Top pics

6/recent/ticker-posts

“സദാ നീ അനുഗ്രഹം ചെയ്തവരില്‍ ചേര്‍ക്കണേ നാഥാ..!”പ്രാര്‍ത്ഥന വിശ്വാസിയുടെ ആയുധമാണ്; ഏറ്റവും കരുത്തുറ്റ ആയുധം. അല്ലാഹുവിലേക്ക് ഉയര്‍ത്തിയ ഇരു കരങ്ങളില്‍ വലത് വാളും ഇടത് പരിചയുമാണെന്ന ഗുരുവചനം ഒന്നോര്‍ക്കുക.

വിശുദ്ധ റമളാന്‍ മാസം നിനവില്‍ വരുമ്പോൾ വിശ്വാസിയുടെ ഹൃദയം വെമ്പുന്നത് ഒരു പ്രാര്‍ത്ഥനയുടെ താളത്തോടെയാണ്. “അല്ലാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങളില്‍ അനുഗ്രഹം ചൊരിയണേ, പരിശുദ്ധ റമളാനിലേക്ക് ഞങ്ങളെ ചേര്‍ക്കണേ..!”

വിശ്വാസിയെ സംബന്ധിച്ച് പ്രാര്‍ത്ഥന ഒഴിഞ്ഞ നേരമില്ല. പ്രാര്‍ത്ഥന കൊണ്ട് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല. സൃഷ്ടികള്‍ക്കൊന്നും അല്ലാഹു കൊടുക്കാത്ത ഗുണമാണത്. മനുഷ്യര്‍ തമ്മില്‍ ഏത് ബന്ധത്തിലുള്ളവരായാലും ഒന്നില്‍ കൂടുതല്‍ ചോദിക്കുമ്പോൾ മടുപ്പും ദേഷ്യവും വെറുപ്പും വെളിവാകുന്നു. എന്നാല്‍ ഏത് സമയത്തും തന്റെ അടിമയുടെ ഇരവിനും തേട്ടത്തിനും ഉത്തരം നല്‍കാനായി കാത്തിരിക്കുന്ന ഒരുവനുണ്ട്. അവനാണ് സര്‍വ്വ പ്രപഞ്ചങ്ങളുടെയും സൃഷ്ടികര്‍ത്താവായ അവന്റെ രക്ഷിതാവ്.

ഇസ്‌ലാം ദീന്‍ അനുസരിച്ച് കര്‍മ്മമനുഷ്ഠിക്കുന്ന ഏതൊരുവനും നിര്‍ബന്ധമായും ചെയ്യുന്നൊരു പ്രാര്‍ത്ഥനയുണ്ട്. അഞ്ചുനേര നമസ്കാരങ്ങളില്‍, പതിനേഴ് റക്അതുകളുടെ തുടക്കത്തില്‍ നിര്‍ബന്ധമായൊരു പ്രാര്‍ത്ഥന. ഫാതിഹ സൂറതിന്റെ കാതലായ ഒരു ഭാഗം ഈ പ്രാര്‍ത്ഥന തന്നെയാണ്. അതിന്റെ ചുരുക്കരൂപമാണ് ഈ കുറിപ്പിന്റെ ശീര്‍ഷകമായി നാം വായിച്ചത്.

“നേരായ മാര്‍ഗ്ഗത്തിലേക്ക് ഞങ്ങളെ വഴി കാണിക്കണേ; അഥവാ നീ അനുഗ്രഹം ചെയ്തവരുടെ നേര്‍മാര്‍ഗ്ഗത്തിലേക്ക്” (സൂറതുല്‍ ഫാതിഹ:7)

പരിശുദ്ധ ഖുര്‍ആന്‍ പഠിച്ചുതുടങ്ങുന്ന ആരിലും മനസ്സുടക്കുന്ന ഒരു പദകല്‍പനയുണ്ട് ഈ വാക്യത്തില്‍. അഥവാ അല്ലാഹു ‘നിഅ്മത്’ (അനുഗ്രഹം) ചെയ്തവരിലേക്ക് ചേര്‍ക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ തന്നെ കല്‍പ്പിക്കുന്നു. ആരാണ് ഈ വിഭാഗക്കാര്‍? ‘നിഅ്മത്’ എന്നതും ‘നിഅ്മത് ചെയ്യപ്പെട്ടവര്‍’ എന്നത് കൊണ്ടുമുള്ള ഖുര്‍ആന്റെ വിവക്ഷ എന്താണ്? ഇതിന്റെ വിശദീകരണം എന്ന പോലെ പരിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്ന വാക്യമാണ് സൂറതു നിസാഇലെ 69-താം സൂക്തം:

“നിശ്ചയം അല്ലാഹുവിനെയും അവന്റെ ദൂതനെയും ആരെങ്കിലും അനുസരിക്കുന്നുവെങ്കില്‍, അവര്‍ അല്ലാഹു അനുഗ്രഹം ചെയ്തവരുടെ കൂടെയാകുന്നു. അഥവാ (അനുഗ്രഹം ചെയ്ത വിഭാഗക്കാര്‍) നബിമാരും സത്യവാന്മാരും ശഹാദത്ത് സാധിച്ചവരും സന്മാര്‍ഗ്ഗചിത്തരുമാകുന്നു. കൂട്ടുകാരാല്‍ ഏറ്റവും ഉത്തമരായവരും അവര്‍ തന്നെ.” (വിശുദ്ധ ഖുര്‍ആന്‍ 4:9)

പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം ഈ സൂക്തത്തിലെ ഓരോ വചനങ്ങളും വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. സ്വഹാബി പ്രമുഖനായ ഇമാം ഇബ്നുഅബ്ബാസ്(റ) അടക്കമുള്ള മുന്‍കാല മുഫസ്സിറുകളെല്ലാം ഏകോപിക്കുന്ന ഒരു കാര്യം ‘മുഹമ്മദുര്‍റസൂലുല്ലാഹി’യുടെ രിസാലത് അഥവാ ‘റസൂലുല്ലാഹിയുടെ യാഥാര്‍ത്ഥ്യം’ ഇതുതന്നെയാണ് ഈ ഉമ്മത്തിന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം എന്നാണ്. 'മുഹമ്മദുര്‍റസൂലുല്ലാഹി' എന്ന യാഥാര്‍ത്ഥ്യം അതിന്റെ പൂര്‍ണ്ണതയില്‍ വെളിവാക്കപ്പെട്ട സന്ദര്‍ഭം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. തിരുനബി(സ)യുടെ ഇഹലോകയാത്രയുടെ വെറും എണ്‍പത്തി ഒന്നു ദിവസങ്ങള്‍ക്ക് മുന്പ് മാത്രം അവതരിച്ച സൂക്തമായിരുന്നു അത്.

“(നബിയെ) തങ്ങള്‍ക്ക് നാം ഇന്നേ ദിവസം നിങ്ങളുടെ ദീനിനെ പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. നിങ്ങളുടെ മേല്‍ ചൊരിഞ്ഞ അനുഗ്രഹം സമ്പൂര്‍ണ്ണമാക്കിയിരിക്കുന്നു. ഇസ്ലാമിനെ നിങ്ങളുടെ മതമായി നാം തൃപ്തിപ്പെട്ടു നല്‍കിയിരിക്കുന്നു.” (വിശുദ്ധ ഖുര്‍ആന്‍, സൂറതുല്‍ മാഇദ:3)

ദീനിനെ പൂര്‍ത്തിയാക്കിയ കാര്യം ഒരു വചനത്തിലും അല്ലാഹു എന്റെ അനുഗ്രഹം പൂര്‍ണ്ണമാക്കി എന്നത് രണ്ടാം വചനത്തിലും തുടര്‍ച്ചയായി പ്രസ്താവിക്കുന്നു. ഇത് സൂചന നല്‍കുന്നത് അല്ലാഹു ‘എന്റെ അനുഗ്രഹം’ അഥവാ ‘നിഅ്മത്’ എന്നത് കൊണ്ട് വിവക്ഷിക്കുന്നത് തിരുദൂതരുടെ ആത്മീയ യാഥാര്‍ത്ഥ്യം തന്നെയാണ്. പണ്ഡിത വരേണ്യരെല്ലാം ഒരുപോലെ പ്രതിപാദിക്കുന്ന വിഷയമാണിത്.

എങ്കില്‍ ഇവിടെ ഒരു ചര്‍ച്ച പ്രസക്തമാവുന്നു. ‘മുഹമ്മദുര്‍റസൂലുല്ലാഹി’യുടെ ആത്മീയ യാഥാര്‍ത്ഥ്യം ഗ്രഹിച്ചവര്‍ ആരൊക്കെയുണ്ട്? അവരെല്ലാം ഒരേ തരക്കാരായിരുന്നോ? അല്ല തന്നെ.! അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ തന്നെ അവരെ നാലഞ്ചു വിഭാഗങ്ങളായി എണ്ണുന്നതും. “അറിവ് നല്‍കപ്പെട്ടവര്‍ വിവിധങ്ങളായ തട്ടുകളിലാണ്” എന്ന് മറ്റൊരിടത്ത് വിശുദ്ധ ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. വിശ്വാസികള്‍ക്കനുഗ്രഹമായ മുഹമ്മദീയ യാഥാര്‍ത്ഥ്യം പൂര്‍ണ്ണാര്‍ത്ഥത്തില്‍ വെളിപ്പെട്ട സന്ദര്‍ഭമാണ് വിടവാങ്ങല്‍ ഹജ്ജിന്റെ വേളയില്‍ പരിശുദ്ധ റസൂല്‍(സ)യില്‍ അവതരിച്ച പ്രസ്തുത സൂക്തം.

ഇവിടെ ശ്രദ്ധേയമായ സംഗതി ഇതു മാത്രമല്ല. റസൂലുല്ലാഹി(സ)യുടെ യാഥാര്‍ത്ഥ്യം ഗ്രഹിച്ചവര്‍ മാത്രമാണ് അനുഗ്രഹം ലഭിച്ചവരെങ്കില്‍ അവരിലേക്ക് ചേരാനുള്ള വഴിയെന്താണ്?

‘അനുഗ്രഹം ചെയ്തവരുടെ വഴിയില്‍ ചേര്‍ക്കണേ’ എന്ന് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന കല്‍പന വിസ്മരിക്കരുത്. നേരായ മാര്‍ഗ്ഗത്തിലേക്ക് വഴികാണിക്കണേ എന്നതിന്റെ വിവക്ഷയാണ് അടുത്ത സൂക്തം തരുന്നത്.

അഥവാ മുഹമ്മദീയ ജ്ഞാന പ്രപഞ്ചത്തെ നേടിയവര്‍ മാത്രമാണ് അനുഗ്രഹീതര്‍. അവരിലേക്ക് ചേര്‍ന്നവരാണ് വിശ്വാസികള്‍. അവരോട് ചേരാനാണ് ഓരോ വിശ്വാസിയും സദാ പ്രാര്‍ത്ഥിക്കുന്നത്. അവന്റെ ജീവിതവും അതിന് വേണ്ടിയാണ്; സ്വായത്തമാക്കിയ അറിവും നേടിയ സമ്പത്തും അനുഷ്ഠിച്ച കര്‍മ്മങ്ങളും എല്ലാം. കാരണം സ്രഷ്ടാവായ തമ്പുരാന്‍ അടിമയോട് ശാസിക്കുന്നത് അവന്റെ അനുഗ്രഹീതരില്‍ വഴിതേടാനാണ്. അവരില്‍ നിന്ന് മാര്‍ഗ്ഗ ദര്‍ശനം സ്വീകരിക്കാനാണ്.

വിശുദ്ധ ഖുര്‍ആന്റെ മാതാവ് (ഉമ്മുല്‍ കിതാബ്) എന്ന് വിളിപ്പേരുള്ള സൂറത്തുല്‍ ഫാതിഹയിലെ ഈ പ്രാര്‍ത്ഥനാ വചനത്തിന്റെ പൊരുള്‍ നാമിന്നുവരെ നിനവില്‍ എടുത്തിട്ടില്ല എന്ന് വേണം പറയാന്‍. എത്ര ഉയര്‍ച്ചകള്‍ കരഗതമാക്കിയ വ്യക്തിയും തേടുന്നത് ഇതേ പ്രാര്‍ത്ഥന തന്നെയാണ്. അഥവാ അറിവിന്റെ ആഴങ്ങള്‍ വര്‍ദ്ധിക്കുന്തോറും ഈ പ്രാര്‍ത്ഥനയുടെ കാതല്‍ മാറ്റം ചെയ്യപ്പെടുന്നില്ല. ജ്ഞാന തലങ്ങള്‍ ഏറിയേറി വരുന്നേയുള്ളൂ. നമുക്ക് ഒന്നുകൂടി പ്രാര്‍ഥിക്കാം: “സര്‍വ്വ രക്ഷിതാവായ നാഥാ, നീ അനുഗ്രഹം ചെയ്തവരില്‍ ഞങ്ങളെ ചേര്‍ക്കണേ...!”

അലി അസ്കർ മഹ്ബുബി