Top pics

6/recent/ticker-posts

കലിമയെന്ന അടിത്തറയെകുറിച്ച് ഹദീസുകളില്‍


വിശുദ്ധ ഹദീസുകളിലൂടെയുള്ള ഒറ്റ നോട്ടത്തില്‍തന്നെ നമുക്ക് ബോധ്യമാകുന്ന യാഥാര്‍ത്ഥ്യമാണിത്. അനേകം തിരുവചനങ്ങളാണ് ലിഖിതമായിതന്നെ ലഭ്യമായിട്ടുള്ളത്. പരിശുദ്ധപ്രവാചകനുമായുള്ള സംഭാഷണങ്ങള്‍ക്കിടയിൽ ആത്മജ്ഞാനികള്‍ക്ക് കിട്ടിയത് വേറെയും.

അല്ലാഹുവിനെ കുറിച്ച ജ്ഞാനമാണ് തൗഹീദിന്റെ അടിത്തറ. “ലാ ഇലാഹ ഇല്ലല്ലാഹ്” എന്ന കലിമയുടെ മുഹമ്മദുറസൂലുല്ലാഹ് എന്ന യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നതിലൂടെയാണ് മനുഷ്യനുണ്ടായിതീരുന്നത്. അങ്ങനെയാണ് ആദം(അ) നബിയായതും മാലാഖമാര്‍ സാംഷ്ടാംഗം ചെയ്യേണ്ടിവന്നതും ലാഇലാഹഇല്ലല്ലാ മുഹമ്മദുറസൂലുല്ലാഹ് എന്ന വിശുദ്ധ തൗഹീദിന്റെ യാഥാര്‍ത്ഥ്യം നിരാകരിക്കുന്നതിലൂടെയാണ് പിശാച് പിറവിയെടുക്കുന്നതും. ചുരുക്കത്തില്‍ അല്ലാഹുവിനെ അറിയുക എന്ന സൃഷ്ടിപ്പിന്റെ ലക്ഷ്യം സാക്ഷാല്‍കരിക്കപ്പെടുന്നത് മുഹമ്മദുറസൂലുല്ലാഹ് എന്നത് ഹൃദയത്തില്‍ കൊത്തിവെക്കപ്പെടുമ്പോഴാണ്. അവരെ കുറിച്ചാണ് അവരുടെ ഹൃദയങ്ങളില്‍ ഈമാന്‍ എഴുതപ്പെട്ടു എന്നുതുടങ്ങുന്ന ആയത്തിലൂടെ അല്ലാഹു വിശദീകരിക്കുന്നത്.

ഉബൂദിയ്യത്ത് സ്വയം ഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് ഈ വിശുദ്ധകലിമ ആത്മാവില്‍ ഏറ്റുവാങ്ങുന്നതിലൂടെയാണ്. മുആദ് ബ്‌നു ജബല്‍(റ)വിനെ യമനിലേക്ക് യാത്രയക്കുമ്പോള്‍ തിരുമേനി(സ) ഉപദേശിച്ചത് ശ്രദ്ധേയമാണ്. “യമനിലെ ജനങ്ങളെ ആദ്യമായി താങ്കള്‍ ക്ഷണിക്കേണ്ടത് ലാഇലാഹഇല്ലല്ലാ മുഹമ്മദുറസൂലുല്ലാഹ് യുടെ സാക്ഷിത്വത്തിലേക്കാണ്”

ഈ സാക്ഷിത്വം യാഥാര്‍ത്ഥ്യമാകുന്നതിലൂടെ അവന്‍ പരിശുദ്ധനായി തീരുന്നു. അവന്റെ രക്തവും ശരീരവും സമ്പത്തുമെല്ലാം സുരക്ഷിതമായിതീരുന്നു. നരകം അവനു നിഷിദ്ധമാക്കപ്പെടുന്നു. അവന്‍ ഈ ഉടമ്പടി ലംഘിക്കുന്നത് വരെ. റസൂല്‍(സ) തങ്ങള്‍ പറയുന്നു “ആരെങ്കിലും ലാഇലാഹഇല്ലല്ലാഹ് എന്നുപറയുകയും അല്ലാഹുവല്ലാത്തത് ആരാധിക്കുന്നത് നിഷേധിക്കുകയും ചെയ്താല്‍ അവന്റെ രക്തവും സമ്പത്തും നിഷിദ്ധമായിരിക്കുന്നു. അവന്റെ വിചാരണ അല്ലാഹുവിന്നടുത്താണ്”

അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് ലാഇലാഹ ഇല്ലല്ലാഹ് എന്നുപറയുന്നവനെ അല്ലാഹു നരകത്തിന് നിഷിദ്ധമാക്കിയിരുക്കുന്നുവെന്ന് മറ്റൊരിക്കല്‍ നബി(സ) തങ്ങള്‍ പറയുകയുണ്ടായി. ശഹാദത്തിന്റെ അനിവാര്യതയും പ്രാധാന്യവും വിശദീകരിക്കുന്ന അനേകം ഹദീസുകള്‍ ബുഖാരി, മുസ്ലിം തുടങ്ങിയ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളിലുടനീളം നമുക്ക് കാണാനാകും. ഞാനും മറ്റുപ്രവാചകന്‍മാരും പറഞ്ഞ ഏറ്റവും മഹത്തായ കലിമയും ഇതു തന്നെയാണെന്ന് നബി(സ) അഭിമാനത്തോടെ പറയുന്നുണ്ട് (മാലിക്). പതിനെട്ടായിരം ലോകങ്ങളുമുള്‍ക്കൊള്ളാനാകാത്തവിധം അതിവിശാലമാണത്. മഹാനായ നൂഹ് നബി(അ) ഈ വസ്തുത തന്റെ മകനോട് അഭ്യര്‍ത്ഥിക്കുന്ന സന്ദര്‍ഭം നബി(സ) പ്രതിപാദിക്കുന്നുണ്ട്(അഹ്മദ്).

തൗഹീദിന്റെ വിശദീകരണങ്ങളായ മറ്റുകലിമകളുടെ പ്രാധാന്യത്തെകുറിച്ചും മഹിമയെ കുറിച്ചുമുള്ള തിരുനബി(സ) യുടെ ഉണര്‍ത്തലുകൾ സ്വഹാബത്ത് നിവേദനം ചെയ്യുന്നുണ്ട്. സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ തുടങ്ങിയവയൊക്കെയും കലിമത്വയ്യിബയുടെ സത്തയിലേക്കാണ്. വിജയത്തിന്റെ വാതായനമാണിത്, അനശ്വരലോകത്തിന്റെ താക്കോലാണിത്, ആത്മാവിന്റെ ആത്യന്തിക ലയനത്തിന്റെ രഹസ്യമാണിത്.

നമ്മുടെ ചിന്തയില്‍ വിഷയീഭവിക്കേണ്ട ഒരു കാര്യമിതാണ്, എങ്ങനെയാണ് ഞാന്‍ ഈ കലിമ പറയുന്നത്? എങ്ങനെയാണ് കലിമ എന്റെ ഹൃദയത്തില്‍ എഴുതപ്പെടുന്നത്? എങ്ങനെയാണ് അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നതിനും മുഹമ്മദുറസൂലുല്ലാഹ്(സ) അവന്റെ തിരുദൂതനാണെന്നതിനും സാക്ഷിയാകാന്‍ കഴിയുന്നത്? തിരുനബി(സ) വിവരിച്ചതുപോലെ ഖാലിസന്‍ മുഖ്‌ലിസൻ എന്നനിലയില്‍ തീര്‍ത്തും നിഷ്‌കളങ്കമായി സമ്പൂര്‍ണ്ണഹൃദയസാന്നിധ്യത്തോടെ തൗഹീദിന്റെ തിരിച്ചറിവിനെ ഹൃദയത്തിലും ആത്മാവിലും സിര്‍റിലും സാക്ഷാല്‍കരിക്കാനാകുന്നത്? ഈ അതീവഗൗരവമേറിയ ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തുന്നതിലൂടെയാണ് സര്‍വ്വശക്തനിലേക്കുള്ള നമ്മുടെ യാത്ര ആരംഭിക്കുന്നത്. നമ്മുടെ യാത്രയുടെ ആരംഭവും അവസാനവും അവിടെ തന്നെയാണ്.

തിരുനബി(സ)യുടെ ചരിത്രത്തിലൂടെയുള്ള ഒരു ഹ്രസ്വവീക്ഷണത്തില്‍തന്നെ ഹൃദയത്തില്‍ കലിമ കൊത്തിവെക്കുന്നത് എങ്ങനെയെന്ന് നമുക്ക് കാണാനാകും. അവരുടെ ഹൃദയങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന തൗഹീദിന്റെ വിശുദ്ധിയെ ഒരിക്കലും മലിനപ്പെടുത്തുകയില്ലെന്ന് അവര്‍ ഉടമ്പടി ചെയ്യുമായിരുന്നു. ആത്മാക്കളുടെ ലോകത്ത് വെച്ച് നടന്ന ഈ ഉടമ്പടി തിരുനബി(സ)യുടെ പുണ്യകരങ്ങളില്‍ അവര്‍ പുതുക്കുമായിരുന്നു. ബുഖാരി, മുസ്ലിം റിപ്പോര്‍ട്ടു ചെയ്ത നിരവധി ഹദീസുകള്‍ നമുക്കിവ്വിഷയകരമായി കാണാന്‍ കഴിയും. അല്ലാഹുവില്‍ പങ്കുചേര്‍ക്കില്ലെന്നും കളവുപറയില്ലെന്നും വ്യഭിചരിക്കില്ലെന്നും കുട്ടികളെ കൊല്ലുകയില്ലെന്നും നിങ്ങളെന്നോട് ഉടമ്പടിചെയ്യുക. (മുസ്ലിം) നിങ്ങള്‍ നിങ്ങളുടെ റസൂലിനോട് ബൈഅത്ത് ചെയ്യുന്നില്ലെയോ തുടങ്ങിയ ചില ഉദാഹണങ്ങള്‍. ജരീര്‍(റ) പറയുന്നു, ഞാന്‍ റസൂല്‍(സ) തങ്ങളുടെ അടുത്തെത്തി പറഞ്ഞു: അങ്ങയുടെ കരം നീട്ടിതരിക, ഞാന്‍ ബൈഅത്ത് ചെയ്യട്ടെ, അങ്ങനെ ജരീര്‍(റ) പറഞ്ഞു: ഞാന്‍ അല്ലാഹുവിനെ ആരാധിക്കുമെന്നും നിസ്‌കാരം നിലനിര്‍ത്തുമെന്നും സകാത്ത് നിര്‍വ്വഹിക്കുമെന്നും മുസ്ലിംകളോട് സദുപദേശത്തോടെ വര്‍ത്തിക്കുമെന്നും സത്യനിഷേധികളോട് വേര്‍പിരിയുമെന്നും ഞാന്‍ അങ്ങയോട് കാരാര്‍ ചെയ്യുന്നു. (സുനനുല്‍ കുബ്‌റാ) മുഹമ്മദുറസൂലുല്ലാഹ് എന്ന ജ്ഞാനനഗരിയുടെ കവാടമാകുന്ന ഹസ്രത്ത് അലി(റ) പറയുന്നത് ശ്രദ്ധേയമാണ്: റസൂലെ, അള്ളാഹുവിലേക്ക് ഏറ്റവും സമീപസ്തവും അവന്റെ അടിമകള്‍ക്ക് ഏറ്റവും എളുപ്പവും അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ടവുമായതിനെ കുറിച്ച് എനിക്കങ്ങ് അറിയിച്ചുതരിക. അപ്പോള്‍ നബി(സ) പറഞ്ഞു: താങ്കള്‍ അല്ലാഹുവിനെ കുറിച്ച സ്മരണ പതിവാക്കുക. അപ്പോള്‍ അലി (റ) പറഞ്ഞു; എല്ലാവരും ദിക്ര്‍ ചൊല്ലുന്നവരാണ്, എനിക്ക് പ്രത്യേകമായതെന്തെങ്കിലും പറഞ്ഞുതരിക, അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: താങ്കള്‍ കണ്ണുകളടക്കുക, എന്നിട്ട് ലാഇലാഹ ഇല്ലല്ലാഹ് എന്ന് എന്നില്‍ നിന്ന് കേള്‍ക്കുക, മൂന്ന് പ്രാവശ്യം. എന്നിട്ട് ഞാന്‍ കേള്‍ക്കുന്ന രീതിയില്‍ മൂന്ന് പ്രാവശ്യം താങ്കള്‍ അത് ആവര്‍ത്തിക്കുക, മൂന്ന് പ്രാവശ്യം. അപ്പോഴവര്‍ അപ്രകാരം ചെയ്തു, അന്നേരം അലി(റ)വില്‍ പ്രത്യേകമായ അവസ്ഥകള്‍ പ്രത്യക്ഷ്യമായി. ത്യാഗം അധികരിപ്പിച്ചു, അങ്ങനെ അബൂതുറാബ് എന്ന് വിളിക്കപ്പെട്ടു. അതിനുശേഷം സ്വഹാബാക്കള്‍ അലി(റ)വിന് നല്‍കിയതുപോലെ ഞങ്ങള്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ടു. ശദ്ദാദ് ബ്‌നു ഔസ്(റ) പറയുന്നു: ഒരിക്കല്‍ ഞങ്ങള്‍ നബി(സ)യുടെ അരികിലായിരിക്കെ തിരുമേനി(സ) ചോദിച്ചു: അപരിചിതര്‍ ആരെങ്കിലുമുണ്ടോ? ഞങ്ങള്‍ പറഞ്ഞു; ഇല്ല. അപ്പോള്‍ വാതില്‍ അടക്കാന്‍ പറഞ്ഞു, എന്നിട്ട് അവിടുന്ന് പറഞ്ഞു: നിങ്ങളുടെ കരങ്ങള്‍ ഉയര്‍ത്തുക, എന്നിട്ട് ലാഇലാഹ ഇല്ലല്ലാ എന്ന് പറയുക. ഞങ്ങളപ്രകാരം ചെയ്തു. അപ്പോള്‍ റസൂലുല്ലാഹി(സ) പറഞ്ഞു: അല്‍ഹംദുലില്ലാഹ് , അല്ലാഹുവെ, നീ എന്നെ നിയോഗിച്ചത് ഈ കലിമകൊണ്ടാണ്, അതുകൊണ്ടാണ് എന്നോട് കല്‍പിച്ചത്, അതുമൂലമാണ് സ്വര്‍ഗം എനിക്ക് വാഗ്ദാനം ചെയ്തത്. പിന്നെ നബി(സ) തങ്ങള്‍ പറഞ്ഞു: അല്‍ഹംദുലില്ലാഹ്, അറിയുക, നിങ്ങള്‍ സന്തോഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു.

ചുരുക്കത്തില്‍ കലിമയുടെ മഹിമയെകുറിച്ച്, ആ വിശുദ്ധ വാക്യം ഹൃദയത്തില്‍ കൊത്തിവെക്കേണ്ടതിനെ കുറിച്ച്, ബാഹ്യമായി മൊഴിയുന്നതിനപ്പുറം ആത്മാവിന്റെ നാവുകൊണ്ട് സിര്‍റില്‍ സാക്ഷിയാകേണ്ടതിനെ കുറിച്ച് ഹദീസുകള്‍ നമ്മെ ഉല്‍ബുദ്ധരാക്കുന്നു. അപ്പോള്‍ അല്ലാഹുവിന്റെ യാഥാര്‍ത്ഥ്യത്തെ നാം തിരിച്ചറിയുന്നത്, മുഹമ്മദുറസൂലുല്ലാഹ്(സ) നമ്മില്‍ ജീവിക്കുന്നത് തൗഹീദിന്റെ മഅരിഫത്ത് സ്വായത്തമാക്കുന്നത് വഴിയാണ്. ജ്ഞാനത്തിലൂടെ കലിമയുടെ യാഥാര്‍ഥ്യം മനസ്സിലാക്കണമെന്ന് ഹദീസുകളില്‍ നിന്നു വ്യക്തം.

നബീൽ മഹ്ബൂബി