Top pics

6/recent/ticker-posts

ശൈഖ് ബാവ ഉസ്താദ്: ജീവചരിത്രം


1957 ജൂലായ് 25ന് മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് ഇരിമ്പിളിയം പഞ്ചായത്തിലെ വെണ്ടല്ലൂരിൽ ജനിച്ചു. പിതാവ് മൊയ്തുട്ടി എന്നവർ ചെറുപ്പകാലത്ത് തന്നെ ഒരു റമളാന്‍ 27ന് രാത്രി വഫാത്തായി. ബാല്യകാലത്ത് തന്നെ സൂഫിഗുരുക്കൻമാരുമായുള്ള സഹവാസത്തിൽ തൽപരരായി വളർന്നു. എട്ടാം വയസ്സിൽ തൃശൂർ ചാവക്കാട് പ്രദേശത്തു നിന്നുളള ശൈഖ് മുഹമ്മദ് അൽബാസ്സ് സയ്യിദ് ബശീർ തങ്ങൾ എന്നവരുടെ ശിഷ്യരായി. സൂഫീ ആധ്യാത്മികപാതയിലെ ഒരു ഗുരുവായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾ ശ്രീലങ്കയിലെ ആദം മലയിലും മറ്റും ആത്മീയധ്യാനത്തിൽ ചെലവഴിച്ച അദ്ദേഹം ജീവിതാന്ത്യം വരെ ദൈവോന്മുക്തരായ സൂഫിയായി ജീവിച്ചു. സാധാരണക്കാരൻ്റെ ശീലത്തിനു വഴങ്ങാത്ത പൊതുജീവിതത്തിൻ്റെ മാനദണ്ഡങ്ങൾക്കു വഴങ്ങാത്ത ആത്മീയസഞ്ചാരത്തിൻ്റെ ലഹരിയിലമർന്ന അത്തരമൊരു വ്യക്തിത്വത്തെ പിൻപറ്റലും ആ ശിഷ്യത്വത്തിൽ നിലകൊള്ളലും വളരെ വലിയൊരു വെല്ലുവിളിയായിരുന്നു. ആദ്ധ്യാത്മിക ദർശനങ്ങൾ കൊണ്ടും അതിൻ്റെ നിറവു കൊണ്ടും സമ്പന്നമായ അത്തരമൊരു വ്യക്തിത്വത്തിനൊപ്പം ചെറുപ്പകാലം ചെലവഴിച്ചത് ബാല്യകാലത്തു തന്നെ ഉസ്താദിൻ്റെ ഉദാത്തമായ സൂഫീസഞ്ചാരത്തിനു പാകപ്പെടുത്തി.

ആയോധനകലയുടെ മേഖലയിലായിരുന്നു ഉസ്താദ് കൗമാരത്തിലും യൗവ്വനത്തിലും കൂടുതൽ താൽപര്യം പ്രകടിപ്പിച്ചിരുന്നത്. ചെറുപ്പകാലത്തു തന്നെ നിരവധി പേർ ശിഷ്യത്വത്തിനായി വീട്ടുപടിക്കലെത്തി. കളരിമുറകളിൽ പുതിയ വഴി വെട്ടിത്തുറക്കുകയും പാരമ്പര്യത്തെ അതിശക്തമായി മുന്നോട്ടുകൊണ്ടു പോവുകയും ചെയ്തു. തമിഴ് പാരമ്പര്യത്തിൻ്റെ പിന്തുടർച്ചയായി ലഭിച്ച ആയോധനമുറകളോടൊപ്പം അതിൻ്റെ ചികിത്സാക്രമത്തിലും വ്യുല്‍പത്തി നേടി. കേരളത്തിനകത്തും പുറത്തു നിന്നുമുള്ള നരവധി പേരെ ഗുരുക്കൻ മാരായും ശിഷ്യന്മാരായും ചെറുപ്പകാലം മുതൽ തന്നെ സമ്പാദിക്കാൻ ഉസ്താദിനു സാധിച്ചു.

അൽബാസ് തങ്ങളുടെ വഫാത്തിനു ശേഷം കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മേഖലയിൽ പെട്ട ഇയ്യാട് ആസ്ഥാനമായി സൂഫീ ആത്മീയപരമ്പരക്ക് നേതൃത്വം നൽകിയിരുന്ന സയ്യിദ് മുഹമ്മദ് മക്കി സയ്ദാർ പൂക്കോയതങ്ങളെ ഉസ്താദ് ഗുരുവായി വരിച്ചു. ഖാദിരിയ്യാ ത്വരീഖതിൻ്റെയും രിഫാഈ ത്വരീഖതിൻ്റെയും പാരമ്പര്യത്തിലായിരുന്നു ഇയ്യാട് പൂക്കോയതങ്ങള്‍. ആ പൈതൃകം ഉസ്താദിനെ സൂഫീആത്മീയത കൊണ്ടു സമ്പന്നമാക്കി. ഏറെ താമസിയാതെ അവിടുത്തെ ആത്മീയ പാരമ്പര്യത്തിൻ്റെ ഖലീഫ അഥവാ ഉത്തരാധികാരിയുമാക്കി. പൂക്കോയതങ്ങളുടെ വേർപാടിനുമുമ്പെ സൂഫീആധ്യാത്മികതയുടെ പൂർത്തീ കരണത്തിനായി മറ്റൊരു വ്യക്തിത്വത്തെ നാലുവർഷത്തിനു ശേഷം ഉസ്താദിനു സമ്മാനിക്കുമെന്ന് അവർ പ്രവചനം നടത്തിയിരുന്നു. പ്രവചനം പുലർന്നു. വേർപാടിൻ്റെ നാലാം വർഷം ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുല്‍ത്താൻ അവറുകളുമായി ഉസ്താദിനു സംഗമിക്കാനായി. ഏറെക്കാലത്തെ ആത്മീയയാത്രകൾക്ക് ശേഷം ശൈഖവറുകൾ കേരളത്തിലേക്കു പ്രബോധനത്തിനുവേണ്ടി വന്നെത്തിയ സമയമായിരുന്നു അത്. ആദ്യകാല ശിഷ്യൻമാരിൽ ഒരാളായി കലിമതുത്വയ്യിബയുടെ പ്രബോധനവീഥിയിൽ നിരതമായി

ശൈഖവറുകളുടെ ശിഷ്യൻമാരെ ഒരുമിച്ചു ചേർക്കുന്നതിൻ്റെ ഭാഗമായി രൂപീകരിച്ച ജീലാനി സ്റ്റഡി സെൻറ്ററിൻ്റെ സ്ഥാപകനേതാക്കളിലൊരാളായിരുന്നു. സെൻറ്ററിൻ്റെ പ്രവർത്തനത്തിലും വളാഞ്ചേരി ജീലാനി മസ്ജിദിൻ്റെ സ്ഥാപനത്തിലും പങ്കുവഹിച്ചു. 2002-ൽ ആലുവയിൽ നടന്ന ഖിലാഫത്ത്ദാന സമ്മേളനത്തിൽ വെച്ച് മഹാനവർകൾക്കും ഉത്തരാധികാരപത്രം നൽകി. ശൈഖവർകൾക്കെതിരെയുണ്ടായ എതിർപ്പുകളുടെ സമയത്തെല്ലാം മുന്നിൽ നിന്നു പടനയിച്ചു. ശൈഖവർകളുടെ പ്രബോധന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി ആരംഭിച്ച സുൽത്വാനിയ ഫൗണ്ടേഷൻ്റെ സ്ഥാപകരും ഉസ്താദാണ്. രൂപീകരണം മുതൽ എല്ലാ ഘട്ടത്തിലും ഫൗണ്ടേഷൻ്റെ മുന്നേറ്റം ഉസ്താദിൻ്റെ കരങ്ങളിലായിരുന്നു.

ഡൽഹിയിൽ ആരംഭിച്ച ഹസ്‌റത് നിസാമുദ്ദീൻ ഇന്‍സ്റ്റിറ്റിയൂട്ട് ഫോർ സ്റ്റഡീസ് ഓണ്‍ തസ്വവ്വുഫ് ഉസ്താദിൻ്റെ കാർമ്മികത്വത്തിലാണ് മുന്നോട്ടുപോയത്. ഓരോ ഘട്ടത്തിലും ഉസ്താദായിരുന്നു സ്ഥാപനത്തിൻ്റെ അടിത്തറ. 19 വിദ്യാർതഥികൾക്ക് ആദ്യഘട്ടത്തിൽ മഹ്ബൂബി ബിരുദം നൽകിയപ്പോൾ ഡൽഹിയിലെ പണ്ഡിതനേതൃത്വം ശൈഖവർകൾക്കും ഉസ്താദിനും ഓണററി പദവി നൽകി ആദരിച്ചു.

ശൈഖർകൾക്കും പ്രസ്ഥാനത്തിനുമെതിരെ സമസ്തയുടെ ഫത്‌വ വന്നപ്പോൾ അവയെ നേരിടാൻ ഉസ്താദ് ശക്തമായ നേതൃസാന്നിധ്യമായി. പ്രസിദ്ധീകരണങ്ങളും പരിപാടികളും ഉസ്താദിൻ്റെ നേതൃത്വത്തിൽ നടന്നു. ഫൗണ്ടേഷൻ ആദ്യമായി പുറത്തിറക്കിയ ശൈഖവർകളെ പരിചയപ്പെടുത്തുകയും വിമർശകരെ പ്രതിരോധിക്കുകയും ചെയ്ത പുസ്തകങ്ങളും സി.ഡികളും ഉസ്താദിൻ്റെ ബൗദ്ധിക ഉൽപന്നങ്ങളായിരുന്നു. ആലുവയിൽ ശൈഖവർകളുടെ ആസ്ഥാനമായ ജീലാനി ശരീഫ് സംസ്ഥാപനത്തിലും ഉസ്താദ് തുടക്കം മുതൽ പങ്കുകൊണ്ടു. പല മേഖലകളിൽ നിന്നുള്ള പ്രമുഖർ ഉസ്താദിൻ്റെ ശിഷ്യസമ്പത്തായി ഇന്നുണ്ട്. രാജ്യത്തിൻ്റെ ഇതരഭാഗങ്ങളിലും ഗൾഫ് നാടുകളിലും പല മേഖലകളിലുളള പ്രധാനികൾ ഉസ്താദിലൂടെ തൗഹീദിൻ്റെ മഹനീയമായ പാതയിലേക്കു കടന്നുവരികയുണ്ടായി.