Top pics

6/recent/ticker-posts

സൂഫി സംസ്‌ക്കരണ രീതികളുടെ അടിസ്ഥാന തത്വവും ദിക്‌റും


ഖുതുബുല്‍ അഖ്താബ് ഗൗസുല്‍ അഅ്‌ളം ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി മഹാനവര്‍കളുടെ പ്രഭാഷണ സമാഹാര ഗ്രന്ഥമായ ഫത്ഹുര്‍റബ്ബാനിയില്‍ ഒരു പ്രഭാഷണം തുടങ്ങുന്നത് ഇങ്ങനെയാണ്. നിങ്ങളുടെ ദേഹത്തിലെ പിശാചിനെ “ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദു റസൂലുളളാ” എന്ന ദിക്‌റിന്റെ ഭാരമേറ്റി നിങ്ങള്‍ ക്ഷീണിപ്പിക്കുക. ഒട്ടകത്തിനു മേല്‍ ഭാരം കയറ്റി അതിനെ ക്ഷീണിപ്പിക്കുന്ന പോലെ.

കലിമയെന്ന ദിക്‌റിന്റെ കാര്യമാണ് ഇവിടെ മഹാനവര്‍കള്‍ വ്യക്തമാക്കുന്നത്. പിശാചിനെ തകര്‍ക്കാനും തളര്‍ത്താനും അതാണു ഏകമായൊരു വഴി. മറ്റു പല ദിക്‌റുകളിലും പിശാചിനും പൂര്‍ണ്ണമായ അര്‍ഥത്തില്‍ നമ്മുടെ നിയന്ത്രണത്തിയില്‍ നിര്‍ത്താന്‍ സഹായക്കില്ല. ഈ വാക്യത്തില്‍ ഒരു ജ്ഞാനമെന്ന നിലക്കോ ശഹാദത് എന്ന നിലക്കോ ഉള്ള കലിമയുടെ പ്രാധാന്യമല്ല പറയുന്നത്. മറിച്ചു സൂഫികള്‍ക്കും ഔലിയാക്കള്‍ക്കുമിടയില്‍ മനുഷ്യനെ സംസ്‌ക്കരിക്കാന്‍ നല്‍കുന്ന ത്വരീഖതുകളോ അതിന്റെ ദിക്‌റുകളോ എന്ന നിലക്കുള്ള കലിമയെയാണു സൂചിപ്പിച്ചിരിക്കുന്നത്. കലിമക്ക് ഒരു ദിക്‌ര്‍ എന്ന നിലക്കുള്ള പ്രാധാന്യമാണു ഇവിടെ വ്യക്തമാക്കിത്തരുന്നത്.

കലിമയുടെ പാതിഭാഗമാണ് പലപ്പോഴും നമ്മുടെ നാടുകളിലും മറ്റും ദിക്‌റായി പറയാറ്. പല ത്വരീഖതുകളിലും കലിമയുടെ ആദ്യപാതി മാത്രമാണ് ദിക്‌ര്‍. പതിവായി ഉപയോഗിക്കാറുളള ദിക്‌റിലും അതുണ്ടാവാറില്ല. ഇവിടെ കൃത്യമായും കലിമയുടെ അത്തരത്തിലുളള പ്രാധാന്യമാണ് ഗൗസുല്‍ അഅ്‌ളം മഹാനവറുകൾ ഉദാഹരണത്തിലൂടെ വിശദീകരിച്ചിരിക്കുന്നത്. ദിക്‌റിനെ ദേഹത്തില്‍ ഭാരമാക്കി കയറ്റുക എന്നാല്‍ നിരന്തരം, കഠിനാധ്വാനത്തിലൂടെ ശരീരത്തിനെ ക്ഷീണിപ്പിക്കുകയെന്നാണ്.

അവിടുത്തെ പ്രശസ്ത ഗ്രന്ഥമായ സിര്‍റുല്‍ അസ്‌റാറിലും കലിമയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഹസ്രത്ത് അലിയ്യുബ്‌നു അബീത്വാലിബ് കര്‍റമള്ളാഹു വജ്ഹഹു, നബി തിരുമേനി(സ) നിന്നു ഈ ദിക്‌ര്‍ ഏറ്റുവാങ്ങിയതിനെക്കുറിച്ച ഹദീസ് അവിടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. കലിമയുടെ ഖിലാഫത് നല്‍കപ്പെട്ട സന്ദര്‍ഭമായിരുന്നു അത്.

ഒരു മുറബ്ബിയായ ശൈഖിലൂടെ അവിടുത്തെ കരം ഗ്രഹിച്ച് പ്രവാചകനില്‍ ബൈഅത് ചെയ്തിരുന്ന രീതിയിലേതു പോലെ കലിമ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ശൈഖവര്‍കള്‍ സിര്‍റുല്‍ അസ്‌റാറില്‍ പറയുന്നുണ്ട്.

മഹാനവര്‍കള്‍ ഇത്തരമൊരു ദിക്‌റിന്റെ പാരമ്പര്യം റസൂലില്‍ നിന്നു ഏറ്റുവാങ്ങുകയും അതു പില്‍ക്കാലക്കാര്‍ക്കായി ഖിലാഫത്തിലൂടെ തുടരുകയും ചെയ്തതിന് ചരിത്രവും സാക്ഷിയാണ്. ഇന്നും മഹാനവര്‍കളുടെ ആ പരമ്പര ലോകത്തു സജീവമാണ്. ഖാദിരിയ്യ എന്ന മഹാനവര്‍കളുടെ പരമ്പരയായ ത്വരീഖതു വഴി അവിടുത്തെ ബന്ധിക്കുന്ന ഗുരുക്കൻമാരുടെ പരമ്പര വഴി ഈ മഹത്തായ പിന്തുടര്‍ച്ച ലോകത്തു നിലനില്‍ക്കുന്നുണ്ട്. അതേസമയം അതല്ലാത്ത ദിക്‌റുകള്‍ വഴിയും ഖാദിരിയ്യാ തരീഖത് സംഘങ്ങള്‍ നിലകൊള്ളുന്നുണ്ട്.

ചുരുക്കത്തില്‍ ശൈഖവര്‍കള്‍ പരമപ്രാധാന്യം നല്‍കിയിരുന്ന ദിക്‌റും അവിടുത്തെ പൂര്‍ണ്ണ പാരമ്പര്യവും പ്രവാചക മാര്‍ഗമായ “ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദു റസൂലുളളാ” യാണെന്ന് നമുക്ക് ബുദ്ധി കൊണ്ടു തന്നെ മനസ്സിലാക്കാവുന്നതാണ്.