വളരെ പ്രസക്തമായ ഒരു വിഷയമാണിത്. അതു മനസ്സിലാക്കേണ്ടത് ഓരോ മുസ്ലിമിനും അനിവാര്യവുമാണ്. കാരണം, അവരെ മനസ്സിലാക്കാതിരിക്കുമ്പോൾ മുൻകഴിഞ്ഞ സമുദായങ്ങൾ അവരുടെ പ്രവാചകന്മാരെ തിരിച്ചറിയാതെ വിമർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തതു പോലെ, പ്രവാചകന്മാരുടെ അനന്തരാവകാശികളെ നമ്മളും ഉപദ്രവിക്കുകയോ അക്രമിക്കുകയോ ചെയ്താൽ അതിന്റെ വിപത്ത് വളരെ ഭീകരമായിരിക്കും. മാത്രമല്ല, അവരെ അറിഞ്ഞ് പിന്തുടരേണ്ടതും അമ്പിയാക്കളുടെ അനന്തരാവകാശികൾ എന്ന നിലയിൽ അവരെ ആദരിക്കേണ്ടതും നമുക്ക് നിർബന്ധമാണ്.
പ്രവാചകന്മാരുടെ അനന്തരാവകാശം എന്നാൽ എന്താണ്; പ്രവാചകത്വം തന്നെ അനന്തരാവകാശമായി എടുക്കുകയെന്നാണോ, അതല്ല, അവരുടെ ധനത്തിന്മേലുള്ള അവകാശമാണോ, അതുമല്ല, അവരുടെ ജ്ഞാനത്തിലും ദൌത്യത്തിലുമുള്ള അനന്തരാവകാശമാണോ?
പ്രവാചകത്വം അനന്തരാവകശമായി കൈമാറ്റം ചെയ്യപ്പെടില്ലെന്ന് പണ്ഡിതന്മാർ പറയുന്നു. അല്ലാതിരുന്നെങ്കിൽ എല്ലാ മനുഷ്യരും ആദം നബി(അ)മിന്റെ മക്കളാണെന്നും അതിനാൽ തന്നെ എല്ലാവർക്കും അവിടത്തെ പ്രവാചകത്വത്തിൽ അനന്തരാവകാശമുണ്ടെന്നും അതിനാൽ ഞാനും ഒരു പ്രവാചകനാണെന്നും ആർക്കും പറയാൻ കഴിയുമായിരുന്നു. അതിനാൽ തന്നെ പ്രവാചകത്വം അനന്തരാവകാശമായി കൈമാറ്റം ചെയ്യപ്പെടുന്നില്ല. അവരുടെ ധനവും അനന്തരാവകാശമായി ഉപയോഗിക്കപ്പെടാൻ പാടില്ല. നബി(സ) പറഞ്ഞു: “ഞങ്ങൾ പ്രവാചകന്മാരുടെ സമൂഹത്തെ ആരും അനന്തരമെടുക്കുന്നില്ല. ഞങ്ങൾ ഉപേക്ഷിച്ചു പോകുന്നത് സ്വദഖയാണ്” (ബുഖാരി, മുസ്ലിം).
പിന്നെ പ്രവാചകന്മാരുടെ അനന്തരാവകാശികൾ ആരാണ്. നബി(സ) പറഞ്ഞു: “ജ്ഞാനികൾ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. നിശ്ചയം പ്രവാചകന്മാർ ദീനാറോ ദിർഹമോ അനന്തരാവകാശമായി വെച്ചിട്ടില്ല. അവർ അനന്തര സ്വത്തായി വെച്ചിട്ടുള്ളത് ജ്ഞാനത്തെ മാത്രമാണ്” (അബൂദാവൂദ്, തിർമിദി, ഇബ്നുമാജ). വളരെ വ്യക്തമാണ് ഈ ഹദീസ്. പ്രവാചകന്മാരുടെ അനന്തരാവകാശികൾ ജ്ഞാനികളാണ്. അവർക്ക് ലഭിച്ച ധനം ജ്ഞാനമല്ലാതെ മറ്റൊന്നുമല്ല.
പ്രവാചകന്മാരുടെ അനന്തരാവകാശികളായ ജ്ഞാനികൾ ആരാണ്? എല്ലാ ജ്ഞാനികളും പ്രവാചകന്മാരുടെ അനന്തരാവകാശികളാണോ? ദീനീ വിജ്ഞാനങ്ങൾ തന്നെ പലതുണ്ട്; ഫിഖ്ഹ്, ഹദീസ്, തഫ്സീർ, അഖീദ അങ്ങനെ പലതും. ഇതിൽ ഏതു പഠിച്ചാലാണ് പ്രവാചകന്മാരുടെ അനന്തരാവകാശിയായിത്തീരുന്നത്? അതും എത്ര കൊല്ലം പഠിക്കണം? ആരിൽ നിന്നു പഠിക്കണം? ഏതു കൊളേജിൽ പഠിക്കണം? പഠിച്ചിട്ടു നേടുന്ന ബിരുദം എന്തായിരിക്കണം? ഇനി എല്ലാ ബിരുദവും നേടി എന്നു സങ്കൽപിച്ചാൽ തന്നെ ഒരു പണ്ഡിതനെക്കുറിച്ച് പ്രവാചകന്മാരുടെ അനന്തരാവകാശി എന്നെങ്ങനെ പറയാൻ കഴിയും? “ആകാശത്തിനു ചുവട്ടിലുള്ളതിൽ ഏറ്റവും നീചമായത് അവർക്കിടയിലെ പണ്ഡിതന്മാരായിരിക്കും. അവരിൽ നിന്നാണ് ഫിത്ന തുടങ്ങുന്നത്. അത് അവരിലേക്കു തന്നെ മടക്കപ്പെടും”(ബൈഹഖി) എന്നെല്ലാം നബി(സ) തന്നെ പറഞ്ഞിരിക്കെ, ഇതെങ്ങനെ അംഗീകരിക്കാനാവും.
വളരെ ന്യായമായ സംശയമാണിത്. ആദ്യമായി നാം മനസ്സിലാക്കേണ്ടത് ഇസ്ലാമിൽ നാം അറിയേണ്ട ജ്ഞാനം എന്താണെന്നതാണ്. ഭൌതികമായ ലക്ഷ്യത്തോടെ പഠിക്കുന്ന ജ്ഞാനികൾ ഒരിക്കലും പ്രവാചകന്മാരുടെ അനന്തരാവകാശികളല്ല. കാരണം നബി(സ) പറഞ്ഞു: “അല്ലാഹുവിന്റെ പ്രീതിക്കായി തേടപ്പെടേണ്ട ജ്ഞാനം ആരെങ്കിലും ഭൌതികമായി ലക്ഷ്യത്തോടെ പഠിച്ചാൽ അവന് സ്വർഗ്ഗത്തിന്റെ മണം പോലും ലഭിക്കുകയില്ല” (അഹ്മദ്, ഇബ്നു മാജ, തിർമിദി). അതു പോലെത്തന്നെ ദീനിൽ ഉപകാരം ചെയ്യാത്ത ജ്ഞാനം നേടിയവരും പ്രവാചകന്മാരുടെ അനന്തരാവകാശികളല്ല. നബി(സ) പറഞ്ഞു: “നിങ്ങൾ അല്ലാഹുവിനോട് ഉപകാരപ്രദമായ ജ്ഞാനം ചോദിക്കുകയും ഉപകാരപ്രദമല്ലാത്ത ജ്ഞാനത്തിൽ നിന്ന് കാവൽ തേടുകയും ചെയ്യുക” (ഇബ്നു മാജ).
അങ്ങനെയാണെങ്കിൽ പിന്നെ ആരാണ് ജ്ഞാനി? പ്രവാചകന്മാരുടെ അനന്തരാവകാശികൾ നേടിയിരിക്കേണ്ട ജ്ഞാനം എന്താണ്? വളരെ പ്രസിദ്ധമായ ഒരു ഹദീസ് ഉണ്ട്, അല്ലാഹു പറയുന്നു: “ഞാൻ മറഞ്ഞ നിധിയായിരുന്നു. അപ്പോൾ ഞാൻ അറിയപ്പെടാൻ ആഗ്രഹിച്ചു. അപ്പോൾ ഞാൻ പടപ്പുകളെ പടച്ചു”. ഇതനുസരിച്ച് മനുഷ്യ സൃഷ്ടിപ്പിന്റെ തന്നെ ലക്ഷ്യം അല്ലാഹുവിനെ അറിയുക എന്നതാണ്. ഖുർആനിൽ അല്ലാഹു പറയുന്നു: “നിശ്ചയം ലാഇലാഹ ഇല്ലല്ലാഹു എന്ന കാര്യത്തെ നീ അറിയുക” (മുഹമ്മദ് – 19). അറിവുകളിൽ ഏറ്റവും ശ്രേഷ്ഠമായതും, ഓരോ മനുഷ്യനും നിർബന്ധമായതും, സൃഷ്ടിപ്പിന്റെ ലക്ഷ്യമായതുമെല്ലാം അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനമാണ്. ആ ജ്ഞാനം നേടിയവരാണ് പ്രവാചകന്മാരുടെ അനന്തരാവകാശികൾ. അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനമില്ലാതെ മറ്റെന്തെല്ലാം അറിവുകൾ പഠിച്ചാലും പ്രവാചകന്മാരുടെ അനന്തരാവകാശിയാകുന്ന പണ്ഡിതനാവുകയില്ല.
അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനം എങ്ങനെ നേടാനാവും എന്നതാണ് അടുത്ത പ്രശ്നം. അല്ലാഹുവിനെ അറിയുക എന്നാൽ ഏതെങ്കിലും കോളേജിലോ മറ്റോ പോയി ഗ്രന്ഥങ്ങൾ കാണാതെ പഠിക്കലല്ല. അല്ലാഹുവിനെ അറിയാൻ അനുഭവജ്ഞാനത്തിലൂടെ അവനെ അറിഞ്ഞവരെ സമീപിക്കണമെന്നാണ് ഖുർആൻ പറഞ്ഞിട്ടുള്ളത് (ഫുർഖാൻ-59). അല്ലാഹുവിലേക്ക് അല്ലാഹുവിന്റെ അനുവാദത്തോടെ ക്ഷണിക്കുന്നവരാണ് പ്രവാചകന്മാർ (അഹ്സാബ്-46). അല്ലാഹുവിലേക്ക് അവന്റെ അനുവാദത്തോടെ ക്ഷണിക്കുക എന്ന ദൌത്യം തന്നെയാണ് പ്രവാചകന്മാരുടെ അനന്തരാവകാശികൾക്കുമുള്ളത്. അതിനാൽ തന്നെ, അല്ലാഹുവിലേക്കും അവനെ അറിയുന്നതിലേക്കും ക്ഷണിക്കുന്ന, അല്ലാഹുവിനെ അറിഞ്ഞ ജ്ഞാനികളെ കണ്ടെത്തി പിന്തുടരുക എന്നതാണ് അല്ലാഹുവിനെ അറിയാനുള്ള ഏക മാർഗ്ഗം. എത്ര ഗ്രന്ഥങ്ങൾ കാണാതെ പഠിച്ചാലും അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനങ്ങളൊന്നും തന്നെ നേടാനാവില്ല. കാരണം, അല്ലാഹുവിനെ അറിയേണ്ടത് മനഃപാഠം പഠിച്ചുകൊണ്ടല്ല.
ഹൃദയത്തെയും അതിന്റെ അവസ്ഥകളെയും അറിയുന്ന ഒരു ജ്ഞാനിയുടെ ശിക്ഷണത്തിലായി ഹൃദയ സംസ്കരണം നടത്തുമ്പോൾ ഹൃദയത്തിലേക്ക് അല്ലാഹു ഇട്ടുതരുന്ന പ്രകാശമാണ് അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനം. അല്ലാഹു പറഞ്ഞു: “നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹു നിങ്ങൾക്ക് ജ്ഞാനം നൽകും” (അൽ ബഖറ-282). ആത്മ സംസ്കരണം നടത്താതെ എത്രതന്നെ ഗ്രന്ഥങ്ങൾ പഠിച്ചാലും അവൻ അല്ലാഹുവിനെ അറിയാൻ കഴിയില്ല എന്നു മാത്രമല്ല, അവർ ഈ സമുദായത്തിനു തന്നെ വളരെ വലിയ വിപത്താണ്. നേരത്തെ നബി(സ)യുടെ ഹദീസ് നാം ഉദ്ധരിച്ചതു പോലെ, ആകാശത്തിനു ചുവട്ടിലുള്ളവരിൽ ഏറ്റവും നീചർ അവരായിരിക്കും. എല്ലാ ഫിത്നകളും തുടങ്ങുന്നത് അവരിൽ നിന്നു തന്നെയായിരുക്കും. അതാണ് നാമിന്നു കാണുന്ന പണ്ഡിത സമൂഹത്തിന്റെ അവസ്ഥ. ആത്മ സംസ്കരണം നടത്തുന്ന അല്ലാഹുവിന്റെ ആരിഫീങ്ങളെ പിൻപറ്റേണ്ടതിനു പകരം അവർ അഹന്തയിലും, ഞാൻ തന്നെ വലിയ ആളെന്ന ചിന്തയിലും, തങ്ങളെക്കാൾ നല്ലവർ വേറെയില്ലെന്ന പ്രചാരണത്തിലും സ്വയം നശിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: “ആത്മാവിനെ സംസ്കരിച്ചവൻ നിശ്ചയം വിജയിച്ചിരിക്കുന്നു. അതിനെ അവഗണിച്ചവൻ നിശ്ചയം പരാജയപ്പെടുകയും ചെയ്തിരിക്കുന്നു” (അശ്ശംസ്-9,10).
അതിനാൽ ഈ വിഭാഗത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നു രക്ഷപ്പെട്ട്, അല്ലാഹുവിനെ അറിഞ്ഞ ആരിഫീങ്ങളിലേക്കു മടങ്ങി ഹൃദയത്തെ സംസ്കരിക്കാൻ നമ്മൾ നിർബന്ധിതരാണ്. നമ്മെ അല്ലാഹു പടച്ചത് അതിനു വേണ്ടിയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ- ആമീൻ.
Connect with Us