Top pics

6/recent/ticker-posts

വഹ്ഹാബികളെ, അല്ലാഹുവിനെയാണോ നിങ്ങള്‍ ആരാധിക്കുന്നത്?“ഭൂമിയില്‍ അവര്‍ സഞ്ചരിക്കുന്നില്ലെ, എന്നാലവര്‍ക്ക് ബുദ്ധിശക്തിയുള്ള ഹൃദയങ്ങളുണ്ടാവും, കേള്‍വിശക്തിയുള്ള കാതുകളുണ്ടാകും. നിശ്ചയം കണ്ണുകളല്ല അന്ധരാകുന്നത്. എങ്കിലും, അവരുടെ വക്ഷസ്സുകളിലെ ഹൃദയങ്ങളാണ് അന്ധരാകുന്നത്” (വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ ഹജ്ജ് : 46)

ദിവ്യഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച ഭൂമിയില്‍ തന്നെ ഒന്നു സഞ്ചരിക്കുക. പ്രവാചകര്‍ (സ) ഇദം പ്രഥമമായി അഭിസംബോധന ചെയത മക്കയിലെ ബഹുദൈവാരാധകരെ കുറിച്ചു വിശുദ്ധ ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. നബിയെ നിങ്ങളവരോട് ആരാണ് സൃഷ്ടാവ് എന്നു ചോദിച്ചാല്‍ അല്ലാഹു എന്നവര്‍ ഉത്തരം നല്കും. എന്നാലവര്‍ പരം വിഗ്രഹങ്ങളെ ആരാധിക്കുന്നതോ, അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ വേണ്ടിയത്രെ.

നമ്മളിന്നു ജീവിക്കുന്നത് പ്രവാചകര്‍ (സ) യുടെ ഹിജ്‌റ കഴിഞ്ഞ് ആയിരത്തിനാനൂറിലധികം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മുസ്ലിം ഉമ്മത്തിന്റെ അയല്‍പക്കങ്ങളില്‍, ഇന്ന് ജീവിക്കുന്ന ചില ഖുറേശികളുണ്ട്. ശാസ്ത്രീയ യുക്തിയെയാണ് അവര്‍ അല്ലാഹു എന്ന പേരിനോട് കൂട്ടിവെച്ചത്. കേവലയുക്തിയുടെ വിഗ്രഹങ്ങളാണ് തങ്ങള്‍ കൊണ്ടുനടക്കുന്നതെന്ന് അവര്‍ പോലും അറിയുന്നില്ല.

അവരില്‍ പ്രധാനികളാണ് ഇന്ന് മുജാഹിദുകള്‍ എന്നും സലഫികള്‍ എന്നും പേരിട്ട് നടക്കുന്നവര്‍. വഹ്ഹാബികള്‍ എന്ന പേരാണ് അവര്‍ക്ക് ഏറ്റവും സമയുക്തം. ഇബ്‌നു അബ്ദുല്‍ വഹ്ഹാബ് എന്ന വികട പണ്ഡിതവേഷധാരിയുടെ പിന്‍മുറക്കാരാണിവര്‍. ക്രിസ്താബ്ദം 1700 നടുത്ത് നജ്ദിന്റെ ഭാഗങ്ങളില്‍ പുറപ്പെട്ട ഈ ചിന്താവൈകല്യം പുലമ്പി വെച്ച ആശയപാപ്പരത്തമല്ലാതെ ഇവര്‍ക്കൊന്നും വിളമ്പാനില്ല. അതിനാല്‍ അവര്‍ വഹ്ഹാബികള്‍ തന്നെ.

അല്ലാഹുവിനോട് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവരാണത്രെ അവര്‍. ആത്യന്തിക അതിശയ രഹസ്യങ്ങളുടെ കലവറയായ ഖുര്‍ആനിക സൂക്തങ്ങള്‍ വ്യാഖ്യാനിക്കാന്‍ ആരുടെയും സഹായം അവര്‍ക്ക് വേണ്ടപോലും. അത്രയും കുശാഗ്രമാണത്രെ അവരുടെ യുക്തി ചിന്ത.

നാളിതുവരെയുള്ള പണ്ഡിതവരേണ്യരെല്ലാം പഠിച്ചും മനനം ചെയ്തും പ്രാമാണികമായി രേഖയാക്കിയ വിജ്ഞാനസമ്പത്തിനൊന്നും അവര്‍ പുല്ലിന്റെ വിലനല്കില്ല.

ഖുര്‍ആന്‍ ഒന്ന് ഓടിച്ചുവായിച്ചാല്‍ മതി. ഒരു ജീവിതം ജീവിക്കാനുള്ളതു മുഴുവന്‍ വെളിപാടായി മനസ്സിലിറങ്ങുമത്രെ. ഇനി വല്ലപാടും ഖുര്‍ആന്‍ സൂക്തങ്ങളുടെ ബാഹ്യാര്‍ത്ഥം തന്നെ തങ്ങള്‍ കാലേകൂട്ടി കെട്ടിവെച്ച ആശയഗതികള്‍ക്ക് എതിര്‍ നില്‍ക്കുന്നുവെങ്കിലോ?അവരെന്ത് ചെയ്യും. അപ്പോഴവര്‍ തഫ്സീറിന്റെ ഗ്രന്ഥങ്ങള്‍ മറിച്ചു തുടങ്ങും. ഒന്നിനു പിറകെ ഒന്നായി. ഖുര്‍ആന്‍ സൂക്തമിറങ്ങാനുള്ള ചരിത്രകാരണങ്ങള്‍ തിരഞ്ഞു പിടിക്കാന്‍. അതു മാത്രമാണപ്പോള്‍ ഖുര്‍ആന്‍ സൂക്തത്തിനു പ്രാമാണിക വ്യാഖ്യാനം.

ഖുര്‍ആനിലെ ഓരോ സൂക്തവും സമയസന്ദര്‍ഭാനുസൃതമായി പ്രവാചകര്‍ (സ)ക്ക് ഇറങ്ങിയവയാണ്. അത്തരം സന്ദര്‍ഭാനുബന്ധിതമായ പ്രസക്തിയേ ഉള്ളൂ വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ക്കെന്നു ആരാണിവരോട് പറഞ്ഞത്? അതു മാത്രമറിയില്ല. വിശുദ്ധ ഖുര്‍ആനാണോ. ഇവര്‍ പാതിമാത്രം അംഗീകരിക്കുന്ന ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യത്തിലെ പേരുകേട്ട ചില ഹദീസ് ഗ്രന്ഥങ്ങളുണ്ട്. അവയുടെ പിന്‍ബലത്തിലാണോ, അതുമല്ല. ഇനി ഇവരുമാത്രം ഇമാമാക്കിയ ചില പണ്ഡിത നാമധാരികളുണ്ട്. അവരുമാവാം. എന്നാലവരൊന്നും അപ്രകാരം അഭിപ്രായപ്പെട്ടിട്ടില്ല. ഏതു വിശുദ്ധ ഖുര്‍ആന്‍ സൂക്തത്തെ ചൊല്ലിയും ഏതു തിരുവചന സംബന്ധിയായും സ്വാഭിപ്രായം വിളമ്പിക്കൊടുക്കാനുള്ള വിജ്ഞാന വ്യുത്പത്തി തനിക്കുണ്ടെന്ന അഹന്തയല്ലെ ഇവരെക്കൊണ്ടിത് പറയിക്കുന്നത്. അനേകലക്ഷം തിരുവചനങ്ങള്‍ അവലംബ സഹിതം മനപാഠമാക്കി അവയുടെ വെളിച്ചത്തില്‍ ദീനിവൈജ്ഞാനിക പാരമ്പര്യത്തെ സമ്പുഷ്ഠമാക്കിയ ജ്ഞാനീശ്രേഷ്ടരെയൊക്കെ തിരസ്‌കരിച്ചു കൊലവിളക്കാന്‍ അഹന്തയല്ലാതെ മറ്റെന്താണ് ധൈര്യം നല്‍കിയത്.

പ്രമാണങ്ങള്‍ രണ്ടേ രണ്ടുള്ളൂ. ഖുര്‍ആനും ഹദീസും. വിശുദ്ധ ഖുര്‍ആനെന്നാല്‍ കറുപ്പക്ഷരങ്ങള്‍ കൂട്ടിവെച്ച ചില ഏടുകള്‍ മാത്രമാണിവര്‍ക്ക്. അല്ലെങ്കില്‍ സവിശേഷ ശ്രുതിലയാളത്തില്‍ കോര്‍വയാക്കിയ ഒരു ശബ്ദസമുച്ചയം. വിശുദ്ധ ഖുര്‍ആന്റെ ജീവനെന്താണെന്നോ, ആത്മാവെന്താണെന്നോ എന്നത് അവരുടെ ചിന്തയില്‍ പോലും വരുന്നില്ല.

സര്‍വ്വാംഗീകൃത പ്രമാണ സ്രോതസ്സുകളെത്തന്നെ ഇവര്‍ തെറ്റുദ്ധരിക്കുന്നത് ആരും കാണുന്നില്ലെ. ഖുര്‍ആനും ഹദീസും എന്നല്ല, തിരുനബി (സ) ഉദ്ധരിച്ചത്. 'അല്ലാഹുവിന്റെ ഗ്രന്ഥത്തെയും എന്റെ തിരുചര്യയെയും (സുന്നത്ത്) ഞാന്‍ നിങ്ങളില്‍ ബാക്കിവെച്ചു പോകുന്നു' എന്നാണ് പ്രവാചകര്‍ (സ) അധ്യാപനം ചെയ്തത്. ഈ രണ്ടു വാചകങ്ങളില്‍ സാര വ്യത്യാസമുണ്ടോ. തീര്‍ച്ചയായും ഉണ്ട്..

വിശുദ്ധ തൗഹീദിനെ സര്‍വ്വാത്മനാ ഉള്‍കൊണ്ട് ദൈവിക കല്‍പനകള്‍ക്കനുസൃതമായി പ്രവാചകര്‍ (സ) ജീവിതം ചിട്ടപ്പെടുത്തി സ്വഹാബത്തിനു നല്‍കിയത് എപ്രകാരമാണോ അവയെല്ലാം തിരുചര്യയില്‍ പെടുന്നു. ഈ സുന്നത്തിനെ സ്വഹാബത്ത് എപ്രകാരമാണോ ഉള്‍ക്കൊണ്ടത് അതേപ്രകാരമാണ് നമ്മില്‍ ഒരുവരും തിരുചര്യയെ ഉള്‍ക്കൊള്ളേണ്ടത്.

എന്നാല്‍ പരിശുദ്ധ ദീനിന്റെ ദൈവികതാത്പര്യങ്ങളെ ഉള്‍കൊള്ളാനുള്ള ശേഷി ഈ പറഞ്ഞ യുക്തിവാദികള്‍ക്ക് ഉണ്ടായില്ല. ഹൃദയങ്ങളെയാണ് പരിശുദ്ധ പ്രവാചകര്‍ (സ) സംസ്‌കരിച്ചത്. നീതിയുക്തവും സമത്വസുന്ദരവുമായ സമൂഹത്തിന്റെ സൃഷ്ടി സംസ്‌കൃത ഹൃദയങ്ങളുടെ സ്വാഭാവിക പ്രതിഫലനമായി വന്നുഭവിക്കുന്നതാണ്. സര്‍വ്വ രക്ഷിതാവായ അല്ലാഹുവിന്റെ അനുഗ്രഹത്തോടെ. അതായിരുന്നു റസൂലുല്ലാഹി (സ)യുടെ ജീവിതകാലത്തും തൊട്ടുടനെയുമുള്ള സമൂഹത്തിലും പ്രതിഫലിച്ചത്.

തിരു സുന്നത്ത് എന്ന് പറഞ്ഞ് ഇവര്‍ കൊട്ടിഘോഷിക്കുന്നതോ, അഞ്ചോ ആറോ ഹദീസ് ഗ്രന്ഥങ്ങളില്‍ ക്രോഢീകൃതമായ ഏതാനും വരുന്ന തിരുവചനങ്ങള്‍ മാത്രം. സര്‍വ്വാംഗീകൃത ഹദീസ് സമാഹാരങ്ങളായ ആറ് ഹദീസ് ഗ്രന്ഥങ്ങളിലെ തിരുവചനങ്ങള്‍ ആവര്‍ത്തനങ്ങളില്ലാതെ മൊത്തമായെടുത്താല്‍ എണ്ണായിരത്തില്‍ താഴെ മാത്രമേ വരു. ഇത്രയും വചനങ്ങള്‍ മാത്രം അവലംബിച്ചാണോ അതിബുദ്ധിശാലികളായ ആദ്യതലമുറകളിലെ പണ്ഡിതശ്രേഷ്ടര്‍ ദീനിന്റെ ഉദ്ദേശ്യങ്ങളെ പ്രാമാണികമായി വിശദീകരിച്ചത്. അല്ല തന്നെ.

ഇനി അതിലും വലിയ തമാശയുണ്ട്. ഇവര്‍ കല്പിച്ചുകൂട്ടിയ ആശയസങ്കല്‍പങ്ങള്‍ക്കെതിരായി പ്രബല ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് ഒരു തിരുവചനം നിങ്ങളൊന്നു തെളിവുദ്ധരിച്ചു നോക്കൂ. അപ്പോഴവര്‍ പറയും അതിന്റെ നിവേദകന്‍ ദുര്‍ബലനാണെന്ന്. ഒരു ഹദീസിന്റെ നിവേദകനെ കുറിച്ച് ദുര്‍ബലന്‍ എന്നു പറയാന്‍ എന്തെല്ലാം ഉപാധികളുണ്ട്. അതൊന്നും ഇവരെ ബാധിക്കുന്നേയില്ല.

മുസ്‌ലിം ഉമ്മത്തില്‍ സര്‍വ്വാംഗീകൃതരായ ഇമാം അബൂദാവൂദ് (റ) വിന്റെ ചിരപ്രശസ്ത ഹദീസ് സമാഹാരമായ 'സുനനു അബു ദാവൂദ്' നെ കുറിച്ച് മഹാനവര്‍കള്‍ പറയുന്നത് മാത്രം ശ്രദ്ധിച്ചാല്‍ മതി.

“തിരു നബി (സ) യിലേക്ക് ചേരുന്ന അഞ്ചുലക്ഷം ഹദീസ് ഞാന്‍ രേഖപ്പെടുത്തി. അവയില്‍ നിന്ന് തെരെഞ്ഞെടുത്ത നാലായിരത്തി എണ്ണൂറ് ഹദീസ് വചനങ്ങളാണ് ഞാനീ ഗ്രന്ഥത്തില്‍ ക്രോഡീകരിക്കുന്നത്” ഒരു മുസ്ലിമിന് ദീനിന്റെ താത്പര്യങ്ങള്‍ക്കനുസൃതമായി ജീവിതം ചിട്ടപ്പെടുത്താന്‍ ഉതകുന്ന രൂപത്തിലാണ് ഗ്രന്ഥത്തിന്റെ ക്രോഡീകരണം എന്നു പിന്നീട് മഹാനവര്‍കള്‍ വിശദീകരിക്കുന്നു.

തിരു ഹദീസ് വാക്യങ്ങള്‍ സമാഹരിച്ച പണ്ഡിതപ്രമുഖരെല്ലാം അവരുടെ മാനദണ്ഢങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ സ്വഹീഹ് ബുഖാരിയിലെയും സ്വഹീഹ് മുസ്‌ലിമിലെയും ചില ഹദീസുകള്‍ മാത്രം ഇവര്‍ക്കു ദുര്‍ബലമാണത്രെ. കാരണമെന്ത്യേ, അവ കൂടി അംഗീകരിച്ചാല്‍ തങ്ങള്‍ കെട്ടിയുണ്ടാക്കിയ ആശയക്കോട്ടകളെല്ലാം തകര്‍ന്ന് തരിപ്പണമാകും. അതു തന്നെ.

സ്വാഭാവികമായും നമ്മള്‍ ചോദിച്ചുപോകും, അനേകലക്ഷം ഹദീസ് വചനങ്ങളുടെ കൂട്ടത്തില്‍നിന്ന് ദൃഢമായത് മാത്രം രേഖപ്പെടുത്തിയപ്പോള്‍ ദുര്‍ബലങ്ങളായ ചിലതുമാത്രം ഇട്ടുകൊടുക്കാന്‍ മാത്രം വിഡ്ഢികളാണോ ഇമാം മുസ്‌ലിമും ഇമാം ബുഖാരിയും.

മനുഷ്യന്റെ സ്വഭാവ സംസ്‌കരണത്തെയും പ്രവാചകീയ സ്വഭാവങ്ങളെയും കുറിക്കുന്ന മറ്റനേകം ഹദീസുകള്‍ ഈ ആറു ഇമാമീങ്ങളെ ഉദ്ധരിച്ചു തന്നെ സര്‍വ്വാംഗീകൃതരായ പണ്ഡിതപ്രമുഖര്‍ നിവേദനം ചെയ്തു രേഖപ്പെടുത്തിയിട്ടുണ്ട്. അവരൊന്നും ഇവരുടെ ചിത്രത്തിലേ ഇല്ല.

തല തിരിഞ്ഞ പ്രവര്‍ത്തനങ്ങള്‍

എന്നാലിനി ഇവര്‍ കൊട്ടിഘോഷിച്ചുനടത്തുന്ന കൊടിയ 'ദീനി' പ്രവര്‍ത്തനങ്ങളുടെ സ്വഭാവമെന്താണ്. ഉത്തമ തലമുറയില്‍ അവയ്ക്കു വല്ല മാതൃകകളുണ്ടോ. ഇവരുടെ മാനദണ്ഢങ്ങള്‍ വെച്ചുനോക്കിയാല്‍ ഒന്നുമില്ല.

മുസ്‌ലിം ഉമ്മത്തിന്റെ പ്രഥമ തലമുറകളിലെ പണ്ഢിതവിശാരദര്‍ മതാധ്യാപനങ്ങളുടെ ആശയവിപുലത വിശദമാക്കാന്‍ എടുത്തു പറഞ്ഞ അഭിപ്രായ ഭിന്നതകള്‍ വിവാദ സംവാദങ്ങളാക്കി മുഖാമുഖം നടത്തലാണ് ദീനി പ്രവര്‍ത്തനത്തിന്റെ കാതല്‍. ഈ കാണിക്കുന്ന മുഖാമുഖ പേക്കൂത്തുകള്‍ക്ക് പ്രവാചകീയ തലമുറയിലോ ശേഷമുള്ള ഉത്തമ തലമുറകളിലോ വല്ല ഉദാഹരണവുമുണ്ടോ. ഇനി ഉണ്ടായിട്ട് വല്ല കാര്യമുണ്ടോ; അതിനെല്ലാം പ്രബലമായ രേഖ വേണ്ടേ.

ദീനിന്റെ അടിസ്ഥാന താത്പര്യങ്ങളെയും തത്ത്വങ്ങളെയും സംസാരിക്കുന്നത് നിര്‍ത്തി ശാഖാപരമായ അഭിപ്രായ ഭിന്നതകളില്‍ കടിച്ചുതൂങ്ങുക. അതിന്റെ മുകളില്‍ വീഡിയോ ക്ലിപ്പുിംഗിന്റെ പ്രൊഫഷണല്‍ ആഭാസപ്പണികള്‍ ചെയ്യുക. ഇതു നടത്തുന്നവര്‍ക്കും അതിനു വെഞ്ചാമരം വീശുന്നവര്‍ക്കും പണം വാരാമെന്നല്ലാതെ പൊതുജനത്തിനു ഇതുകൊണ്ട് വല്ല ഗുണവുമുണ്ടോ. നാള്‍ക്കുനാള്‍ സംശയങ്ങള്‍ അധികരിക്കുകയല്ലാതെ.

നാടൊട്ടാകെയുള്ള പെണ്ണുങ്ങളെയെല്ലാം പൊതുസ്ഥലത്ത് വിളിച്ചുകൂട്ടി ആണൊരുത്തന്‍ വികലാശയങ്ങള്‍ വിളമ്പിക്കൊടുത്ത് പ്രകടനം നടത്തുന്നത് മറ്റൊരു കര്‍മ്മം. ഇതിനു മുന്‍കഴിഞ്ഞ ഏതെങ്കിലും തലമുറയില്‍ മാതൃകകളുണ്ടോ? അതും രേഖകള്‍ സഹിതം!.

ഖുര്‍ആന്‍ ക്ലാസെന്ന് പറഞ്ഞ് ഊട്ടിക്കൊടുക്കുന്നതോ? സ്വാഭിപ്രായ യുക്തിയനുസരിച്ച് വിശുദ്ധഖുര്‍ആനിലെ അറബി വചനങ്ങള്‍ക്ക് അര്‍ത്ഥം പറയല്‍ മാത്രം. കൂട്ടത്തില്‍ സമൂഹത്തില്‍ നടക്കുന്ന നല്ലതും ചീത്തയുമായ ആചാരങ്ങളെ വച്ചു ഒരു കൊട്ടും. വിശുദ്ധ ദീനിന്റെ ഉത്തമതാല്‍പര്യമായ ആത്മസംസ്‌കരണം അഥവാ ഹൃദയവിശുദ്ധിയുടെ മാര്‍ഗ്ഗം ഇവയില്‍ ഏതെങ്കിലും സദസ്സില്‍ നടക്കുന്നുണ്ടോ ?!

ആണും പെണ്ണും ഇടകലരുന്ന വേദികളാകട്ടെ ചെകുത്താന്റെ കളിസ്ഥലങ്ങളാകാനും മതി. അത്തരം പിശാചിന്റെ ചതികളില്‍ നിന്ന് നമ്മുടെ ഉമ്മത്തിനെ നാഥന്‍ സംരക്ഷിക്കട്ടെ. ശാഖാപരമായ അഭിപ്രായ ഭിന്നതകളില്‍ വാഗ്വിലാസം നടത്തി ഉശിരു കാണിക്കാനല്ലേ ഇത്തരം വേദികള്‍ ഒന്നാമതും രണ്ടാമതും നടത്തുന്നത്. അല്ലാഹുവിനെയും പ്രവാചകര്‍ (സ) യും ഉള്‍കൊള്ളുക എന്ന മഹത് സത്യത്തിലേക്ക് കടക്കുന്നവര്‍ എത്രപേരുണ്ട്.

ദീനിപ്രവര്‍ത്തനം ഒന്നുകൂടെ നിലവാരത്തിലെത്തിയാല്‍ ഇവിടെയൊന്നും നില്‍ക്കില്ല. പുസ്തകസമാഹാരങ്ങളും സീ ഡീ സീരിയലുകളും ധാരാളമായിറങ്ങുന്നുണ്ട്. ഇവ വല്ലതും ഉത്തമ തലമുറകളില്‍ നടന്നിരുന്നോ, ഇല്ല. ഇനി സമാനമായത് വല്ലതും സംഭവിച്ചിരുന്നോ, അതുമില്ല. ഖലീഫ ഉമര്‍ (റ) വിന്റെ ഭരണകാലം. ജനങ്ങള്‍ പ്രവാചകര്‍ തിരുമേനി (സ) ഇങ്ങനെ പറഞ്ഞിരുന്നുവെന്ന് പറഞ്ഞു ഉദ്ധരിക്കുക സ്വാഭാവികമായിരുന്നു. അവ പലരും എഴുതിവെക്കുന്നുവെന്നും ഉമര്‍ (റ) അറിഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ അല്ലാത്ത എഴുതിവെക്കപ്പെട്ട മുഴുവന്‍ വചനങ്ങളും ഒരുമിച്ചുകൂട്ടാന്‍ മഹാനവര്‍കള്‍ കല്പന ചെയ്തു. പ്രവാചക വചനങ്ങള്‍ സമാഹരിക്കുകയാവും അമീറുല്‍ മുഅ്മിനീന്റെ ഉദ്ദേശ്യമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. അവയെല്ലാം ഒരുമിച്ചുചേര്‍ത്തു കത്തിച്ചു കളയാന്‍ അവിടന്നു കല്പന ചെയ്തു.

പരിശുദ്ധ ഖുര്‍ആന്‍ തന്നെ സമാഹരിച്ചു ഗ്രന്ഥമാക്കിയത് ഖലീഫ ഉസ്മാനു ബ്‌നു അഫ്ഫാന്‍ (റ) വിന്റെ കാലത്തായിരുന്നു. നബി തിരുമേനി (സ) പലപ്പോഴും വിലങ്ങിയ ഒരു കര്‍മ്മത്തെ വ്യവസ്ഥാപിതമായി നടപ്പില്‍ വരുത്താന്‍ മഹാനവര്‍കള്‍ക്ക് കരുത്ത് നല്‍കിയത് എന്തായിരുന്നു?. ബിദ്അത്തിലുള്ള അചഞ്ചലമായ വിശ്വാസമായിരിക്കണം. ഇനി ഉമര്‍ ഖത്താബ് (റ) വിന്റെ മാതൃക ഇവര്‍ അംഗീകരിക്കുന്നുവെങ്കില്‍ ഇന്നു തന്നെ ഓരോ ഗ്രന്ഥങ്ങളും കത്തിച്ചു തുടങ്ങേണ്ടിവരും.

തര്‍ക്കങ്ങളെയും അഭിപ്രായഭിന്നതകളെയും ആഘോഷമാക്കുന്ന ഒരു തലമുറയെ വാര്‍ത്തെടക്കുക. ഇതല്ലാതെ മറ്റെന്താണിവര്‍ ചെയ്യുന്നത്. കൊണ്ടുപിടിച്ചു നടത്തുന്ന മതാന്തര ആശയ സമ്മേളനങ്ങള്‍ പോലും അതല്ലേ ചെയ്യുന്നത്. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം വൈയക്തിക യുക്തി പ്രയോഗിച്ചു മാത്രം വിലയിരുത്തുക. യൂറോപ്പില്‍ ക്രൈസ്തവ പാരമ്പര്യത്തിന്റെ അപചയത്തിനു കാരണമായത് ശാസ്ത്രീയ യുക്തിയിലധിഷ്ഠതമായ ഭൗതിക വിചാരമായിരുന്നു. സംസ്‌കാര മൂല്യങ്ങളും ധര്‍മ്മ സങ്കല്പങ്ങളും പരിഷ്‌കാര വിധേയവും പുരോഗമനോന്‍മുഖവുമാണെന്നു അവര്‍ വിധിയെഴുതി.

അതില്‍ പിന്നെ മതപുരോഹിതര്‍ ശാസ്ത്രീയ വസ്തുതകള്‍ക്ക് അനുസൃതമായി ദിവ്യഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കാന്‍ തുടങ്ങി. ശാസ്ത്രം അംഗീകരിക്കാത്തതൊന്നും വിശുദ്ധഗ്രന്ഥത്തില്‍ വരാന്‍ പാടില്ലെന്ന അവസ്ഥ. ഇതേ പണിയല്ലെ മുജാഹിദുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ദീനിന്റെ അടിസ്ഥാന കല്പനകള്‍ ശാസ്ത്രീയ വിചാരങ്ങളുടെ അനുബന്ധമാവണമെന്ന് ഏതു പ്രമാണമാണ് പറഞ്ഞത്. ഹസ്രത്ത് അലി (റ) ന്റെ വാക്കുകള്‍ എത്ര ശരി.

“തിരു നബി (സ) കൊണ്ടുവന്ന ദീന്‍ മനുഷ്യയുക്തിയിലധിഷ്ഠിതമായിരുന്നെങ്കില്‍ ഖുഫ്ഫയുടെ മുകള്‍ ഭാഗം തടവാന്‍ കല്പിക്കുന്നതിനു പകരം താഴെ ഭാഗം തടവാന്‍ ശറഇന്റെ നാഥന്‍ കല്പിക്കുമായിരുന്നു.”

കപട മുജാഹിദേ, ജ്ഞാനം അനുഭവമാണ്.

പുസ്തകം വായനയാണ് വിജ്ഞാന സമ്പാദനത്തിന്റെ കാതല്‍ എന്നു നിനച്ചതാണ് നിങ്ങളുടെ വ്യതിചലനത്തിനു തുടക്കമിട്ടത്. ഇത്തിരി ഗ്രന്ഥപാരായണം നടത്തിയാല്‍ ആര്‍ക്കും എടുത്തു ധരിക്കാവുന്നതാണ് പണ്ഡിതന്റെ ഉടവാടയെന്ന് പ്രഘോഷിച്ചത് എന്തിനായിരുന്നു.

സന്ദര്‍ഭപ്രസക്തമായ ചില ഹദീസ് വചനങ്ങളൊന്ന് കണ്ണോടിച്ചുനോക്കുക.

“അല്‍ തര്‍ഗിബു വല്‍ തര്‍ഹീബ്” എന്ന സമാഹാരത്തില്‍ ഇമാം അല്‍ മുന്‍ദിരി (റ) ഉദ്ധരിച്ചത്:- നബി (സ) പറയുന്നു.

“വിജ്ഞാനം രണ്ടുതരമാണ്. ഒന്നു ഹൃദയത്തിലെ ജ്ഞാനം. അതാണ് ഉപകാരപ്രദമായ ജ്ഞാനം. നാക്കിലൂടെ പറയാവുന്ന വിജ്ഞാനം മറ്റൊന്ന്. അതു ആദം സന്തതകളുടെ മേല്‍ അല്ലാഹുവിനുള്ള തെളിവാണ്.”

ഇമാം ബുഖാരി (റ) യുടെ ഗുരുവര്യരായ ഇമാം അല്‍ ഫര്‍യാബി (റ) ഉദ്ധരിക്കുന്ന ഹദീസില്‍ പറയുന്നു. “ഓരോ ഖുര്‍ആനിക സൂക്തത്തിനും ബാഹ്യവും ആന്തരികവും ഉണ്ട്. ഓരോ അക്ഷരത്തിനും നിര്‍ണ്ണിതസാരവും വിപുല സാരവുമുണ്ട്.”

ഇമാം ബുഖാരി (റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ പറയുന്നു.

അബു ഹുറൈറ (റ) പറയുന്നു: “നബി (സ) യില്‍നിന്നും രണ്ടുതരം പാത്രങ്ങളിലെ (വിജ്ഞാനങ്ങള്‍) ഞാന്‍ ഹൃദ്യസ്ഥമാക്കി. അവയില്‍ ഒരു പാത്രം ഞാന്‍ ജനങ്ങളില്‍ വിതരണം ചെയ്തു. രണ്ടാമത്തെ പാത്രം ഞാന്‍ തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ എന്റെ കഴുത്ത് അറുക്കപ്പെടുമായിരുന്നു.”

കപടമുജാഹിദുകളെ, അറിയുക. ജ്ഞാനം അനുഭവമാണ്. പ്രവാചക തിരുമേനി (സ) ഹൃദയങ്ങളുടെ ജ്ഞാനമെന്നു തരം തിരിച്ച വിജ്ഞാനമേ ഉപകാരപ്രദമായി ഉള്ളുൂ. അതിലേക്ക് വഴിതുറക്കാനുള്ള അടയാളങ്ങള്‍ (ആയത്തുകള്‍) മാത്രമാണ് രണ്ടാം തരമായി പറഞ്ഞത്. അവയാണ് നാക്കിലൂടെ കൈമാറിയ വിജ്ഞാനങ്ങള്‍.

ഹൃദയങ്ങളിലെ ജ്ഞാനമെന്നാല്‍ സൃഷ്ടാവിനെ അനുഭവിച്ചറിയുക എന്നതു തന്നെ. ചെറിയൊരു ആത്മീയ അഭികാംക്ഷയുള്ള ആരും അംഗീകരിക്കുന്നതാണ് പ്രപഞ്ചനാഥനെ അറിയാന്‍ മാനവഹൃദയങ്ങള്‍ക്കേ കഴിവുള്ളൂ എന്നത്. അല്ലാതെ തൗഹീദ്, തൗഹീദ് എന്നു നാഴികക്ക് നാനൂറ് വട്ടം നാക്കിട്ടടിച്ചത് കൊണ്ട് ഹൃദയങ്ങളുടെ ജ്ഞാനം തുറന്ന് കിട്ടണമെന്നില്ല.

മനുഷ്യ ജിന്നു വര്‍ഗ്ഗങ്ങളുടെ സൃഷ്ടിപ്പിന്റെ താത്പര്യത്തെ സംബന്ധിച്ചു പ്രതിപാദിക്കുന്ന ചിരപരിചിതമായ സൂറത്തുദ്ദാരിയാത്ത് സൂക്തത്തിലെ ലിയഅബിദൂന്‍ ليعبدون എന്ന പദത്തെ പ്രമുഖ സ്വഹാബികള്‍ ‘എന്റെ അറിവിനു വേണ്ടി’ എന്നാണ് വ്യാഖ്യാനിച്ചത്. നാഥനെ അറിയാതെ എങ്ങനെ അവനു ആരാധന ചെയ്യും.

ഈ ജ്ഞാനം ഓരോ അടിമയും ഉള്ളുകൊണ്ട് അറിയേണ്ടതാണ്. ചില ഖുര്‍ആനിക സൂക്തങ്ങളുടെ ബാഹ്യാര്‍ത്ഥങ്ങളിലൂടെ സഞ്ചരിച്ചാല്‍ തന്നെ അവയുടെ പൊരുളുകളറിയുന്ന ഉത്തമരായ ആത്മജ്ഞാനികളുടെ സന്നിധിയിലേക്ക് ഒരു സത്യാന്വേഷി ഓടിയടുക്കും.

ഉദാഹരണമാണ് നമ്മളീ കുറിപ്പിന്റെ ആരംഭത്തില്‍ പ്രതിപാദിച്ച ഖുര്‍ആന്‍ സൂക്തം. അല്ലാഹുവിന്റെ നൂറിനെ വ്യാഖ്യാനിക്കുന്ന സൂക്തം അതിനേക്കാള്‍ വലിയ ഉദാഹരണമാണ്. അല്ലാഹുവിന്റെ പരം പൊരുളായ ഒളിവിനെ കുറിച്ചു തികച്ചും ഗാര്‍ഹികമായ അഞ്ചോ ആറോ ഉപമകള്‍ നിരത്തി ഖുര്‍ആന്‍ വിശദമാക്കുന്നത് ആത്മജ്ഞാനികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് വ്യാഖ്യാനിക്കാന്‍ കഴിയുക.

അതുകൊണ്ട് മുജാഹിദെ, മടങ്ങുക., ശുദ്ധ ഇസ്‌ലാമിലേക്ക്. യുക്തിവിചാരത്തിന്റെ കളങ്കങ്ങള്‍ ചേരാത്ത ദീനിലേക്ക്. നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് മൂടുപടമിട്ട കുഫ്രിയ്യത്തിന്റെ മറകളില്‍നിന്ന് സ്വതന്ത്രരാവുക. നിങ്ങള്‍ക്കു നല്ലതുവരട്ടെ.

അലി അസ്കര്‍ മഹ്ബൂബി