Top pics

6/recent/ticker-posts

മുഹര്‍റം വിഷേശങ്ങള്‍, അനുസ്മരണങ്ങള്‍മുഹര്‍റം മാസം ചരിത്രത്തില്‍ വളരെ സവിശേഷതകള്‍ നിറഞ്ഞ ഒരു മാസമാണ്. അറബി കലണ്ടറിലെ ആദ്യമാസമെന്നതിനേക്കാളേറെ അതിനെ ശ്രദ്ധേയമാക്കുന്ന മറ്റു പ്രത്യേകതകള്‍ അനേകമുണ്ട്. തിരുനബി(സ)യുടെ ഹിജ്‌റയില്‍ നിന്നു തുടങ്ങുന്ന അറബിക് കലണ്ടറിന്റെ തുടക്കമാവാനും മുഹര്‍റമിന് കഴിഞ്ഞത് അതിന്റെ ശ്രേഷ്ഠത കൊണ്ടാണെന്നു പറയാതെ വയ്യ. ആശൂറാ എന്നു വിളിക്കപ്പെടുന്ന പത്താമത്തെ ദിവസമാണ് മുഹര്‍റമിലെ ഏറ്റവും ശ്രദ്ധേയ ദിവസം.

ഹസ്‌റത് ഗൗസുല്‍ അഅളം ഖുതുബുല്‍ അഖ്താബ് ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖ.സി.അ) മഹാനവര്‍കള്‍ അവിടുത്തെ പ്രസിദ്ധമായ ഗുന്‍യതുത്വാലിബീന്‍ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നുണ്ട്: "ഉലമാക്കള്‍ക്കിടയില്‍ ഈ ദിവസത്തിന് എന്തുകൊണ്ടാണ് ആശൂറാ എന്നു പേര് വെക്കപ്പെട്ടതിനെക്കുറിച്ചു വ്യത്യസ്തമായ നിലപാടുകളാണുള്ളത്. മുഹര്‍റം മാസത്തിലെ പത്താം ദിവസമായതിനാലാണ് അത്തരത്തില്‍ പേര് വന്നതെന്നാണ് പൊതുവായി അംഗീകാരം നേടിയ അഭിപ്രായം. ഉമ്മതു മുഹമ്മദിയ്യയെ അല്ലാഹു അനുഗ്രഹിച്ച ദിവസങ്ങളില്‍ പത്താമത്തേതാണ് എന്നതുകൊണ്ടാണ് ആശൂറാ അഥവാ പത്താമത്തേത് എന്ന പേര് വന്നതെന്നും വ്യാഖ്യാനമുണ്ട്."

ആശൂറാ ദിനത്തിന്റെ സവിശേഷതകള്‍ താഴെ പറയാം:

1. ആകാശങ്ങളും ഭൂമിയും ലൗഹു ഖലമുകളും നിലവില്‍ വന്നത് അന്നാണ്. അല്ലാഹുവിന്റെ തിരുപ്രകാശമായ മുഹമ്മദീയ യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ഇവ രൂപം കൊണ്ടത്. മുഹമ്മദീയ യാഥാര്‍ത്ഥ്യത്തിന് പ്രകാശം, പേന, ബുദ്ധി, ഫലകം എന്നീ നാലു തലങ്ങളുണ്ട്. ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് സൃഷ്ടിയുടെ തുടക്കം. അല്ലാഹു പറയുകയുണ്ടായല്ലോ: "ആദ്യമായി അല്ലാഹു പടച്ചത് മുഹമ്മദീയ പ്രകാശത്തെയാണെന്ന്." മറ്റു ചിലയിടങ്ങളില്‍ പേനയെ ആണെന്നും ബുദ്ധിയെ ആണെന്നും ഫലകത്തെയാണെന്നും പരാമര്‍ശമുണ്ട്. ഇതെല്ലാം ഒരേ സംഗതിയുടെ വിവിധ തലങ്ങളായിരുന്നു. അതില്‍ നിന്നു ലോകത്തിന്റെ പിറവിയിലേക്കുള്ള തുടക്കമായിരുന്നു ആകാശഭൂമികളുടെ സൃഷ്ടിപ്പ്. ഈ സൃഷ്ടിപ്പു തുടങ്ങിയ ഘട്ടത്തിനു തന്നെയാണ് ഒരു വര്‍ഷത്തിന്റെ തുടക്കമാവാനുള്ള അര്‍ഹതയും.

2. ഈ ദിവസത്തില്‍ തന്നെയാണു ഹസ്‌റത് ആദമിന്റെയും ഹവ്വയുടെയും സൃഷ്ടിപ്പുണ്ടാവുന്നതും. മനുഷ്യ വംശ സൃഷ്ടിയുടെ ആരംഭവും. അതിനാല്‍ സൃഷ്ടി ചരിത്രത്തെപ്പോലെ മനുഷ്യചരിത്രവും ആരംഭിക്കുന്നത് മുഹര്‍റമുല്‍ ഹറാമിലാണ്.

3. ആദം നബി(അ) ഭൂമിയിലെത്തിയ ശേഷം ഇവിടേക്കു വരാന്‍ കാരണമായ പഴം ഭക്ഷിച്ച സംഭവത്തില്‍ നിന്നു മുക്തി നേടാനും സ്വര്‍ഗീയനില കൈവരിക്കാനുമായി നൂറ്റാണ്ടുകളോളം പ്രാര്‍ത്ഥനയിലായിരുന്നു. മനുഷ്യന്‍ ഭൂമിയിലെത്തേണ്ടി വന്ന ആ സംഭവത്തില്‍ നിന്നു രക്ഷപ്പെടാനായത് മനുഷ്യവംശത്തിന്റെ തന്നെ സുപ്രധാനമായ ഒരു ഏടാണ്. അതിന്റെ നേട്ടമാണ് നാമോരുരത്തരും ഇന്നനുഭവിക്കുന്നത്. തൗബ സ്വീകരിക്കാനും അല്ലാഹു തെരഞ്ഞെടുത്ത ദിനം ഇതായിരുന്നു.

4. ഹസ്‌റത് നൂഹ് നബി(അ)യുടെ പേടകം ഥൂഫാനു ശേഷം കരയടിഞ്ഞതു ഇതേ മാസമാണ്. മനുഷ്യവംശത്തെയാകെ സൃഷ്ടി പ്രക്രിയയുടെ പുതിയ ഘട്ടത്തിലേക്കു മാറ്റിയ സംഭവമായിരുന്നു പ്രളയം. ഒരു തരത്തില്‍ ലോകമവസാനിക്കുകയും വീണ്ടും തുടങ്ങുകയും ചെയ്തു. ചരിത്രത്തിന്റെ പുതുദിനം. അതും മുഹര്‍റമില്‍ ഒരു തുടക്കത്തെ നമുക്കു കാണിച്ചു തരുന്നു.

5. ഇബ്രാഹീം നബി(അ)യുടെ ഖലീലുളളാ പദവി ചരിത്രത്തിന്റെ മറ്റൊരു സുപ്രധാന ഘട്ടമായിരുന്നു. അതു സംഭവിച്ചതും ആശൂറാ ദിനത്തിലാണ്. അദ്ദേഹമാണ് ആദ്യമായി മുസ്ലിം എന്നു പേര് വെച്ചതെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. ഖലീലുള്ള എന്ന സുപ്രധാന പദവിയിലൂടെ ഇബ്രാഹീം നബി(അ)യുടെ കേന്ദ്രത്തെ ലോകത്തിന്റെ കേന്ദ്രവും വിശ്വസംസ്‌കാരത്തിന്റെ ആസ്ഥാനവുമാക്കി മാറ്റുകയായിരുന്നു.

6. ചരിത്രത്തിലെ മറ്റൊരു സുപ്രധാന സംഭവ വികാസമായിരുന്നു സ്വന്തം പുത്രന്റെ തിരോധാനം മൂലം കനത്ത വിഷമമനുഭവിച്ചിരുന്ന, ഇസ്രയേല്‍ വംശത്തിന്റെ പോലും തുടക്കക്കാരനെന്നു പറയാവുന്ന ഒരു മഹാ പ്രവാചകനുമായ യഅ്ഖൂബ്‌നബി(അ) ഭാവിസമൂഹത്തിനായി തന്റെ നേതൃത്വ പ്രാതിനിധ്യം ഏല്‍പ്പിക്കാനായി പുത്രന്‍ യൂസുഫ് നബിയെ കണ്ടെത്തുന്നത്.

7. ചരിത്രത്തില്‍ വലിയ നിയോഗമെന്നോണം പ്രവാചകരായിരുന്ന ഇദരീസ് നബി(അ)യെ ആകാശത്തേക്കുയര്‍ത്തപ്പെട്ടതും ഇതേ ദിവസം.

8. പ്രവാചകന്മാരില്‍ പ്രധാനിയായ അയ്യൂബ് നബി(അ)യുടെ രോഗം ചരിത്ര വായനയിലെ മറ്റൊരു സുപ്രധാന അധ്യായമാണ്. ആ രോഗം ഭേദമായതും ഇതേ ദിനത്തില്‍.

9. പ്രവാചകരായിരുന്ന യൂനുസ്‌നബി(അ)യെ മത്സ്യം വിഴുങ്ങുകയുണ്ടായി. തന്റെ പ്രവാചകത്വ ദൗത്യത്തോട് ജനങ്ങള്‍ കാണിച്ച കൊള്ളരുതായ്മകളില്‍ മനംമടുത്തുള്ള യാത്രയിലായിരുന്നു സംഭവം. അങ്ങനെ അദ്ദേഹം മത്സ്യത്തിന്റെ വയറ്റിലായത് മനുഷ്യവംശത്തിനു തന്നെ പ്രതിസന്ധിയായിരുന്നു. മത്സ്യത്തിന്റെ വയറ്റിനകത്തു നിന്നും അവര്‍ പുറത്തെത്തി വീണ്ടും ജനതയെ അഭിമുഖീകരിക്കാന്‍ നിയോഗിക്കപ്പെട്ടതും ഇതേ ദിവസത്തിലായിരുന്നു.

10. ദാവൂദ് നബി(അ)യായിരുന്നു ജ്ഞാനത്തിന്റെയും രാജാധികാരത്തിന്റെയും വലിയൊരു തുടക്കത്തിനു കാരണക്കാരനായ പ്രവാചകന്‍. മഹാനവര്‍കള്‍ എല്ലാറ്റിന്റെയും ആധിപത്യം വീണ്ടെടുത്തവരായിരുന്നു. തന്റെ ജീവിതത്തില്‍ തെറ്റുകളൊന്നും സംഭവിക്കാത്ത ഒരു ദിവസം സാധ്യമാണെന്ന് അദ്ദേഹം മനസ്സില്‍ കരുതി. എന്നാല്‍ അല്ലാഹുവിന്റെ അലംഘനീയമായ വിധി പ്രകാരം തന്റെ കാഴ്ചയില്‍ അനുയോജ്യമല്ലാത്ത ചിലതു അദ്ദേഹത്തിനു കാണേണ്ടി വരികയും അതിനാല്‍ അദ്ദേഹം പശ്ചാത്താപത്തിലേര്‍പ്പെടുകയും ചെയ്തു. ഈ പശ്ചാത്താപം സ്വീകരിച്ചതില്‍ മുഴുവന്‍ സമൂഹങ്ങള്‍ക്കും ചില പാഠങ്ങളുണ്ട്. അതും സംഭവിച്ചത് ഈ പവിത്ര മാസത്തിലായിരുന്നു.

11. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ രാജാധിപത്യത്തിന്റെ തുടക്കമായിരുന്നു സുലൈമാന്‍ നബി(അ)യുടേത്. ലോകത്ത് ഒരു ഭൗതിക സ്വര്‍ഗം പണിതീര്‍ക്കാന്‍ അതവസരം നല്‍കി. ആ ഭരണകൂടം തുടങ്ങിയതും ഇതേ ദിനം.

12. ഈസാനബി(അ)യെ ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ട സംഭവം ലോക ചരിത്രത്തിന്റെ നിര്‍ണ്ണായകമായ ഒരു സന്ധിയാണ്. ഇക്കാര്യത്തില്‍ ലോകമതങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം സംഭവിച്ചെങ്കിലും ഹസ്‌റ്ത് ഈസാ നബി(അ) ഇന്നും ആത്മീയ ലോകത്തിനു വെളിച്ചവും വെളിപാടും പകരുന്നവരാണ്. അവരുടെ ആകാശാരോഹണം ഈ ദിനത്തിലെന്നതു വലിയ പ്രത്യേകതകളിലൊന്നാണ്.

13. ഒരു വിവാഹ വിശേഷവും ഈ ദിനത്തിനു പറയാനുണ്ട്. പ്രവാചകത്വത്തിന്റെ ആദ്യകാലങ്ങളില്‍ തിരുനബിയുടെ ആശാകേന്ദ്രമായിരുന്ന ഹസ്‌റ്ത് ബീബി ഖദിജ(റ)യുമായുള്ള വിവാഹം ഈ സുദിനത്തിലാണ് നടന്നത്.

14. ഇമാം ഹുസൈന്‍(റ)വിന്റെ ശഹാദത്തു തന്നെയാണ് ഇന്നു ഈ ദിനത്തിന്റെ ഏറ്റവും വലിയ സംഭവം. മുസ്‌ലിം ലോകത്തിനു പുതിയ വെളിച്ചവും ദിശയും പകര്‍ന്നതായിരുന്നു ആ ദിനം. ലോകത്ത് ഈമാനിന്റെ ധാര അവശേഷിക്കാനും അതു മുന്നോട്ടുപോവാനും ഇന്നു കാണുന്ന രീതിയില്‍ അതിലൂടെ ആളുകള്‍ക്കു പാരത്രിക മോക്ഷം ലഭിക്കാനും കര്‍ബല കാരണമായി. ആ സന്ദേശമാണ് ആശൂറാഇന്റെ ഇന്നത്തെ മുഖ്യതലം.

15. ഇത്രയും പറഞ്ഞത് ചിലതു മാത്രം. ഈ ദിനത്തില്‍ പിന്നീട് സംഭവിച്ച പലതും എണ്ണപ്പെടേണ്ടതായുണ്ട്. ഏതായാലും അന്ത്യദിനത്തിനു സാക്ഷിയാകാനും വിധിക്കപ്പെട്ടത് ഈ ആദ്യദിനം തന്നെയാണെന്നാണ് വ്യക്തമായിട്ടുള്ളത്.

മൂസാനബി(അ)യെയും ഇസ്രാഈല്യരെയും ഫറോവാ ചക്രവര്‍ത്തിയില്‍ നിന്നും രക്ഷപ്പെടുത്തിയതും തൗറാത് അവതരിപ്പിച്ചു നല്‍കിയതും ഇതേ ദിനത്തിലാണെന്നു പറയപ്പെട്ടിട്ടുണ്ട്. ആകാശത്തില്‍ നിന്നു ആദ്യമായി അല്ലാഹുവിന്റെ കാരുണ്യവും മഴയും വര്‍ഷിച്ച ദിവസവും ആശൂറായുടെ ദിനമാണെന്നു പറയപ്പെട്ടിട്ടുണ്ട്.

മുഹര്‍റം ഒന്നിനായിരുന്നു രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്താബ് (റ)വിന്റെ വിടവാങ്ങല്‍.

കലിമയുടെ ആത്മീയഗുരുപരമ്പര അഹ്‌ലുബൈത് ഇമാമുമാരില്‍ നിന്നേറ്റെടുത്ത സയ്യിദുനാ മഅറൂഫുല്‍ കര്‍ഖി(റ) മുഹര്‍റം രണ്ടിനാണു വിസ്വാലായത്. അഞ്ചിനു ഹസ്‌റത് നിസാമുദ്ദീന്‍ ഔലിയായുടെ ഗുരുശ്രേഷ്ടരായിരുന്ന ഖാജാ ഫരീദുദ്ദീന്‍ ഗഞ്ചശക്കര്‍(റ) പാക്ക്പട്ടണില്‍ വെച്ചു വിസ്വാലായി. മുഹര്‍റം പതിനെട്ടിനു ഇമാം ഹുസൈന്‍(റ)വില്‍ നിന്നു കലിമയുടെ ആത്മീയ പരമ്പരയുടെ ഖിലാഫത് ലഭിച്ച പുത്രന്‍ ഇമാം സജ്ജാദ് സയ്യിദ് സൈനുല്‍ ആബിദീന്‍(റ) വഫാതാവുകയുണ്ടായി. ഇമാം ശാ വലിയുള്ളാഹിദ്ദഹ്‌ലവി മുഹര്‍റം 29നായിരുന്നു വഫാതായത്.

മുഹര്‍റം ഏഴിനു നടന്ന ഖൈബര്‍ യുദ്ധം മറ്റൊരു പ്രധാന സംഭവമാണ്. കേരളത്തില്‍ സയ്യദ് മമ്പുറം തങ്ങള്‍ വിസാലായതും ഇതേ ദിനം. മുഹര്‍റം നാലിനു ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ)വിന്റെ ഖിലാഫത് ആരംഭിക്കുകയുണ്ടായി. മുഹര്‍റം പതിനേഴിനു ചരിത്രപ്രസിദ്ധമായ അസ്ഹാബുല്‍ ഫീല്‍ അഥവാ വിശുദ്ധ കഅ്ബ തകര്‍ക്കാന്‍ വന്ന അബ്‌റഹത്തിനെയും സൈന്യത്തെയും അല്ലാഹു കരിച്ചുകളഞ്ഞ സംഭവത്തിനു സാക്ഷിയായി.

പി. സി. ജലീൽ മഹ്ബൂബി