Top pics

6/recent/ticker-posts

വിശുദ്ധ കലിമ ഖുർആനിൻ്റെ വെളിച്ചത്തിൽ


അല്ലാഹു പറയുന്നു: "നിന്റെ രക്ഷിതാവിന്റെ കലിമ സത്യസന്ധതയാലും നീതിയാലും പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു". ഇവിടെ നിന്റെ രക്ഷിതാവിന്റെ കലിമകൊണ്ടുള്ള ഉദ്ദേശ്യം വിശുദ്ധ കലിമയാകുന്നു. വിശുദ്ധ കലിമ നമ്മുടെ ഈമാനാകുന്നു. ഹൃദയത്തില്‍ ഈമാന്‍ ഉള്‍കൊണ്ടവരെ സംബന്ധിച്ച് അല്ലാഹു പറയുന്നു:

"അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു ഈമാനിനെ എഴുതുകയും തന്നിൽ നിന്നുള്ള ഒരു ആത്മാവുകൊണ്ട് അവരെ ശക്തിപ്പെടുത്തുകയും ചെയ്തു". ഈമാനിന്റെ ഉടമ എന്നാല്‍ ഹൃദയം കൊണ്ട് തൗഹീദും രിസാലത്തും ദൃഢപ്പെടുത്തിയവരാണ് എന്ന വിശദീകരണം ഇവിടെ ചേര്‍ത്തുവായിക്കണം. വിശുദ്ധകലിമയില്‍ പരിശുദ്ധമായ രണ്ട് അസ്തിത്വങ്ങളെ പ്രതിപാദിക്കുന്നു. ഒന്ന് അല്ലാഹുവിന്റെ പരിശുദ്ധ അസ്തിത്വം. മറ്റൊന്ന് മുഹമ്മദ് റസൂല്‍(സ) തങ്ങളുടെ പരിശുദ്ധ അസ്തിത്വം. ഈരണ്ട് അസ്തിത്വത്തെയും തിരിച്ചറിഞ്ഞ് മനസ്സിലാക്കി വിശ്വസിക്കല്‍ നിര്‍ബന്ധമാകുന്നു. ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു: വിശ്വാസികളെ നിങ്ങള്‍ അല്ലാഹുവിനെകൊണ്ടും അവന്റെ പ്രവാചകര്‍(സ) തങ്ങളെ കൊണ്ടും വിശ്വസിക്കുക.

അല്ലാഹു പറയുന്നു: "അല്ലാഹുവിനെയും അവന്റെ പ്രവാചകര്‍(സ) തങ്ങളെയും ധിക്കരിച്ചവര്‍, നിസ്സംശയം അവര്‍ക്ക് നരകാഗ്നിയുണ്ട്. അവര്‍ അതില്‍ ശ്വാശ്വതരായിരിക്കും". അല്ലാഹു പറയുന്നു: "സത്യം (വിശുദ്ധകലിമ) കൊണ്ടുവരുകയും അതിനെ വാസ്തവമാക്കുക്കയും ചെയ്തവരാണ് സൂക്ഷ്മാലുക്കള്‍, അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്റെ സമീപത്ത് അവര്‍ ഉദ്ദേശിച്ചതുണ്ട്. അതാണ് നന്‍മചെയ്യുന്നവരുടെ പ്രതിഫലം".

അല്ലാഹു പറയുന്നു: "നബിയെ താങ്കള്‍പറയുക, ഗ്രന്ഥകാരെ നിങ്ങളുടെയും ഞങ്ങളുടെയും ഇടയില്‍ തുല്യമായ ഒരു കലിമയിലേക്ക് കടന്നുവരിക". ഈ ആയത്തിന്റെ ഉദ്ദേശ്യം വിശുദ്ധ കലിമയാണെന്ന് അതില്‍നിന്ന് തന്നെ വ്യക്തമാകുന്നു.

അല്ലാഹു പറയുന്നു: "അല്ലാഹു മുഅ്മിനുകളെ സത്യസന്ധമായ വാക്കു (വിശുദ്ധ കലിമ) കൊണ്ട് ഇഹപര ലോക ജീവിതത്തില്‍ സ്ഥിരപ്പെടുത്തുന്നു". ഹസ്രത്ത് അബുഖതാദ(റ) പറയുന്നു: ദുന്യാവില്‍ സത്യവചനം കൊണ്ടുള്ള ഉദ്ദേശ്യം വിശുദ്ധ കലിമയും ആഖിറത്തില്‍, ഖബറിലെ ചോദ്യവും ഉത്തരവുമാകുന്നു.

അല്ലാഹു പറയുന്നു: "അവനു സത്യസന്ധമായ വിളിയുണ്ട്". സത്യസന്ധമായ വിളി അവനുമാത്രം പ്രത്യേകമായതാകുന്നു. സത്യസന്ധമായ വിളി വിശുദ്ധകലിമയാണ്. ഹസ്രത്ത് അലി(റ) പറയുന്നു: ദഅവതുല്‍ഹഖ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് തൗഹീദ് അഥവാ വിശുദ്ധകലിമയാകുന്നു. ഹസ്രത്ത് ഇബ്‌നുഅബ്ബാസ്(റ) വില്‍നിന്നു നിവേദനം: ദഅ്‌വതുല്‍ഹഖ്‌ കൊണ്ടുള്ള ഉദ്ദേശ്യം ലാഇലാഹ ഇല്ലല്ലാ എന്നവചനമാകുന്നു.

അല്ലാഹു പറയുന്നു: "ആരെങ്കിലും അന്തസ്സ് ഉദ്ദേശിക്കുന്നുവെങ്കില്‍, സര്‍വ്വമാന അന്തസ്സും അല്ലാഹുവിനുള്ളതാകുന്നു. വിശുദ്ധകലിമ അവനിലേക്ക് കയറുന്നു. സല്‍കര്‍മ്മങ്ങള്‍ അതിനെ അവനിലേക്ക് ഉയര്‍ത്തുന്നു. വിശുദ്ധകലിമയുടെ ഉദാഹരണം ഒരു പരിശുദ്ധവൃക്ഷത്തെപോലെയാകുന്നു. വിശുദ്ധ ഖുര്‍ആനില്‍ പരിശുദ്ധകലിമയെ ഒരു പരിശുദ്ധ വൃക്ഷത്തോട് ഉപമിച്ചതായികാണാം. അതിന്റെ വേരുകള്‍ ഭൂമിക്കടിയില്‍ അടിയുറച്ചതും ശാഖകള്‍ ആകാശത്തിന്റെ ഉച്ചിയില്‍ പടര്‍ന്നുപന്തലിച്ചതും നിരന്തരമായി ഓരോ സമയത്തും നല്ലഫലവും പുഷ്പവും നല്‍കിക്കൊണ്ടിരിക്കുന്നതുമാകുന്നു.

അള്ളാഹു പറയുന്നു: "അല്ലാഹു കലിമയെ എപ്രകാരമാണ് ഉദാഹരിച്ചതെന്ന് താങ്കള്‍ കണ്ടിട്ടില്ലയോ, വിശുദ്ധ കലിമ വിശുദ്ധവൃക്ഷത്തെപോലെയാണ്. അതിന്റെ വേരുറച്ചതും ശാഖ ആകാശത്തും സദാസമയവും തന്റെ റബ്ബിന്റെ അനുവാദത്തോടെ ഫലം നല്‍കൊണ്ടിരിക്കുന്നതുമാകുന്നു". വിശുദ്ധകലിമയുടെ ഈ ഉദാഹരണത്തില്‍നിന്നു താഴെ പറയുന്ന മൂന്നുകാര്യങ്ങള്‍ വ്യക്തമാകുന്നു.:

1) ഈ വൃക്ഷത്തിന്റെ വേര് പൂര്‍ണ്ണമായും അടിയുറച്ചതാകുന്നു. ഏതുകാലത്തും കാലാവസ്ഥയിലുമുണ്ടാകുന്ന കാറ്റിനോ ഭൂകമ്പത്തിനോ പ്രകൃതിദുരന്തങ്ങള്‍ക്കോ അതിനെ കടപുഴക്കാന്‍ സാധ്യമല്ല.

2) വിശുദ്ധകലിമയാകുന്ന വൃക്ഷത്തിന് ഉയര്‍ച്ചയിലും പ്രശസ്തിയിലും ഒരു തുല്ല്യനില്ല. അത് ഒരു ആഗോളസത്യമാകുന്നു. പ്രപഞ്ചത്തിലും ഒരോ അണുവും ഇതിനു ശക്തിനല്‍കുന്നു. അതുകൊണ്ട് തന്നെ അതിന്റെ മുമ്പോട്ടുള്ള മാര്‍ഗത്തില്‍ തടസ്സം സൃഷ്ടിക്കുക അസാധ്യമാകുന്നു. മാത്രമല്ല അതിന്റെ പ്രകൃതപരമായ വളര്‍ച്ചയില്‍ തന്നെ അതു ആകാശത്ത് എത്തുന്നു. ഈ സത്യം റസൂല്‍ (സ) തങ്ങളുടെ ഒരു ഹദീസിലൂടെ വ്യക്തമാകുന്നു. : സത്യസന്ധമായ ഹൃദയത്തോടുകൂടി ഒരു വ്യക്തി ലാഇലാഹു ഇല്ലല്ലാഹു എന്നു സ്ഥിരപ്പെടുത്തിയാല്‍ ആകാശത്തിന്റെ കവാടങ്ങള്‍ അവനുമുമ്പില്‍ തുറന്നുകൊടുക്കപ്പെടുന്നു. അപ്രകാരം അവന്‍ അല്ലാഹുവിന്റെ അര്‍ശിന്റെ ഭാഗത്തേക്ക് വരെ ഉയരുന്നു. വന്‍പാപങ്ങളില്‍ നിന്ന് അവന്‍ മുക്തനാകണമെന്ന നിബന്ധനയോടെ. (തുര്‍മുദി)

3) വിശുദ്ധകലിമ അതിന്റെ പഴങ്ങളും ഫലങ്ങളും പരിഗണിക്കുകയാണെങ്കില്‍ ഒരു ഖജനാവും എത്തിപ്പെടാന്‍ സാധ്യതയില്ലാത്തവിധം അനുഗ്രഹങ്ങളും ഉപകാരങ്ങളും നിറഞ്ഞതാകുന്നു. അതിന്റെ ഓശാരവര്‍ഷത്തിന്റെ കണ്ണി ഒരിക്കലും മുറിയുകയില്ല. ഏതു ഭൂമി(ഹൃദയം) യില്‍ അതിന്റെ വേരുറച്ചുവോ അതില്‍നിന്നും സര്‍വ്വകാലത്തും മധുരതമായ ഫലങ്ങള്‍ വര്‍ഷിച്ചുകൊണ്ടേയിരിക്കും. സംശയം വേണ്ട തൗഹീദിന്റെ വചനം മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തില്‍ എണ്ണമറ്റ ഉപകാരങ്ങളും ഫലങ്ങളും ഉളവാക്കുന്നു. കാരണം, ഈ വിശ്വാസം തന്നെയാകുന്നു മനുഷ്യകുലത്തിനു അള്ളാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം. വിശുദ്ധകലിമകൊണ്ടുള്ള ഉദ്ദേശ്യം ഈമാനാകുന്നു. ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുറസൂലുല്ലാഹ് എന്നതില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാകുന്നു.

അല്ലാഹു പറുയുന്നു: "മുഅ്മിനുകള്‍ എന്നാല്‍ അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു". ഈമാനിന്റെ പ്രഥമനിബന്ധന തൗഹീദിനും രിസാലത്തിനും സാക്ഷ്യം വഹിക്കലും റസൂലുല്ലാഹി (സ) തങ്ങളോടുള്ള നിഷ്‌കളങ്ക സ്‌നേഹവുമാകുന്നു. പ്രവാചകര്‍(സ) തങ്ങളോടുള്ള സ്‌നേഹത്തിലും അവിടത്തെ പിന്‍പറ്റലിലുമാണ് അവര്‍ വിജയിച്ചത്. അവര്‍ അല്ലാഹുവിന്റെ സ്മരണക്ക് സൗഭാഗ്യം സിദ്ധിച്ചവരാണ്.

അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ റസൂല്‍(സ) തങ്ങളില്‍ ഉത്തമ മാതൃകയുണ്ട്. അല്ലാഹുവിനെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുകയും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക്".

അല്ലാഹു പറയുന്നു: "നിങ്ങള്‍ ഉത്തമസമൂഹമാകുന്നു. ജനങ്ങള്‍ക്ക് വേണ്ടി നിങ്ങളെ പുറപ്പെടുവീക്കപ്പെട്ടു. നിങ്ങള്‍ നൻമ കൊണ്ട് കല്‍പിക്കുകയും തിൻമ വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു".

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നൻമ കൊണ്ടു കല്‍പിക്കക്കുക എന്നതിലെ നൻമ കൊണ്ടുദ്ദേശ്യം വിശുദ്ധകലിമയാകുന്നു. സര്‍വ്വവസ്തുക്കളിലും ഏറ്റവും ഉത്തമം വിശുദ്ധകലിമയാകുന്നു.

അല്ലാഹു പറയുന്നു: "തീര്‍ച്ചയായും അല്ലാഹു നീതികൊണ്ടും നൻമകൊണ്ടും കല്‍പിക്കുന്നു".

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: അദ്‌ല് എന്നതുകൊണ്ടുള്ള ഉദ്ദേശ്യം വിശുദ്ധകലിമയും ഇഹ്‌സാന്‍ എന്നുള്ളത് നീ അല്ലാഹുവിനെ കാണുന്നതുപോലെ ആരാധിക്കുക എന്ന ഹദീസില്‍ പ്രസ്താവ്യമായ കാര്യവുമാകുന്നു.

അല്ലാഹു പറുയന്നു: "വിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിന് തഖ്‌വ ചെയ്യുകയും നല്ലവാക്കു പറയുകയും ചെയ്യുക".

ഹസ്രത്ത് അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) പറയുന്നു: ഇക്‌റിമ(റ) വില്‍നിന്നു നിവേദനം: നല്ല വാക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിശുദ്ധകലിമ പറയൂ എന്നതാകുന്നു. ഹദീസില്‍ ഹൃദയത്തില്‍ ഉറപ്പിച്ച് നാവുകൊണ്ട് സ്ഥിരപ്പെടുത്തുക എന്നതുകൊണ്ടുള്ള ഉദ്ദേശ്യം വിശുദ്ധകലിമയാകുന്നു.

അല്ലാഹു പറയുന്നു: "നിസ്സംശയം ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും പിന്നീട് വിശുദ്ധകലിമ യില്‍ നിലനില്‍ക്കുകയും ചെയ്തവര്‍, മാലാഖമാര്‍ അവരിലേക്കിറങ്ങും, നിങ്ങള്‍ പേടിക്കേണ്ട, ദു:ഖിക്കുകയും വേണ്ട, നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗം കൊണ്ട് നിങ്ങള്‍ സന്തോഷിക്കുക". ഹസ്രത്ത് ഇബ്‌നു അബ്ബാസ്(റ), ഹസ്രത്ത് ഇബ്രാഹീം(റ), ഹസ്രത്ത് മുജാഹല(റ) എന്നിവരില്‍ നിന്ന് നിവേദനം ഇസ്തിഖാമത് എന്നതു കൊണ്ടുള്ള ഉദ്ദേശം വിശുദ്ധ കലിമയില്‍ അവസാന ശ്വാസം വരെ നില കൊള്ളുക എന്നതാണ്.

അള്ളാഹു പറയുന്നു: "വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്തവര്‍, അവരാണ് സ്വര്‍ഗീയ വാസികള്‍".

അള്ളാഹു പറയുന്നു: "നിസ്സംശയം പരലോക പ്രതിഫലം, വിശ്വസിക്കുകയും തഖ്‌വ ചെയ്യുകയും ചെയ്തവര്‍ക്കാകുന്നു".

അല്ലാഹു പറയുന്നു: "നിസ്സംശയം മുഅ്മിനുകളെ തൊട്ട് അല്ലാഹു വിപത്തിനെ അകറ്റുന്നു". മുഅ്മിനായ അടിമ വിശുദ്ധകലിമയുടെ ദിക്‌റിലായിരിക്കുന്നതുകൊണ്ട് അവനുവിപിത്തുകള്‍ വരുകയില്ല. കാരണം അടിമ അല്ലാഹുവിന്റെ ദിക്‌റിലാകുമ്പോള്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രവേശിക്കുന്നു. അല്ലാഹുവിന്റെ ദിക്‌റില്‍നിന്ന് അടിമ അശ്രദ്ധനാകുമ്പോള്‍ അള്ളാഹുവിന്റെ കാരുണ്യത്തില്‍ നിന്നും അവന്‍ ദൂരെയാകുന്നു. അപ്പോള്‍ അവന്‍ പിശാചിന്റെ കൂടെയാകുന്നു. കലിമത്വയ്യിബ എന്ന പദത്തിന്റെ അര്‍ത്ഥം പരിശുദ്ധം എന്നാകുന്നു. ഒരു വ്യക്തി നിഷ്‌കളങ്ക ഹൃദയത്തോടുകൂടെ കലിമചൊല്ലുമ്പോള്‍ അവന്‍ പരിശുദ്ധനായി തീരുന്നു.

അല്ലാഹു പറയുന്നു: "നിസ്സംശയം പരിശുദ്ധനായവന്‍ വിജയിച്ചു".

ജാബിര്‍(റ) പറയുന്നു: തസ്‌കിയത്തുകൊണ്ടുദ്ദേശ്യം ലാഇലാഹ ഇല്ലല്ലാ മുഹമ്മദുറസൂലുല്ലാ എന്നതിന് സാക്ഷിയാവലും ബിംബങ്ങളെ പൂര്‍ണ്ണമായും അകറ്റലുമാണ്.

ഇക്‌റിമ(റ) പറയുന്നു: തസ്‌കിയത്തുകൊണ്ടുദ്ദേശ്യം ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുറസൂലുല്ലാഹ് പറയലാകുന്നു.

ഹസ്രത്ത് ഇബ്‌നു അബ്ബാസ്(റ) പറയുന്നു: വിശുദ്ധകലിമയെ ദിക്ര്‍ ചെയ്യുന്നതിലൂടെ മനുഷ്യന്റെ അകവും പുറവും പരിശുദ്ധമാകുന്നു.

അല്ലാഹു പറയുന്നു: "വിശ്വാസികളെ നിങ്ങള്‍ സ്വന്തം ശരീരങ്ങളെയും കുടുംബങ്ങളെയും നരകാഗ്നിയില്‍നിന്ന് രക്ഷപ്പെടുത്തുക". സത്യസന്ദേശമായ വിശുദ്ധകലിമ ആദ്യം സ്വന്തം എത്തിക്കുകയും പിന്നീട് വീട്ടുകാര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുക. മുഹമ്മദ് നബി(സ) യുടെ നാമം ഹൃദയത്തില്‍ കുറിക്കപ്പെട്ടവന് നരകം നിഷിദ്ധം തന്നെ.

അല്ലാഹു പറയുന്നു: "തഖ്‌വയുടെ വചനം നാം അവര്‍ക്ക് നിര്‍ബന്ധമാക്കി". തഖ്‌വയുടെ വചനം കൊണ്ടുദ്ദേശിക്കുന്നത് ലാഇലാഹ ഇല്ലല്ലാ മുഹമ്മദുറസൂലുല്ലാ എന്നതാകുന്നു. അതായത് വിശുദ്ധകലിമ തഖ്‌വയുള്ള ഹൃദയത്തോടെ സ്വീകരിച്ചവന്‍ ഐഹിക ചിന്തയില്‍ നിന്നും പരിശുദ്ധനാകുന്നു. ഇവിടെ നാവുകൊണ്ടു കേവലമായി പറയുന്നകലിമയല്ല ഉദ്ദേശിക്കപ്പെടുന്നത്. വാക്കുകൊണ്ട് ഒന്നുതന്നെയാണെങ്കിലും ആന്തരികനിര്‍വ്വഹണത്തില്‍ വളരെയധികം അന്തരമുണ്ട്. ഇതു കൊണ്ടുതന്നെ തൗഹീദെന്ന മാണിക്യം ഏതെങ്കിലും ഒരു പൂര്‍ണ്ണശൈഖിന്റെ ഹൃദയത്തില്‍നിന്ന് സ്വീകരിച്ചാല്‍ അവന്റെ ഹൃദയവും ജീവിക്കുന്നു. അല്ലാഹുവിന്റെ ആളുകള്‍ ഇരുള്‍ നിറഞ്ഞ ഹൃദയങ്ങളില്‍ പ്രകാശം എത്തിക്കുന്ന ദൗത്യം നിര്‍വ്വഹിക്കുന്നു. മുഅ്മിനുകളുടെ സഹവാസത്തിലൂടെ അല്ലാഹുവിന്റെ സാമീപ്യം ലഭിക്കുന്നു. ഖുര്‍ആന്‍ തന്നെ ഇതു സാക്ഷ്യപ്പെടുത്തുന്നു:

"അല്ലാഹു മുഅ്മിനുകളുടെ സഹായിയാകുന്നു. ഇരുളുകളില്‍നിന്ന് പ്രകാശത്തിലേക്ക് അവരെ പുറപ്പെടുവീക്കുന്നു".

വിശുദ്ധകലിമയുടെ ശ്രേഷ്ടതകളും നേട്ടങ്ങളും പരിശുദ്ധഖുര്‍ആനിൽ ധാരാളമായി പറയപ്പെട്ടിട്ടുണ്ട്. അതില്‍നിന്ന് ചിലവാക്യങ്ങള്‍ ശ്രദ്ധയോടെ പാരായണം ചെയ്തപ്പോഴേക്ക് തന്നെ താഴെ പറയുന്ന കാര്യങ്ങള്‍ നമുക്ക് മനസ്സിലായി. അതായത് വിശുദ്ധകലിമ സത്യത്തിന്റെ വിളിയാളമാണ്, നൻമകൊണ്ടുള്ള കല്‍പനയാണ്, പരിശുദ്ധ വൃക്ഷമാണ്, പരിശുദ്ധകലിമയില്‍നിന്ന് തഖ്‌വയും സൂക്ഷ്മതയും ലഭിക്കുന്നു, വിശുദ്ധകലിമ അകവും പുറവും പരിശുദ്ധമാക്കുന്നു, ഇരുള്‍ മുറ്റിയ ഹൃദയങ്ങളെ അതു പ്രകാശപൂരിതമാക്കുന്നു.

സത്യാന്വോഷികള്‍ ചെയ്യേണ്ടത് ഇത്രമാത്രം, അതായത് പൂര്‍ണ്ണശൈഖിന്റെ മാര്‍ഗനിര്‍ദേശത്തില്‍ വിശുദ്ധകലിമയുടെ ബാഹ്യവും ആന്തരികവുമായ അനുഗ്രഹങ്ങള്‍ കരഗതമാക്കി ഈമാനിന്റെ അടിത്തറ ഭദ്രമാക്കുക.

അബ്ദുന്നാസിർ മഹ്ബൂബി