Top pics

6/recent/ticker-posts

നോമ്പ് : ശരീഅത് - ഥരീഖത് - ഹഖീഖത് 2


 

*നോമ്പ് : ശരീഅത് - ഥരീഖത് - ഹഖീഖത് 2*

യഥാർത്ഥത്തിൽ ഥരീഖതിലെ നോമ്പിനെയും ഹഖീഖതിലെ നോമ്പിനെയും സഹായിക്കുന്നത് ശരീഅതിലെ നോമ്പാണ്. ശരീഅതിലെ നോമ്പ് മനസ്സിലാക്കിയാൽ ഥരീഖതിലെയും ഹഖീഖതിലേയും നോമ്പിന് ഏറെ സഹായകരമായി മാറും.
നാം ശരീഅതിലെ നോമ്പെടുക്കുമ്പോൾ, അഥവാ അന്നപാനീയങ്ങൾ ഒഴിവാക്കി നോമ്പെടുക്കുമ്പോൾ സത്യത്തിൽ എന്താണ് സംഭവിക്കുന്നത്?
അല്ലാഹു നമുക്ക് ആയിരക്കണക്കിന് വിശേഷങ്ങൾ നൽകിയിട്ടുണ്ട്. ജീവികളുടെ വിശേഷണങ്ങൾ ഉണ്ട്. സസ്യങ്ങളുടെ വിശേഷണങ്ങൾ ഉണ്ട്. മനുഷ്യ സവിശേഷതകൾ ഉണ്ട്. മലക്കുകളുടെ വിശേഷണങ്ങളുമുണ്ട്. റഹ്മാനിയ്യായ വിശേഷണങ്ങൾ കൂടിയുണ്ട്.
മനുഷ്യൻ എന്നത് എല്ലാ ലോകങ്ങളുടേയും സംഗമമാണ്, ആകെത്തുകയാണ്. സയ്യിദുനാ മൗലാ അലി (ക.വ) പറഞ്ഞത് പോലെ, നീ നിന്നെ ഒരു ചെറിയ ലോകമായി മനസ്സിലാക്കുന്നു. പക്ഷേ, യഥാർത്ഥത്തിൽ നിനക്കുള്ളിൽ വലിയൊരു ആലം മറഞ്ഞിരിക്കുന്നുണ്ട്. ഖുർആനിൽ അല്ലാഹു പറഞ്ഞത് പോലെ, നാം നമ്മുടെ ദൃഷ്ടാന്തങ്ങളെ ചക്രവാളങ്ങളിലും നിങ്ങളുടെ നഫ്സുകളിലും കാണിക്കും. അഥവാ എല്ലാ ലോകങ്ങളും മനുഷ്യനിൽ സംഗമിച്ചിരിക്കുന്നു.
നമ്മൾ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തത്രയും കഴിവുകയാണ് അല്ലാഹു മനുഷ്യന് നൽകിയിട്ടുള്ളത്. അനേകായിരം കഴിവുകൾ ഒളിഞ്ഞിരിപ്പുണ്ട്. ഖുർആനിൽ നാം കണ്ണോടിക്കുമ്പോൾ ഹസ്റത് സുലൈമാൻ നബി(അ) ഉറുമ്പുകളോട് സംസാരിച്ച ചരിത്രം സുക്ക് കണ്ടെത്താനാകും. ഉറുമ്പിൻ്റെ ശബ്ദം പൂർണ്ണമായി മനസ്സിലാക്കാൻ ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും നമുക്ക് സാധിച്ചിട്ടില്ല. പക്ഷേ, മനുഷ്യരിൽ ആ കഴിവ് അന്തർലീനമാണ്. ഹസ്റത് സുലൈമാൻ നബി (അ) ഉറുമ്പിനോട് സംസാരിച്ചല്ലോ. ഇങ്ങനെ ലക്ഷക്കണക്കിന് കഴിവുകൾ അല്ലാഹു മനുഷ്യനിൽ നിക്ഷേപിച്ചിട്ടുണ്ട്. പക്ഷേ, അല്ലാഹുവിനു മാത്രമേ അത് അറിയുകയുള്ളൂ. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് മാത്രം അവനത് തുറന്നുകൊടുക്കും. അല്ലാഹു വിൻ്റെ ഔദാര്യവും കാരുണ്യവുമാണ്. നമ്മെത്തന്നെ കാണാനും തിരിച്ചറിയാനുമുള്ള സവിശേഷമായ ഒന്നാണത്. പക്ഷേ, നമുക്ക് മുകളിൽ നമ്മുടെ നഫ്സിൻ്റെ അധികാരം ഉണ്ടാക്കുന്നു. നഫ്സിൻ്റെ ഉള്ളിലാകട്ടെ ഹയവാനിയ്യായ വിശേഷണങ്ങളാണ് ഭൂരിപക്ഷമുള്ളത്. ഈ മൃഗീയമായ സ്വഭാവ സവിശേഷതകളെ മറക്കാനും ഇല്ലായ്മ ചെയ്യാനും ശാരീരികമായ നോമ്പിൻ്റെ രൂപത്തിൽ അല്ലാഹു സാഹചര്യമൊരുക്കുന്നു,
നമ്മുടെ ഉള്ളിൽ മലകൂതിയ്യായ സവിശേഷതകളും റൂഹാനിയ്യായ സവിശേഷതകളും മറ്റെല്ലാത്തിനെയും അതിജയിക്കുമ്പോഴാണ് മൃഗീയമായ സവിശേഷതകൾ കീഴൊതുങ്ങി ഇല്ലാതെയാകുന്നത്.
എന്താണ് മൃഗീയമായ വിശേഷണങ്ങൾ? എന്താണ് അവരുടെ ജോലി ? ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, മറ്റു ജൈവീക പ്രവർത്തനങ്ങൾ ചെയ്യുക. ഇത് എപ്പോഴും മനുഷ്യൻ ചെയ്തു കൊണ്ടിരിക്കുന്നു. നേരെ മറിച്ച് മലകൂതിയ്യായ വിശേഷണങ്ങൾ എന്തൊക്കെയാണ്? മലക്കുകൾ ഭക്ഷണം കഴിക്കുന്നില്ല, വെള്ളം കുടിക്കുന്നില്ല. അല്ലാഹുവിനോടുള്ള ഇബാദത്താണ് അവരുടെ ഭക്ഷണം. അവർ സദാസമയവും അല്ലാഹുവിൻ്റെ ഇബാദതിൽ മുഴുകിയിരിക്കുന്നു. അപ്പോൾ അല്ലാഹു ഈ നോമ്പിലൂടെ നമുക്ക് മലകൂതിയ്യായ സവിശേഷതകൾ പകർന്നു നൽകുകയാണ്. മറഞ്ഞു കിടന്നിരുന്ന അല്ലെങ്കിൽ നഫ്സ് കാരണം അടിച്ചമർത്തപ്പെട്ട നമ്മുടെ മലകൂതിയ്യായ സവിശേഷതകൾ നോമ്പുകാരണം ഇവിടെ പുറത്തു കൊണ്ടുവരപ്പെടുന്നു. മൃഗീയമായ വിശേഷണങ്ങൾ അമർത്തപ്പെടുകയും ചെയ്യുന്നു. അങ്ങനെ മലകൂതിയായ സവിശേഷതകൾ പുറത്തു വരുമ്പോൾ നമ്മുടെ ലതാഇഫിൽ അല്ലാഹുവിൻ്റെ നൂർ വെളിപ്പെടാൻ തുടങ്ങുന്നു. അങ്ങനെ ശരീഅതിൻ്റെ ഈ നോമ്പ് ഥരീഖതിൻ്റെ നോമ്പിനെയും ഹഖീഖതിൻ്റെ നോമ്പിനെയും സഹായിക്കുന്നു. ആ ഉന്നത പദവികളിലെത്തaച്ചരാൻ ഇത് സഹായിക്കുന്നു. അതു കൊണ്ട് തന്നെ ശരീഅതിൻ്റെ നോമ്പിന്ന് അതിൻ്റേതായ പ്രാധാന്യവും ഗൗരവവും ഉണ്ട്
വിശുദ്ധ റമദാൻ മാസത്തിൽ ഈ മലകൂതിയായ സവിശേഷതകൾ ഒരു പ്രത്യേക പ്രാപഞ്ചിക സാഹചര്യമൊരുക്കുന്നു. കാരണം നോമ്പു നോൽക്കുന്നവർക്കെല്ലാം ഈ ഒരു അനുഭവം ഉണ്ടാവുകയും അവരിലല്ലാം മലകൂതിയായ സവിശേഷതകൾ കാണപ്പെടുകയും ഒരു പുതിയ അന്തരീക്ഷം തന്നെ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു
ഉദാഹരണത്തിന് വർത്തമാനകാലത്ത് അന്തരീക്ഷ മലിനീകരണം വളരെ വർദ്ധിക്കുന്നു എന്ന് നാം പറയുന്നു. കാരണം എല്ലാവരും സ്വന്തം കാറെടുത്താണ് യാത്ര ചെയ്യുന്നത്. അവയിൽ നിന്ന് മാലിന്യം പുറം തള്ളപ്പെടുന്നു. ഓരോ കാറും മാലിന്യം പുറം തള്ളി അതൊരു മാലിന്യം നിറഞ്ഞ പ്രത്യേക സാഹചര്യം തന്നെ ഉണ്ടാക്കിത്തീർക്കുന്നു. അങ്ങനെ മറ്റെല്ലാ വസ്തുക്കളിലും ആ മാലിന്യത്തിൻ്റെ പ്രതിഫലനങ്ങൾ ഉണ്ടാകാൻ തുടങ്ങുന്നു. നമ്മുടെ അന്തരീക്ഷ ഊഷ്മാവ് വർദ്ധിച്ച്, ചുടു കൂടി വലിയ വലിയ മഞ്ഞുമലകൾ ഉരുകുന്നു എന്ന് നാം പത്രങ്ങളിൽ വായിക്കുന്നു. ഓസോൺ പാളികളിൽ വിള്ളൽ വീഴുന്നു. എല്ലാം ഈ മലിനീകരണം കാരണമാണ്. അഥവാ വളരെ വലിയൊരു സ്വാധീനം ചെലുത്താൻ അതിനു കഴിയുന്നുണ്ട്.
ഇതു പോലെ, റമദാനിലും അല്ലാഹു ഒരു പ്രത്യേക സാഹചര്യമൊരുക്കുന്നു. എല്ലാത്തിലും അത് പ്രതിഫലിക്കുന്നു. മലകൂതിയായ സവിശേഷകൾ മൂലം ഉണ്ടായിത്തീരുന്നതാണത്. ഇത് അല്ലാഹു വിൻ്റെ വളരെ വലിയൊരു കാരുണ്യം തന്നെയാണ്. രണ്ടാമതൊരു കാര്യം, അല്ലാഹു പിശാചുക്കളെ ബന്ധനത്തിലാക്കുന്നു. സത്യത്തിൽ അവർ കഴിയുന്നത് നമ്മോടൊപ്പമാണ്. അവർ കൂടി ബന്ധനത്തിലാക്കുന്നതോടെ ഒരു മാസമെങ്കിലും കഠിനമായി പരിശ്രമിച്ച് നമ്മുടെ ദറജകൾ എത്രത്തോളം ഉയർത്താൻ കഴിയുന്നുവോ അത്രയും ഉയർത്തുവാൻ പരിശ്രമിക്കുവാൻ അല്ലാഹു കനിഞ്ഞരുളിയതാണീ മാസം. അതുകൊണ്ടാണ് ഓരോ കർമത്തിനും 70 ഇരട്ടി പ്രതിഫലം ശരീഅതിൽ നൽകപ്പെടുന്നത്. അഥവാ സാധാരണ ദിവസങ്ങളിൽ ഒരു നന്മക്ക് 10 പ്രതിഫലം നൽകുമ്പോൾ റമദാനിൽ 70 പ്രതിഫലം നൽകപ്പെടുന്നു. അതിൻ്റെ അർഥം ഈ മാസം നമ്മുടെ ദറജകൾ 70 ഇരട്ടി യാക്കാൻ പരിശ്രമിച്ചാൽ നമുക്ക് കഴിയും എന്നാണ്. അതിനു വേണ്ടി അല്ലാഹു അത്തരമൊരു സാഹചര്യം തന്നെ ഒരുക്കിയിരിക്കുകയാണ്. ഒരാൾ മറ്റൊരാളോടൊപ്പം ആകുമ്പോൾ, പരസ്പരം ഒത്തുചേരുമ്പോൾ ഈ മലകൂതിയ്യായ സവിശേഷതകളും പരസ്പരം പകർന്നു നൽകപ്പെടുന്നു.