Top pics

6/recent/ticker-posts

ഹാരിസ ബിൻ സുറാഖ (റ):( حارثة بن سراقة)

 ബദ്ർ ശുഹദാക്കൾ 9

ഫിർദൗസിലെ നിത്യവസന്തം

റസൂൽ ﷺ മദീനയിലേക്ക് വന്നപ്പോൾ അവിടുത്തെ ഒട്ടകം ചെന്നുനിന്നത് ബനൂ നജ്ജാർ (بني نجار) ഗോത്രത്തിന്റെ അധീനതയിലുള്ള, രണ്ട് യതീം കുട്ടികളുടെ ഉടമസ്ഥതയിലുള്ള ഒരു തുറന്ന സ്ഥലത്തായിരുന്നു. തന്റെ പിതാമഹന്റെ കുടുംബമെന്ന നിലയിൽ പ്രവാചകന് ﷺ ഏറെ പ്രിയപ്പെട്ടവരായിരുന്നു അവർ. പ്രവാചകന്റെ ﷺ പിതാവ് അബ്ദുള്ള (റ) (عبد الله) യുടെ മാതാവ് (നബി ﷺ-യുടെ വലിയുമ്മ) സൽമ ബിൻത് സൈദ് (റ) (سلمى بنت زيد) ഈ ഗോത്രത്തിൽ നിന്നുള്ളവരായിരുന്നു.
ഒട്ടകം മുട്ടുകുത്തിയ ആ സ്ഥലത്തിന് തൊട്ടടുത്തായിരുന്നു അബു അയ്യൂബ് അൽ-അൻസാരി (റ) (أبو أيوب الأنصاري) താമസിച്ചിരുന്നത്. ഒട്ടകം അവിടെ നിന്നതും മറ്റൊന്നും ആലോചിക്കാതെ അതീവ ബഹുമാനത്തോടെ അബു അയ്യൂബ് (റ) പ്രവാചകന്റെ യാത്രാസാമഗ്രികൾ വേഗത്തിൽ എടുത്ത് തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പ്രവാചകൻ ﷺ പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ ആ പ്രവർത്തിയെ അംഗീകരിക്കുകയും ആ വീട്ടിൽ താമസമാക്കുകയും ചെയ്തു. ഈ പുണ്യഗോത്രത്തിന്റെ തണലിലാണ് ഹരിസ ബിൻ സുറാഖ (റ) വളർന്നുവന്നത്.
സുറാഖ ബിൻ അൽ-ഹാരിഥ് (റ) (سراقة بن الحارث) എന്ന പിതാവിന്റെയും, അർ-റബീഅ് ബിൻത് നള്‌ർ (റ) (الربيع بنت النضر) എന്ന മാതാവിന്റെയും ശിക്ഷണത്തിൽ വളർന്ന ഹരിസ(റ) യൗവനത്തിന്റെ ആദ്യനാളുകളിൽ തന്നെ പ്രവാചകാനുരാഗിയായി മാറി. മുസ്അബ് ബിൻ ഉമൈർ(റ) (مصعب بن عمير) മദീനയിൽ പകർന്നുനൽകിയ വിശ്വാസത്തിന്റെ വെളിച്ചം ഹരിസ(റ)-യുടെ ഹൃദയത്തിൽ ആഴത്തിൽ വേരോടിയിരുന്നു.
ഹിജ്റ രണ്ടാം വർഷം, ബദ്റിലെ കത്തുന്ന മണലാരണ്യത്തിലേക്ക് മുസ്ലിം സൈന്യം പുറപ്പെടുമ്പോൾ ഹരിസ(റ) ആവേശത്തോടെ കൂടെക്കൂടി. പടക്കളത്തിൽ വാളേന്തി പോരാടുന്നതിനേക്കാൾ, സൈന്യത്തിന് വെള്ളമെത്തിച്ചും ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിച്ചും സേവനം ചെയ്യുന്നതിലായിരുന്നു ആ യുവാവ് ശ്രദ്ധിച്ചത്.
യുദ്ധം പൂർണ്ണമായി ആരംഭിച്ചിട്ടില്ല. ഇരുസൈന്യങ്ങളും മുഖാമുഖം നിൽക്കുന്ന ആ നിശബ്ദമായ നിമിഷം. സൈന്യത്തിനായി ഒരുക്കിയ കുളത്തിനരികിൽ (ഹൗള്) നിന്ന് ദാഹം തീർക്കാൻ വെള്ളം കുടിക്കുകയായിരുന്നു ഹരിസ (റ). പെട്ടെന്നാണ് ശത്രുപക്ഷത്ത് നിന്ന് ലക്ഷ്യം തെറ്റി വന്ന ഒരു അമ്പ് ആ യുവാവിന്റെ തൊണ്ടയിൽ വന്ന് തറച്ചത്. ഹിബ്ബാൻ ബിൻ അൽ-അരിഖ (حبان بن العرقة) എന്ന ശത്രുവായിരുന്നു ആ അമ്പ് എയ്തത്. പടക്കളത്തിൽ സൈന്യങ്ങൾ ഏറ്റുമുട്ടുന്നതിന് മുൻപേ, ചോരപ്പുഴകൾ ഒഴുകുന്നതിന് മുൻപേ, ഹരിസ (റ) ബദ്റിലെ ആദ്യ ശുഹദാക്കളിൽ ഒരാളായി മണ്ണിൽ വീണു.
യുദ്ധം കഴിഞ്ഞ് മദീനയിൽ തിരിച്ചെത്തിയ പ്രവാചകന്റെ ﷺ അരികിലേക്ക് ഹരിസ (റ)-യുടെ ഉമ്മയായ അർ-റബീഅ് (റ) ഓടിയെത്തി. ആ ഉമ്മയുടെ കണ്ണുകളിൽ സങ്കടത്തേക്കാൾ വലിയൊരു ചോദ്യമുണ്ടായിരുന്നു. അവർ വിതുമ്പലോടെ ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകരേ, എന്റെ ഹരിസ (റ) എവിടെയാണ്? അവൻ സ്വർഗ്ഗത്തിലുണ്ടെന്ന് അങ്ങ് പറഞ്ഞാൽ ഞാൻ ക്ഷമിക്കും. അല്ലെങ്കിൽ അങ്ങ് കാണും, ഞാൻ എങ്ങനെയാണ് അവനായി വിലപിക്കുന്നതെന്ന്."
നബി ﷺ ആ ഉമ്മയുടെ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കി അരുളി: "ഓ ഉമ്മു ഹരിസ (أم حارثة)... നിന്റെ മകൻ കേവലം ഒരു സ്വർഗ്ഗത്തിലല്ല. സ്വർഗ്ഗത്തിൽ അനേകം പദവികളുണ്ട്. നിങ്ങളുടെ മകൻ ആ സ്വർഗ്ഗത്തിന്റെ ഏറ്റവും ഉച്ചിയിലുള്ള ഫിർദൗസിലാണ് (الفردوس الأعلى) വസിക്കുന്നത്!"
ആ വാക്കുകൾ കേട്ടപ്പോൾ ആ ഉമ്മയുടെ കണ്ണുനീർ സന്തോഷത്തിന്റെ മുത്തുകളായി മാറി. തന്റെ മകൻ സ്വർഗ്ഗത്തിലെ രാജകുമാരനായിരിക്കുന്നു എന്ന തിരിച്ചറിവിൽ അവർ ആശ്വസിച്ചു.a