Top pics

6/recent/ticker-posts

ഹൃദയ വസന്തം പുകഴ്ന്ന മൗലീദ്മാസം


മുസ്‌ലിം ലോകത്ത് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും റബീഉല്‍ അവ്വല്‍ മാസത്തെ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും സമയമായാണ് കണ്ടുവരുന്നത്. സര്‍വ്വ ചരാചരങ്ങള്‍ക്കും അനുഗ്രഹിയായി അവതരിച്ച പ്രവാചകര്‍(സ) ഭൂമിയില്‍ പിറന്നുവീണതിന്റെ ഓര്‍മയില്‍ സത്യവിശ്വാസി സന്തോഷിക്കുന്നതില്‍ സ്വാഭാവികതക്കപ്പുറമായി ഒന്നും കാണാന്‍ കഴിയില്ല. ഖുര്‍ആനിലും സുന്നത്തിലും റസൂല്‍(സ) യുടെ ജന്മദിനം ആഘോഷിക്കാന്‍ വ്യക്തമായ കല്പനയൊന്നും കാണാന്‍ കഴിയില്ല.അങ്ങനെ പറയുമ്പോള്‍ റബീഉല്‍ അവ്വല്‍ 12 എന്ന നിര്‍ണിത സമയത്ത് പ്രവാചകര്‍(സ) യുടെ ജന്മദിനം ആഘോഷിക്കലോ അവിടത്തെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തലോ അധ്യാപനങ്ങളും സന്ദേശങ്ങളും പ്രക്ഷേപണം ചെയ്യലോ ഒരു വിശ്യസിക്ക് നിര്‍ബന്ധം (ഫര്‍ള്) എന്ന് പറയാനാവില്ല.

പക്ഷെ, ഒരു വിശ്വാസി രൂപപ്പെടുന്നത് തന്നെ തന്റെ ആത്മാവും മനസ്സും ശരീരവും മനുഷ്യകുലത്തിന്റെ മോചനത്തിന്റെ ഏക വചനമായ പരിശുദ്ധ കലിമയിലെ പ്രവാചകരോട് ചേര്‍ന്ന് നില്‍കുമ്പോഴാണ്. മനുഷ്യനെ സൃഷ്ടാവായ അള്ളാഹുവുമായി ബന്ധിപ്പിക്കുന്ന, അവനെ അജ്ഞതയുടെയും സന്ദേഹത്തിന്റെയും ഇരുള്‍മുറ്റിയ താഴ്വരകളില്‍ നിന്ന് അറിവിന്റെയും ഉള്കഴ്ചയുടെയും വിഹായസ്സിലേക്ക് ആനയിക്കുന്ന, സര്‍വ്വ സൃഷ്ടികള്‍ക്കും അനുഗ്രഹമായി അവതരിച്ച, പ്രവാചകര്‍(സ) യെ കുറിച്ചുള്ള ഓര്‍മ്മകളും സ്തുതി ഗീതങ്ങളും വര്‍ഷത്തിലെ ഒരു ദിവസത്തില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നത് ഒരു അക്രമമാണെന്ന് നമുക്ക് വേണമെങ്കില്‍ പറയാം. ജീവതത്തിന്റെ ഒരു നിമിഷം പോലും നമുക്ക് വിസ്മരിക്കാന്‍ സാധിക്കാത്ത ഒരു പ്രവാചകനെയാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. പ്രവാചകരുടെ സാക്ഷിത്വത്തില്‍നിന്ന് (രിസാലത്തിന്റെ സാക്ഷിത്വം) ആത്മാവ് അകന്നു നില്‍കുമ്പോള്‍ അല്ലാഹുവിന്റെ അടുത്ത് ഒരു വിശാസിയുടെ സ്ഥാനം നിര്‍ണയിക്കുന്ന പരിശുദ്ധ തൗഹീദില്‍നിന്നാണ് ആത്മാവ് അകന്നു പോകുന്നത്. ഈയൊരു സാക്ഷിത്വത്തിന്റെ നൈരന്തര്യമാണ് ഖുര്‍ആന്‍ മനുഷ്യനെ ഉണര്‍ത്തുന്നത്. “അവര്‍ തങ്ങളുടെ സാക്ഷിത്വം മുറപ്രകാരം നിലനിര്‍ത്തുന്നവരാണ്.” (അല്‍ മആരിജ് 33) അന്ത്യദിനത്തില്‍ നിങ്ങളില്‍ എന്നോട് ഏറ്റവും അടുപ്പമുള്ളവന്‍ എന്റെ മേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലിയവനാണ് എന്ന പ്രവാചക വചനത്തിന്റെ സാരം ഈ യാഥാര്‍ത്ഥ്യം നമുക്ക് പറഞ്ഞുതരുന്നുണ്ട്. സ്വലാത്ത് എന്നതു കൊണ്ട് വിവക്ഷിക്കുന്നത് കേവലമായ ഒരു അധരവ്യയാമമല്ല. ജ്ഞാനപ്രപഞ്ചമായ പ്രവാചകര്‍ (സ)യോട് സുഹ്ബത്ത് (സഹവാസം) പുലര്‍ത്തി, ആ യാഥാര്‍ത്ഥ്യത്തില്‍ വിസാലാവുക (ചേരല്‍) എന്നതാണ് സ്വലാത്തിന്റെ ആന്തരാര്‍ത്ഥം. സ്വലാത്ത് എന്ന പദത്തിന്റെ ധാതു തന്നെ ഈ യാഥാര്‍ത്ഥ്യം സൂചിപ്പിക്കുന്നുണ്ട്.

അനിവാര്യമായ ഈ സുഹ്ബതിന്റെ സാന്നിധ്യമാണ് ഒരു വിശ്വാസിയെ സൃഷ്ടികുന്നത്. പ്രവാചകര്‍ (സ) യുടെ കാലത്ത് ജീവിച്ച അനുചരര്‍ക്ക് ആന്തരികവും ബാഹ്യവുമായ സുഹ്ബത്ത് അനുഭവിക്കാന്‍ കഴിഞ്ഞു. അത് കൊണ്ടാണ് ചരിത്രം അവരെ സ്വഹാബികള്‍ എന്ന് പേരിട്ടു വിളിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഈ സുഹ്ബത്തിനെ ഇസ്ലാമിന്റെ അടിസ്ഥാന ശിലയെന്ന വിളിക്കാം. അനിവാര്യമായ ഈ സുഹ്ബത്തിന്റെ അഭാവമാണ് കര്‍മപരമായും വിശ്വാസപരമായും വൈകല്യങ്ങളുള്ള ആള്‍കൂട്ടത്തെ സൃഷ്ടിക്കുന്നത്. അവര്‍ ഗോത്രപരവും സാമുദായികവുമായി മുസ്‌ലിംകള്‍ ആകുമ്പോഴും വിശ്വാസപരമായ ഊര്‍ജ്ജം അവര്‍ക്ക് കൈമോശം വന്നുപോകുന്നു. ഈയൌരു സമസ്യക്ക് പരിഹാരമെന്നോണം നടത്തപ്പെടുന്ന ഉത്ബോധന ക്ലാസുകളും നവോത്ഥാന പ്രവര്‍ത്തനങ്ങളും വെളിച്ചം കാണാതെ പോകുന്നത് മറ്റൊന്ന് കൊണ്ടുമല്ല, അനിവാര്യമായ ഈ സുഹ്ബത്തിന്റെ അഭാവത്തില്‍ അവര്‍ക്ക് നഷ്ടമാകുന്നത് മതത്തിന്റെ ആദ്യ ശിലയാണെന്ന് അവര്‍ തിരിച്ചറിയാതെ പോകുന്നു.

ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വമായ തൗഹീദ്‌ മനസ്സിലാക്കുന്നിടത്ത് വന്ന വലിയ പാളിച്ചയാണ് പുണ്യ പ്രവാചകരുടെ ജന്മദിനത്തില്‍ ഒത്തിരി സന്തോഷിക്കുന്നത് പോലും നിഷിധമെന്നു ഫത്‌വ ഇറക്കാന്‍, അക്ഷരങ്ങള്‍ കൂട്ടിവായിച്ച് ബുദ്ധിക്കു യോചിച്ചതിനെ മാത്രം സ്വീകരിക്കുന്ന ചില നാമമാത്ര പണ്ഡിതന്മാരെ പ്രേരിപ്പിക്കുന്നത്.

വിശ്വാസികള്‍ക്ക് രണ്ട് ആഘോഷങ്ങളെ ഇസ്ലാം അനുവദിക്കുന്നുള്ളൂ എന്നാണ് ഇവര്‍ വാദിച്ചു വരുന്നത്. ഈ രണ്ട് ആഘോഷങ്ങളുടെ തന്നെയും അന്തസത്ത മനസ്സിലാക്കാതെയാണ് അവര്‍ ഈ വാദം ഉന്നയിക്കുന്നത് എന്ന് വേണം മനസ്സിലാക്കാന്‍. പ്രവാചകര്‍(സ) യുടെ സാന്നിധ്യവും സ്നേഹവും മാറ്റി നിര്‍ത്തി ഒരു വിശ്വാസിക്ക് എങ്ങനെയാണ് ഈദുല്‍ ഫിതറും ഈദുല്‍ അള്ഹയും ആഘോഷിക്കാന്‍ സാധിക്കുക. ഇസ്ലാമിക വീക്ഷണത്തില്‍ ആഘോഷം എന്ന് പറയുമ്പോള്‍ കേവലമായ ആഹ്ലാദമോ, ആത്മീയ മാനങ്ങളില്ലാത്ത ഒരു ഭൗതികമായ വൈകാരിക പ്രകടനങ്ങളോ അല്ല. ഇസ്ലാമിന്റെ ആഘോഷങ്ങളെ അന്യ ആഘോഷങ്ങളുമായി കൂട്ടി വായിക്കുമ്പോഴാണ് ഈ മിഥ്യാ ധാരണയുണ്ടാകുന്നത്.

മുസ്‌ലിമിന്റെ സര്‍വ്വ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും അടിത്തറ മുഹമ്മദുറസൂലുല്ലാഹിയാണ്. അവന്റെ സന്തോഷങ്ങളിലും ആഘോഷങ്ങളിലും മുഹമ്മദുറസൂലുല്ലാഹി മാറി നില്‍ക്കുമ്പോള്‍ അവനില്‍ നിഫാഖും (കാപട്യം) ഫിസ്കും (ദുര്‍ നടപ്പ്) വന്നുചേരുന്നുവെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

“നിങ്ങളുടെ മാതാപിതാക്കളോ സന്താനങ്ങളോ കൂടപ്പിറപ്പുകാളോ ഇണകാളോ മറ്റു കുടുമ്പങ്ങളോ, നിങ്ങള്‍ സമ്പാദിച്ച ധനങ്ങളോ നിങ്ങള്‍ നഷ്ടം ഭയപ്പെടുന്ന കച്ചവടമോ, നിങ്ങള്‍ ഇഷ്ടപ്പെടുന്ന പാര്‍പ്പിടങ്ങളോ അല്ലാഹുവിനേക്കാളും അവന്റെ റസൂലിനെക്കാളും അവന്റെ മാര്‍ഗ്ഗത്തിലുള്ള ജിഹാദിനേക്കാളും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതാണെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷയെ നിങ്ങള്‍ പ്രതീക്ഷിച്ചിരിക്കുക. തെമ്മാടികള്‍ക്ക് അള്ളാഹു സന്മാര്‍ഗ്ഗം നല്‍കുകയില്ല.” (തൗബ – 24)

മേല്‍പ്പറഞ്ഞ ഖുര്‍ആനിക സൂക്തം ഒരു വിശ്വാസിയുടെ മനസ്സ് അല്ലാഹുവിന്റെയും മുഹമ്മദു റസൂലുള്ളാഹിയുടെയും സാന്നിധ്യത്തിലും സ്നേഹത്തിലും ജീവിതത്തിന്റെ സര്‍വ്വ മേഘലകളിലും നിലകൊള്ളണമെന്ന് പഠിപ്പിക്കുന്നു.

പരിശുദ്ധ റമളാന്‍ മാസത്തിന്റെ ഏറ്റവും വലിയ പവിത്രതതയായി അല്ലാഹു പരിചയപ്പെടുത്തുന്നത് റസൂല്‍ (സ) ക്ക് ഖുര്‍ആന്‍ അവതരിച്ചതാണ്‌. അപ്പോള്‍ റസൂല്‍ (സ) യെ മാറ്റി നിര്‍ത്തി ഒരു റമളാന്‍ മാസത്തെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല.

ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ആത്യന്തിക ലക്ഷ്യമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് സൃഷ്ടാവായ അല്ലാഹുവിന്റെ ലിഖാ ആണ്. അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി നോമ്പനുഷ്ടിച്ചവന് അല്ലാഹു നല്‍കുന്ന സമ്മാനമാണ് ഈദ്. നോമ്പിലൂടെ സ്വന്തം ഇച്ഛകളെ ത്യജിച്ച് വിശ്വാസി അല്ലാഹുവിനെയും അവന്റെ റസൂലിനെയും പ്രാപിക്കുന്നു. ഈദ് കൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത് പരിശുദ്ധനായ റബ്ബിലേക്കുള്ള മടക്കമാണ്. മുഹമ്മദുര്‍റസൂലുല്ലാഹിയെ മാറ്റിവെച്ച് ഒരാള്‍ക്കും അല്ലാഹുവിനെ പ്രാപിക്കാനോ അവന്റെ ലിഖാ ആസ്വദിക്കാനോ കഴിയില്ല.

ബലി പെരുന്നാളില്‍ വിശ്വാസി ശരീരം തന്നെ റബ്ബിനു ബലി നല്‍കുന്നു. പ്രവാചകരായ ഇബ്രാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും ത്യാഗപൂര്‍ണമായ ജീവിതം ഓര്‍ത്തെടുക്കുകയല്ല വിശ്വാസി ഹജ്ജിലൂടെ ചെയ്യുന്നത്. മറിച്ച് ഹജ്ജിലൂടെ അവന്‍ ഖലീലുല്ലാഹിയായ ഇബ്രാഹീം ആയിമാറുന്നു. ത്യാഗ സന്നദ്ധനായ ഇസ്മാഈലും ഹാജറയുമായി മാറുന്നു. അങ്ങനെ അല്ലാഹുവിന്റെ സമീപസ്തനായി മാറുമ്പോള്‍ വിശ്വാസിക്ക് അല്ലാഹു സമ്മാനമായി ഈദ് നല്‍കുന്നു. ഈദ് എന്ന് പറഞ്ഞാല്‍ അല്ലാഹുവിലേക്കുള്ള മടക്കം. പരിശുദ്ധ കലിമയിലെ അല്ലാഹുവിന്റെ ഹബീബായ പ്രവാചകരെ മാറ്റിനിര്‍ത്തി എങ്ങനെയാണ് അല്ലാഹുവിലേക്ക് മടങ്ങാന്‍ സാധികുക്ക.

ഇസ്ലാമിക ആഘോഷങ്ങളുടെ അന്തസത്ത മനസ്സിലാക്കുമ്പോള്‍ ഈദുല്‍ ഫിഥറിനും ഈദുല്‍ അള്ഹക്കും പുണ്യ പ്രവാചകരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വലിന്റെ വര്‍ണ്ണവും വസന്തവുമാണെന്ന് ഉളളതെന്നു മനസ്സിലാക്കാന്‍ സാധിക്കും. സര്‍വ്വ നന്മയുടെയും അനുഗ്രഹത്തിന്റെയും സന്തോഷത്തിന്റെയും തുടക്കം ഈ റബീഉല്‍ അവ്വല്‍ തന്നെ.


സാലിഹ് മഹ്ബൂബി