം കൊണ്ടുള്ളത് ഹൃദയാക്ഷരങ്ങളാല്‍ ഉല്ലേഖിതമായ ഗ്രന്ഥങ്ങളാകുന്ന ശൈഖുമാരുടെ ഹൃദയങ്ങളിലേ രേഖപ്പെടുത്താനാവൂ. ശരീഅത്ത് പഠിക്കാന്‍ നിങ്ങള്‍ക്കു പേപ്പര്‍ ഗ്രന്ഥത്തെയും ത്വരീഖത്ത് പഠിക്കാന്‍ നിങ്ങള്‍ക്ക് ഹൃദയഗ്രന്ഥത്തെയും സമീപിക്കണമെന്നര്‍ത്ഥം.

മതം എന്ന നാണയത്തിന്റെ രണ്ടുവശങ്ങളാണ്, ശരീഅത്തും ത്വരീഖത്തും. ശരീഅത്തുവശം മാത്രമെ നിങ്ങളുടെ ഇസ്ലാമെന്ന നാണയത്തിന് ഉള്ളൂവെങ്കില്‍ അത് നാണയമല്ല. നാണയത്തിന്റെ രൂപമുണ്ടെന്ന് മാത്രം. അത്‌പോലെ ശരീഅത്തുമാത്രമാണ് നിങ്ങളുടെ ഇസ്ലാമിനുള്ളുവെങ്കില്‍ അത് ഇസ്ലാമല്ല. ഇസ്ലാമിന്റെ കോലം മാത്രമാണ്. നിങ്ങളുടെ നാണയം അല്ലാഹു സ്വീകരിക്കില്ല. ത്വരീഖത്തിന്റെ വശം പാലിക്കുന്നവന്‍ അവന് ശരീരമുണ്ടെങ്കില്‍ ശരീരഅത്തിന്റെ വശവും പാലിച്ചിരിക്കണം. അങ്ങനെയല്ലെങ്കില്‍ അവന്റെ നാണയവും സ്വീകാര്യയോഗ്യമല്ല. ഈ രണ്ട് വശവും ചേര്‍ന്നതിനെ മാത്രമെ ഇസ്ലാം എന്ന് വ്യവഹരിക്കാനാകൂ.

മേല്‍ പറഞ്ഞപോലെ വിവാഹം, ഇടപാടുകള്‍, ശിക്ഷാവ്യവസ്ഥകള്‍ തുടങ്ങിയ സാമൂഹികബന്ധങ്ങളിലെ വിഷയങ്ങളും ആരാധനാനഷ്ടാനങ്ങളെപോലെത്തന്നെ ത്വരീഖത്തിന്റെ കാര്യത്തിലുമുണ്ട്, രണ്ടും അവഗണിക്കാന്‍ പാടുള്ളതല്ല. ശരീഅത്തിന്റെ കാര്യങ്ങളെ മാത്രം ചര്‍ച്ചക്കെടുക്കുകയും ത്വരീഖത്തിന്റെ വശത്തില്‍നിന്ന് ജനങ്ങളെ തടയുകയും ചെയ്യുന്ന മതപണ്ഢിത സംഘടനകളാണ് ഇന്ന് ഏറെയുമുള്ളത്. അവ ഇസ്ലാമികമല്ല, ഇസ്ലാമിന്റെ രൂപം മാത്രമാണ്. ഒരു നാണയത്തെ രണ്ടായി ചീന്തി അതിന്റെ ഒരു ഭാഗവുമായി അന്നം വാങ്ങാന്‍ വരുന്നവനെപ്പോലെയാണ്. ഇത്തരം ഉലമാക്കള്‍ താന്‍ കൊണ്ടുവരുന്നത് നാണയമാണെന്ന് സ്ഥാപിക്കാന്‍ അവന്റെ കയ്യില്‍ തര്‍ക്കശാസ്ത്രത്തിന്റെ മഹാവിദ്യയുമുണ്ടാകും. അത് പോലെത്തന്നെയാണ് ചില ത്വരീഖത്ത് സംഘടനകളുടെയും കഥ. ആ നാണയവും ഇസ്ലാമില്‍ സ്വീകരിക്കപ്പെടാന്‍ യോഗ്യമല്ല. മതത്തിന് പുറത്തുള്ളതാണ്.

വ്യാജമായ മതങ്ങളാണ് ലോകത്ത് തീവ്രവാദവും ഭീകരവാദവും ഉണ്ടാക്കുന്നത്. നാണയത്തിന്റെ ഒരുവശം മാത്രം കൊണ്ടുവരുകയും അത് സ്വീകരിക്കാത്ത കച്ചവടക്കാരനെതിരെ അവന്‍ വാളോങ്ങുകയും ചെയ്യുന്നു. മതത്തിന്റെ ഏകവശത്തെ മാത്രം അംഗീകരിക്കുകയും അത് സത്യമാണെന്ന് കരുതി ഇങ്കിലാബ് വിളിക്കുകയും ഉലമാ സംഘടനകളും സംഘങ്ങളുമാണ് തീവ്രവാദത്തിന് വഴിയൊരുക്കുന്നത്. അവര്‍ ലോകസമ്മേളനം വിളിച്ചുകൂട്ടി തങ്ങള്‍ തീവ്രവാദികളല്ലെന്ന് പ്രഘോഷിക്കുമെങ്കിലും അവര്‍ക്ക് തീവ്രവാദം എന്തെന്ന് പോലും തിരിഞ്ഞിട്ടില്ലാ എന്നതാണ് അവര്‍ നമുക്ക് കാണിച്ചുതരുന്ന യാഥാര്‍ത്ഥ്യം.

മതത്തിന്റെ ഉള്ളും പുറവുമറിയുന്നവരാണ് സൂഫികള്‍. അജ്മീറലെ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയും ഡല്‍ഹിയിലെ ഖാജാ നിസാമുദ്ദീന്‍ ഔലിയായും പാനിപ്പത്തിലെ ബൂഅലി ശാ ഖലന്ദറും ഏര്‍വാടിയിലെ ഇബ്രാഹീം ബാദ്ശായും കേരളത്തിലെ മാലിക് ബിനു ദീനാറും കര്‍ണാടകയിലെ ദാദാ ഹയാത്ത് ഖലന്ദറും മതത്തിന്റെ ഉള്ളും പുറവും അറിയുകയും അത് ജനങ്ങളെ അഭ്യസിപ്പിക്കുകുയും ചെയ്തു. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമുണ്ടായ പണ്ഡിതസംഘടനകളുടെ നേതാക്കൻമാരെ നോക്കൂ, അവര്‍ക്ക് ഇത്തരത്തിലുള്ള വല്ല പ്രാധാന്യവും മരണത്തിനുമുമ്പോ ശേഷമോ കല്പിക്കപ്പെടുന്നുണ്ടോ.

നേരത്തെ നാം കുറിച്ച സൂഫീശ്രേഷ്ടരുടെ കേന്ദ്രങ്ങളില്‍ ഏതു മതക്കാരനും വന്നുചേരുന്നുണ്ട്. അവര്‍ സ്വയം സത്യമായിരുന്നു. അതിനാല്‍ അവരില്‍ നിന്ന് വ്യാജ ത്വരീഖത്തോ ശരീഅത്തോ ഉണ്ടായിട്ടില്ല. സത്യത്തെ നേരില്‍ ദര്‍ശിക്കുമ്പോള്‍ ബുദ്ധിയുള്ളവരും ആത്മജ്ഞാനികളും അതിനുമുമ്പില്‍ വണങ്ങുന്നു. ഇന്ത്യാ മഹാരാജ്യത്തിന്റെ സംസ്‌കാരത്തെ രൂപപ്പെടുത്തിയ നേരത്തെ പേരുകുറിച്ച ഓരോ സൂഫീശ്രേഷ്ടൻമാരുടെയും അടുക്കല്‍ ബുദ്ധിജീവികളും രാജ്യം ഭരിക്കുന്ന ഭരണാധികാരികളും ഭജനമിരുന്നിരുന്നു. കാന്തത്തിലേക്ക് ഇരുമ്പ് ആകര്‍ഷിക്കപ്പെടുന്നത് പോലെ അവര്‍ സൂഫികളിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു.

നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെ രൂപപ്പെടുത്തിയ ഇത്തരം സൂഫികളെയും അവരുടെ മാര്‍ഗത്തെയും കരിവാരിത്തേക്കാനുള്ള ശ്രമങ്ങള്‍ രാജ്യദ്രോഹമായിട്ടുവേണം കരുതപ്പെടാന്‍. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കേരളത്തിലെ പ്രമുഖ മതസംഘടനകളും അവയുമായി ബന്ധപ്പെട്ടവരും സൂഫികളുടെ മുന്നേറ്റത്തെ തകര്‍ക്കാനായി രാഷ്ട്രീയത്തെയും മാധ്യമങ്ങളെയും കുട്ടുപിടിച്ചു കൊണ്ടു പരിശ്രമങ്ങള്‍ നടത്തിവരികയാണ്. സത്യത്തിന്റെ തിരുമുഖം ദര്‍ശിച്ചാല്‍ വിശ്വാസികള്‍ തങ്ങളുടെ പ്രസ്ഥാനങ്ങളെ കൈവിട്ട് സൂഫികളുടെ ആശ്രമങ്ങളില്‍ ചേക്കേറുമെന്ന ഭീതിയാണ് ഇതിനുകാരണം.

ഇന്ത്യയില്‍ അന്നും ഇന്നും സൂഫികള്‍ക്കാണ് ജനങ്ങളുടെ ഹൃദയങ്ങളില്‍ ഇരിപ്പിടമുള്ളത്. എന്നാല്‍ അടുത്തകാലത്തായി സൂഫിസംസ്‌കാരങ്ങള്‍ക്കെതിരെ വമ്പിച്ച ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഇസ്ലാമിന്റെ പേരില്‍ രംഗത്തുവന്ന ചില പുത്തന്‍വാദികളും അവരെ നേരിടുക എന്ന ഒറ്റലക്ഷ്യത്തിനു രൂപീകൃതമായ പണ്ഡിതസഭകളും പിന്നീട് വന്ന സമുദായത്തെ അടക്കിവാഴുകയായിരുന്നു. അതോടെ സൂഫികള്‍ അവരുടെ വര്‍ണ്ണശാലകളിലേക്കും കാടുകളിലേക്കും മടങ്ങി. ഈ സാഹചര്യം ലോകത്ത്, നമ്മുടെ രാജ്യത്ത് വമ്പിച്ച ദുരന്തത്തിന് കാരണമായി. തീവ്രവാദവും ഭീകരവാദവും വളരാന്‍ കാണമായി. രാജ്യത്തിന്റെയും ജനതയുടെയും പരമദയനീയമായ സാഹചര്യം മുന്നില്‍ കണ്ടസൂഫികള്‍ ഇനി രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്ന് അവരുടെ ഭാഗധേയം നിര്‍വ്വഹിക്കാനുള്ള ഉറച്ചതീരുമാനത്തിലാണ്. എന്നാല്‍ അടുത്താകാലങ്ങളില്‍ വളര്‍ന്നുവന്ന സംഘടനകള്‍ തങ്ങളുടെ സമകാലിക സ്ഥിതി നിലനിര്‍ത്തുവാനും വ്യാജമതത്തെ വാഴിക്കുവാനും കഷ്ടപ്പെടുകയാണ്. സൂഫികളുടേത് ദൈവികശക്തിയാണ് അവന്‍ ഇച്ഛിച്ചാല്‍ നിമിഷനേരം കൊണ്ടു ഈ മതമൗലികവാദം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകും. അവരുടെ ഇച്ഛ രാജ്യത്തിന്റെ സമാധാനപരമായ ഭാഗധേയം നിര്‍വ്വഹിക്കാനാണെങ്കില്‍ അതുദൈവത്തിന്റേതുമായിത്തീരും.

ത്വരീഖത്തും തീവ്രവാദവും തമ്മില്‍ ഒരു ബന്ധവുമില്ല. എന്നാല്‍ തീവ്രവാദികളില്‍ ചിലര്‍ ത്വരീഖത്ത് എന്ന സമാധാന പ്രസ്ഥാനത്തിന്റെ നാമം ദുരുപയോഗപ്പെടുത്താന്‍ രംഗത്തിറങ്ങിയിട്ടുണ്ടോ എന്നറിയില്ല. പോലീസ് അന്വേഷണങ്ങള്‍ നിഷ്പക്ഷമാവണം. സൂഫികളുടെ ശത്രുക്കള്‍ ആരോപിക്കുന്ന എല്ലാറ്റിനെയും വിശ്വസിക്കുന്ന നിലപാട് അവര്‍ മാറ്റിവെക്കണം. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ത്വരീഖത്തുകളെ ഉപയോഗിക്കുന്നുവെന്ന കള്ളവാദം സര്‍ക്കാര്‍ തിരിച്ചറിഞ്ഞ് സൂഫീ പ്രസ്ഥാനങ്ങളുമായിട്ടുള്ള ബന്ധത്തെ രാഷ്ട്രത്തിന്റെ സുരക്ഷക്ക് ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ തയ്യാറവണം.

പി.സി ജലീൽ മഹ്ബൂബി