Top pics

6/recent/ticker-posts

റയ്യാൻ എന്നാൽ, മുഹമ്മദു റസൂലുല്ല (സ) യാണ്


 

*റയ്യാൻ എന്നാൽ, മുഹമ്മദു റസൂലുല്ല (സ) യാണ്.*

അബ്ദു റഹ്മാൻ മുതുപറമ്പ്
*റമദാൻ 'ഉപ'വാസത്തിന്റെ കാലമാണ്. വിശ്വാസം യഖീൻ ആയിത്തീർന്ന ഒരാളുടെ കാര്യത്തിൽ റമദാൻ മാത്രമല്ല, ജീവിതം മുഴുവൻ 'ഉപ'വാസമാണ്.*
*'ഉപ'വാസമെന്നാൽ, പതിവ് വാസസ്ഥലം വിട്ട്, വേറൊരിടത്ത് വസിക്കുക. അപ്പോൾ പിന്നെ എവിടെ, ആരോടൊപ്പമാണ് വസിക്കുക എന്നതാണ് മുഖ്യം.*
*സദാ സമയവും, വിശുദ്ധ റസൂൽ (സ) യോടൊപ്പം വസിക്കുക. അവിടുത്തോടൊപ്പം (സ) സദാ യാത്ര ചെയ്യുക. ഒടുവിൽ അവിടുത്തെ വിളിക്കുത്തരം നൽകുകയും പൂർണ്ണ സംതൃപ്തമായ ആത്മാവുമായി, അവിടുത്തെ പ്രഭാ വലയത്തിലേക്ക്, അതായത് നാം യാത്ര തുടങ്ങിയേടത്തേക്ക് തന്നെ മടങ്ങി ചെല്ലുകയും ചെയ്യുക. അതാണ്‌ ജീവിത വ്രതം അഥവാ ഉപവാസം.*
*ഭൂമിയിൽ ഒരിടത്ത് ജീവിക്കുകയും, അതേ സമയം മറ്റൊരിടത്ത് വസിക്കുകയും ചെയ്യുക എന്നുള്ളത് സാധ്യമാണോ...? സാധ്യമാണ് തന്നെ. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ, മനുഷ്യനെ അല്ലാഹു പടച്ചിരിക്കുന്നത് തന്നെ ആ 'ഉപ'വാസം സിദ്ധിക്കാൻ വേണ്ടിയാണ്.സദാ സമയവും വിശുദ്ധ റസൂൽ (സ) യോടൊപ്പമുള്ള വാസമാണ് ജീവിതം.*
*റമദാനിലേക്ക് എത്തുമ്പോൾ, ഉപവാസം, അത് അതിന്റെ പാരമ്യത്തിലേക്കെത്തുന്നു. അതായത് വിശുദ്ധ റമദാൻ റഹ്മത്തിന്റെ മാസമാണ്. റഹ്മത്ത് എന്നത് വിശുദ്ധ റസൂലിന്റെ (സ) നാമമാണ്. സദാ സമയവും ആ റഹ്മത്ത് ഉടയ ഒരാളുടെ കാര്യത്തിൽ, റമദാൻ എന്നത് പൂർണ്ണ റഹ്മത്തിന്റെ അനുഭവ സാക്ഷ്യമായി മാറുന്നു*
*ആ റഹ്മത്തുൻ ലിൽ ആലമീന്റെ (സ) സാമീപ്യം നേടാനാകാതെ, റമദാനിൽ എന്ത് റഹ്മത്ത് നേടാനാണ്.*
*ആ റഹ്മത്ത് നേടിയവരെ ഉദ്ദേശിച്ചാണ്, അയ്ന സ്വാഇമൂൻ, (നോമ്പുകരെവിടെ) എന്ന ചോദ്യം. അല്ലാതെ അത് വെറും അന്ന പാനീയങ്ങൾ വേടിഞ്ഞവരോടല്ല.*
*ആ വിളിക്ക് ഉത്തരം നൽകിയവർക്കുള്ളതാണ് റയ്യാൻ എന്ന കവാടം. അതായത് റമദാനിൽ മുകളിൽ പറഞ്ഞ രീതിയിൽ ഉള്ള ഉപവാസം അനുഷ്ഠിച്ചവർക്കാണ്, റയ്യാൻ എന്ന കവാടം. റയ്യാൻ എന്നത്, അത് ഒരു പ്രത്യേക സ്ഥലവുമായോ കാലവുമായോ മാത്രം ബന്ധപ്പെടുത്തേണ്ടതല്ല. അത് ജീവിതം മുഴുക്കെ അനുഭവിക്കാനുള്ളതാണ്. കാരണം റയ്യാൻ എന്ന കവാടം തുറക്കപ്പെടുന്നത് സുഖാനുഭൂതികളുടെ അനുഭവ ലോകത്തേക്കാണ്. മുഹമ്മദു റസൂലുല്ലാഹിയിൽ (സ) കവിഞ്ഞൊരു അനുഭൂതിയുണ്ടോ...*
*മുഹമ്മദു റസൂൽ (സ) എന്ന യാഥാർഥ്യം ഒരാളുടെ മുന്നിൽ തുറക്കപ്പെടുന്നതിൽ കവിഞ്ഞ്, മറ്റേത് കവാടം തുറക്കപ്പെടാനാണ്. ആ വിശുദ്ധ കവാടം കടന്നെത്തിയവർക്ക് മുമ്പിൽ റയ്യാൻ എന്നല്ല, എല്ലാ കവാടങ്ങളും തുറക്കപ്പെടുകയായി.*
*ഈ ഒരു അവസ്ഥയുടെ പാരമ്യത്തിലാണ്, അബൂബക്കർ സിദ്ധീഖിനെ (റ), സ്വർഗ്ഗത്തിന്റെ എല്ലാ കവാടങ്ങളിൽ കൂടിയും വിളിക്കുന്നത് ഞാൻ കണ്ടുവെന്ന്, വിശുദ്ധ റസൂൽ (സ) പറഞ്ഞത്.*
*ചുരുക്കത്തിൽ, എവിടെ ഏത് അവസ്ഥയിൽ ജീവിക്കുകമ്പോഴും സദാസമയവും, ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് എന്ന കലിമയോടൊപ്പമായിരിക്കുകയും, ആ വിശുദ്ധ കലിമയെ തന്റെ ഇണ പിരിയാത്ത കൂട്ടുകാരനായി സ്വീകരിക്കുകയും ചെയ്തവരുടെ, ജീവിത തപസ്യയുടെ പേരാണ് റമദാൻ അഥവാ ഉപവാസക്കാലം. അതൊരു മാസക്കാലത്തേക്ക് ചുരുക്കേണ്ട ഒന്നല്ല.*
*അത് റഹ്മത്തിന്റെ, അതായത് റഹ്മത്തുൻ ലിൽ ആലമീന്റെ (സ) മാസമാണ്. ആ റഹ്മത്തിനെ അനുഭവിച്ചറിഞ്ഞവരേക്കാൾ ഭാഗ്യവാന്മാർ മറ്റാരുണ്ട്. ഈ അവസ്ഥയിൽ സ്ഥിതി ഏറെ വ്യത്യസ്തമാണ്. റമദാൻ ആയാലും മിഅറാജ് അവസാനിക്കില്ല. ജീവിതം മുഴുക്കെ, പ്രത്യേകിച്ചും വിശുദ്ധ റമദാനിൽ, മിഅഃ റാജിന്റെ തീരാത്ത വിശേഷങ്ങളാണ്. സ്ഥല കാലങ്ങൾക്ക് അതീതമായി, അല്ലാഹുവിലേക്ക് യാത്ര ചെയ്ത, വിശുദ്ധ റസൂലിന്റെ(സ) ഖദമിലായി ജീവിത കാലം മുഴുവൻ ചിലവഴിക്കുന്നവരുടെ കാര്യത്തിൽ, മിഅഃറാജ് എങ്ങിനെ അവസാനിക്കാനാണ്...?*
*ദാന ധർമ്മങ്ങളുടെ കാര്യത്തിൽ, റമദാനിൽ വിശുദ്ധ റസൂൽ (സ) വീശിയടിക്കുന്ന കാറ്റ് പോലെയാകുന്നു എന്ന ഹദീസ് മാത്രം ഒന്ന് പരിശോധിച്ച് നോക്കൂ. അവിടുന്ന് എല്ലാവരെയും, എല്ലാ വസ്തുക്കളെയും, അവിടുത്തെ ദിവ്യ കാരുണ്യത്താൽ ഒരു ഇളം കാറ്റ് പോലെ സദാ തഴുകി തലോടിക്കൊണ്ടിരിക്കുന്നു. കാറ്റ് സ്പർശിക്കാത്ത എന്തെങ്കിലും വസ്തു ഉണ്ടാകുമോ... സ്നേഹാതുരമായ ആ ഇളം തെന്നൽ (സ), അവിടുത്തെ (സ) ദിവ്യ കാരുണ്യത്താൽ സദാ സമയവും പ്രപഞ്ചത്തെ മുഴുവൻ തഴുകി തലോടി കൊണ്ടിരിക്കുന്നു.*
*ആ തലോടൽ, ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചവർ, ആ ദിവ്യ സാനിധ്യത്തിന് സാക്ഷികളായി.*
*റമദാൻ സാക്ഷികളുടെ മാസമാണ്. ആരെങ്കിലും ഈ മാസത്തിനു സാക്ഷിയായായാൽ എന്ന് ഖുർആൻ സൂചിപ്പിച്ചത് അതാണ്. സാക്ഷികൾക്കുള്ള പ്രതിഫലം റയ്യാൻ എന്ന വിശേഷമാണ് . റയ്യാൻ എന്നാലോ അത് മുഹമ്മദു റസൂലുല്ലാഹ് (സ) എന്ന കവാടമാണ്..*
*സ്വല്ലല്ലാഹു അലൈക യാ സയ്യിദീ യാ ഹബീബല്ലാഹ്‌..*