Top pics

6/recent/ticker-posts

മഅ്റൂഫുല്‍ കര്‍ഖി(റ)വും യുവാക്കളും

ഒരു ദിവസം മഅ്റൂഫുല്‍ കര്‍ഖി(റ) മഹാനവര്‍കളും ശിഷ്യന്മാരും ഒരു വഴിയിലൂടെ നടന്നുപോകുകയാണ്. ആ സമയം, അതുവഴി ചെറുപ്പക്കാരുടെ ഒരു സംഘം കടന്നുപോയി. ടൈഗ്രീസ് നദി മുറിച്ചുകടക്കാന്‍ കടത്തു വഴി പോകുകയാണവര്‍. അവര്‍ നല്ല ആഘോഷത്തിമര്‍പ്പിലായിരുന്നു. കുടിച്ചു കൂത്താടി, ആര്‍ത്തുല്ലസിച്ചും അട്ടഹസിച്ചും അതാ അവരങ്ങനെ നീങ്ങുന്നു.

മഹാനവര്‍കളുടെ ശിഷ്യന്മാര്‍ക്ക് ഇതുകണ്ട് അതൃപ്തിയായി. അവര്‍ ആവശ്യപ്പെട്ടു. മഹാനവര്‍കളെ, അവര്‍ തോണിയില്‍ കയറുമ്പോള്‍ അവരെല്ലാം മുങ്ങിമരിക്കട്ടെ. അങ്ങു ദുആ ചെയ്യണം. എന്നാല്‍ അവരുടെ ശല്യം ഇനി ലോകത്തിന് ഉണ്ടാവില്ലല്ലോ.

മഹാനവര്‍കള്‍ അല്‍പനേരം മൗനം പാലിച്ചു. എന്നിട്ട് അവരോട് കൈകള്‍ ഉയര്‍ത്തി ദുആയ്ക്ക് കൂടെ പറയാന്‍ കല്‍പന ചെയ്തു. മഹാനവര്‍കള്‍ ഇപ്രകാരം ദുആ ചെയ്തു. രക്ഷിതാവേ, നീ ഈ ചെറുപ്പക്കാര്‍ക്ക് ഈ ലോകത്ത് സന്തോഷം നല്‍കി. പരലോകത്തെ സന്തോഷവും നീ അവര്‍ക്ക് നല്‍കേണമേ.

ശിഷ്യന്മാര്‍ ആമീന്‍ പറഞ്ഞു. എന്നാല്‍ ശൈഖി ന്റെ ദുആയുടെ പൊരുള്‍ അവര്‍ക്ക് പിടി കിട്ടിയില്ല. അവര്‍ ആരാഞ്ഞു. എന്താണ് ഈ ദുആയുടെ പൊരുള്‍. ഞാന്‍ ആരോടാണോ ചോദിച്ചത് അവനാണ് പൊരുള്‍ അറിയുന്നവന്‍. നിങ്ങള്‍ കാത്തിരിക്കുക. രഹസ്യം വെളിവാകുന്നത് വരെ.

അവര്‍ അല്‍പദൂരം കൂടി സഞ്ചരിച്ചു. കുറച്ചിട കഴിഞ്ഞ് നേരത്തെ പറഞ്ഞ ചെറുപ്പക്കാര്‍ മഹാനവര്‍കളുടെ മുഖാമുഖമായി വരാനിടയായി. പെട്ടെന്ന് അവരുടെ കൂട്ടാത്തമെല്ലാം നിലച്ചു പോയി. അവരുടെ കയ്യിലെ മദ്യചഷകങ്ങള്‍ അവര്‍ വലിച്ചെറിഞ്ഞു. പാടിക്കൊണ്ടിരുന്ന വാദ്യങ്ങള്‍ നിലത്തുവീണു. അവരുടെ നില്‍പിലും നോട്ടത്തിലും ഭക്തിയും വിനയവും പ്രകടമായി. മഹാനവര്‍കള്‍ അവരെ ഉപദേശിച്ചു. അവര്‍ അല്ലാഹുവിനോട് തൌബ ചെയ്തു. മഹാനവര്‍കളുടെ ഉത്തമ ശിഷ്യഗണങ്ങളില്‍ പെട്ട ഉന്നതരായി. മഅ്റൂഫുല്‍ ഖര്‍ഖി(റ) മഹാനവര്‍കളുടെ ആദ്യ ശിഷ്യരോടായി പറഞ്ഞു. നിങ്ങളുടെ ആഗ്രഹം ഇതാ സഫലമായി. എന്നാല്‍ ആരും മുങ്ങി മരിച്ചില്ല. വേദന സഹിച്ചില്ല. എന്നാല്‍ എല്ലാവരും ജീവിച്ചു.

അവലമ്പം: ഫരീദുദ്ധീൻ അത്താർ(റ) ന്റെ തിദിക്കിറത്തുൽ ഔലിയ

അസ്കർ മഹ്ബൂബി