Top pics

6/recent/ticker-posts

ഉത്തരം കിട്ടുന്ന കണ്ണുനീർ



ഉത്തരം കിട്ടുന്ന കണ്ണുനീർ
-----------------------------------------


മൗലാനാ റൂമിയുടെ ചിര പ്രശസ്തമായ മസ്നവിയെ മഅനവിയിലെ ആത്മജ്ഞാന
കഥകളിൽ നിന്ന്.
മഹാനായ ഒരു സൂഫി ഗുരുനാഥനുണ്ടായിരുന്നു. അങ്ങേയറ്റം ഉദാരമതിയും
ധർമിഷ്ഠനുമായിരുന്നു അദ്ദേഹം. അതിനാൽ തന്നെ അദ്ദേഹം താമസിച്ചിരുന്ന
പട്ടണത്തിൽ അദ്ദേഹത്തെ അറിയാത്തവരായി ആരുമുണ്ടായിരുന്നില്ല.
സമ്പന്നരായിരുന്ന ഗുണകാംക്ഷികൾ സമ്മാനദാനമായി നൽകിയിരുന്ന മുഴുവൻ
പണവും ഉടൻ പാവങ്ങൾക്കും സാധുക്കൾക്കും ദാനം ചെയ്യുക അവിടത്തെ
പതിവായിരുന്നു. അതിനാൽ ഗുരുനാഥൻ എപ്പോഴും കടത്തിലായിരുന്നു.
അല്ലാഹുവിലേക്ക് യാത്രയാവാനുള്ള തന്റെ സമയം അടുത്തെത്തി എന്ന്
തിരിച്ചറിഞ്ഞ ഗുരുനാഥൻ ഒടുവിലായി തനിക്കു ലഭിച്ച വലിയൊരു സംഭാവന
ഉപയോഗിച്ച് തന്റെ ശിഷ്യന്മാർക്കു വേണ്ടി ഒരു സൂഫി പര്ണശാല
പണികഴിപ്പിച്ചു. അതിന്റെ നിർമാണം തീർന്നതോടെ ഗുരുനാഥൻ പൂർണ്ണമായും
കടത്തിലായി. ഒരു തരി പോലും പണം ബാക്കിയായില്ല. പക്ഷെ അദ്ദേഹത്തിന് ഒരു
ചാഞ്ചല്യവും ഉണ്ടായില്ല. തന്റെ കടം വീട്ടുന്നവൻ അല്ലാഹുവാണ് എന്ന ഉത്തമ
ബോധ്യം ഗുരുനാഥന് ഉണ്ടായിരുന്നു.
എന്നാൽ ഗുരുനാഥന്റെ യാത്രയുടെ സമയം അടുത്തുവെന്നു പട്ടണത്തിൽ ശ്രുതി
പടർന്നു. എല്ലാ കടക്കാരും അദ്ദേഹത്തിന്റെ ചുറ്റും കൂടി. അവരുടെ മുഖങ്ങളിൽ
നിരാശ പടർന്നു. തങ്ങളുടെ കടങ്ങൾ തിരിച്ചു കിട്ടുമോ എന്ന ആശങ്കയിലായിരുന്നു
എല്ലാവരും.
ഗുരുനാഥൻ അപ്പോഴേക്കും ശയ്യാവലംബി ആയിക്കഴിഞ്ഞിരുന്നു. അദ്ദേഹം തന്റെ
ചുറ്റും കൂടിയ കടക്കാരുടെ കാര്യം ഓർത്തു വിസ്മയം തൂകി ; ഇവർ ഇത്രയ്ക്കു
വിശ്വാസം ഇല്ലാത്തവർ ആയിപ്പോയല്ലോ. കടങ്ങൾ വീട്ടുന്നവൻ
അല്ലാഹുവാണെന്നു എന്തുകൊണ്ട് അവർ ഉൾക്കൊള്ളുന്നില്ല;.
അപ്പോഴാണ് ഗുരുനാഥന് ഒരു കാര്യം കണ്ടതു. വീടിനു പുറത്തു കൂടെ ഒരു
കുട്ടി ; ഹലുവ വേണോ ഹലുവ വേണോ; എന്ന് വിളിച്ചു നടക്കുകയാണ്.
ഹലുവ വില്പനക്കാരനായ കുട്ടിയെ തന്റെ അടുത്തേക്ക് വിളിക്കാൻ
കല്പിച്ചു. ഹലുവാ കൊട്ടയുമായി കുട്ടി വന്നു. കൊട്ടയിലെ മുഴുവൻ
ഹലുവയും വാങ്ങുന്നതിനായി വിലപേശാൻ പരിചാരകനോട് കല്പിച്ചു.
അങ്ങനെ അര ദീനാറിനു ഒരു കൊട്ട ഹലുവ മുഴുവൻ വാങ്ങാന്
ധാരണയായി. കച്ചവടം നടന്നു. അല്പം മധുരം നൽകിയാലെങ്കിലും തന്റെ
ചുറ്റും കൂടിയ കടക്കാർ കുറച്ചു ശാന്തരായി കൊള്ളും എന്നായിരുന്നു
ഗുരുനാഥന്റെ താല്പര്യം.
ഹലുവാ കൊട്ട കടക്കാരുടെ മുന്നിലേക്ക് വച്ച് കൊടുക്കാൻ കല്പനയായി.
പറഞ്ഞു കഴിഞ്ഞതേയുള്ളൂ കൊട്ട മുഴുവൻ കാലിയായി. ഒരു കഷ്ണം
പോലും ഹലുവ ബാക്കിയില്ല. ഹലുവാ കൊട്ടയുമായി വന്ന കുട്ടിക്ക് പണം
കിട്ടിയിട്ടില്ല. അവൻ ഗുരുനാഥനോടു പണം ചോദിച്ചു. അദ്ദേഹം മറുപടി
പറഞ്ഞു ; നിനക്ക് എങ്ങനെ പണം തരാനാണ് ഞാൻ. എന്റെ മരണം
കാത്തു കിടക്കുകയാണ് . ദൂരെ പോകൂ. എനിക്ക് അല്പം സമാധാനം തരൂ;.
തന്റെ ദുരവസ്ഥ മനസ്സിലായ കുട്ടി ഹലുവാ കൊട്ട നിലത്തേക്ക്
വലിച്ചെറിഞ്ഞു വാവിട്ടു നിലവിളിക്കാൻ തുടങ്ങി. കുട്ടിയുടെ നിലവിളി
ശബ്ദം ആ പട്ടണം മുഴുവൻ പ്രകമ്പനം കൊണ്ടു. ;പ്രിയപ്പെട്ട ശൈഖേ,
എന്തിനു നിങ്ങൾ എന്നോട് ഇങ്ങനെ ചെയ്തു. പണം കയ്യിൽ ഇല്ലാതെ
ചെന്നാൽ എന്റെ മുതലാളി എന്നെ കൊന്നു കളയും; "ഓ രക്ഷിതാവേ,
എന്തിനാണു ഞാൻ സൂഫികളുടെ ഇടയിൽ വന്നത്" എന്നെല്ലാം പറഞ്ഞു
കൊണ്ട് ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടിരുന്നു.
അത് കണ്ടു നിന്ന കടക്കാർക്കും വല്ലാതെയായി. എന്നാൽ അവർക്കൊന്നും
സ്വന്തം കയ്യിൽ നിന്ന് കുട്ടിയുടെ പണം എടുത്തു കൊടുക്കാൻ
തോന്നിയതേയില്ല. എന്തോ ഒരു ശക്തി അവരെ പിന്തിരിപ്പിച്ചു
കൊണ്ടിരുന്നു. നേരെ തിരിച്ചു അവർ ഗുരുനാഥന് നേരെ തിരിഞ്ഞു. നിങ്ങൾ
എന്ത് പണിയാണ് ഈ ചെയ്തത്. ആദ്യമേ ഞങ്ങളുടെ പണം നിങ്ങൾ
കൈവശപ്പെടുത്തി. ഇപ്പോഴിതാ ഈ കുട്ടിയേയും നിങ്ങൾ
കൊള്ളയടിച്ചിരുക്കുന്നു. അതും കൂടെ കേട്ടതോടെ കുട്ടി കൂടുതൽ കൂടുതൽ
ഉച്ചത്തിൽ നിലവിളിച്ചു നിലത്തു കിടന്നു ഉരുളാനും മറിയാനും എല്ലാം
തുടങ്ങി. അവന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരുന്നു. അവന്റെ
പ്രാർത്ഥന കണ്ണീരായി മണ്ണിൽ ഒഴുകി കൊണ്ടിരുന്നു.
ഇതൊന്നു ഗൗനിക്കാതെ ഗുരുനാഥൻ തന്റെ പുതപ്പു വലിച്ചു മൂടി
ഉറക്കത്തിലേക്കു കടന്നു. അടുത്ത നമസ്കാര സമയം ആകുന്നത് വരെ
കുട്ടിയുടെ നിലവിളി തുടർന്നു.
അങ്ങനെ അടുത്ത നിസ്കാരത്തിന്റെ സമയം വന്നെത്തി. ഒരു വലിയ
തളികയുമായി പട്ടണത്തിലെ ഒരു പേര് കേട്ട ധനാഢ്യന്റെ പരിചാരകൻ
പ്രവേശിച്ചു. അദ്ദേഹം ഗുരുനാഥന്റെ ഗുണകാംക്ഷിയും ശിഷ്യനും
ആയിരുന്നു. തളികക്ക് മീതെ പച്ച പട്ടു കൊണ്ട് മൂടിയിരുന്നു.
അദ്ദേഹത്തിന്റെ അടുക്കലും വാർത്ത എത്തിയിരുന്നു. തന്റെ ഗുരുനാഥൻ
വിടപറയാൻ പോവുകയാണെന്നും ഗുരുവിനു എന്തെങ്കിലും സമ്മാനമായി
നൽകാനുള്ള ഒടുവിലത്തെ അവസരമാണ് എന്നും. തന്റെ അന്തസ്സിനു
ചേർന്ന ഒരു സമ്മാനം തയ്യാറാക്കി പരിചാരകന്റെ അടുക്കൽ
കൊടുത്തയച്ചു. പരിചാരകൻ കടന്നു വന്നു. ഗുരുവര്യരോടുള്ള ആചാര്യ
മര്യാദകളോടെ സമ്മാനതളിക മുന്നിൽ വച്ചു. തളിക മൂടിയിരുന്നു പച്ച
പട്ടു പതുക്കെ വകഞ്ഞു മാറ്റി. മേൽത്തരം മധുരപലഹാരങ്ങൾ ഭംഗിയോടെ
പകുത്തുവച്ചിരിക്കുന്നു തളിക മുഴുവൻ. തളികയുടെ ഒരു മൂലയിൽ നാന്നൂറ്
ദീനാർ ഒരു പൊതിയിലുണ്ട്. മറ്റൊരു പൊതിയിൽ അര ദീനാര് മാത്രം
പ്രത്യേകമായി മാറ്റിവച്ചിരിക്കുന്നു. കടക്കാരായ മുതലാളിമാരെല്ലാം അത്ഭുതം
കൊണ്ടു വാ പൊളിച്ചു. ഇതു എങ്ങനെ ഇത്ര ക്രത്യമായി സംഭവിച്ചു.
എല്ലാവരുടെയും കടങ്ങൾ വീടാനുള്ള മൊത്തം പണമായിരുന്നു അതു.
അവർ എല്ലാവരും ചേർന്ന് അദ്ദേഹത്തോട് മാപ്പു അപേക്ഷിച്ചു. ഗുരുവിനെ
അവിശ്വസിച്ചതിൽ പൊറുക്കണമെന്നു കേണു പറഞ്ഞു.
ഗുരു അവരെ ഉപദേശിച്ചു. ; എന്റെ സഹോദരങ്ങളെ, സമാധാനമായി
പോകൂ. ശരിയായ വഴി കാണിക്കണേ എന്നാണ് ഞാൻ രക്ഷിതാവിനോട്
പ്രാർഥിച്ചത്. അര ദീനാര് പണം എന്നത് വളരെ തുച്ഛമാണ്. പക്ഷെ അത്
ലഭിക്കാൻ കുട്ടിയുടെ കണ്ണീരു വീഴണമായിരുന്നു. കണ്ണീരു വീണതോടെ
കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും വാതിലുകൾ തുറക്കപ്പെട്ടു.
ഹലുവാ കച്ചവടക്കാരനായ കുട്ടിയുടെ കണ്ണീരു
പൊഴിഞ്ഞില്ലായിരുന്നുവെങ്കിൽ നിങ്ങളുടെ കടങ്ങൾ ഇപ്പോഴും കടങ്ങളായി
ബാക്കിയായേനെ. നിങ്ങളുടെ കണ്ണുകളിലും ഒരു കുഞ്ഞുണ്ട്. അതിനെ
കരയാൻ വിടുക. എങ്കിൽ കാരുണ്യത്തിന്റെ വാതിലുകൾ നിങ്ങൾക്ക്
മുന്നിൽ മലർക്കെ തുറക്കപ്പെടും.;
ഗുരുനാഥന്മാരുടെ രീതികൾ അത്ഭുതങ്ങൾ നിറഞ്ഞതാണ്. തങ്ങളുടെ
കൂടെയുള്ളവർക്കു അവർ പരീക്ഷണങ്ങൾ നല്കിക്കൊണ്ടിരിക്കും. അവയുടെ
പൊരുളുകൾ അറിയുന്നത് അവർക്കും അല്ലാഹുവിനും മാത്രമാണ്. നമ്മുടെ
ജീവിതങ്ങളിൽ ദൈന്യതയും വിഷമാവസ്ഥയും ഉണ്ടാവുക നിർബന്ധമാണ്.
അത്തരം നിമിഷങ്ങളിലെ നിഷ്കാമമായ കണ്ണുനീരിനാണ്
കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയുടെയും അതിർവരമ്പുകളില്ലാത്ത
ലോകങ്ങൾ തുറന്ന് തരാനുള്ള ശക്തിയുള്ളത്.