Top pics

6/recent/ticker-posts

മഅ്റൂഫുല്‍ കര്‍ഖി(റ)വിൻ്റെ ചരിത്രം

മഅ്റൂഫുല്‍ കര്‍ഖി(റ) യുടെ മാതാപിതാക്കള്‍ കൃസ്തുമത വിശ്വാസികളായിരുന്നു. കുട്ടിയായിരുന്ന മഅ്റൂഫിനെ അവര്‍ ഒരു ക്രിസ്ത്യന്‍ പാഠശാലയിലേക്കാണ്‌ അയച്ചത്. ഒന്നാം ക്ലാസിലെ മതാധ്യാപകന്‍ കുട്ടികള്‍ക്ക് ത്രിയേകത്വത്തെ കുറിച്ച് പറഞ്ഞുപഠിപ്പിച്ചു. കുട്ടികളില്‍ പെട്ട മഅ്റൂഫ് മാത്രം അസംതൃപ്തനായി കാണപ്പെട്ടു. അധ്യാപകന്‍ മഅ്റൂഫിനോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. പറയൂ, ദൈവം മൂന്നില്‍ മൂന്നാമനാണ്.

കുട്ടി അതേറ്റുപറയാന്‍ പക്ഷെ തയ്യാറായിരുന്നില്ല. അധ്യാപകന്‍ നിര്‍ബന്ധിച്ചപ്പോള്‍ കൊച്ചു മഅ്റൂഫ് പറഞ്ഞു. അല്ല, അതു ശരിയല്ല, അവന്‍, രക്ഷിതാവ് ഒരുവനാണ്. അധ്യാപകന്‍ ആ കുട്ടിയെ നന്നായി അടിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചു. എന്നിട്ടും കുട്ടിയില്‍ ഒരു മാറ്റവും വന്നില്ല. കുട്ടിയുടെ ദൃഢതയും ഉറപ്പും വര്‍ദ്ധിച്ചതേയുള്ളൂ. ഒരു ദിവസം അധ്യാപകന്‍ കൊച്ചു മഅ്റൂഫിനെ വല്ലാതെ പ്രഹരിച്ചു. സഹിക്കാവുന്നതിലുമപ്പുറം. അന്നു ആ കുട്ടിയെ കാണാതായി. കുട്ടി എവിടേക്കാണ് പോയതെന്ന് ആര്‍ക്കും നിശ്ചയമില്ല. മാതാപിതാക്കള്‍ക്ക് ഒരു വിവരവുമില്ല. തീര്‍ക്കാനാവാത്ത സങ്കടമായി. അവന്റെ മാതാപിതാക്കള്‍ ലോകരോട് പറഞ്ഞു. അവന്‍ തിരിച്ചു വന്നാല്‍ മതി. അവന്‍ ഇഷ്ടമുള്ള മതം സ്വീകരിച്ചു കൊള്ളട്ടെ. ഞങ്ങള്‍ക്ക് സമ്മതമാണ്.

കൊച്ചു മഅ്റൂഫിനെ അല്ലാഹു എത്തിച്ചത് അഹില്‍ ബൈത്തില്‍ പെട്ട മഹാനായിരുന്ന അലിയ്യുല്‍ രിളാ(റ)യുടെ വീട്ടിലായിരുന്നു. മഹാനവര്‍കള്‍ സന്തോഷത്തോടെയും ദീര്‍ഘ ദൃഷ്ടിയോടെയും ആ കുട്ടിക്ക് സംരക്ഷണം നല്‍കി. കുട്ടി ഇസ്ലാമിന്റെ നേര്‍മാര്‍ഗ്ഗം സ്വീകരിച്ചു. മഹാനവര്‍കളുടെ ആത്മീയ ശിക്ഷണത്തില്‍ വളരാന്‍ തുടങ്ങി.

കാലം കടന്നു പോയി. കൊച്ചു മഅ്റൂഫ് ഇപ്പോള്‍ വളര്‍ന്നു വലുതായിരിക്കുന്നു. മാതാപിതാക്കളെ സന്ദര്‍ശിക്കണമെന്ന് മഹാനവര്‍കള്‍ക്ക് ആശ വളര്‍ന്നു. പിതാവിന്റെ വീട് അന്വേഷിച്ച് യാത്രയായി. അവരുടെ വീടു പടിക്കലെത്തി. ചോദ്യം വന്നു. ആരാണത്. ഇത് മഅ്റൂഫാണ്. മഹാനവര്‍കള്‍ മറുപടി പറഞ്ഞു. ഏതു മാര്‍ഗ്ഗമാണ് നീ സ്വീകരിച്ചത്. മഹാന്‍പറഞ്ഞു. അല്ലാഹുവിന്റെ ദൂതരായ മുഹമ്മദ്(സ)യുടെ മാര്‍ഗ്ഗം. എന്നാല്‍ ഞങ്ങളും ആ ദീനില്‍ ഇതാ വിശ്വസിക്കുന്നു. മകനായ മഅ്റൂഫിന്റെ കരങ്ങളാല്‍ മാതാപിതാക്കള്‍ ഇരുവരും അവിടെവെച്ചുതന്നെ ഇസ്ലാമില്‍ പ്രവേശിച്ചു.

അവലമ്പം: ഫരീദുദ്ധീൻ അത്താർ(റ) ന്റെ തിദിക്കിറത്തുൽ ഔലിയ
അസ്കർ മഹ്ബൂബി