Top pics

6/recent/ticker-posts

സൂഫിവര്യൻ്റെ ഭാര്യ


ഗുരുനാഥൻ കഥ പറഞ്ഞുതുടങ്ങി,

കഥ കേൾക്കാനായി ഞങ്ങൾ കാതു കൂർപ്പിച്ചു നിന്നു. എനിക്കാദ്യമേ നിശ്ചയമായിരുന്നു ഹൃദയങ്ങൾക്കകത്ത് സുദൃഢമായൊരു കുറിമാനം വീഴ്ത്തുന്നതായിരിക്കും ഈ വിവരണം. അതാവുകയും ചെയ്യും.

പഴയ കാലങ്ങളിൽ നിന്നുള്ള ഒരു മഹാനായ സൂഫിവര്യന്റെ കഥയായിരുന്നു അത്. ഒരു സാധാരണ സ്ത്രീയായിരുന്നു അവരുടെ ഭാര്യ. അവർക്ക് കുട്ടികളുമുണ്ടായിരുന്നു. എന്നാൽ ഭർത്താവിന്റെ ഭക്തിയിൽ ഭാര്യക്ക്‌ അത്ര തൃപ്തി ഉണ്ടായിരുന്നില്ല. ജനങ്ങളിൽ നിന്ന് എന്ത് കാരണമാണ് ഇത്ര വലിയ ബഹുമാനം ലഭിക്കാൻ കാരണമെന്ന് അവർ അത്ഭുതം കൂറിയിരുന്നു. തന്നെ പോലൊരു സാധാരണക്കാരനായി മാത്രമാണ് ഭർത്താവിനെയും അവർ കണ്ടത്. ഭാര്യയുടെ മതിപ്പ് കൂട്ടാൻ ഒരവസരം പാർത്തിരിക്കുകയായിരുന്നു സൂഫിവര്യൻ .

അങ്ങനെയിരിക്കെ, അവരുടെ പരിസരത്ത് ഒരു മഹാനായ ഫഖീർ വന്നു താമസിക്കാനിടയായി. ഈ ഫഖീറിനെ ചൊല്ലി നാട്ടിലാകെ ശ്രുതി പരന്നു. സൂഫിവര്യരുടെ ഭാര്യയും ഇതു കേട്ടറിഞ്ഞു. പലരും ഭക്ഷണപാനീയങ്ങൾ തയ്യാറാക്കി ഫക്കീറിനു കൊടുത്തയക്കുമായിരുന്നു. സൂഫിവര്യന്റെ ഭാര്യക്കും അങ്ങനെയൊരു ആഗ്രഹമുദിച്ചു .

അതിനിടെ ഒരു ദിവസം, സൂഫിവര്യൻ തന്റെ ഭാര്യയോട്‌ അതിഥിക്ക് വേണ്ടി ഭക്ഷണമുണ്ടാക്കാൻ പറഞ്ഞു. പത്തിരിയും ഇറച്ചിയും. ഭാര്യ ഭക്ഷണമെല്ലാം തയ്യാറാക്കി വെച്ചു. അതിഥിയെ കാണാഞ്ഞ് ഭാര്യ ആരാഞ്ഞു: "ഇതാർക്കു വേണ്ടിയാണ്"

“ഈ ഭക്ഷണം ഇന്നാലിന്ന ഫക്കീറിനു വേണ്ടി. ഇതു നീ തന്നെ അദ്ദേഹത്തിനു കൊണ്ടു പോയി കൊടുക്കണം.” ഭാര്യക്കു സന്തോഷമായി. പക്ഷെ ഫക്കീർ തമ്പടിച്ചിരുന്നത് പുഴയ്ക്കു അക്കരെയായിരുന്നു. മുറിച്ചു കടക്കാൻ പാലങ്ങളൊന്നുമില്ല. ഭാര്യയ്ക്കു സംശയമായി.

സൂഫിവര്യൻ ഇങ്ങനെ പറഞ്ഞു: “നീ ഭക്ഷണപാത്രവുമായി ചെന്ന് പുഴയ്ക്കരികിൽ എത്തുമ്പോൾ ഇങ്ങനെ പറയുക: ജീവിതത്തിലിന്നു വരെ ഒരു സ്ത്രീയെയും സ്പർശിക്കാത്തൊരു മഹാനാണ് എന്നെ പറഞ്ഞയച്ചത് . അതു കൊണ്ട് വഴിമാറുക."

ഭാര്യ അതേ പടി തന്നെ ചെയ്തു. അത്ഭുതം സംഭവിച്ചു. പുഴ രണ്ടായി വഴി മാറി. അവർ മുറിച്ചുകടന്ന്‌ ഫക്കീറിൻറെ അരികിലെത്തി. അവരുടെ സൽക്കാരം ഫക്കീർ സന്തോഷത്തോടെ തന്നെ സ്വീകരിച്ചു . ഉടനെ കഴിക്കാനും തുടങ്ങി. കഴിച്ചു തീർന്നു പാത്രങ്ങൾ തിരിച്ചു നൽകി. ഭാര്യ തിരിച്ചു നടക്കാനൊരുങ്ങുമ്പോൾ പുഴ വീണ്ടും തടസ്സമായി. തിരിച്ചുവന്ന് ഫക്കീറിനോട് പരാതി പറഞ്ഞു .

ഫക്കീർ ഇങ്ങനെ മൊഴിഞ്ഞു: “പുഴയോട് പറയുക, ജീവിതത്തിൽ ഇതു വരെ ഭക്ഷണത്തിന്റെ രുചിയറിയാത്ത മഹാനാണ് എന്നെ തിരിച്ചയക്കുന്നത്. അതു കൊണ്ട് വഴി മാറുക.” ഭാര്യ അതു തന്നെ ചെയ്തു.

അത്ഭുതം വീണ്ടും സംഭവിച്ചു. പുഴ രണ്ടായി മാറി. ഭാര്യ സുഗമമായി വീട്ടിൽ തിരിച്ചെത്തി. അവരുടെ ഞെട്ടൽ മാറിയില്ല. തനിക്ക് ഭർത്താവിൽ കുട്ടികളുണ്ട്. ഇതു വരെ സ്ത്രീയെ തൊട്ടിട്ടില്ലെന്നു എങ്ങനെ പറയും. പിന്നെ, ഫക്കീർ തന്റെ മുന്നിൽ വെച്ചാണ് നല്ല ഇറച്ചിയും പത്തിരിയും ആമോദത്തോടെ കഴിച്ചു തീർത്തത്. ഭക്ഷണത്തിന്റെ രുചി അറിഞ്ഞിട്ടില്ലെന്ന് അവരെങ്ങനെ പറയും .

ഭാര്യ തൻറെ സംശയം ഭർത്താവിന്റെ മുന്നിൽ വെച്ചു. സൂഫിവര്യൻ ഭാര്യയോട് കാത്തിരിക്കാൻ പറഞ്ഞു. തനിയെ മനസ്സിലാക്കാൻ ഒരവസരം വരട്ടെ.

അതിനിടെ ഭാര്യയുടെ കൂട്ടുകാരികളിൽ ഒരാൾ അടുത്ത ദിവസം നടക്കുന്ന മകളുടെ കല്യാണത്തിന് അവരെ ക്ഷണിക്കാനായി വന്നു. കല്യാണത്തിനു പോവാൻ സൂഫിവര്യനിൽ നിന്നു ഭാര്യ സമ്മതം വാങ്ങി.

“പക്ഷെ ഒരു നിബന്ധനയുണ്ട്. കയ്യിൽ ഒരു വിളക്ക് കത്തിച്ചു വെച്ചായിരിക്കണം കല്യാണത്തിന് പോവേണ്ടത്. അത് കേട്ടു പോയാൽ അതോടെ നമ്മുടെ ബന്ധം വേർപെടും.” സൂഫിവര്യൻ ഉപാധി വെച്ചു.

ഭാര്യ സമ്മതമായി കല്യാണത്തിനു പുറപ്പെട്ടു. വിളക്ക് കേട്ടു പോവാതിരിക്കാൻ അതീവ ശ്രദ്ധ വെച്ചു. വൈകിട്ട് തിരിച്ചു വന്നപ്പോൾ അവരുടെ കയ്യിലെ വിളക്ക് കെടാതെ ബാക്കിയുണ്ടായിരുന്നു. സൂഫിവര്യന് അത്ഭുതമായി. അവരോട് കല്യാണത്തിൻറെ വിശേഷങ്ങൾ ആരാഞ്ഞു. വധു സുന്ദരിയായിരുന്നോ? എന്തായിരുന്നു വസ്ത്രം? നിറമെന്തായിരുന്നു? ഭക്ഷണം എന്തൊക്കെയായിരുന്നു?.

ഭാര്യക്ക്‌ പക്ഷെ ഉത്തരം പറയാനായില്ല. അപ്പോൾ നീ കല്യാണത്തിൽ പങ്കെടുത്തില്ലേ. അതെ, പങ്കെടുത്തു. ഭക്ഷണം കഴിച്ചില്ലേ. അതെ, കഴിച്ചു. പക്ഷെ അവരുടെ ശ്രദ്ധ വിളക്കിലായിരുന്നു.

ഇതായിരുന്നു സൂഫിവര്യൻ തന്റെ ഭാര്യക്കായി കാത്തു വെച്ച ഉത്തരം. അകത്തെ വിളക്ക് ഞങ്ങൾ എപ്പോഴും കെടാതെ നോക്കുന്നു. ബാഹ്യ ലോകത്ത് ഞങ്ങൾ പങ്കെടുക്കുന്നുണ്ട്. എന്നാൽ അകത്തുള്ള വിളക്കിലെ ശ്രദ്ധ ഞങ്ങളെ കീഴ്പെടുത്തിയിരിക്കുന്നു.

ഇപ്പോൾ ഞാനറിഞ്ഞു. ഇതെന്നോട് കൂടിയാണ്. ഭൗതിക ലോകത്തായിരിക്കും നിന്റെ ശരീരകർമ്മങ്ങൾ. എന്നാൽ അകത്തെ വിളക്കെപോഴും കെടാതെ നിർത്തുക.

അലി അസ്കർ മഹ്ബൂബി